ഗോവയിൽ നടന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) 2026-ലെ മികച്ച വെബ് സീരീസിനുള്ള (OTT) പുരസ്കാരം ഹിന്ദി ഡോക്യുഡ്രാമ സീരീസായ 'മെയ്ഡ് ഇൻ ഇന്ത്യ: എ ടൈറ്റൻ സ്റ്റോറി' സ്വന്തമാക്കി. റോബി ഗ്രെവാൾ സംവിധാനം ചെയ്ത്, പ്രഭ്‌ലീൻ സന്ധു ക്രിയേറ്റ് ചെയ്ത്, ഓൾമൈറ്റി മോഷൻ പിക്ചർ നിർമ്മിച്ച സീരീസാണിത്. ഇന്ന് വൈകിട്ട് നടന്ന ചലച്ചിത്രമേളയുടെ സമാപന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.
ഈ വർഷം ലഭിച്ച 46 എൻട്രികളിൽ നിന്ന് വിവിധ ഇന്ത്യൻ ഭാഷകളിലായി ചുരുക്കപ്പട്ടികയിൽ ഇടംനേടിയ അഞ്ച് സീരീസുകളിൽ നിന്നാണ് വിജയിയെ തെരഞ്ഞെടുത്തത്. ചന്ദ്രകാന്ത് ലത ഗെയ്ക്‌വാദ് സംവിധാനം ചെയ്ത 'ദേവ്ഖേൽ' (മറാഠി), രുചിർ അരുൺ സംവിധാനം ചെയ്ത 'മുസാഫിർ കഫേ' (ഹിന്ദി), ദേവ കട്ട സംവിധാനം ചെയ്ത 'മായാ സഭ' (തെലുങ്ക്), ഹിമാങ്ക് ഗൗർ സംവിധാനം ചെയ്ത 'ആദർശ് ബാൽ വിദ്യാലയ' (ഹിന്ദി) എന്നിവയായിരുന്നു ചുരുക്കപ്പട്ടികയിലെ മറ്റ് സീരീസുകൾ.

ജൂറിയെ പ്രതിനിധീകരിച്ച് സംസാരിച്ച അധ്യക്ഷൻ ശ്രീ ജംനദാസ് മജേഥിയ പുരസ്കാര നിർണയ പ്രക്രിയയെക്കുറിച്ച് വിശദീകരിച്ചു. അന്തിമമായി അഞ്ച് നാമനിർദ്ദേശങ്ങൾ കണ്ടെത്തുന്നതിന് മുമ്പ് 12 എൻട്രികൾ പ്രാഥമികമായി ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരുടെ ഹൃദയങ്ങളെ സ്പർശിക്കുകയും രാജ്യത്തിൻ്റെ ചൈതന്യം പ്രതിഫലിപ്പിക്കുകയും പ്രേക്ഷകർക്ക് പ്രചോദനമേകുകയും ചെയ്യുന്ന കഥകൾക്കാണ് ജൂറി മുൻഗണന നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. കുടുംബങ്ങൾക്ക് ഒരുമിച്ചിരുന്ന് ആസ്വദിക്കാവുന്ന ഉള്ളടക്കമെന്ന നിലയിൽ വെബ് സീരീസുകൾക്ക് വർദ്ധിച്ചുവരുന്ന ജനപ്രീതിയും അദ്ദേഹം എടുത്തുപറഞ്ഞു. നാമനിർദ്ദേശം ചെയ്യപ്പെട്ട സീരീസുകളിലെ കഥകളുടെ വൈവിധ്യത്തെയും അദ്ദേഹം അഭിനന്ദിച്ചു.

തദ്ദേശീയ സംരംഭകത്വത്തെയും ഇന്ത്യയുടെ വ്യാവസായിക നേട്ടങ്ങളെയും ആഘോഷിക്കുന്നതിനാണ് ജൂറി ഈ സീരീസിന് അംഗീകാരം നൽകിയത്. ജൂറി ഇപ്രകാരം അഭിപ്രായപ്പെട്ടു: "വിജയഗാഥകൾ പറയപ്പെടുകയും ആഘോഷിക്കപ്പെടുകയും വേണം. പ്രത്യേകിച്ച്, വ്യാവസായിക നേട്ടങ്ങൾ സംരംഭകത്വം, സ്ഥിരോത്സാഹം, ദീർഘവീക്ഷണം എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട പാഠങ്ങൾ നൽകുന്നു. ഈ സീരീസ് ആ ചൈതന്യത്തെ മനോഹരമായി ഒപ്പിയെടുക്കുകയും, ഭാരതത്തിലുടനീളം സാക്ഷാത്കരിക്കപ്പെട്ട സ്വപ്നങ്ങളുടെയും പൂർത്തീകരിക്കപ്പെട്ട അഭിലാഷങ്ങളുടെയും ഇത്തരം കൂടുതൽ കഥകൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. തലമുറകൾക്ക് പ്രചോദനമേകുന്ന ഇത്തരം കഥകൾ കാണപ്പെടുകയും പങ്കുവെക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും വേണം."
ഡിജിറ്റൽ കഥാഖ്യാനത്തിൻ്റെ വളർന്നുവരുന്ന മേഖലയെ അംഗീകരിക്കുന്നതിനായി 2023-ൽ 54-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് മികച്ച വെബ് സീരീസ് (OTT) പുരസ്കാരം ഏർപ്പെടുത്തിയത്. പ്രശസ്തിപത്രവും 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം. സംവിധായകൻ, ക്രിയേറ്റർ, നിർമ്മാതാവ് എന്നിവർക്ക് സമ്മാനത്തുക തുല്യമായി വീതിച്ചുനൽകും.
2026 ജൂണിൽ ആമസോൺ എം.എക്സ് പ്ലെയറിൽ റിലീസ് ചെയ്ത 'മെയ്ഡ് ഇൻ ഇന്ത്യ: എ ടൈറ്റൻ സ്റ്റോറി', ഇന്ത്യയിലെ പ്രമുഖ ഉപഭോക്തൃ ബ്രാൻഡുകളിലൊന്നിൻ്റെ വളർച്ചയുടെ കഥ പറയുന്ന ആറ് എപ്പിസോഡുകളുള്ള ഹിന്ദി ഡോക്യുഡ്രാമ സീരീസാണ്. വിനയ് കാമത്തിൻ്റെ 'ടൈറ്റൻ: ഇൻസൈഡ് ഇന്ത്യാസ് മോസ്റ്റ് സക്സസ്ഫുൾ കൺസ്യൂമർ ബ്രാൻഡ്' എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കിയ സീരീസിൽ സെർക്സസ് ദേശായിയായി ജിം സർഭും, ജെ.ആർ.ഡി ടാറ്റയായി നസീറുദ്ദീൻ ഷായും വേഷമിടുന്നു.
ഒമ്പത് ദിവസം നീണ്ടുനിന്ന അന്താരാഷ്ട്ര ചലച്ചിത്ര പ്രദർശനത്തിനും സാംസ്കാരിക വിനിമയത്തിനും സമാപനം കുറിച്ച 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ഈ പുരസ്കാരദാനം.
ഈ പുരസ്കാരവുമായി ബന്ധപ്പെട്ട ജൂറിയുടെ വാർത്താസമ്മേളനം ഇവിടെ കാണാം:
Read IFFILOID here: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
* * *