കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ആഖ്യാനങ്ങളുടെ പ്രാധാന്യം, ഗവേഷണാധിഷ്ഠിത ചലച്ചിത്രനിർമ്മാണം, വൈവിധ്യമാർന്ന കഥകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സിനിമയുടെ കരുത്ത് എന്നിവ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) ഭാഗമായി ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ ചർച്ചയായി. സംവിധായകൻ കാമാഖ്യ നാരായൺ സിംഗും നിർമ്മാതാവ് രവീന്ദ്ര സംഘ്‌വിയും 'ദി കേരള സ്റ്റോറി 2 : ഗോസ് ബിയോണ്ട്' എന്ന ചിത്രത്തിൻ്റെയും 'ഡെമോഗ്രഫി ഈസ് ഡെസ്റ്റിനി' എന്ന ഡോക്യുമെൻ്ററിയുടെയും നിർമ്മാണാനുഭവങ്ങൾ പങ്കുവെച്ചു. ഗവേഷണം, കഥാപാത്ര രൂപീകരണം, സങ്കീർണമായ വിഷയങ്ങൾ സിനിമയിലൂടെ അവതരിപ്പിക്കുന്നതിലെ വെല്ലുവിളികൾ എന്നിവയെക്കുറിച്ച് അവർ സംസാരിച്ചു.
'ദി കേരള സ്റ്റോറി 2' സംവിധാനം ചെയ്ത അനുഭവം പങ്കുവെച്ച കാമാഖ്യ നാരായൺ സിംഗ്, കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള കഥാഖ്യാനമാണ് ചിത്രത്തിൻ്റേതെന്ന് പറഞ്ഞു. പൊതുവായ വൈകാരിക പശ്ചാത്തലം നിലനിർത്തിക്കൊണ്ട് ഒന്നിലധികം കഥകൾ ഒരുമിച്ച് അവതരിപ്പിക്കുന്നത് വെല്ലുവിളി നിറഞ്ഞതും അതേസമയം സംതൃപ്തി നൽകുന്നതുമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത കഥകളെ പരസ്പരം ബന്ധിപ്പിക്കുന്നതിൽ സംഗീതം വഹിച്ച പങ്കും അദ്ദേഹം എടുത്തുപറഞ്ഞു. മൂന്ന് വ്യത്യസ്ത കഥകളാണ് ചിത്രത്തിലുള്ളതെങ്കിലും അവയെ ഒരുമിപ്പിക്കുന്നത് പൊതുവായ വൈകാരിക അടിത്തറയാണെന്നും അദ്ദേഹം വിശദീകരിച്ചു.

കേസ് സ്റ്റഡികളെയും വസ്തുതാപരമായ വിവരങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്നും കഥാപാത്രങ്ങളുടെ അനുഭവങ്ങളിലൂടെയും വികാരങ്ങളിലൂടെയും കഥ അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും നാരായൺ പറഞ്ഞു.
'ഡെമോഗ്രഫി ഈസ് ഡെസ്റ്റിനി' എന്ന ഡോക്യുമെൻ്ററിയെക്കുറിച്ച് സംസാരിക്കവെ, വസ്തുതാപരമായ വിവരങ്ങളെ ആകർഷകമായ ചലച്ചിത്ര ആഖ്യാനമാക്കി മാറ്റുന്നതിലെ വെല്ലുവിളികൾ നിർമ്മാതാവ് രവീന്ദ്ര സംഘ്‌വിയും സംവിധായകൻ കാമാഖ്യ നാരായൺ സിംഗും എടുത്തുപറഞ്ഞു. സങ്കീർണമായ വിവരങ്ങൾ പ്രേക്ഷകർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നതിന് അവരുമായി താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന കഥാപാത്രങ്ങളെ കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് കാമാഖ്യ വിശദീകരിച്ചു. ഡോക്യുമെൻ്ററി ചലച്ചിത്രകാരൻ എന്ന നിലയിലുള്ള തൻ്റെ അനുഭവം പങ്കുവെച്ച കാമാഖ്യ, വിവരശേഖരണവും അഭിമുഖങ്ങളുമാണ് തൻ്റെ പ്രവർത്തനത്തിൻ്റെ ആദ്യഘട്ടമെന്നും തുടർന്ന് ആഖ്യാനത്തിന് രൂപം നൽകാൻ സഹായിക്കുന്ന അനുഭവങ്ങളുള്ള വ്യക്തികളെ കണ്ടെത്തുകയാണ് ചെയ്യുന്നതെന്നും പറഞ്ഞു.

കഥയ്ക്ക് വിശ്വാസ്യത നൽകുന്ന ലൊക്കേഷനുകൾ തെരഞ്ഞെടുക്കുന്നത് ഉൾപ്പെടെ ചലച്ചിത്രനിർമ്മാണത്തിൽ ദൃശ്യപരമായ ആധികാരികതയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ആവശ്യമായ ദൃശ്യപശ്ചാത്തലം ഒരുക്കുന്നതിന് അനുയോജ്യമായ ലൊക്കേഷനുകൾ കണ്ടെത്താൻ തൻ്റെ യാത്രാനുഭവങ്ങളും വിവിധ സ്ഥലങ്ങളെക്കുറിച്ചുള്ള പരിചയവും സഹായിച്ചതായി അദ്ദേഹം വ്യക്തമാക്കി.
സിനിമകൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സാമൂഹിക മാധ്യമങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും ഇരുവരും സംസാരിച്ചു. തങ്ങൾ അർത്ഥവത്തായി കരുതുന്ന കഥകൾ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ആഗ്രഹമാണ് തങ്ങളുടെ ചലച്ചിത്ര പ്രവർത്തനങ്ങൾക്ക് പ്രേരണയായതെന്നും അവർ ഊന്നിപ്പറഞ്ഞു.
വിവിധ പ്രദേശങ്ങളിൽ നിന്നും ഭാഷകളിൽ നിന്നും വ്യത്യസ്തമായ നിർമ്മാണ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള സിനിമകൾക്ക് വേദിയൊരുക്കുന്നതിൽ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI) വഹിക്കുന്ന പങ്കിനെക്കുറിച്ചും ചർച്ച നടന്നു. വ്യത്യസ്ത ബജറ്റുകളിലും വിഭവങ്ങളിലും സിനിമകൾ ഒരുക്കുന്നവർക്ക് തങ്ങളുടെ സൃഷ്ടികൾ ഒരേ വേദിയിൽ അവതരിപ്പിക്കാൻ മേള അവസരമൊരുക്കുന്നുവെന്ന് സിംഗ് പറഞ്ഞു. ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ വ്യാപകമാകുന്നതിന് വളരെ മുമ്പുതന്നെ, തൻ്റെ ചലച്ചിത്ര ജീവിതത്തിൻ്റെ ആദ്യകാലത്ത് അന്താരാഷ്ട്ര സിനിമകളെയും ചലച്ചിത്രകാരന്മാരെയും പരിചയപ്പെടാൻ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള സഹായിച്ചതായും അദ്ദേഹം അനുസ്മരിച്ചു.
_20261127190022_4b602b.jpeg)
വൈവിധ്യമാർന്ന ചലച്ചിത്ര ആവിഷ്കാരങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്നതിൽ മേള ദീർഘകാലമായി വഹിക്കുന്ന പങ്കിന് ഏറെ അനുയോജ്യമാണ് ഇത്തവണത്തെ 'അതിരുകളില്ലാത്ത കഥകൾ' എന്ന പ്രമേയമെന്ന് സിംഗ് പറഞ്ഞു. പ്രാദേശിക തലത്തിൽ നിന്നുള്ളതും അധികം അറിയപ്പെടാത്ത ഭാഷകളിലുള്ളതുമായ സിനിമകൾക്ക് കൂടുതൽ വിശാലമായ പ്രേക്ഷകരിലേക്ക് എത്താൻ ഈ വേദി അവസരമൊരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുൽദീപ് മീണയായിരുന്നു വാർത്താസമ്മേളനത്തിൻ്റെ മോഡറേറ്റർ.
വാർത്താസമ്മേളനത്തിൻ്റെ പൂർണരൂപം ഇവിടെ കാണാം:
IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
***