• Sitemap
  • Advance Search
Economy

ഗവൺമെന്റ് സെക്യൂരിറ്റികളിൽ വിദേശ പങ്കാളിത്തം വ്യാപിപ്പിക്കുന്നതിനുള്ള പരിഷ്കാരങ്ങൾ

प्रविष्टि तिथि: 06 JUN 2026 13:16 PM

ബോണ്ട് വിപണികളെ ശക്തിപ്പെടുത്തുന്നു, വിദേശ നിക്ഷേപത്തെ ആകർഷിക്കുന്നു

ആഗോള നിക്ഷേപത്തിനായുള്ള ഒരു മുൻനിര ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഇന്ത്യയുടെ പദവി ശക്തിപ്പെടുത്തുന്നതിനായി ഗവൺമെന്റ് സുസ്ഥിര പരിഷ്കാരങ്ങൾ നടപ്പിലാക്കിവരികയാണ്. മൂലധന വിപണിക്ക് കൂടുതൽ ആഴം കൂട്ടുന്നതിനായി ഗവൺമെന്റ് സെക്യൂരിറ്റി (ജി-സെക്) കളിൽ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ (FPI) പങ്കാളിത്തം വർധിപ്പിക്കുന്നതിനായി രാജ്യം നിരവധി പരിഷ്കാരങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പലിശ വരുമാനം, ദീർഘകാല മൂലധന നേട്ടം (LTCG), ഹ്രസ്വകാല മൂലധന നേട്ടം (STCG) എന്നിവയ്ക്കുള്ള നികുതി ഇളവുകൾ, ഫുള്ളി ആക്‌സസിബിൾ റൂട്ടിന് (FAR) കീഴിലുള്ള നിർദ്ദിഷ്ട സെക്യൂരിറ്റികളുടെ വിപുലീകരണം, ലളിതമാക്കിയ നിക്ഷേപ മാനദണ്ഡങ്ങൾ എന്നിവ ഇതിലെ പ്രധാന നടപടികളിൽ ഉൾപ്പെടുന്നു.

സുസ്ഥിരമായ ദീർഘകാല വിദേശ മൂലധനത്തെ ആകർഷിക്കുക, ജി-സെക് വിപണിക്ക് ആഴം കൂട്ടുക, നിക്ഷേപക അടിത്തറ വിപുലീകരിക്കുകയും വൈവിധ്യവത്കരിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യയുടെ കടപ്പത്ര വിപണിയെ ശക്തിപ്പെടുത്തുക എന്നിവയാണ് ഈ പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നത്. വർധിച്ച വിദേശ പങ്കാളിത്തം അടിസ്ഥാന സൗകര്യ വികസനം, ഉൽപ്പാദന മേഖല, നഗര വികസനം, കാലാവസ്ഥാ സംരംഭങ്ങൾ, മറ്റ് ദേശീയ മുൻഗണനകൾ എന്നിവയ്ക്കുള്ള ധനസഹായത്തിന്റെ അധിക സ്രോതസ്സ് പ്രദാനം ചെയ്യും. ഇത് വിപണിയിലെ പണലഭ്യതയും യഥാർത്ഥ വില നിർണ്ണയവും മെച്ചപ്പെടുത്തുകയും സുഗമമായ ഒരു ആദായ വക്രം രൂപപ്പെടുന്നതിനെ പിന്തുണയ്ക്കുകയും ഗവൺമെന്റിന്റെ വായ്പാ ചെലവുകൾ കുറയ്ക്കുകയും സാമ്പത്തിക വിപണി സൂചികകളെ ശക്തിപ്പെടുത്തുകയും സമ്പദ്‌വ്യവസ്ഥയിലുടനീളം ധനനയത്തിന്റെ പ്രസരണം മെച്ചപ്പെടുത്തുകയും ചെയ്യും.

പെൻഷൻ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ, സോവറിൻ വെൽത്ത് ഫണ്ടുകൾ തുടങ്ങിയ ദീർഘകാല സ്ഥാപന നിക്ഷേപകരെ ആകർഷിക്കാൻ ഈ പരിഷ്കാരങ്ങൾ സജ്ജമാണ്. ഇത് കൂടുതൽ സുസ്ഥിരവും ദൃഢമായതുമായ മൂലധന ഒഴുക്കിലേക്ക് നയിക്കും. അവ വിദേശനാണ്യ വരവ് വർധിപ്പിക്കുമെന്നും ഇന്ത്യയുടെ സാമ്പത്തിക വിപണികളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

എഫ്.ഐ.ഐ (FII), എഫ്.പി.ഐ (FPI), ജി-സെക്സ് (G-Secs), ബി.ഐ.എസ് (BIS) എന്നിവയെ അടുത്തറിയാം

ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റ്‌മെന്റ് (FII - വിദേശ സ്ഥാപന നിക്ഷേപം) എന്നത് എഫ്.പി.ഐ (FPI)-യുടെ ഒരു വിഭാഗമാണ്. ഇത് മ്യൂച്വൽ ഫണ്ടുകൾ, പെൻഷൻ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ, ഹെഡ്ജ് ഫണ്ടുകൾ തുടങ്ങിയ വിദേശ സ്ഥാപന നിക്ഷേപകർ നടത്തുന്ന നിക്ഷേപങ്ങളെയാണ് പ്രത്യേകം സൂചിപ്പിക്കുന്നത്. ഈ സ്ഥാപനങ്ങൾ സമാഹരിച്ച ഫണ്ടുകൾ സാമ്പത്തിക വിപണികളിൽ നിക്ഷേപിക്കുന്നു. കൂടാതെ നിക്ഷേപ ഗവേഷണത്തിലും തീരുമാനങ്ങൾ എടുക്കുന്നതിലും സാധാരണയായി കൂടുതൽ സജീവമായ പങ്ക് വഹിക്കുകയും ചെയ്യുന്നു.

ഫോറിൻ പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റ് (FPI - വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപം) എന്നത് വിദേശ വ്യക്തികളോ സ്ഥാപന നിക്ഷേപകരോ ഫണ്ടുകളോ ഓഹരികൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഗവൺമെന്റ് സെക്യൂരിറ്റികൾ തുടങ്ങിയ സാമ്പത്തിക ഉപാധികളിൽ നടത്തുന്ന നിക്ഷേപങ്ങളെയാണ് സൂചിപ്പിക്കുന്നത്. എഫ്.പി.ഐ-കൾ നിക്ഷേപം നടത്തുന്ന കമ്പനികളുടെ മാനേജ്‌മെന്റിലോ തീരുമാനങ്ങൾ എടുക്കുന്നതിലോ പങ്കാളികളാകാറില്ല. കൂടാതെ ഇവരെ പൊതുവെ നിഷ്‌ക്രിയ നിക്ഷേപകരായി കണക്കാക്കുന്നു.

ഗവൺമെന്റ് സെക്യൂരിറ്റികൾ (G-Secs) എന്നാൽ പൊതു പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനും ധനക്കമ്മി കൈകാര്യം ചെയ്യുന്നതിനും വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര/സംസ്ഥാന ഗവൺമെന്റുകൾ പുറപ്പെടുവിക്കുന്ന കൈമാറ്റം ചെയ്യാവുന്ന കടപ്പത്രങ്ങളാണ്.

ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്സ് (BIS) എന്നത് കേന്ദ്ര ബാങ്കുകളുടെ ഉടമസ്ഥതയിലുള്ള ഒരു അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനമാണ്. ഇത് ആഗോളതലത്തിലുള്ള കേന്ദ്ര ബാങ്കുകൾക്കിടയിലെ സാമ്പത്തിക-ധനനയ സഹകരണത്തിനുള്ള ഒരു വേദിയായി പ്രവർത്തിക്കുന്നു. കേന്ദ്ര ബാങ്കുകളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും ബാങ്കറായും അസറ്റ് മാനേജരായും ഇത് പ്രവർത്തിക്കുന്നു.

നികുതി വ്യവസ്ഥയിൽ വന്ന മാറ്റങ്ങൾ എന്തൊക്കെ?

ഏറ്റവും പുതിയ പരിഷ്കാരത്തിന് മുമ്പ്, സെബി (SEBI) രജിസ്റ്റർ ചെയ്ത ഫോറിൻ പോർട്ട്‌ഫോളിയോ ഇൻവെസ്റ്റർമാർ (FPI) ഉൾപ്പെടെയുള്ള ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർമാർക്ക് (FII) 2025-ലെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 210 പ്രകാരമാണ് നികുതി ചുമത്തിയിരുന്നത്. ഗവൺമെന്റ് സെക്യൂരിറ്റികളിലെ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന ഏതൊരു വരുമാനവും നികുതിക്ക് വിധേയമായിരുന്നു.

പ്രത്യേകമായി പറഞ്ഞാൽ:

· ജി-സെക്കുകളിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനത്തിന് മേൽ FII/ FPI-കൾക്ക് 20% നികുതി ചുമത്തിയിരുന്നു

· ജി-സെക്കുകളുടെ വിൽപ്പനയിൽ നിന്നുണ്ടാകുന്ന ഹ്രസ്വകാല മൂലധന നേട്ടത്തിന് ഇടപാടിന്റെ സ്വഭാവത്തെ ആശ്രയിച്ച് 30% നികുതി ചുമത്തിയിരുന്നു

· ദീർഘകാല മൂലധന നേട്ടത്തിന് 12.5% ആയിരുന്നു നികുതി ചുമത്തിയിരുന്നത്.

· തൽഫലമായി ജി-സെക്കുകൾ കൈവശം വെക്കുന്നതിലൂടെയോ വ്യാപാരം നടത്തുന്നതിലൂടെയോ വിദേശ നിക്ഷേപകർക്ക് ലഭിക്കുന്ന ആദായത്തിന്റെ ഒരു പങ്ക് ഇന്ത്യയിൽ നികുതിയായി അടയ്‌ക്കേണ്ടിവന്നിരുന്നു

പുതിയ നികുതി വ്യവസ്ഥ

ആഗോള മൂലധനത്തെ ആകർഷിക്കുന്നതിൽ മത്സരാധിഷ്ഠിതമായ ഒരു നികുതി ഘടനയ്ക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് ജി-സെക്കുകളിൽ നിക്ഷേപം നടത്തുന്ന FPI/ FII-കൾക്ക് ഗവൺമെന്റ് നികുതി ഇളവ് അവതരിപ്പിച്ചു.

പുതിയ വ്യവസ്ഥ പ്രകാരം FPI/ FII -കളെ താഴെ പറയുന്നവയിൽ നിന്ന് ഒഴിവാക്കും:

· ജി-സെക്കുകളിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനം

· ജി-സെക്കുകളുടെ വിൽപ്പന, വിനിമയം അല്ലെങ്കിൽ റിഡംപ്ഷൻ (പണമാക്കൽ) എന്നിവയിൽ നിന്നുണ്ടാകുന്ന മൂലധന നേട്ടം

2026 ഏപ്രിൽ ഒന്നിനോ അതിനുശേഷമോ ഉണ്ടാകുന്ന വരുമാനത്തിന് ഈ ഇളവ് ബാധകമായിരിക്കും. 2026-ലെ ആദായ നികുതി (ഭേദഗതി) ഓർഡിനൻസ്, ജി-സെക്കുകളിൽ നിക്ഷേപിക്കുന്ന എഫ്.ഐ.ഐ-കൾക്ക് ഈ ഇളവ് നൽകുന്ന പ്രത്യേക വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

മൂലധന നേട്ടങ്ങളുടെ വർഗ്ഗീകരണം

നിർദ്ദിഷ്ട ഹോൾഡിംഗ് കാലയളവിനപ്പുറം (കൈവശം വെക്കേണ്ട കാലാവധി) ഒരു ഗവൺമെന്റ് സെക്യൂരിറ്റി കൈവശം വെക്കുമ്പോഴാണ് ദീർഘകാല മൂലധന നേട്ടം (LTCG) ഉണ്ടാകുന്നത്.

  • ലിസ്റ്റ് ചെയ്ത ജി-സെക്കുകൾ: 12 മാസത്തിൽ കൂടുതൽ.
  • ലിസ്റ്റ് ചെയ്യാത്ത ജി-സെക്കുകൾ: 24 മാസത്തിൽ കൂടുതൽ.

നിർദ്ദിഷ്ട ഹോൾഡിംഗ് കാലയളവിനേക്കാൾ കുറഞ്ഞ സമയം ഒരു ഗവൺമെന്റ് സെക്യൂരിറ്റി കൈവശം വെക്കുമ്പോഴാണ് ഹ്രസ്വകാല മൂലധന നേട്ടം (STCG) ഉണ്ടാകുന്നത്.

  • ലിസ്റ്റ് ചെയ്ത ജി-സെക്കുകൾ: 12 മാസം വരെ.
  • ലിസ്റ്റ് ചെയ്യാത്ത ജി-സെക്കുകൾ: 24 മാസം വരെ.

ജി-സെക് വിപണി പരിഷ്കാരങ്ങൾ

വിദേശ നിക്ഷേപകർക്ക് ജനറൽ റൂട്ട്, ഫുള്ളി ആക്‌സസിബിൾ റൂട്ട് (FAR) തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ ഇന്ത്യൻ ജി-സെക്കുകളിൽ നിക്ഷേപം നടത്താം. വിദേശ നിക്ഷേപകർക്കുള്ള സാധാരണ ചാനലാണ് ജനറൽ റൂട്ട്. അനുമതിയുള്ള ഇന്ത്യൻ ജി-സെക്കുകൾ വാങ്ങാനും വിൽക്കാനും ഇത് അവരെ അനുവദിക്കുന്നു, എന്നാൽ ഒരു പ്രത്യേക സെക്യൂരിറ്റിയിൽ എത്രത്തോളം നിക്ഷേപിക്കാം എന്നതിനുള്ള പരിധികൾ (caps), അത് എത്ര കാലം കൈവശം വെക്കണം എന്ന നിബന്ധന, മൊത്തത്തിലുള്ള നിക്ഷേപ പരിധി എന്നിവ പോലുള്ള ചില നിയന്ത്രണങ്ങളോടെയാണ് ഇത് വരുന്നത്. ജനറൽ റൂട്ടിന് കീഴിൽ ബാധകമാകുന്ന നിയന്ത്രണങ്ങളൊന്നുമില്ലാതെ, തിരഞ്ഞെടുത്ത ജി-സെക്കുകളിൽ വിദേശ നിക്ഷേപകർക്ക് നിക്ഷേപം നടത്താൻ സാധിക്കുന്ന ഒരു ഓപ്പൺ-ആക്സസ് ചാനലാണ് ഫുള്ളി ആക്സസിബിൾ റൂട്ട് (FAR).

2026 മെയ് 12-ലെ കണക്കനുസരിച്ച് എഫ്.പി.ഐ-കൾ 3,75,171 കോടി രൂപ വിലമതിക്കുന്ന ജി-സെക്കുകൾ കൈവശം വെച്ചിട്ടുണ്ട്. ഇത് ആകെ നിലവിലുള്ള 112.42 ലക്ഷം കോടി രൂപയുടെ ജി-സെക്സ് സ്റ്റോക്കിന്റെ 3.34% വരും. എടുത്തുപറയേണ്ട കാര്യമെന്തെന്നാൽ ഈ നിക്ഷേപങ്ങളിൽ ഭൂരിഭാഗവും ഫുള്ളി ആക്സസിബിൾ റൂട്ട് (FAR) വഴിയായിരുന്നു. ഇതിൽ എഫ്.പി.ഐ വിഹിതം 3.21 ലക്ഷം കോടി രൂപയാണ്. ഇത് FAR-ന് കീഴിൽ യോഗ്യതയുള്ള ആകെ നിലവിലുള്ള 47.63 ലക്ഷം കോടി രൂപയുടെ സ്റ്റോക്കിന്റെ 6.74 ശതമാനത്തെ പ്രതിനിധീകരിക്കുന്നു.

ഗവൺമെന്റ് സെക്യൂരിറ്റികളിലെ എഫ്.പി.ഐ നിക്ഷേപങ്ങൾ (2026 മെയ് 12-ലെ കണക്കനുസരിച്ച്)

മാർഗ്ഗം (Route)

എഫ്.പി.ഐ വിഹിതം (FPI Holdings)

നിലവിലുള്ള ആകെ സ്റ്റോക്ക് (Outstanding Stock)

പങ്ക് (Share)

ജനറൽ റൂട്ട്

₹54,091 കോടി

₹64.78 ലക്ഷം കോടി

0.83%

FAR

₹3,21,080 കോടി

₹47.63 ലക്ഷം കോടി

6.74%

ആകെ

₹3,75,171 കോടി

₹112.42 ലക്ഷം കോടി

3.34%

ശക്തമായ നിക്ഷേപക താല്പര്യം തിരിച്ചറിഞ്ഞ്, FAR-ന്റെ വ്യാപ്തി വിപുലീകരിക്കുന്നതിനും ജി-സെക് വിപണിയിൽ കൂടുതൽ വിദേശ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗവൺമെന്റ് കൂടുതൽ പരിഷ്കാരങ്ങൾ അവതരിപ്പിച്ചു.

ഫുള്ളി ആക്‌സസിബിൾ റൂട്ടിന്റെ (FAR) വിപുലീകരണം

ഗവൺമെന്റ് ഇപ്പോൾ FAR-ന് കീഴിൽ യോഗ്യതയുള്ള സെക്യൂരിറ്റികളുടെ പട്ടിക വിപുലീകരിച്ചു. ഇത് കൂടുതൽ വിപുലമായ ജി-സെക്കുകളിലുടനീളം വിദേശ നിക്ഷേപകർക്കുള്ള നിക്ഷേപ അവസരങ്ങൾ വിശാലമാക്കുന്നു.

FAR ചട്ടക്കൂടിൽ ഇനിമുതൽ താഴെ പറയുന്നവയും ഉൾപ്പെടും:

· 15 വർഷത്തെ ഗവൺമെന്റ് സെക്യൂരിറ്റികളുടെ പുതിയ പുറപ്പെടുവിക്കലുകൾ

· 30 വർഷത്തെ ഗവൺമെന്റ് സെക്യൂരിറ്റികളുടെ പുതിയ പുറപ്പെടുവിക്കലുകൾ

· 40 വർഷത്തെ ഗവൺമെന്റ് സെക്യൂരിറ്റികളുടെ പുതിയ പുറപ്പെടുവിക്കലുകൾ

· FAR-ന് കീഴിൽ യോഗ്യതയുള്ള കാലാവധികളിൽ പുറപ്പെടുവിക്കുന്ന സോവറിൻ ഗ്രീൻ ബോണ്ടുകൾ (SGrBs)

ഈ വിപുലീകരണം മെച്യൂരിറ്റി സ്പെക്ട്രത്തിലുടനീളം (വിവിധ കാലാവധികളിലുടനീളം) നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കുമെന്നും ദീർഘകാല സോവറിൻ കടപ്പത്രങ്ങളിൽ കൂടുതൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ജനറൽ റൂട്ടിന് കീഴിലുള്ള നിക്ഷേപ നിയന്ത്രണങ്ങളിലെ ഇളവുകൾ

ജി-സെക്കുകളിൽ കൂടുതൽ എഫ്.പി.ഐ പങ്കാളിത്തം സുഗമമാക്കുന്നതിന് ഗവൺമെന്റ് താഴെ പറയുന്നവ നീക്കം ചെയ്തു:

· ഹ്രസ്വകാല നിക്ഷേപ പരിധി

· കോൺസെൻട്രേഷൻ പരിധി (ഏകാഗ്രതാ പരിധി)

· സെക്യൂരിറ്റി തിരിച്ചുള്ള നിക്ഷേപ പരിധി

എന്നിരുന്നാലും മൊത്തത്തിലുള്ള നിക്ഷേപ പരിധികൾ മാറ്റമില്ലാതെ താഴെ പറയുന്ന രീതിയിൽ തുടരും:

· കേന്ദ്ര ഗവൺമെന്റ് സെക്യൂരിറ്റികളുടെ നിലവിലുള്ള ആകെ സ്റ്റോക്കിന്റെ 6%

· സംസ്ഥാന ഗവൺമെന്റ് സെക്യൂരിറ്റികളുടെ (SGSs) നിലവിലുള്ള ആകെ സ്റ്റോക്കിന്റെ 2%

കൂടാതെ എഫ്.പി.ഐ നിക്ഷേപങ്ങൾക്കായി നിലവിലുള്ള ജനറൽ,'ലോംഗ്-ടേം (ദീർഘകാല) എന്നീ വിഭാഗങ്ങളെ യഥാക്രമം ഗവൺമെന്റ് സെക്യൂരിറ്റികൾക്കും സംസ്ഥാന ഗവൺമെന്റ് സെക്യൂരിറ്റികൾക്കുമായി ഒരൊറ്റ നിക്ഷേപ പരിധിയായി ലയിപ്പിക്കും

കൂടുതൽ ആഴമുള്ളതും ആഗോളതലത്തിൽ സംയോജിപ്പിക്കപ്പെട്ടതുമായ മൂലധന വിപണികളിലേക്ക്

വിപണിപ്രവേശനം ലളിതമാക്കുന്നതിലൂടെയും പ്രവർത്തനപരമായ സങ്കീർണ്ണതകൾ കുറയ്ക്കുന്നതിലൂടെയും ഈ നടപടികൾ മുൻനിര ആഗോള വിപണികൾക്ക് അനുസൃതമായി കൂടുതൽ സുഗമമായ നിക്ഷേപാനുഭവം പ്രദാനം ചെയ്യും. കാലക്രമേണ ആഗോള സൂചികകളിൽ ഇന്ത്യൻ ബോണ്ടുകൾ കൂടുതൽ ഉൾപ്പെടുത്തുന്നതിനെ പിന്തുണയ്ക്കാനും ദീർഘകാല വിദേശ മൂലധനത്തെ ആകർഷിക്കാനും കടപ്പത്ര-ഓഹരി വിപണികളിൽ പങ്കാളിത്തം വർധിപ്പിക്കാനും ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ ആഗോള സമ്പദ്‌വ്യവസ്ഥയുമായി കൂടുതൽ സംയോജിപ്പിക്കാനും ഇവ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രമുഖ സമ്പദ്‌വ്യവസ്ഥകളിലൊന്നിൽ അവസരങ്ങൾ തേടുന്ന ആഗോള നിക്ഷേപകരിൽ നിന്ന് കൂടുതൽ വിപുലമായ പങ്കാളിത്തം ഉറപ്പാക്കാൻ ഈ പരിഷ്കാരങ്ങൾ പ്രോത്സാഹനമേകും.

അവലംബം

 

Ministry of Finance

https://www.pib.gov.in/PressReleasePage.aspx?PRID=2269169&reg=48&lang=2

https://x.com/finminindia/status/2062769417390588095?s=48&t=CSE0glwGSDCXRHUtG7cLjw

Ministry of Law and Justice

chrome-extension://efaidnbmnnnibpcajpcglclefindmkaj/https://static.pib.gov.in/WriteReadData/specificdocs/documents/2026/jun/doc202665883801.pdf

Reserve Bank of India

https://www.rbi.org.in/commonman/english/scripts/FAQs.aspx?Id=711#1

Click Here To See PDF

***

SK

(तथ्य सामग्री आईडी: 150627) आगंतुक पटल : 28


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , हिन्दी , Kannada , Nepali