• Sitemap
  • Advance Search
Energy & Environment

ആഗോള പവന ദിനം 2026

प्रविष्टि तिथि: 14 JUN 2026 13:01 PM

100 ജിഗാവാട്ടിലേക്കും അതിനപ്പുറത്തേക്കുമുള്ള ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നു

തുടക്കം കുറിക്കൽ: ആഗോള പവന ദിനം 2026 ആഘോഷിക്കുന്നു

പവനോർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ അതിന്റെ പങ്ക് ഉയർത്തിക്കാട്ടുന്നതിനുമായി എല്ലാ വർഷവും ജൂൺ 15 ആഗോള പവന ദിനമായി ആഘോഷിക്കുന്നു. "പവനോർജ്ജം: അഭിലാഷത്തിൽ നിന്ന് ത്വരിതഗതിയിലേക്ക്" എന്ന പ്രമേയത്തിൽ 2026 ജൂൺ 15-ന് ഗോവയിൽ വെച്ച് ഇന്ത്യ ആഗോള പവന ദിന സമ്മേളനം 2026-ന് ആതിഥേയത്വം വഹിക്കും. ഈ സമ്മേളനത്തിൽ സെൻട്രൽ ഇലക്‌ട്രിസിറ്റി അതോറിറ്റി (CEA), സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (SECI), ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി (IREDA), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിൻഡ് എനർജി (NIWE), ഗ്രിഡ് ഇന്ത്യ, സംസ്ഥാന ഗവൺമെന്റുകൾ, വ്യവസായ സ്ഥാപനങ്ങൾ, അസോസിയേഷനുകൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ ഒത്തുചേരും.

വിഭവങ്ങളുടെ പര്യാപ്തത, ഗ്രിഡിന്റെ സജ്ജീകരണം, ഉൽപ്പാദന ശേഷി വർധിപ്പിക്കൽ, ആഭ്യന്തര നിർമ്മാണ മേഖലയുടെ മത്സരശേഷി, കയറ്റുമതി അവസരങ്ങൾ, പ്രവചനങ്ങളിലെയും പുനരുപയോഗ ഊർജ്ജ സ്ഥിരതയിലെയും പുരോഗതി എന്നിവയുൾപ്പെടെ ഇന്ത്യയുടെ പവനോർജ്ജ പ്രയാണത്തിന്റെ അടുത്ത ഘട്ടത്തെ രൂപപ്പെടുത്തുന്ന പ്രധാന മുൻഗണനകളെ സമ്മേളനം ഉയർത്തിക്കാട്ടും. "ആഗോള വിപണികൾക്കായി ഇന്ത്യയുടെ വിൻഡ് ടർബൈൻ കയറ്റുമതി ഉയർത്തുന്നു" എന്ന വ്യവസായ റിപ്പോർട്ടിന്റെ പ്രകാശനത്തിനും ഈ സമ്മേളനം സാക്ഷ്യം വഹിക്കും.

ഇന്ത്യയുടെ പവനർജ്ജ മേഖല

ഇന്ത്യയുടെ പവനോർജ്ജ മേഖല സ്ഥാപിത ശേഷി വർധിപ്പിച്ചുകൊണ്ടും സംസ്ഥാനങ്ങളിലെ ശക്തമായ കാറ്റിന്റെ വിഭവ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടും സ്ഥിരതയോടെ വികസിച്ചുകൊണ്ടിരിക്കുകയാണ്. ആഭ്യന്തര ഉൽപ്പാദനത്തിലൂടെയും പുനരുപയോഗ ഊർജ്ജ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ പങ്കിലൂടെയും ഈ മേഖലയ്ക്ക് കൂടുതൽ പിന്തുണ ലഭിച്ചുവരുന്നു.

പവനോർജ്ജ ഉൽപ്പാദന സാധ്യത

  • ഭൂനിരപ്പിൽ നിന്ന് 120 മീറ്റർ ഉയരത്തിൽ ഇന്ത്യയുടെ ആകെ പവനോർജ്ജ സാധ്യത 695.5 ജിഗാവാട്ടും 150 മീറ്റർ ഉയരത്തിൽ 1,163.9 ജിഗാവാട്ടുമാണ് കണക്കാക്കിയിരിക്കുന്നത്.
  • 150 മീറ്റർ ഉയരത്തിൽ കണക്കാക്കിയ പവനോർജ്ജ ഉൽപ്പാദന സാധ്യതയുടെ ഭൂരിഭാഗവും ഉയർന്ന വിഭവ ശേഷിയുള്ള എട്ട് സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. രാജസ്ഥാൻ: 284.2 ജിഗാവാട്ട്; ഗുജറാത്ത്: 180.8 ജിഗാവാട്ട്; മഹാരാഷ്ട്ര: 173.9 ജിഗാവാട്ട്; കർണാടക: 169.3 ജിഗാവാട്ട്; ആന്ധ്രാപ്രദേശ്: 123.3 ജിഗാവാട്ട്; തമിഴ്‌നാട്: 95.1 ജിഗാവാട്ട്; മധ്യപ്രദേശ്: 55.4 ജിഗാവാട്ട്, തെലങ്കാന: 54.7 ജിഗാവാട്ട്.
  • പവനോർജ്ജ ഉൽപ്പാദന സാധ്യത മാപ്പ് ചെയ്യുന്നതിനും പവനോർജ്ജ ഉൽപ്പാദനത്തിന് ഉയർന്ന സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിനുമായി രാജ്യവ്യാപകമായി 900-ലധികം വിൻഡ്-മോണിറ്ററിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്.
  • 50 മീറ്റർ, 80 മീറ്റർ, 100 മീറ്റർ, 120 മീറ്റർ, 150 മീറ്റർ ഹബ്ബ് ഉയരങ്ങളിൽ പവനോർജ്ജ ഉൽപ്പാദന സാധ്യതകളുടെ മാപ്പുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
  • ഇന്ത്യയുടെ വിശാലമായ പവനോർജ്ജ ഉൽപ്പാദന അടിത്തറ 2030-ഓടെ 100 ജിഗാവാട്ട് പവനോർജ്ജ ശേഷിയും 2036-ഓടെ 156 ജിഗാവാട്ട് ശേഷിയും കൈവരിക്കുന്നതിന് ശക്തമായ അടിത്തറ നൽകുന്നു.

പവനോർജ്ജ ശേഷിയും ഉൽപ്പാദന വളർച്ചയും

  • സ്ഥാപിത പവനോർജ്ജ ശേഷിയിൽ ഇന്ത്യ ആഗോളതലത്തിൽ നാലാം സ്ഥാനത്താണ്.
  • സ്ഥാപിത പവനോർജ്ജ ശേഷി 2014 മാർച്ചിലെ 21.04 ജിഗാവാട്ടിൽ നിന്ന് 2026 മാർച്ചിൽ 56.09 ജിഗാവാട്ടായി വർധിച്ചു. ഇത് 2.66 മടങ്ങ് വർധനവാണ്.
  • 28 ജിഗാവാട്ട് ശേഷിയുള്ള പദ്ധതികൾ നടപ്പിലാക്കിവരുന്നു.
  • 2024-25-ലെ 4.15 ജിഗാവാട്ട് എന്ന മുൻ റെക്കോർഡ് മറികടന്ന് 2025-26-ൽ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക പവനോർജ്ജ ശേഷി വർധനവായ 6.05 ജിഗാവാട്ട് രേഖപ്പെടുത്തി.
  • പവനോർജ്ജ ഉൽപ്പാദനത്തിന്റെ ഏകദേശം 45 ശതമാനവും നടക്കുന്നത് വൈദ്യുതി ആവശ്യകത ഏറ്റവും കൂടുതലുള്ള സമയങ്ങളിലാണ്. ഇത് സൗരോർജ്ജത്തിന് പൂരകമാകുകയും ഗ്രിഡിന്റെ വിശ്വാസ്യത ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
  • വിൻഡ് ടർബൈൻ നിർമ്മാണ ശേഷി 2014-ലെ 10 ജിഗാവാട്ടിൽ നിന്ന് 2026 മാർച്ച് വരെയുള്ള കണക്കനുസരിച്ച് ഏകദേശം 24 ജിഗാവാട്ടായി വർധിച്ചിട്ടുണ്ട്.
  • ഈ മേഖലയിലെ പ്രധാന ഘടകഭാഗങ്ങളിലുടനീളം 70-80% സ്വദേശിവത്കരണം കൈവരിച്ചിട്ടുണ്ട്.
  • ബ്ലേഡുകൾ, ടവറുകൾ, ഗിയർബോക്സുകൾ, മറ്റ് നിർണായക ഉപകരണങ്ങൾ എന്നിവയ്ക്കായി ശക്തമായ ആഭ്യന്തര വിതരണ ശൃംഖലകൾ നിലവിലുണ്ട്.

പവനോർജ്ജം ഇന്ത്യയുടെ പവർ സിസ്റ്റത്തിന്റെ കൂടുതൽ സുസ്ഥിരവും സംയോജിതവുമായ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക നവീകരണങ്ങളിലൂടെയും വൈവിധ്യമാർന്ന വിന്യാസത്തിലൂടെയും ഇതിന്റെ പങ്ക് ഇനിയും വർധിക്കും.

പ്രധാന ഗവൺമെന്റ് ഇടപെടലുകൾ

ഗവൺമെന്റിന്റെ മുൻഗണനകൾ പവനോർജ്ജ വിന്യാസം വിപുലീകരിക്കുന്നതിലും കടൽത്തീര വികസനത്തിലും ഗ്രിഡ് നവീകരണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൃത്യമായ ലക്ഷ്യത്തോടെയുള്ള പദ്ധതികൾ, സാമ്പത്തിക പ്രോത്സാഹനങ്ങൾ, നിയന്ത്രണ പരിഷ്കാരങ്ങൾ എന്നിവ ഇതിന് പിന്തുണ നൽകുന്നു.

  • ഗുജറാത്ത്, തമിഴ്‌നാട് തീരങ്ങളിൽ 500 മെഗാവാട്ട് വീതമുള്ള 1,000 മെഗാവാട്ടിന്റെ ഓഫ്‌ഷോർ വിൻഡ് പ്രോജക്ടുകൾക്കായി 6,853 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (VGF) അനുവദിച്ചു.
  • 2025-26 കാലയളവിൽ ജനറേഷൻ ബേസ്ഡ് ഇൻസെന്റീവ് (GBI) പദ്ധതിക്ക് കീഴിൽ 500 കോടി രൂപ വിതരണം ചെയ്തു.
  • കോൺട്രാക്ട്സ് ഫോർ ഡിഫറൻസിന് (CfD) കീഴിൽ 500 മെഗാവാട്ടിന്റെ പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ചു. വിലയിലെ അസ്ഥിരത കുറയ്ക്കുന്നതിനും പുനരുപയോഗ ഊർജ്ജ വികസിപ്പിക്കുന്നവർക്ക് വരുമാന നിശ്ചിതത്വം നൽകുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു സംവിധാനമാണ് CfD.
  • നിയന്ത്രണങ്ങൾ, ഭൂമി, പ്രസരണം, നടപ്പിലാക്കൽ എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പരിഹരിക്കുന്നതിനായി 2026 ജനുവരിയിൽ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു.
  • സുസ്ഥിരമായ ആവശ്യകത ഉറപ്പാക്കുന്നതിനായി റിന്യൂവബിൾ പർച്ചേസ് ഒബ്ലിഗേഷൻസിന് (RPOs) കീഴിൽ സമർപ്പിത പവനോർജ്ജ ഘടകം അവതരിപ്പിച്ചു.
  • വ്യവസായങ്ങൾക്ക് പുനരുപയോഗ ഊർജ്ജം നേരിട്ട് സംഭരിക്കുന്നത് സുഗമമാക്കുന്നതിനായി ഗ്രീൻ എനർജി ഓപ്പൺ ആക്‌സസ് റൂൾസ് കൊണ്ടുവന്നു.
  • അംഗീകൃത മോഡലുകളുടെയും നിർമ്മാതാക്കളുടെയും പട്ടിക (ALMM) നടപ്പിലാക്കൽ, സുതാര്യമായ ലേല മാർഗ്ഗനിർദ്ദേശങ്ങൾ, ലേറ്റ് പേയ്‌മെന്റ് സർചാർജ് നിയമങ്ങൾ എന്നിവ നിക്ഷേപകരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തി.
  • ഗ്രിഡിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി ഹൈബ്രിഡ്, റൗണ്ട്-ദി-ക്ലോക്ക് (RTC - 24 മണിക്കൂറും ലഭ്യമാകുന്ന) പുനരുപയോഗ ഊർജ്ജ പദ്ധതികളുടെ പ്രോത്സാഹനം.

പവനോർജ്ജത്തിനായുള്ള മുൻഗണനകളിൽ ഇവ ഉൾപ്പെടുന്നു:

  • മധ്യപ്രദേശ്, തെലങ്കാന, ഒഡീഷ തുടങ്ങിയ വളർന്നുവരുന്ന സംസ്ഥാനങ്ങളിലേക്ക് പവനോർജ്ജ വിന്യാസം വ്യാപിപ്പിക്കുക.
  • ഗുജറാത്തിലും തമിഴ്‌നാട്ടിലും കണ്ടെത്തിയ ലീസിംഗ് മേഖലകളിലൂടെ ഇന്ത്യയുടെ കടലിൽ നിന്നുള്ള പവനോർജ്ജ മേഖലയ്ക്ക് തുടക്കം കുറിക്കുക.
  • സ്റ്റോറേജ് അധിഷ്ഠിത ബിസിനസ്സ് മോഡലുകളിലൂടെ റൗണ്ട്-ദി-ക്ലോക്ക് (RTC) പുനരുപയോഗ ഊർജ്ജ പരിഹാരങ്ങളിലേക്ക് പവനോർജ്ജത്തെ സംയോജിപ്പിക്കുക.
  • ഗ്രിഡ് നവീകരിക്കുകയും പുനരുപയോഗ ഊർജ്ജ മാനേജ്‌മെന്റിനായി നിർമിത ബുദ്ധി (AI) അധിഷ്ഠിത പ്രവചന ടൂളുകൾ വിന്യസിക്കുകയും ചെയ്യുക.
  • പവനോർജ്ജത്തിന്റെ സമ്പൂർണ്ണ മൂല്യശൃംഖലയിലുടനീളം ആഭ്യന്തര ഉൽപ്പാദനം ശക്തിപ്പെടുത്തുക.

പവനോർജ്ജ മേഖലയിലെ ആഗോള പങ്കാളിത്തം

മേഖലയുടെ വികസനം ത്വരിതപ്പെടുത്തുന്നതിനായി യുകെ, ഡെന്മാർക്ക്, ബെൽജിയം എന്നീ രാജ്യങ്ങളുമായുള്ള പവനോർജ്ജ സഹകരണം ഇന്ത്യ ശക്തിപ്പെടുത്തുന്നുണ്ട്. ഈ പങ്കാളിത്തങ്ങൾ കടലിൽ നിന്നുള്ള പവനോർജ്ജ വിന്യാസം, നൂതന സാങ്കേതികവിദ്യ കൈമാറ്റം, മെച്ചപ്പെട്ട ഗ്രിഡ് സംയോജനം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നയരൂപീകരണം, ധനസഹായ മാതൃകകൾ, പദ്ധതി നടപ്പാക്കൽ എന്നിവയെക്കുറിച്ചുള്ള അറിവ് പങ്കുവെക്കാനും ഇവ അവസരമൊരുക്കുന്നു.

ഇന്ത്യ-യുണൈറ്റഡ് കിംഗ്ഡം:

  • വിഷൻ 2035-ന്റെയും നാലാമത് ഇന്ത്യ-യുകെ ഊർജ്ജ ചർച്ചയുടെയും ഭാഗമായി 2026 ഫെബ്രുവരിയിൽ 'ഇന്ത്യ-യുണൈറ്റഡ് കിംഗ്ഡം ഓഫ്‌ഷോർ വിൻഡ് ടാസ്‌ക്ഫോഴ്‌സ്' ആരംഭിച്ചു.
  • വിപണി രൂപകൽപ്പന, തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ, വിതരണ ശൃംഖലകൾ, ബ്ലെൻഡഡ് ഫിനാൻസ് എന്നിവയാണ് ഇതിന്റെ ശ്രദ്ധാകേന്ദ്രങ്ങൾ.

ഇന്ത്യ-ബെൽജിയം:

  • വേൾഡ് ഇക്കണോമിക് ഫോറം (WEF) 2026- കടലിൽ നിന്നുള്ള പവനോർജ്ജം, ഗവേഷണവും വികസനവും, ഗ്രീൻ ടാക്സോണമി എന്നിവയിലെ സഹകരണം ഇന്ത്യയും ബെൽജിയവും ആവർത്തിച്ചു വ്യക്തമാക്കി. ഇത് ഇന്ത്യയുടെ ഹരിതോർജ്ജ പരിവർത്തനത്തിൽ യൂറോപ്പിന് വർധിച്ചുവരുന്ന താല്പര്യത്തെ സൂചിപ്പിക്കുന്നു.

ഇന്ത്യ-ഡെന്മാർക്ക്:

  • കടലിൽ നിന്നുള്ള പവനോർജ്ജ ശേഷി വർധിപ്പിക്കുന്നതിനായി ഡെന്മാർക്കിന്റെ ഊർജ്ജ, യൂട്ടിലിറ്റീസ്, കാലാവസ്ഥാ മന്ത്രാലയവുമായി 2019-ൽ ഇന്ത്യ സഹകരണ കരാറിൽ ഒപ്പുവെച്ചു.
  • ഈ ഉഭയകക്ഷി ധാരണാപത്രം 2025 മെയ് മാസത്തിൽ പുതുക്കി.
  • പവർ സിസ്റ്റം മോഡലിംഗ്, മാറിക്കൊണ്ടിരിക്കുന്ന പുനരുപയോഗ ഊർജ്ജത്തിന്റെ സംയോജനം, വിദഗ്ധർക്കായുള്ള സംയുക്ത പരിശീലനം എന്നിവ ഇപ്പോൾ ഈ സഹകരണത്തിൽ ഉൾപ്പെടുന്നു.

പവനോർജ്ജത്തിന്റെ മുന്നോട്ടുള്ള പാത

ഇന്ത്യ അതിന്റെ ഊർജ്ജ പരിവർത്തനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ ആഭ്യന്തര ഹരിതോർജ്ജം നൽകുന്നതിൽ പവനോർജ്ജം കൂടുതൽ സുപ്രധാനമായ പങ്കുവഹിക്കും. രാജ്യത്തിന്റെ വിപുലമായ കടലിലെയും കരയിലെയും പവനോർജ്ജ വിഭവങ്ങൾ ദീർഘകാല വളർച്ചയ്ക്ക് ശക്തമായ അടിത്തറ നൽകുന്നുണ്ടെങ്കിലും ഈ അവസരം പ്രയോജനപ്പെടുത്തുന്നതിന് വേഗത്തിലുള്ള പദ്ധതി നടപ്പാക്കൽ, ശക്തമായ പ്രസരണ അടിസ്ഥാന സൗകര്യങ്ങൾ, മെച്ചപ്പെട്ട പ്രവചന ശേഷികൾ, തുടർന്നുളള നയപരമായ പിന്തുണ എന്നിവ ആവശ്യമാണ്. പുതിയ ഭൂപ്രദേശങ്ങളിലേക്ക് വിന്യാസം വ്യാപിപ്പിക്കുന്നതിലൂടെയും പവനോർജ്ജത്തെ സ്റ്റോറേജുമായും 24 മണിക്കൂറും ലഭ്യമാകുന്ന ഊർജ്ജ പരിഹാരങ്ങളുമായും സംയോജിപ്പിക്കുന്നതിലൂടെയും ആഭ്യന്തര ഉൽപ്പാദനവും കയറ്റുമതി മത്സരശേഷിയും ശക്തിപ്പെടുത്തുന്നതിലൂടെയും ഇന്ത്യയ്ക്ക് പവനോർജ്ജത്തെ കാലാവസ്ഥാ-ഊർജ്ജ സുരക്ഷാ ലക്ഷ്യങ്ങളിലെ പ്രധാന സംഭാവനയായി മാത്രമല്ല, മറിച്ച് വ്യാവസായിക വികസനത്തിന്റെയും സാമ്പത്തിക വളർച്ചയുടെയും ചാലകശക്തിയായി കൂടി മാറ്റാൻ സാധിക്കും.

അവലംബം

Ministry of New and Renewable Energy

 

Global Wind Day 2026

***

SK

(तथ्य सामग्री आईडी: 150635) आगंतुक पटल : 15


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , हिन्दी , Urdu , Bengali , Kannada , Assamese