രാഷ്ട്രപതിയുടെ കാര്യാലയം
വൈദ്യരത്നം ആയുർവേദ കോളേജ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ രാഷ്ട്രപതി പങ്കെടുത്തു
പോസ്റ്റഡ് ഓണ്‍:
27 NOV 2026 2:37PM by PIB Thiruvananthpuram
കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ വൈദ്യരത്നം ആയുർവേദ കോളേജിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2026 നവംബർ 27 )മുഖ്യാതിഥിയായി പങ്കെടുത്തു.
ശാസ്ത്രീയമായ ആയുർവേദ പഠനത്തിന്റെ സമ്പന്നവും സജീവവുമായ ഒരു പാരമ്പര്യം കേരളം വളർത്തിയെടുത്തിട്ടുണ്ടെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്യവേ, രാഷ്ട്രപതി ചൂണ്ടിക്കാട്ടി. തലമുറകളായി വൈദ്യ കുടുംബങ്ങളിലൂടെ കൈമാറി വന്ന വൈദ്യശാസ്ത്ര വിജ്ഞാനത്തെ കേരളം കൂടുതൽ സമ്പന്നമാക്കി. ആധികാരികമായ ആയുർവേദ ഔഷധങ്ങൾ നിർമ്മിക്കുന്നതിനുള്ള കേരളത്തിൻ്റെ തനതായ പാരമ്പര്യം യാതൊരു തടസ്സവുമില്ലാതെ ഇന്നും അഭിവൃദ്ധി പ്രാപിച്ചു വരികയാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
ആയുർവേദത്തിൻ്റെ ആധികാരിക ഗ്രന്ഥങ്ങൾ സംസ്കൃതത്തിൽ മാത്രമായി ഒതുങ്ങിനിന്നിട്ടില്ല എന്നത് ശ്രദ്ധേയമായ ഒരു സവിശേഷതയാണെന്ന് രാഷ്ട്രപതി പറഞ്ഞു. കേരളത്തിൽ മലയാളത്തിലും മണിപ്രവാളത്തിലും നിരവധി മൗലിക കൃതികളും വ്യാഖ്യാനങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്.
ഓരോ ആയുർവേദ കോളേജും ആധികാരികവും ഫലപ്രദവുമായ ആയുർവേദ ചികിത്സയിലൂടെ സമൂഹത്തെ സേവിക്കണമെന്ന് രാഷ്ട്രപതി നിർദ്ദേശിച്ചു. കാലികപ്രസക്തിയുള്ള ആയുർവേദ വിദ്യാഭ്യാസവും അവിടെ നൽകേണ്ടതുണ്ട്. വർത്തമാനകാലത്തെയും ഭാവി തലമുറയെയും ബാധിക്കുന്ന ആരോഗ്യ വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ പ്രാപ്തിയുള്ള വിദഗ്ധരെ വാർത്തെടുക്കാൻ ഇത്തരം സ്ഥാപനങ്ങൾക്ക് സാധിക്കണം. വൈദ്യരത്നം ആയുർവേദ കോളേജിൻ്റെ പ്രവർത്തന ശൈലി ഈ ആദർശങ്ങളുമായി ചേർന്നുനിൽക്കുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
ആരോഗ്യമുള്ളതും വികസിതവുമായ ഇന്ത്യ (വികസിത ഇന്ത്യ @2047) എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ വൈദ്യരത്നം ആയുർവേദ കോളേജ് പോലുള്ള സ്ഥാപനങ്ങൾ നിർണ്ണായക സംഭാവന നൽകുന്നുണ്ടെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു.
ആയുർവേദ ചികിത്സാരീതികളെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സമന്വയിപ്പിക്കുന്ന കേരളത്തിലെ ആയുർവേദ പാരമ്പര്യത്തിൻ്റെ സവിശേഷതയെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. തങ്ങളുടെ ഔദ്യോഗിക ജീവിതത്തിലേക്ക് കടക്കുമ്പോൾ, പരമ്പരാഗത അറിവിലധിഷ്ഠിതമായ സംരംഭങ്ങളെയും സമൂഹത്തിലെ അശരണർക്കുള്ള സേവനത്തെയും എങ്ങനെ ഒരുമിപ്പിച്ച് കൊണ്ടുപോകാമെന്ന് വിദ്യാർത്ഥികൾ പ്രവൃത്തിയിലൂടെ തെളിയിക്കണമെന്നും ശ്രീമതി മുർമു ഉപദേശിച്ചു.
****
( റിലീസ് ഐ.ഡി: 2342579)
സന്ദര്‍ശക കൗണ്ടര്‍ : 19