57th International Film Festival of India 2026
20 – 28 Nov 2026

രജതമയൂരം - പ്രത്യേക ജൂറി പുരസ്കാരം സ്വന്തമാക്കി അർജന്റീനിയൻ ചിത്രം 'ദി റിവർ ട്രെയിൻ'

നവ്യമായ പരീക്ഷണങ്ങളിലൂടെയും വ്യത്യസ്തമായ കഥാഖ്യാനത്തിലൂടെയും സിനിമയുടെ അതിരുകൾ ഭേദിച്ച ചിത്രത്തെ പ്രശംസിച്ച് ജൂറി

പോസ്റ്റഡ് ഓണ്‍: 28 NOV 2026 8:20PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2343304Views: 6

ലോറെൻസോ ഫെറോയും ലൂക്കാസ് എ. വിഗ്നാലെയും ചേർന്ന് സംവിധാനം ചെയ്ത അർജന്റീനിയൻ ചിത്രം 'ദി റിവർ ട്രെയിൻ' 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ രജതമയൂരം പ്രത്യേക ജൂറി പുരസ്കാരം സ്വന്തമാക്കി. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ, ചലച്ചിത്രമേളയുടെ ഡയറക്ടർ ശ്രീ അശുതോഷ് ഗോവാരിക്കർ എന്നിവരുടെ സാന്നിധ്യത്തിൽ ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത് പുരസ്കാരം സമ്മാനിച്ചു.

ചിത്രത്തിന്റെ വ്യത്യസ്തമായ ചലച്ചിത്രാവിഷ്കാരം എടുത്തുപറഞ്ഞ ജൂറി, കഥാഖ്യാനത്തിലെ പരീക്ഷണാത്മക സമീപനത്തെയും ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ സിനിമയുടെ സാധ്യതകൾ പര്യവേക്ഷണം ചെയ്തതിലെ കഴിവിനെയും പ്രശംസിച്ചു. പരമ്പരാഗത ചലച്ചിത്രങ്ങളുടെ അതിരുകൾ ഭേദിക്കാനുള്ള സംവിധായകരുടെ സന്നദ്ധത പ്രത്യേകം പരാമര്‍ശിച്ച ജൂറി പ്രശസ്തിപത്രത്തിൽ ഇങ്ങനെ രേഖപ്പെടുത്തി:

"ഒരു കുട്ടിയുടെ കണ്ണുകളിലൂടെ സിനിമയെ ഒരു കളിസ്ഥലമാക്കി മാറ്റിയതിനും നവ്യമായ പരീക്ഷണങ്ങളിലൂടെ സിനിമയുടെ അതിരുകൾ ഭേദിച്ചതിനും രണ്ട് സംവിധായകരുടെയും ദീർഘവീക്ഷണത്തെ ഞങ്ങള്‍ ആദരിക്കുകയും ലൂക്കാസ് എ. വിഗ്നാലെയുടെ അനശ്വര സ്മരണയ്ക്ക് മുന്നില്‍ പ്രണാമമര്‍പ്പിക്കുകയും ചെയ്യുന്നു."

 

സംവിധായകർക്ക് വേണ്ടി നിർമാതാവ് വാലന്റൈൻ ടോറെയും അഭിനേത്രി റീത്ത പോൾസും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ചിത്രത്തിന് നൽകിയ സർഗാത്മക സംഭാവനകളെ അനുസ്മരിച്ച് സഹസംവിധായകൻ ലൂക്കാസ് എ. വിഗ്നാലെയ്ക്ക് ചടങ്ങിൽ ആദരാഞ്ജലി അർപ്പിച്ചു.

 

അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ഒരു ചിത്രത്തിന്റെ കലാപരമായ മികവിനെയും വ്യത്യസ്തമായ ചലച്ചിത്രാവിഷ്കാരത്തെയും അംഗീകരിച്ചാണ് പ്രത്യേക ജൂറി പുരസ്കാരം നൽകുന്നത്. രജതമയൂരം, പ്രശസ്തിപത്രം, 20 ലക്ഷം രൂപ ക്യാഷ് പ്രൈസ് എന്നിവയടങ്ങുന്നതാണ് പുരസ്കാരം.

 

'ദി റിവർ ട്രെയിൻ' - കഥാസംഗ്രഹം

ഒൻപത് വയസ്സുകാരനായ മിലോ അർജന്റീനയിലെ ഒരു വിദൂര ഗ്രാമത്തിലാണ് താമസിക്കുന്നത്. അവൻ അവിടെ ഒരു മലംബോ നർത്തകനാകാനുള്ള പരിശീലനത്തിലാണ്. എന്നാൽ അവന്റെ സ്വപ്നങ്ങൾ മറ്റൊരിടത്താണ്. സിനിമകളിൽ മാത്രം കണ്ട ബ്യൂണസ് അയേഴ്സ് നഗരം കാണാനും ട്രെയിനുകളിൽ യാത്ര ചെയ്യാനും അവൻ അതിയായി ആഗ്രഹിക്കുന്നു. ആ ചെറിയ ലോകത്തുനിന്ന് പുറത്തുകടക്കാൻ, തനിച്ച് ഒരു പുതിയ യാത്രയ്ക്ക് അവൻ തയ്യാറെടുക്കേണ്ടതുണ്ട്.

 

Read IFFILOID here: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48

***

 


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2343304
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026