കാലികമായ നിയമ ശുദ്ധീകരണത്തിലൂടെ ഇന്ത്യയുടെ നിയമ ചട്ടക്കൂടിനെ ലളിതവും കാര്യക്ഷമവുമാക്കുന്നതിനുള്ള നടപടി
പ്രധാന വസ്തുതകള്‍
പഴയതും കാലഹരണപ്പെട്ടതും അനാവശ്യവുമായ നിയമസംഹിതകളെ പരിഷ്‌കരിച്ച് കാലികമായ നിയമ ചട്ടക്കൂട് സൃഷ്ടിക്കുന്നതിനാണ് 2025 ല്‍ റദ്ദാക്കലും ഭേദഗതിയും സംബന്ധിച്ച നിയമം കൊണ്ടുവന്നത്
1886 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ പാസാക്കിയ 71 കാലഹരണപ്പെട്ട നിയമങ്ങളെ ഈ നിയമം വഴി റദ്ദാക്കുന്നു; കാലഹരണപ്പെട്ടതും അനാവശ്യവും കാലിക പ്രസക്തി നഷ്ടപ്പെട്ടതുമായ നിയമങ്ങളെ നിയമ പുസ്തകങ്ങളില്‍ നിന്ന് സമ്പൂര്‍ണ്ണമായി നീക്കം ചെയ്യുന്നു
സിവില്‍ നിയമ നടപടിക്രമങ്ങള്‍, ജനറല്‍ ക്ലോസ് നിയമം, പിന്തുടര്‍ച്ച നിയമം, ദുരന്തനിവാരണ നിയമം തുടങ്ങിയ പ്രധാന നിയമങ്ങളില്‍ കൃത്യവും ലക്ഷ്യവേധിയുമായ ഭേദഗതികള്‍ മുഖേന ലളിതവും വ്യക്തതയാര്‍ന്നതുമായ നിയമനിര്‍മ്മാണം ഉറപ്പാക്കുന്നു
ഈ റദ്ദാക്കലുകള്‍ മൂലം മുന്‍പ് അംഗീകരിക്കപ്പെട്ട അവകാശങ്ങള്‍, ബാധ്യതകള്‍, ഉത്തരവാദിത്വങ്ങള്‍ നിലവിലുള്ള നടപടിക്രമങ്ങള്‍ എന്നിവ ബാധിക്കപ്പെടില്ലെന്ന് സേവിംഗ്‌സ് വ്യവസ്ഥ ഉറപ്പുനല്‍കുന്നു.
ഭരണനിര്‍വ്വഹണം സുഗമമാക്കുന്നതിലും ആധുനിക സമ്പദ്വ്യവസ്ഥയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യയുടെ നിയമ വ്യവസ്ഥ നിരന്തരം പരിണമിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലും പ്രധാന ചുവടുവയ്പ്പാണ് ഈ നിയമം.
ആമുഖം
ഓരോ നിയമവ്യവസ്ഥയും തനതായ ചരിത്രഭാരം പേറുന്നു; ഇന്ത്യയുടെ നിയമപുസ്തകവും അതില്‍ നിന്നു വ്യത്യസ്തമല്ല. ഒരുകാലത്ത് പ്രസക്തമായ പങ്ക് വഹിച്ചെങ്കിലും കാലക്രമേണ പ്രസക്തി നഷ്ടപ്പെട്ട നിരവധി നിയമങ്ങളെ പതിറ്റാണ്ടുകളായി അത് വഹിച്ചുകൊണ്ടിരുന്നു. ഇതില്‍ ചിലവ 1886 അടക്കമുള്ള കാലഘട്ടങ്ങളില്‍ രൂപംകൊണ്ടവയുമാണ്. ഭേദഗതി നിയമങ്ങള്‍ പലപ്പോഴും നിശബ്ദമായി തങ്ങളുടെ ദൗത്യം നിര്‍വഹിച്ച്, കാര്യമാത്രപ്രസക്തമായ തുടര്‍ സംഭാവനകളില്ലാതെ കടന്നു പോയി. സാങ്കേതിക പുരോഗതിയിലൂടെ, പുതുക്കിയ തപാല്‍ സേവനങ്ങളിലൂടെ, കൂടുതല്‍ കാര്യക്ഷമമായ നടപടിക്രമങ്ങളിലൂടെ ഭരണം ആധുനികവത്കരിക്കപ്പെടുകയും ഭരണപരമായ രീതികള്‍ പരിണമിക്കുകയും ചെയ്യുമ്പോള്‍, നിയമപുസ്തകം കാലഹരണപ്പെട്ട വ്യവസ്ഥകളുടെ ഭാരം മൂലം കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്.
നിങ്ങള്‍ക്കറിയാമോ?
റദ്ദാക്കല്‍ എന്നത്, ഒരു അര്‍ഹതയുള്ള അധികാര സ്ഥാപനം ഒരു നിയമത്തെ പൂര്‍ണ്ണമായോ ഭാഗികമായോ റദ്ദാക്കുകയോ നിയമപുസ്തകത്തില്‍ നിന്ന് നീക്കുകയോ ചെയ്യുന്ന നടപടിയെയാണ് സൂചിപ്പിക്കുന്നത്.
അതേസമയം, ഭേദഗതി എന്നത് നിലവിലുള്ള ഒരു നിയമത്തിലോ ചട്ടത്തിലോ മാറ്റം വരുത്തുക, പുതിയ വ്യവസ്ഥകള്‍ ചേര്‍ക്കുക, ചില വകുപ്പുകള്‍ ഒഴിവാക്കുക, അവയ്ക്ക് പകരം പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരിക എന്നിങ്ങനെയുള്ള പ്രവൃത്തിയെയോ ഗുണഫലത്തെയോ കുറിക്കുന്നു.
2025 ലെ റദ്ദാക്കല്‍, ഭേദഗതി നിയമം (The Repealing and Amending Act) പഴയതും കാലഹരണപ്പെട്ടതും അനാവശ്യവുമായ നിയമസംഹിതകളെ പരിഷ്‌കരിച്ച് കാലികമായ നിയമ ചട്ടക്കൂട് സൃഷ്ടിക്കുന്നു. കാലഹരണപ്പെട്ട 71 നിയമങ്ങളെ ഇത് സൂക്ഷ്മതലത്തില്‍ തിരിച്ചറിയുകയും, പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിനും നിലവിലെ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്ന പ്രധാന നിയമങ്ങളിലെ നിര്‍ണായക വ്യവസ്ഥകള്‍ പരിഷ്‌കരിക്കുകയും ചെയ്യുന്നു. ശാന്തവും എന്നാല്‍ അനിവാര്യവുമായ ഈ നിയമ ശുദ്ധീകരണത്തിലൂടെ, ഭരണ നിര്‍വ്വഹണം സുഗമമാക്കല്‍, ബിസിനസ് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, ഇന്ത്യയുടെ നിയമപരമായ അന്തരീക്ഷം ആധുനിക സമ്പദ്വ്യവസ്ഥയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി നിരന്തരം പരിണമിക്കുന്നുവെന്ന് ഉറപ്പാക്കല്‍ എന്നിങ്ങനെ സര്‍ക്കാരിന്റെ വിപുലമായ ലക്ഷ്യങ്ങളെ ശക്തമായി പിന്തുണക്കുന്നു.

റദ്ദാക്കലും ഭേദഗതിയും: ഒരു സന്തുലിത സമീപനം
കാലഹരണപ്പെട്ട നിയമങ്ങള്‍ നീക്കം ചെയ്യുകയും സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നതിനും, അതിലൂടെ വിവിധ മേഖലകളിലെ നിയമപരമായ സ്ഥിരത ശക്തിപ്പെടുത്തുന്നതിനുമായി, റദ്ദാക്കല്‍-ഭേദഗതി നിയമം സൂക്ഷ്മതലത്തിലെ പരിവര്‍ത്തനം ലാക്കാക്കി പ്രവര്‍ത്തിക്കുന്നു. ഇത് ദ്വിമുഖ സമീപനം സ്വീകരിക്കുന്നു: ഒരു ഭാഗത്ത് നിയമങ്ങള്‍ റദ്ദാക്കുന്നു, മറുവശത്ത് ആവശ്യമായ ഭേദഗതികള്‍ നടപ്പാക്കുന്നു
നിങ്ങള്‍ക്കറിയാമോ?
2014 ന് ശേഷം, 1,500-ലധികം കാലഹരണപ്പെട്ട കേന്ദ്ര നിയമങ്ങള്‍ ഇന്ത്യ റദ്ദാക്കിയത് നിയമപുസ്തകത്തെ ലളിതമാക്കുകയും, ഉപയോഗം സുഗമമാക്കുകയും ചെയ്തു.
നിയമത്തിന്റെ ഒന്നാം ഷെഡ്യൂള്‍ റദ്ദാക്കേണ്ട എല്ലാ നിയമനിര്‍മ്മാണങ്ങളും വ്യക്തമാക്കുന്നു, കൂടാതെ ഇനി ആവശ്യമില്ലാത്ത നിയമങ്ങളെ ശാശ്വതമായി നീക്കം ചെയ്യുന്നതിനും ഇത് ഉപകരിക്കുന്നു. ഇതില്‍ ഉദ്ദേശ്യം പൂര്‍ത്തിയാക്കിയ ശേഷമോ, അനാവശ്യമായവയോ, കാലക്രമേണ പ്രസക്തി നഷ്ടമായ ശേഷമോ നിയമപുസ്തകത്തില്‍ തുടരുന്നവ അടക്കമുള്ളയുടെ ശുദ്ധീകരണമാണ്.
നിയമപുസ്തകം ശുദ്ധീകരിക്കല്‍
വ്യാഖ്യാന ഭാരം കുറയ്ക്കുകയും, നിയമപരവും ഭരണപരവുമായ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനായി, ഒട്ടേറെ നിയമങ്ങള്‍ റദ്ദാക്കിയും ശുദ്ധീകരണ നടപടികള്‍ സ്വീകരിച്ചു നിയമപുസ്തകത്തെ കൂടുതല്‍ ശുദ്ധവും ഉപയോഗപ്രദവുമാക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. 1886-2023 കാലയളവിലെ നിയമപുസ്തകത്തില്‍ നിന്ന് അനാവശ്യവും കാലഹരണപ്പെട്ടതും താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിച്ചതുമായ 71 നിയമങ്ങള്‍ നീക്കം ചെയ്യുന്നതും മാറ്റിസ്ഥാപിക്കുന്നതും ഈ നടപടികളില്‍ ഉള്‍പ്പെടുന്നു. കാലഹരണപ്പെട്ടതോ അനാവശ്യമോ ആയ നിയമങ്ങള്‍ നീക്കം ചെയ്തും വ്യക്തതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി ഭേദഗതികള്‍ വരുത്തിയും ഒരു നിയമസംഹിത നിലനിര്‍ത്തുകയും കാര്യക്ഷമമാക്കുകയും ചെയ്യുന്ന പ്രക്രിയ ആയ ലെജിസ്ലേറ്റീവ് ''ഹൗസ്‌കീപ്പിംഗ്'' സമീപനം സ്വീകരിക്കുന്നതിലൂടെ, അസാധുവായ വ്യവസ്ഥകള്‍ ഒഴിവാക്കുകയും, പ്രധാന വ്യവസ്ഥകളുടെ ശക്തിയും കാര്യക്ഷമതയും ഉറപ്പാക്കുകയും ചെയ്യുന്നു.
ഏറ്റെടുക്കല്‍/ദേശസാല്‍ക്കരണ നിയമങ്ങള്‍, ഭേദഗതി നിയമങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ചില നിയമങ്ങള്‍, പ്രധാന നിയമനിര്‍മ്മാണത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ ഇതിനോടകം ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്ന്,സ്വതന്ത്ര നിലനില്‍പ്പ് ആവശ്യമില്ലാത്തതിനാല്‍ റദ്ദാക്കപ്പെടുന്നു.

ലക്ഷ്യവേധിയായ ഭേദഗതികളിലൂടെ നിയമ ചട്ടക്കൂട് പരിഷ്‌കരിക്കല്‍
റദ്ദാക്കലുകള്‍ക്കൊപ്പം, അടിസ്ഥാന നിയമനിര്‍മ്മാണങ്ങളിലെ ഡ്രാഫ്റ്റിംഗ്-പൊരുത്തക്കേടുകള്‍ പരിഹരിക്കുകയും, നിയമപരമായ പരാമര്‍ശങ്ങള്‍ പുതുക്കുകയും ചെയ്യുന്നതിനായി നാലു തന്ത്രപരമായ ഭേദഗതികള്‍ ഈ നിയമം കൊണ്ടുവരുന്നു. ഇതില്‍ 1897 ലെ ജനറല്‍ ക്ലോസ് ആക്ട്, 1908 ലെ സിവില്‍ പ്രൊസീജ്യര്‍ കോഡ് (CPC), 1925 ലെ ഇന്ത്യന്‍ പിന്തുടര്‍ച്ച നിയമം, 2005 ലെ ദുരന്തനിവാരണ നിയമം എന്നിവ ഉള്‍പ്പെടുന്നു.
CPC, ജനറല്‍ ക്ലോസ് നിയമങ്ങളിലെ കാലഹരണപ്പെട്ട തപാല്‍ പരാമര്‍ശങ്ങള്‍ മാറ്റിസ്ഥാപിക്കുന്നു.(ഉദാ: 'രജിസ്റ്റര്‍ഡ് പോസ്റ്റ്' നവീകരിച്ച് നിലവിലുള്ള പോസ്റ്റല്‍ സേവനങ്ങളുമായി പൊരുത്തപ്പെടുന്ന രൂപത്തില്‍ ('രജിസ്‌ട്രേഷനും ഡെലിവറി തെളിവും ഉള്ള സ്പീഡ് പോസ്റ്റ്' എന്ന് മാറ്റിസ്ഥാപിക്കുന്നു') ഇതിലൂടെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ഒഴിവാക്കി, കാര്യക്ഷമത ഉറപ്പാക്കുന്നു.
ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിലെ സെക്ഷന്‍ 213 നീക്കം ചെയ്യുന്നതിലൂടെ, പ്രൊബേറ്റ് (യഥാര്‍ത്ഥ വില്‍പത്രം, മരണപ്പെട്ടയാളുടെ മരണ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നത്) ആവശ്യകതകളിലെ സാമൂഹികാടിസ്ഥാനത്തിലുള്ള അസമത്വങ്ങള്‍ ഒഴിവാക്കുകയും, പിന്തുടര്‍ച്ച കാര്യങ്ങളില്‍ നീതിയും ഏകതാനതയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ദുരന്തനിവാരണ നിയമത്തില്‍ വരുത്തിയ ഭേദഗതികളില്‍, 'പ്രതിരോധം' എന്ന വാക്ക് 'തയ്യാറെടുപ്പ്' എന്നതിനാല്‍ മാറ്റിസ്ഥാപിച്ചിരിക്കുന്നു. ഇത് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനക്ഷമതയെയും ഉത്തരവാദിത്തങ്ങളെയും കൃത്യമായി പ്രതിഫലിപ്പിക്കുകയും, നിയമപരമായ ചട്ടക്കൂടിന്റെ ശക്തിയും കാര്യക്ഷമതയും ഉറപ്പാക്കുകയും ചെയ്യുന്നു.
ഭേദഗതികളുടെ നിയമനിര്‍മ്മാണ ലക്ഷ്യങ്ങള്‍
മുകളില്‍ സൂചിപ്പിച്ച നിയമങ്ങളിലെ വ്യവസ്ഥകള്‍ പരിഷ്‌കരിക്കുകയും, ഔദ്യോഗിക ആശയവിനിമയ രീതികളെ ആധുനികവത്കരിക്കുകയും, നിലവിലുള്ള ഭരണപരമായ രീതികളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും ഉള്‍ക്കൊള്ളുന്നതാണ് നിയമത്തിലെ ഭേദഗതികള്‍. വിശാല വീക്ഷണത്തില്‍, ഈ ഭേദഗതികള്‍ പ്രസ്തുത നിയമനിര്‍മ്മാണത്തിന്റെ മൂന്ന് പ്രധാന നിയമനിര്‍മ്മാണ ലക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു:
സേവിംഗ്‌സ് വ്യവസ്ഥ: റദ്ദാക്കലുകള്‍ക്കിടയിലും നിയമപരമായ തുടര്‍ച്ച ഉറപ്പാക്കല്‍
നിയമത്തിലെ സേവിംഗ്‌സ് വ്യവസ്ഥ, കാലഹരണപ്പെട്ട നിയമങ്ങള്‍ നീക്കം ചെയ്യുന്നതിലൂടെ യാതൊരു ആശയക്കുഴപ്പവും നിര്‍വ്വഹണ തടസ്സവും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധ ചെലുത്തുന്നു.
നിയമം റദ്ദാക്കപ്പെട്ടാലും ഭേദഗതികള്‍ വന്നാലും, മുന്‍കാല പ്രവര്‍ത്തനങ്ങള്‍, നിലവിലുള്ള അവകാശങ്ങള്‍, നിലവിലെ നടപടിക്രമങ്ങള്‍ എന്നിവയെ ബാധിക്കുന്നില്ല
മറ്റു നിയമങ്ങള്‍ മുന്‍പത്തെ പോലെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും; റദ്ദാക്കിയ നിയമങ്ങള്‍ വീണ്ടും നടപ്പിലാക്കപ്പെടുകയില്ല.
റദ്ദാക്കല്‍ അത് റദ്ദാക്കിയ നിയമത്തില്‍ നിന്ന് ഉത്ഭവിച്ചതാണെങ്കില്‍ പോലും നിലവിലുള്ള നിയമവാഴ്ച, കോടതികളുടെ അധികാരപരിധി, നിയമ നടപടികള്‍, ഔപചാരിക രീതികള്‍, പ്രിവിലേജ്, ഇളവ്, ഓഫീസ് നിയമനം എന്നിവയെ ബാധിക്കുന്നില്ല.
മൊത്തത്തില്‍, നിയമം ശുദ്ധീകരിക്കപ്പെടുന്നതോടൊപ്പം, നിയമപരമായ സ്ഥിരതയും നൈരന്തര്യവും ഉറപ്പാക്കുന്നതിലും സഹായിക്കുന്നു.
ഉപസംഹാരം
2025 ലെ റദ്ദാക്കല്‍-ഭേദഗതി നിയമം (Repealing and Amending Act, 2025) നിയമവ്യവസ്ഥയെ ശാന്തവും ക്രമബദ്ധവുമായ രീതിയില്‍ മെച്ചപ്പെടുത്താന്‍ ഇടപെടലുകള്‍ നടത്തുന്നു. പ്രയോജനരഹിതമായ നിയമങ്ങളെ സൗമ്യമായി നീക്കം ചെയ്യുകയും, ആവര്‍ത്തനമായ വ്യവസ്ഥകള്‍ ഒഴിവാക്കുകയും, കാലിക പ്രസക്തിയുള്ള നിയമങ്ങളെ പുതുക്കി ശുദ്ധീകരിക്കുകയും ചെയ്യുന്നതിലൂടെ ഇത് നിയമസംഹിതയ്ക്ക് പുതുജീവന്‍ പകരുന്നു. ആശയക്കുഴപ്പമുള്ള ഭാഗങ്ങളില്‍ വ്യക്തത വരുത്തുകയും വ്യാഖ്യാനസങ്കീര്‍ണ്ണതയെ കാര്യക്ഷമമായി പരിഹരിക്കുകയും ചെയ്യുന്നു. പഴയ പരാമര്‍ശങ്ങള്‍ പുതുക്കി, ചിതറിക്കിടന്നവയെ ക്രമബദ്ധമായി ബന്ധിപ്പിക്കുന്നതിലൂടെ നിയമപുസ്തകം നിര്‍ജ്ജീവമായ ഒരു ചരിത്രശേഖരമല്ലെന്ന് വ്യക്തമാക്കുന്നു. ജീവസ്സുറ്റതും പ്രായോഗികവുമായ രേഖയായി വായിക്കപ്പെടാന്‍ വഴിയൊരുക്കുന്നു.