57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (IFFI) ഭാഗമായി സംഘടിപ്പിച്ച 'വെർച്വൽ ഭാരത്' പാനൽ ചർച്ചയിൽ ഇന്ത്യയുടെ വൈവിധ്യമാർന്ന കഥപറച്ചിൽ പാരമ്പര്യം, ആവിഷ്കാര സ്വാതന്ത്ര്യം, മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ചലച്ചിത്ര ലോകം എന്നിവ ചർച്ചയായി.
പ്രശസ്ത ചലച്ചിത്രകാരൻ ഭരത് ബാല, പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വൈസ് ചാൻസലറും നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുമായ ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥൻ ധീരജ് സിംഗ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

‘ചലച്ചിത്രകാരന്മാർ ആദ്യം സ്വന്തം രാജ്യത്തെ കഥകളെ തിരിച്ചറിയുകയും അവ പുറത്തുകൊണ്ടുവരികയും വേണം’
ഏത് രൂപത്തിലുള്ള സൃഷ്ടിയായാലും കഥപറച്ചിലിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമായിരിക്കണം പ്രാധാന്യം നൽകേണ്ടതെന്ന് പ്രശസ്ത സംവിധായകൻ ഭരത് ബാല പറഞ്ഞു.തൻ്റെ സർഗ്ഗാത്മക കാഴ്ചപ്പാടുകളെക്കുറിച്ച് സംസാരിക്കവെ, സംഗീത ആൽബങ്ങൾ, ഹ്രസ്വചിത്രങ്ങൾ, ഫീച്ചർ ഫിലിമുകൾ, ഫിക്ഷൻ, നോൺ-ഫിക്ഷൻ എന്നിങ്ങനെ വിവിധ വിഭാഗങ്ങളെ താൻ വേർതിരിച്ചു കാണുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വർഷത്തെ തൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് പരാമർശിക്കവെ, രാജ്യത്തിൻ്റെ ഏറ്റവും ഉൾപ്രദേശങ്ങളിലേക്ക് ക്യാമറയുമായി എത്തിയതും സാധാരണക്കാരുമായി ഇടപഴകി അവരുടെ വിശ്വാസം ആർജ്ജിച്ചതും അവർക്ക് സ്വന്തം കഥകൾ പങ്കുവെക്കാൻ വേദിയൊരുക്കിയതും അദ്ദേഹം ഓർത്തെടുത്തു.മുൻവിധികളോടെയുള്ള കഥകൾ അടിച്ചേൽപ്പിക്കുന്നതിന് പകരം, യഥാർത്ഥ മനുഷ്യാനുഭവങ്ങൾ ഒപ്പിയെടുക്കുന്നതിലാണ് ചലച്ചിത്രനിർമ്മാണത്തിൻ്റെ സത്ത അടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
143 സിനിമകളെ ഒരൊറ്റ ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്‌ഫോമിൽ ഒരുമിപ്പിക്കുന്ന 'വിർച്വൽ ഭാരത്' സംരംഭത്തെക്കുറിച്ച് പരാമർശിക്കവെ,ഇതുവരെ പറയപ്പെടാത്ത കഥകളുടെ വലിയൊരു കലവറയാണ് ഇന്ത്യയുടെ അസാധാരണമായ സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യമെന്ന് ശ്രീ ഭരത് ബാല ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ അർത്ഥവത്തായ സാന്നിധ്യം ഉറപ്പിക്കാൻ ചലച്ചിത്രകാരന്മാർ ആദ്യം സ്വന്തം രാജ്യത്തിനുള്ളിലെ കഥകളെ തിരിച്ചറിയുകയും അവ ലോകത്തിന് മുന്നിലേക്ക് കൊണ്ടുവരികയും വേണമെന്ന് അദ്ദേഹം നിരീക്ഷിച്ചു"ഭാരതമാണ് പുതിയ ആഗോളതലത്തിലെ തരംഗം" എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, ഇന്ത്യയുടെ ജീവിതാനുഭവങ്ങളിൽ വേരൂന്നിയ തനതായ ആഖ്യാനങ്ങൾക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകരുമായി സംവദിക്കാൻ സാധിക്കുമെന്നും വ്യക്തമാക്കി.

‘കലാപരമായ ആവിഷ്കാരം കരുത്താർജ്ജിക്കുന്നത് മനുഷ്യാനുഭവങ്ങളിൽ നിന്ന്’
രാജ്യത്ത് വിപുലമായ പ്രേക്ഷക അടിത്തറയും കഥകളുടെ അസാധാരണ ശേഖരവുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ എഫ്.ടി.ഐ.ഐ. വൈസ് ചാൻസലർ ധീരജ് സിംഗ്, ആഗോള കഥപറച്ചിൽ രംഗത്ത് കൂടുതൽ ശക്തമായ ശബ്ദമായി ഉയർന്നുവരാൻ ഇന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് അഭിപ്രായപ്പെട്ടു.ബാഹ്യമായ കാഴ്ചപ്പാടുകളിലും സ്വാധീനങ്ങളിലും ഒതുങ്ങിനിൽക്കുന്നതിന് പകരം, സ്വന്തം സാംസ്കാരിക പൈതൃകത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊള്ളാൻ ഇന്ത്യൻ സിനിമയ്ക്ക് കഴിയണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സിനിമ, കല, യാഥാർത്ഥ്യം എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമർശിക്കവെ, കലാപരമായ ആവിഷ്കാരങ്ങൾ കരുത്ത് നേടുന്നത് മനുഷ്യാനുഭവങ്ങളിൽ നിന്നാണെന്നും അവ ക്രമേണ സ്വന്തമായൊരു ലോകം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു.
ചലച്ചിത്ര മേളകളുടെ ലക്ഷ്യം കേവലം സിനിമകൾ പ്രദർശിപ്പിക്കുക എന്നതിനപ്പുറമാണെന്ന് ശ്രീ ധീരജ് സിംഗ് പറഞ്ഞു. സിനിമയുടെ വിശാല ലോകത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താനും, ചലച്ചിത്ര ആസ്വാദന ശേഷി വളർത്താനും, വളർന്നുവരുന്ന ചലച്ചിത്രകാരന്മാർക്ക് പഠിക്കാനും ആശയവിനിമയം നടത്താനും തങ്ങളുടെ സൃഷ്ടികൾ അവതരിപ്പിക്കാനുമുള്ള അവസരങ്ങൾ നൽകാനും മേളകൾ സഹായിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ , അരുണാചൽ പ്രദേശ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവപ്രതിഭകളെ പങ്കാളികളാക്കാൻ ഐ.എഫ്.എഫ്.ഐ. നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു. വിദ്യാർത്ഥികൾക്ക് മികച്ച അനുഭവസമ്പത്തും, സർഗ്ഗാത്മക അവസരങ്ങളും, ചലച്ചിത്ര സമൂഹവുമായി ഇടപഴകാനുള്ള വേദിയും നൽകുന്നത് ചലച്ചിത്ര വിദ്യാഭ്യാസത്തിൻ്റെ പ്രധാന ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർഗ്ഗാത്മക മേഖലകളിൽ നിർമ്മിത ബുദ്ധിയുടെ വർദ്ധിച്ചുവരുന്ന സ്വാധീനവും ചർച്ചാ വിഷയമായി. കലാകാരന്മാർക്ക് നിർമ്മിത ബുദ്ധി പകരമാകുമോ എന്ന ആശങ്കകളോട് പ്രതികരിക്കവെ, ഭയപ്പെടുന്നതിന് പകരം സാങ്കേതിക മാറ്റങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തുകയും കാലോചിതമായ തിരുത്തലുകൾ വരുത്തുകയുമാണ് കലാകാരന്മാർ ചെയ്യേണ്ടതെന്ന് ധീരജ് സിംഗ് പറഞ്ഞു. കല ആത്യന്തികമായി മനുഷ്യൻ്റെ ഭാവനയിൽ നിന്നും അനുഭവങ്ങളിൽ നിന്നുമാണ് ഉടലെടുക്കുന്നത് എന്നതിനാൽ, മനുഷ്യൻ്റെ സർഗ്ഗാത്മകതയ്ക്കും കലാപരമായ ആവിഷ്കാരങ്ങൾക്കും പകരമാകാൻ നിർമ്മിത ബുദ്ധിക്ക് കഴിയില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
_20261127183512_3dd5c4.jpeg)
ചലച്ചിത്രകാരന്മാർക്ക് പുതുവഴികൾ തുറന്നുനൽകാനും സർഗ്ഗാത്മക സാധ്യതകൾ വികസിപ്പിക്കാനും കഴിയുന്ന തരത്തിൽ വളർന്നുവരുന്ന സാങ്കേതികവിദ്യയായി എ.ഐ.യെ സ്വാഗതം ചെയ്യുന്നതായി ഭരത് ബാല വ്യക്തമാക്കി. എങ്കിലും, കഥപറച്ചിലിൻ്റെ അടിസ്ഥാനം മനുഷ്യൻ്റെ സർഗ്ഗാത്മകതയിലും മൗലികതയിലുമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക മുന്നേറ്റങ്ങൾ കൂടുതൽ നൂതനമായി ചിന്തിക്കാനും മൗലികമായ കഥപറച്ചിലിൻ്റെ അതിരുകൾ വികസിപ്പിക്കാനും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ വൈവിധ്യമാർന്നതും തനതുമായ കഥകളെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിൽ 'വെർച്വൽ ഭാരത്' പോലുള്ള പ്ലാറ്റ്‌ഫോമുകളുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം ചർച്ചയിൽ ഉയർന്നുവന്നു. പ്രതിഭകളെ വളർത്തിയെടുക്കുന്നതിലും സർഗ്ഗാത്മകമായ ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിലും ആഗോള ചലച്ചിത്ര വേദിയിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിലും ചലച്ചിത്രമേളകൾ വഹിക്കുന്ന പങ്കിനെ ചർച്ച അടിവരയിട്ടു.
നടിയും നിർമ്മാതാവും എഴുത്തുകാരിയുമായ വാണി ത്രിപാഠി ടിക്കു ചർച്ച നിയന്ത്രിച്ചു.
ഇഫിലോയിഡ് (IFFILOID) വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക:
https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
***