രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഏഴിമല നാവിക അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡിൽ രാഷ്ട്രപതി ദ്രൗപദി മുർമു അഭിവാദ്യം സ്വീകരിച്ചു

പോസ്റ്റഡ് ഓണ്‍: 28 NOV 2026 12:13PM by PIB Thiruvananthpuram

കേരളത്തിൽ ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ  ഇന്ന് (2026 നവംബർ 28) നടന്ന 2026 ശരത്കാല സെഷൻ പാസിംഗ് ഔട്ട് പരേഡിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അഭിവാദ്യം സ്വീകരിച്ചു.

ചടങ്ങിനെ അഭിസംബോധന ചെയ്യവെ, ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നിന്നും സൗഹൃദ വിദേശ രാജ്യങ്ങളിൽ നിന്നുമുള്ളവർ ഉൾപ്പെടെ, പരിശീലനം വിജയകരമായി പൂർത്തിയാക്കിയ എല്ലാ കേഡറ്റുകളെയും രാഷ്ട്രപതി അഭിനന്ദിച്ചു. പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവരിൽ ഒട്ടേറെ യുവതികളെ കാണാൻ സാധിച്ചത് ഏറെ സന്തോഷകരമാണെന്ന് രാഷ്ട്രപതി പറഞ്ഞു. അവരുടെ സാന്നിധ്യം രാജ്യത്തിനാകെ അഭിമാനകരമാണ്. നിശ്ചയദാർഢ്യത്തിനും ധൈര്യത്തിനും കഴിവിനും അതിരുകളില്ലെന്ന് അവർ തെളിയിച്ചിരിക്കുന്നു. ഇവരുടെ നേട്ടങ്ങൾ കൂടുതൽ യുവതികൾക്ക് വലിയ സ്വപ്നങ്ങൾ കാണാനും രാഷ്ട്രസേവനത്തിനായി വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും പ്രചോദനമാകുമെന്നും രാഷ്ട്രപതി അടിവരയിട്ടു.

പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് സമുദ്രമേഖലയുടെ പ്രാധാന്യം വർദ്ധിച്ചുവരികയാണെന്ന് രാഷ്ട്രപതി പറഞ്ഞു. ആഗോള വ്യാപാരത്തിന്റെ വലിയൊരു ഭാഗം കടൽമാർഗ്ഗമാണ് നടക്കുന്നത്. അതിനാൽ, സമുദ്രപാതകളുടെ സുരക്ഷ രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രതയുമായും ജനങ്ങളുടെ നിത്യജീവിതവുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കപ്പൽ ഗതാഗതത്തിലുണ്ടാകുന്ന ഏതൊരു തടസ്സവും അവശ്യവസ്തുക്കളുടെ വിതരണത്തെ ബാധിക്കുകയും വിലക്കയറ്റത്തിന് കാരണമാവുകയും ഒടുവിൽ സാധാരണക്കാർക്ക് അധികഭാരമായി മാറുകയും ചെയ്യും. കടലിലെ തങ്ങളുടെ സേവനം കരയിലെ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യം പരിശീലനം പൂർത്തിയാക്കിയവർ എപ്പോഴും ഓർമ്മിക്കണമെന്ന് രാഷ്ട്രപതി ഉപദേശിച്ചു. ഇത് ജനങ്ങളുടെ സുരക്ഷയ്ക്കും സമൃദ്ധിക്കും ക്ഷേമത്തിനും നേരിട്ട് സംഭാവന നൽകുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

യുവ കേഡറ്റുകളുടെ സത്യസന്ധതയും തൊഴിൽപരമായ മികവും ധൈര്യവും അനുകമ്പയുമായിരിക്കും ഇന്ത്യൻ നാവികസേനയുടെ സ്വഭാവത്തെ നിർവചിക്കുകയെന്ന് രാഷ്ട്രപതി പറഞ്ഞു. കടലിൽ അവർക്ക് പ്രതികൂല കാലാവസ്ഥയെയും ദീർഘകാലത്തെ വിന്യാസങ്ങളെയും അനിശ്ചിതത്വം നിറഞ്ഞ സാഹചര്യങ്ങളെയും നേരിടേണ്ടിവരും. പലപ്പോഴും കടുത്ത സമ്മർദ്ദത്തിനിടയിൽ നിർണ്ണായക തീരുമാനങ്ങൾ എടുക്കേണ്ടിവന്നേക്കാം. നേതൃത്വം എന്നത് കേവലം ആജ്ഞകൾ നൽകുക മാത്രമല്ല; മറിച്ച് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും മാതൃകയാവുകയും കൂടെയുള്ളവർക്കൊപ്പം നിൽക്കുകയും ചെയ്യുക എന്നതാണെന്ന് എപ്പോഴും ഓർമ്മിക്കണമെന്ന് രാഷ്ട്രപതി അവരെ ഉപദേശിച്ചു. കേഡറ്റുകൾക്ക് ലഭിച്ച പരിശീലനവും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവും അർപ്പണബോധവും ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ അവരെ സജ്ജരാക്കുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

കേഡറ്റുകൾ അണിയുന്ന യൂണിഫോം നൂറ് കോടിയിലധികം ഇന്ത്യക്കാരുടെ വിശ്വാസവും പ്രതീക്ഷകളുമാണ് വഹിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. എവിടെ ജീവിക്കുന്നു എന്നതോ എന്ത് ജോലി ചെയ്യുന്നു എന്നതോ പരിഗണിക്കാതെ, ഓരോ പൗരനും നമ്മുടെ സായുധ സേനയെ ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയുമാണ് നോക്കിക്കാണുന്നത്. ഇന്ത്യൻ നാവികസേനയുടെ ഉന്നതമായ പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ യുവ കേഡറ്റുകളോട് രാഷ്ട്രപതി ആഹ്വാനം ചെയ്തു.

രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ പൂർണ്ണരൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

https://static.pib.gov.in/WriteReadData/userfiles/file/2026/nov/PresidentSpeechMalayalam-Ezhimala(28-11-2026)_20261128150236_7738b0.pdf  

****


( റിലീസ് ഐ.ഡി: 2343006) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati