57th International Film Festival of India 2026
20 – 28 Nov 2026

ഒരു കുട്ടിയുടെ ലോകത്തേക്ക് കടന്നുചെന്ന് ‘ദി റിവർ ട്രെയിൻ’ ഒരുക്കിയ അണിയറപ്രവർത്തകർ; ചിത്രം 57-ാമത് IFFI-യിൽ


ബാല്യകാല സ്വപ്നങ്ങളുടെയും കൂട്ടായ്മയുടെ കരുത്തിന്റെയും ഓർമ്മകളുണർത്തി അർജന്റീനിയൻ ചിത്രം

അപരിചിതമായവയെ കണ്ടെത്താനും ജീവിതത്തിൽ സ്വന്തമായൊരു പാത രൂപപ്പെടുത്താനുമുള്ള സാർവത്രികമായ ആഗ്രഹം ആവിഷ്കരിച്ച് ‘ദി റിവർ ട്രെയിൻ’

പോസ്റ്റഡ് ഓണ്‍: 27 NOV 2026 7:40PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2342868Views: 12

ഗോവയിൽ നടക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) ഭാഗമായി ഇന്ന് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ, വിശ്വാസവും സൗഹൃദവും വൈകാരികമായ സൂക്ഷ്മതയും എങ്ങനെയാണ് സിനിമയുടെ നിർമ്മാണത്തെ രൂപപ്പെടുത്തിയതെന്ന് സ്പാനിഷ് ഭാഷാ ചിത്രമായ ‘ദി റിവർ ട്രെയിൻ’ (El Tren Fluvial)-ന്റെ അണിയറപ്രവർത്തകരായ നിർമ്മാതാവ് വാലന്റൈൻ ടോറെയും നടി റീത്ത പോൾസും പങ്കുവെച്ചു. ലോറൻസോ ഫെറോയും ലൂക്കാസ് എ. വിഗ്നാലെയും ചേർന്ന് സംവിധാനം ചെയ്ത 75 മിനിറ്റ് ദൈർഘ്യമുള്ള ഈ അർജന്റീനിയൻ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം IFFI 2026-ലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലായിരുന്നു.

അർജന്റീനയിലെ പാമ്പാസ് പുൽമേടുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം, പരമ്പരാഗത അർജന്റീനിയൻ നാടോടി നൃത്തമായ മലാംബോ അഭ്യസിക്കുന്ന ഒൻപത് വയസ്സുകാരനായ മിലോയിലൂടെയാണ് വികസിക്കുന്നത്. സിനിമകളിലൂടെ മാത്രം പരിചയിച്ചിട്ടുള്ള ബ്യൂണസ് അയേഴ്‌സ് നഗരത്തിലേക്ക് ട്രെയിനിൽ യാത്ര ചെയ്യണമെന്നാണ് അവന്റെ സ്വപ്നം. സ്വന്തമായി പുറംലോകത്തേക്ക് ഇറങ്ങുന്ന മിലോയെ അപരിചിതമായ അനുഭവങ്ങളും ഏകാന്തതയുടെ നിമിഷങ്ങളും പുതിയൊരു ലോകം കണ്ടെത്താൻ പ്രേരിപ്പിക്കുന്നു. തന്നിൽ അടിച്ചേൽപ്പിക്കപ്പെട്ട പ്രതീക്ഷകൾക്കപ്പുറമുള്ള ലോകം കണ്ടെത്താനുള്ള അവന്റെ യാത്രയിലൂടെ ബാല്യം, സ്വാതന്ത്ര്യം, സ്വപ്നങ്ങളെ പിന്തുടരുമ്പോൾ നേരിടേണ്ടിവരുന്ന വെല്ലുവിളികൾ എന്നിവയാണ് ചിത്രം പര്യവേക്ഷണം ചെയ്യുന്നത്.

ചലച്ചിത്ര സംരംഭത്തിന്റെ തുടക്കത്തെക്കുറിച്ച് അനുസ്മരിച്ചുകൊണ്ട്, സുഹൃത്തുക്കൾക്കിടയിൽ ഒരു ചെറിയ സിനിമ ഒരുക്കാമെന്ന അനൗദ്യോഗികമായ ആശയത്തിൽ നിന്നാണ് ചിത്രത്തിന്റെ പിറവിയെന്ന് ശ്രീ. ടോറെ പറഞ്ഞു. വളരെ ലളിതമായി തുടങ്ങിയ ഈ ഉദ്യമം പരസ്പര വിശ്വാസത്തിലൂടെയും കൂട്ടായ പരിശ്രമത്തിലൂടെയും ക്രമേണ ഒരു മുഴുനീള ഫീച്ചർ ചിത്രമായി വളർന്നു. ഒടുവിൽ ബെർലിൻ, സാൻ സെബാസ്റ്റ്യൻ, ബ്യൂണസ് അയേഴ്‌സ് എന്നിവിടങ്ങളിലെ ചലച്ചിത്രമേളകളിലൂടെ അന്താരാഷ്ട്ര പ്രേക്ഷകരിലേക്കും ചിത്രം എത്തി.

ചിത്രത്തിൽ പ്രൊഫസറുടെ വേഷം അവതരിപ്പിക്കുന്ന ശ്രീമതി പോൾസ്, മുൻപ് അഭിനയപരിചയമില്ലാതിരുന്ന യുവ മലാംബോ നർത്തകനായ മിലോ ബാരിയയോടൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവെച്ചു. ഒരു സാധാരണ സിനിമാ സെറ്റിന്റെ പ്രവർത്തനരീതികളുമായി കുട്ടി പൊരുത്തപ്പെടണമെന്ന് പ്രതീക്ഷിക്കുന്നതിനുപകരം, അവന്റെ ആവശ്യങ്ങൾക്കും മാനസികാവസ്ഥയ്ക്കും അനുസരിച്ച് അണിയറപ്രവർത്തകർ തങ്ങളുടെ പ്രവർത്തനരീതികളിൽ മാറ്റം വരുത്തുകയായിരുന്നുവെന്ന് അവർ പറഞ്ഞു. ഈ സമീപനം യുവതാരത്തെ സർഗാത്മക പ്രക്രിയയുടെ കേന്ദ്രബിന്ദുവായി നിലനിർത്താൻ സഹായിച്ചുവെന്നും അവർ വിശദീകരിച്ചു.

ചിത്രത്തിന്റെ ദൃശ്യശൈലിയെക്കുറിച്ച് സംസാരിക്കവെ, ക്ലാസിക് സിനിമകളോടുള്ള സംവിധായകരുടെ ആരാധനയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 4:3 ആസ്പെക്ട് റേഷ്യോ തിരഞ്ഞെടുത്തതെന്ന് നിർമ്മാതാവ് പറഞ്ഞു. പരിമിതമായ ബജറ്റിനുള്ളിൽ പ്രവർത്തിക്കാനും ഈ രീതി ടീമിനെ സഹായിച്ചു. ചിത്രത്തിന്റെ ചില ഭാഗങ്ങളിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങൾ ഉപയോഗിച്ചിരിക്കുന്നത് പഴയകാല സിനിമകളുടെ അന്തരീക്ഷം പുനഃസൃഷ്ടിക്കുന്നതിനും ആഖ്യാനത്തിന് സ്വപ്നതുല്യമായ ഭാവം നൽകുന്നതിനും സഹായിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാവി പദ്ധതികളെക്കുറിച്ച് സംസാരിക്കവെ, രണ്ട് സഹോദരന്മാരുടെ കഥ പറയുന്ന ‘പ്ലാൻ ഡി ഫുഗ’ (Plan de fuga) എന്ന റോഡ് മൂവിയുടെ ചിത്രീകരണം 2027-ൽ ആരംഭിക്കാൻ ടീം പദ്ധതിയിടുന്നതായി ശ്രീ. ടോറെ അറിയിച്ചു. ‘ദി റിവർ ട്രെയിൻ’ അടുത്തിടെ സ്പെയിനിലെ തിയറ്ററുകളിൽ റിലീസ് ചെയ്തതായും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഇന്ത്യയുമായി സഹകരിച്ച് സിനിമകൾ നിർമ്മിക്കാൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

അജ്ഞാതമായവയെ തേടിയുള്ള യാത്രയെയും ജീവിതത്തിൽ സ്വന്തമായൊരു വഴി കണ്ടെത്താനുള്ള സാർവത്രികമായ ആഗ്രഹത്തെയും മിലോയുടെ യാത്രയിലൂടെ ‘ദി റിവർ ട്രെയിൻ’ വരച്ചുകാട്ടുന്നു. സർഗാത്മകമായ ലക്ഷ്യബോധത്തോടൊപ്പം സഹാനുഭൂതിയും കൂട്ടായ പരിശ്രമവും ചേരുമ്പോൾ, വളരെ ലളിതമായ തുടക്കങ്ങളിൽനിന്നുപോലും അർത്ഥവത്തായ സിനിമകൾ പിറവിയെടുക്കുമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ചിത്രത്തിന്റെ നിർമ്മാണാനുഭവം.

വാർത്താസമ്മേളനത്തിൽ ശ്രീമതി അനുഷ്ക സർക്കാർ മോഡറേറ്ററായി.

വാർത്താസമ്മേളനത്തിന്റെ പൂർണരൂപം ഇവിടെ കാണാം:

https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48

 

****


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2342868
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026