57th International Film Festival of India 2026
20 – 28 Nov 2026

ഒ.ടി.ടി സർഗാത്മകമായ ആവിഷ്കാരസാധ്യതകൾ വിപുലീകരിക്കുകയും ഭാഷാപരമായ അതിർവരമ്പുകൾ മറികടന്ന് പ്രേക്ഷകരെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നു: IFFI OTT അവാർഡ് ജൂറി

ഡിജിറ്റൽ രംഗത്തെ കഥാഖ്യാന രീതികളിലുണ്ടാകുന്ന മാറ്റങ്ങൾ, കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള കഥാവതരണങ്ങൾ, നവാഗത പ്രതിഭകൾക്കുള്ള അവസരങ്ങൾ എന്നിവയെക്കുറിച്ച് ജൂറി അംഗങ്ങൾ ചർച്ച ചെയ്തു.

പോസ്റ്റഡ് ഓണ്‍: 28 NOV 2026 2:07PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2343037Views: 7

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI 2026) മികച്ച വെബ് സീരീസ് (OTT) പുരസ്കാര നിർണയത്തിനുള്ള ജൂറി അംഗങ്ങൾ ഒ.ടി.ടി കഥാഖ്യാനങ്ങളുടെ പരിണാമം, പ്രേക്ഷകരുടെ മാറിവരുന്ന അഭിരുചികൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സർഗാത്മക പ്രതിഭകൾക്ക് തുറന്നുനൽകുന്ന അവസരങ്ങൾ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ചു. ജൂറി ചെയർമാൻ ജെ. ഡി. മജേഥിയയും അംഗങ്ങളായ കൃഷ്ണ ഹെബ്ബാലെ, ശൈലേന്ദ്ര ഝാ, ഗരിമ വഹാലും വാർത്താസമ്മേളനത്തിൽ സംസാരിച്ചു.



വിനോദ വ്യവസായത്തിൻ്റെ വളർച്ചയെക്കുറിച്ച് സംസാരിച്ച ജൂറി ചെയർമാൻ ജെ. ഡി. മജേഥിയ, ഇൻ്റർനെറ്റ് സൗകര്യങ്ങളുടെയും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെയും വ്യാപനം വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഉള്ളടക്കങ്ങൾ ആസ്വദിക്കാൻ പ്രേക്ഷകർക്ക് അവസരമൊരുക്കിയെന്നും  ഇത് കഥകൾ അവതരിപ്പിക്കുന്നതിന് പുതിയ സാധ്യതകൾ തുറന്നുനൽകിയെന്നും പറഞ്ഞു. ഇന്ത്യൻ വിനോദ വ്യവസായത്തിൻ്റെ വളർച്ചയ്ക്ക് കൂടുതൽ കരുത്തുപകരാൻ ശേഷിയുള്ള വേദിയായാണ് ഗോവയെയും ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയെയും അദ്ദേഹം വിശേഷിപ്പിച്ചത്.

 


 


ഒ.ടി.ടി പുരസ്കാരത്തിനായി വെബ് സീരീസുകൾ വിലയിരുത്തിയ ജൂറിയുടെ അനുഭവത്തെക്കുറിച്ച് സംസാരിക്കവെ, ഓരോ അംഗവും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് മൂല്യനിർണയ പ്രക്രിയയിലേക്ക് കൊണ്ടുവന്നതെന്ന് മജേഥിയ പറഞ്ഞു. കഥാഖ്യാനം, കഥാപാത്ര രൂപീകരണം, അഭിനയം, അവതരണ മികവ്, ഒരു സീരീസ് പ്രേക്ഷകരിൽ അവശേഷിപ്പിക്കുന്ന ദീർഘകാല സ്വാധീനം എന്നിവ പരിഗണിച്ചായിരുന്നു വിലയിരുത്തൽ. ഒന്നിലധികം പ്രധാന കഥാപാത്രങ്ങൾ അണിനിരക്കുന്നതും കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ളതുമായ കഥാഖ്യാനങ്ങൾക്ക് പ്രാധാന്യമേറി വരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വെബ് സീരീസുകളുടെ ദൈർഘ്യമേറിയ അവതരണരീതി കഥകളും കഥാപാത്രങ്ങളും കൂടുതൽ ആഴത്തിൽ വികസിപ്പിക്കാൻ കൂടുതൽ സ്വാതന്ത്ര്യം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ്-19 മഹാമാരി ഈ മേഖലയ്ക്ക് വലിയ ഉത്തേജനം നൽകിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

വെബ് സീരീസുകളിലെ തിരക്കഥകളുടെ നിലവാരം  ഉയർന്നുവരുന്നതായി ജൂറി അംഗം കൃഷ്ണ ഹെബ്ബാലെ എടുത്തുപറഞ്ഞു. ഒരു കഥയ്ക്ക് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുനിർത്താൻ കഴിയുന്നില്ലെങ്കിൽ അവർക്ക് വേഗത്തിൽ മറ്റൊരു ഷോയിലേക്ക് മാറാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെബ് സീരീസിലെ അഭിനയത്തെ ടെസ്റ്റ് മത്സരം കളിക്കുന്നതിനോട് ഉപമിച്ച അദ്ദേഹം, ഈ അവതരണരീതി അഭിനേതാക്കളിൽ നിന്ന് തുടർച്ചയായ മികവ് ആവശ്യപ്പെടുന്നതോടൊപ്പം കഥാപാത്രങ്ങളെ കൂടുതൽ ആഴത്തിൽ അവതരിപ്പിക്കാനുള്ള അവസരവും നൽകുന്നുവെന്ന് പറഞ്ഞു.



പരമ്പരാഗത വിനോദ വ്യവസായത്തിൽ അവസരങ്ങൾ ലഭിക്കാതെ പോയേക്കുമായിരുന്ന സർഗാത്മക പ്രതിഭകൾക്ക് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ അവസരങ്ങൾ തുറന്നുനൽകിയതായി ശൈലേന്ദ്ര ഝാ പറഞ്ഞു.
കാലക്രമത്തിൽ വളർച്ച പ്രാപിക്കുകയും മാറ്റങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന ഒന്നിലധികം കഥാപാത്രങ്ങൾക്ക് ഈ മാധ്യമം പ്രാധാന്യം നൽകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കഥാപാത്രങ്ങളുടെ ജീവിതയാത്രയിൽ പ്രേക്ഷകർ വൈകാരികമായി പങ്കുചേരുകയും തുടർന്നെന്ത് സംഭവിക്കുമെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു. ഉപശീർഷകങ്ങൾ ഭാഷാപരമായ അതിർവരമ്പുകൾ മറികടക്കാനും വ്യത്യസ്ത ഭാഷാപശ്ചാത്തലങ്ങളിൽ നിന്നുള്ള കഥകൾ കണ്ടെത്താനും പ്രേക്ഷകരെ സഹായിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വൈവിധ്യമാർന്ന കഥകളിലൂടെയും വികാരങ്ങളിലൂടെയും സർഗാത്മക പ്രതിഭകളിലൂടെയും ഇന്ത്യയുടെ വൈവിധ്യം അടുത്തറിയാൻ വെബ് സീരീസുകൾ പ്രേക്ഷകർക്ക് അവസരമൊരുക്കുന്നതായി ജൂറി അംഗം ഗരിമ വഹാൽ പറഞ്ഞു. ഈ അനുഭവത്തെ ഒരു പുസ്തകം വായിക്കുന്നതിനോട് ഉപമിച്ച അവർ, പ്രേക്ഷകരുമായി കൂടുതൽ ആഴത്തിലുള്ളതും വ്യക്തിപരവുമായ ബന്ധം സ്ഥാപിക്കാൻ ഈ മാധ്യമം സഹായിക്കുന്നുണ്ടെന്നും പറഞ്ഞു. വിവിധ വിഭാഗങ്ങളിലുള്ള വെബ് സീരീസുകളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയും തുടർച്ചയായി എപ്പിസോഡുകൾ കണ്ട് മുഴുവൻ കഥയും ആസ്വദിക്കാനുള്ള സൗകര്യവും വിനോദത്തിൻ്റെ സാധ്യതകൾ വിപുലീകരിക്കുകയും നവാഗത പ്രതിഭകൾക്ക് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തതായി അവർ കൂട്ടിച്ചേർത്തു.

പരീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും സർഗാത്മകമായ അവസരങ്ങൾ വിപുലീകരിക്കുന്നതിലും രാജ്യത്തുടനീളമുള്ള പ്രേക്ഷകരിലേക്ക് വൈവിധ്യമാർന്ന കഥകളും ശബ്ദങ്ങളും എത്തിക്കുന്നതിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ വഹിക്കുന്ന പങ്ക് ജൂറി അംഗങ്ങൾ അടിവരയിട്ടു പറഞ്ഞു.

വൈവിധ്യമാർന്ന കഥാഖ്യാന രീതികളെ ആഘോഷിക്കുകയും സിനിമയുടെയും വിനോദമേഖലയുടെയും മാറിവരുന്ന സ്വഭാവത്തെ അംഗീകരിക്കുകയും ചെയ്യുന്ന മേളയുടെ വിശാലമായ കാഴ്ചപ്പാടാണ് 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഈ ചർച്ചയിൽ പ്രതിഫലിച്ചത്. ചലച്ചിത്രമേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ ഒരുമിച്ചുകൊണ്ടുവന്ന്, പുതിയ അവതരണരീതികൾ, മാറിവരുന്ന സർഗാത്മക പ്രവർത്തനങ്ങൾ, ഇന്ത്യയുടെ ദൃശ്യ-ശ്രാവ്യ മേഖലയുടെ ഭാവി രൂപപ്പെടുത്തുന്ന അവസരങ്ങൾ എന്നിവയെക്കുറിച്ചുള്ള സംവാദങ്ങൾക്ക് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI ) തുടർന്നും വേദിയൊരുക്കുന്നു.

ശ്രീ മഹേഷ് കുമാറായിരുന്നു വാർത്താസമ്മേളനത്തിൻ്റെ  മോഡറേറ്റർ.

 

Read IFFILOID here: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48

 

*******


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2343037
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026