പോസ്റ്റഡ് ഓണ്:
26 NOV 2026 7:43PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, ന്യൂഡൽഹിയിൽ ഇന്ന് (2026 നവംബർ 26) ഇന്ത്യയുടെ പരമോന്നത നീതിപീഠം സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷത്തിൽ പങ്കെടുത്തു.

ചടങ്ങിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി, ഭരണഘടനാ ദിനത്തിൽ രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ നേർന്നു. 1949 നവംബർ 26-ന് ഇന്ത്യയിലെ ജനങ്ങൾ ഭരണഘടന അംഗീകരിച്ചതായി അവർ പറഞ്ഞു. നമ്മുടെ ഭരണഘടനയുടെ പ്രധാന ശിൽപിയായ ഡോ. ബാബാസാഹേബ് ഭീംറാവു അംബേദ്കറുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2015-ൽ, എല്ലാ വർഷവും ഈ ദിവസം ‘ഭരണഘടനാ ദിനം’ ആചരിക്കാൻ തീരുമാനിച്ചു. ഭരണഘടനയുടെ മഹാനായ ശിൽപിക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനും അതിൽ ഉൾച്ചേർത്തിട്ടുള്ള ആദർശങ്ങളെ അനുസ്മരിക്കുന്നതിനുമുള്ള ദിവസമാണിതെന്നും അവർ പറഞ്ഞു.

ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ മഹത്തായ യാത്രയിൽ സുപ്രീം കോടതിയും ഹൈക്കോടതികളും ജില്ലാ, കീഴ്ക്കോടതികളും വിലമതിക്കാനാകാത്ത സംഭാവനയാണ് നൽകിയിട്ടുള്ളതെന്ന് രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ ദശാബ്ദങ്ങളിൽ ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ സങ്കൽപ്പിക്കാനാകാത്ത മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. പ്രത്യേകിച്ച് സാങ്കേതികവിദ്യയുടെയും മാധ്യമങ്ങളുടെയും സ്വാധീനം കൂടുതൽ ആഴത്തിൽ വ്യാപകമായി മാറിയിട്ടുണ്ട്. മാറിവരുന്ന സാഹചര്യങ്ങൾക്കും പ്രതീക്ഷകൾക്കും അനുസൃതമായി നീതിന്യായ വ്യവസ്ഥ അതിൻ്റെ പങ്ക് രൂപപ്പെടുത്തുന്നതിനൊപ്പം, നീതിയുടെ അടിസ്ഥാന ആദർശങ്ങൾ ഉയർത്തിപ്പിടിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കാലാകാലങ്ങളിൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ജുഡീഷ്യൽ ഉത്തരവാദിത്വത്തിന് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതിലൂടെ ഭരണഘടനാ ശിൽപികൾ വിഭാവനം ചെയ്ത ആശയങ്ങൾ പ്രാവർത്തികമാക്കാൻ കഴിഞ്ഞു. ജുഡീഷ്യൽ സ്വാതന്ത്ര്യവും ജുഡീഷ്യൽ ഉത്തരവാദിത്വവും തമ്മിലുള്ള സമന്വയം നീതിന്യായ വ്യവസ്ഥയുടെ പങ്കിന് കരുത്തേകുന്നുവെന്നും അവർ പറഞ്ഞു.

സമയബന്ധിതമായി നീതി ലഭ്യമാക്കുന്നത് നീതി എന്ന ആശയത്തിൻ്റെ തന്നെ അനിവാര്യ ഘടകമാണെന്ന് രാഷ്ട്രപതി പറഞ്ഞു. സമയബന്ധിതമായി നീതി ലഭ്യമാക്കുന്നത് ഉറപ്പാക്കുന്നതിനായി നടപടിക്രമങ്ങൾ ലളിതമാക്കുക, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക, പ്രത്യേക കോടതികൾ സ്ഥാപിക്കുക തുടങ്ങിയ വിവിധ സംരംഭങ്ങൾ നീതിന്യായ സംവിധാനം നടപ്പാക്കിവരുന്നു. ഇത്തരം ശ്രമങ്ങൾക്കിടയിലും തീർപ്പാകാതെ കെട്ടിക്കിടക്കുന്ന കേസുകളുടെ വൻശേഖരം നമ്മുടെ നീതി വിതരണ സംവിധാനത്തിന് വലിയ വെല്ലുവിളിയായി തുടരുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി. നീതിന്യായ വ്യവസ്ഥയുടെ എല്ലാ തലങ്ങളിലും നടത്തുന്ന കൂട്ടായ പരിശ്രമങ്ങളിലൂടെ ഈ വെല്ലുവിളി പരിഹരിക്കാനാകുമെന്ന് രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഹൈക്കോടതികളെയോ സുപ്രീം കോടതിയെയോ സമീപിക്കുന്നതിന് ആവശ്യമായ വിഭവങ്ങൾ എല്ലാവർക്കും ലഭ്യമല്ലെന്ന് രാഷ്ട്രപതി പറഞ്ഞു. തുല്യ അവസരത്തിൻ്റെ അടിസ്ഥാനത്തിൽ നീതി ലഭ്യമാക്കണമെന്ന് നമ്മുടെ ഭരണഘടന അനുശാസിക്കുന്നു. സൗജന്യ നിയമസഹായം ലഭ്യമാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. സാമ്പത്തിക പരിമിതികളോ മറ്റേതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ കാരണം ഒരു പൗരനും നീതി തേടാനുള്ള അവസരം നിഷേധിക്കപ്പെടാതിരിക്കുകയാണ് ഈ വ്യവസ്ഥയുടെ ലക്ഷ്യം. ഓരോ പൗരനും വളരാനും വിജയം കൈവരിക്കാനും തുല്യ അവസരം ഉറപ്പാക്കുന്നതിലാണ് ഒരു രാജ്യത്തിൻ്റെ യഥാർത്ഥ പുരോഗതിയെന്ന് രാഷ്ട്രപതി ഊന്നിപ്പറഞ്ഞു. ഓരോ കുട്ടിക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിൻ്റെ പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി. സമൂഹത്തിലെ ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങൾക്ക് ലഭിക്കുന്ന നിയമ പ്രാതിനിധ്യത്തിൻ്റെ ഗുണനിലവാരത്തിലും വിശ്വാസ്യതയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതും നിർണായകമാണ്. ഈ സാഹചര്യത്തിൽ, ദുർബലരും പിന്നാക്കാവസ്ഥയിലുള്ളവരുമായ വിഭാഗങ്ങളിലേക്ക് നീതി എത്തുന്നുവെന്ന് ഉറപ്പാക്കാൻ ജില്ലാ, സംസ്ഥാന, ദേശീയ നിയമസേവന അതോറിറ്റികൾ അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.
നമ്മുടെ രാജ്യത്തെ നിയമ വിദ്യാഭ്യാസത്തിൽ നിയമപഠനത്തിന് നൽകുന്നതിന് തുല്യമായ പ്രാധാന്യം സഹാനുഭൂതിക്കും ധാർമികതയ്ക്കും നൽകണമെന്ന് രാഷ്ട്രപതി പറഞ്ഞു. അഭിഭാഷക സമൂഹത്തിലെ പ്രമുഖർ യുവ അഭിഭാഷകർക്ക് പ്രചോദനമാകുന്ന മാതൃകകൾ അവതരിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മികവ് സഹാനുഭൂതിയുമായി സമന്വയിപ്പിക്കാനും കഴിവിനൊപ്പം കരുണ പുലർത്താനും കഴിയുമെന്ന് യുവ അഭിഭാഷകർ തിരിച്ചറിയണമെന്നും രാഷ്ട്രപതി പറഞ്ഞു.
കോടതികൾ ഉൾപ്പെടെ നീതിന്യായ സംവിധാനത്തിൽ സ്ത്രീകളുടെ കൂടുതൽ സജീവമായ പങ്കാളിത്തം നമ്മുടെ സമൂഹത്തെ കൂടുതൽ നീതിപൂർണവും സമത്വപൂർണവും സമഗ്രവുമാക്കാൻ സഹായിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ഒരു സ്ത്രീയുടെ കാഴ്ചപ്പാട് നീതിന്യായ തീരുമാനങ്ങളിലെ സമഗ്രതയ്ക്കും വൈവിധ്യത്തിനും സന്തുലിതാവസ്ഥയ്ക്കും കൂടുതൽ സംഭാവന നൽകുമെന്ന് അവർ ചൂണ്ടിക്കാട്ടി. ജഡ്ജിമാരായും അഭിഭാഷകരായും സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ ആവശ്യകത അവർ എടുത്തു പറഞ്ഞു. ഉൾക്കൊള്ളലിനും കഴിവിനും കൂടുതൽ പ്രാധാന്യം നൽകുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും രാഷ്ട്രപതി പറഞ്ഞു.
ഭിന്നശേഷിക്കാർ, ആസിഡ് ആക്രമണത്തിന് ഇരയായവർ, 80 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ എന്നിവരുമായി ബന്ധപ്പെട്ട കേസുകൾക്ക് മുൻഗണന നൽകി നീതി ലഭ്യത പ്രോത്സാഹിപ്പിക്കുന്നതിനായി സുപ്രീം കോടതി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കേസുകളുടെ കൂടുതൽ ഫലപ്രദമായ പരിപാലനത്തിനും കേസുകൾ ലിസ്റ്റ് ചെയ്യുന്നതിനും ഡിജിറ്റൽ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും തർക്കങ്ങൾ സൗഹാർദ്ദപരമായി പരിഹരിക്കുന്നതിനും സ്വീകരിച്ച നടപടികളെ അവർ അഭിനന്ദിച്ചു. ഭരണഘടനാ നിർമാണ സഭയിലെ അംഗങ്ങൾ നീതിന്യായ സംവിധാനത്തെക്കുറിച്ചുള്ള വ്യവസ്ഥകൾ രൂപപ്പെടുത്തിയപ്പോൾ പുലർത്തിയിരുന്ന ആദർശങ്ങൾ നമ്മുടെ നീതിന്യായ സമൂഹം തുടർന്നും ഉയർത്തിപ്പിടിക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
***