57th International Film Festival of India 2026
20 – 28 Nov 2026

​“സത്യസന്ധതയും ക്ഷമയും കലയോടുള്ള നിങ്ങളുടെ ആത്മാർത്ഥതയും കൈവിടരുത്”: IFFI 2026 മാസ്റ്റർ ക്ലാസിൽ കാസ്റ്റിങ്ങിന്റെയും അഭിനയത്തിന്റെയും രഹസ്യങ്ങൾ പങ്കുവച്ച് മുകേഷ് ഛബ്ര

“ഈ രാജ്യത്തിന് ഓസ്കാർ നേടിക്കൊടുക്കുക എന്നതാണ് എന്റെ ലക്ഷ്യം”: മുകേഷ് ഛബ്ര

അഭിനയത്തിന് പ്രായപരിധികളില്ല; 40, 50, 60 വയസ്സുകളിലുള്ള പ്രതിഭകളെയും സിനിമാവ്യവസായത്തിന് ആവശ്യ​മുണ്ടെന്ന് മുകേഷ് ഛബ്ര

പോസ്റ്റഡ് ഓണ്‍: 26 NOV 2026 4:45PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2342155Views: 10

 ഗോവ, 2026 നവംബർ 26

പ്രശസ്ത കാസ്റ്റിങ് ഡയറക്ടർ മുകേഷ് ഛബ്ര, ഗോവയിൽ നടക്കുന്ന 57-ാം  ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFI) ഭാഗമായി ഇന്ന് സംഘടിപ്പിച്ച ‘ദി കാസ്റ്റ‌ിങ് മാജിക്: ഓഡിഷൻസ് അൺപ്ലഗ്ഡ്' എന്ന മാസ്റ്റർ ക്ലാസിൽ അഭിനയരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് വിലപ്പെട്ട അറിവുകളും പ്രായോഗിക നിർദേശങ്ങളും പങ്കുവച്ചു.

അഭിനയരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർ, കരിയറിന്റെ മധ്യഘട്ടത്തിലുള്ളവർ,അഭിനയത്തിലേക്ക് തിരിയാൻ ആഗ്രഹിക്കുന്നവർ , എഴുത്തുകാർ, പുതുതലമുറ ചലച്ചിത്രപ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങിയ വൈവിധ്യമാർന്ന വിഭാഗങ്ങളിൽപ്പെട്ടവർ പരിപാടിയിൽ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്കൊപ്പം ഗോവയിൽ നിന്നുള്ളവരും വലിയ തോതിൽ പങ്കെടുത്തു. മികച്ച അഭിനേതാവിന്റെ സവിശേഷതകൾ എന്തൊക്കെയാണ്, ഓഡിഷനിൽ എങ്ങനെ മികവു പുലർത്താം, കാസ്റ്റിങ് രംഗത്തെ വിവിധ വശങ്ങൾ എന്നിവയെക്കുറിച്ച് പങ്കെടുത്തവർ മുകേഷ് ഛബ്രയുമായി സംവദിക്കുകയും നിരവധി ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.

മുകേഷ് ഛബ്രയെക്കുറിച്ച് ഫെസ്റ്റിവൽ ഡയറക്ടർ അശുതോഷ് ഗോവാരിക്കർ പറഞ്ഞതിങ്ങനെ: “മുകേഷിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം കഥാപാത്രങ്ങളെ തിരിച്ചറിയാനുള്ള അദ്ദേഹത്തിന്റെ കഴിവാണ്. അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്താൻ അദ്ദേഹം ഏതറ്റം വരെയും പോകും.”

300-ലധികം സിനിമകളിലും വെബ് സീരീസുകളിലും പ്രവർത്തിച്ചിട്ടുള്ള ഛബ്ര, അഭിനേതാക്കളെ തിരഞ്ഞെടുക്കുന്ന വിപുലവും പലപ്പോഴും ഏറെ ശ്രമകരവുമായ പ്രക്രിയയെക്കുറിച്ച് വിശദീകരിച്ചു. ശരിയായ അഭിനേതാവിനെ കണ്ടെത്തുന്നത് ഡേറ്റാബേസുകൾ പരിശോധിക്കുന്നതിലോ പരിചിത മുഖങ്ങളെ തിരഞ്ഞെടുക്കുന്നതിലോ മാത്രം ഒതുങ്ങുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “നമ്മുടെ രാജ്യത്ത് വളരെയധികം പ്രതിഭകളുണ്ട്. മുമ്പ് കാസ്റ്റിങ് ഡയറക്ടർമാർ ഇല്ലാതിരുന്ന കാലത്ത് അഭിനേതാക്കളെ കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. പ്രതിഭകളെ കണ്ടെത്തുന്നതിനായി ഞാൻ എന്റെ ടീമിനെ എല്ലായിടത്തും അയക്കാറുണ്ട്. അവരുടെ വേരുകളിലേക്ക് ഇറങ്ങിച്ചെല്ലണം. നമ്മുടെ രാജ്യത്ത് നിരവധി സാംസ്കാരിക കലാരൂപങ്ങളും ഉപസംസ്കാരങ്ങളുമുണ്ട്. അവിടങ്ങളിലെല്ലാം കലർപില്ലാത്ത പ്രതിഭകൾ പ്രകടമാകുന്നുണ്ട്” - അദ്ദേഹം പറഞ്ഞു.

കാസ്റ്റിങ് തിരഞ്ഞെടുപ്പിനുള്ള രീതിയെക്കുറിച്ച് വിശദീകരിച്ച മുകേഷ് ഛബ്ര, തിരക്കഥ തയ്യാറായിക്കഴിഞ്ഞാൽ സംവിധായകൻ ആദ്യം സമീപിക്കുന്ന വ്യക്തികളിൽ ഒരാളാണ് താനെന്ന് പറഞ്ഞു. തിരക്കഥ വിശദമായി വായിക്കുകയും കഥാപാത്രങ്ങളെക്കുറിച്ചും സംവിധായകന്റെ കാഴ്ചപ്പാടിനെക്കുറിച്ചും ചർച്ച ചെയ്യുകയുമാണ് ആദ്യം ചെയ്യുന്നത്. തുടർന്ന് ഒരു കഥാപാത്രത്തിന് പരിചയസമ്പന്നനായ അഭിനേതാവാണോ അതോ പുതുമുഖമാണോ അനുയോജ്യമെന്ന് തീരുമാനിക്കും. അതിനുശേഷം കഥ നടക്കുന്ന പ്രദേശത്തേക്ക് യാത്ര ചെയ്ത് അവിടുത്തെ പ്രാദേശിക സമൂഹങ്ങളിൽനിന്ന് പ്രതിഭകളെ കണ്ടെത്തും. കഥാപാത്രത്തെ മനസ്സിലാക്കുക, അനുയോജ്യമായ വ്യക്തിത്വം തിരിച്ചറിയുക, സംവിധായകന്റെ കാഴ്ചപ്പാടിനോട് യോജിക്കുന്ന അഭിനേതാവിനെ നിർദേശിക്കുക എന്നിവയാണ് തന്റെ ജോലിയെന്ന് അദ്ദേഹം വിശദീകരിച്ചു. “എന്റെ അഭിപ്രായങ്ങൾക്കും ആശയങ്ങൾക്കുമാണ് സംവിധായകർ എന്നെ നിയമിക്കുന്നത്; എന്റെ ഡേറ്റയ്ക്കുവേണ്ടിയല്ല” - അദ്ദേഹം നിരീക്ഷിച്ചു. അഭിനേതാവിനും സംവിധായകനുമിടയിലെ പാലമായാണ് താൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ഈ കാസ്റ്റിങ് പ്രക്രിയയുടെ വ്യാപ്തി വളരെ വലുതായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ദംഗൽ സിനിമയുടെ കാസ്റ്റിങ് അനുഭവം പങ്കുവെച്ച ഛബ്ര, ചിത്രത്തിലെ കഥാപാത്രങ്ങൾക്കായി ഏകദേശം 14,000 പെൺകുട്ടികൾ ഓഡിഷനിൽ പങ്കെടുത്തതായും ഇതിനായി രണ്ടുവർഷത്തോളം സമയമെടുത്തതായും വെളിപ്പെടുത്തി. രാമായണ സിനിമയുടെ കാസ്റ്റിങ് പ്രക്രിയ ആറുവർഷം നീണ്ടുനിന്നതായും അദ്ദേഹം പറഞ്ഞു. തന്റെ കരിയറിൽ വലിയ വഴിത്തിരിവായ ഗാങ്സ് ഓഫ് വാസിപൂർ എന്ന ചിത്രത്തിനായി 384 പേരെ തിരഞ്ഞെടുത്ത അനുഭവവും അദ്ദേഹം ഓർത്തെടുത്തു. “ഗാങ്സ് ഓഫ് വാസിപൂർ എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു” - അദ്ദേഹം പറഞ്ഞു.

പ്രശസ്ത ചലച്ചിത്ര സംവിധായകർക്കൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ച ഛബ്ര, ഓരോ സംവിധായകനും വ്യത്യസ്തമായ കാഴ്ചപ്പാടും സമീപനവുമാണ് പുലർത്തുന്നതെന്ന് ചൂണ്ടിക്കാട്ടി. സംവിധായകൻ  വിഭാവനം ചെയ്ത കഥാപാത്രങ്ങളുമായി അഭിനേതാക്കൾ യോജിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് തന്റെ ഉത്തരവാദിത്വം. ചിലപ്പോൾ കാസ്റ്റിങ് പ്രക്രിയ തിരക്കഥാരചനയെപ്പോലും സ്വാധീനിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കായ് പോ ചെ! എന്ന ചിത്രത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, രാജ്കുമാർ റാവുവിനെ മനസ്സിൽ കണ്ടുകൊണ്ടാണ് ഗട്ടു എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയതെന്ന് ഓർത്തെടുത്തു. നവാസുദ്ദീൻ സിദ്ദിഖി, മനോജ് ബാജ്പേയി തുടങ്ങിയ പ്രതിഭാധനരായ അഭിനേതാക്കൾ തനതായ കഴിവുകൾ കഥാപാത്രങ്ങളിലേക്ക് കൊണ്ടുവരുന്നതായും ഇത് ചിലപ്പോൾ സംവിധായകരെ കഥാപാത്രങ്ങളെക്കുറിച്ച് പുനർചിന്തിക്കാനും അവയിൽ മാറ്റങ്ങൾ വരുത്താനും പ്രേരിപ്പിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടു പതിറ്റാണ്ടിലേറെ നീണ്ട തന്റെ യാത്രയെക്കുറിച്ച് സംസാരിക്കവെ, തന്റെ പ്രവർത്തനങ്ങൾ ആദ്യമായി ശ്രദ്ധിച്ചവരിൽ നടൻ ആമിർ ഖാനും ഉണ്ടായിരുന്നുവെന്ന് ഛബ്ര പറഞ്ഞു. പുതിയ പ്രതിഭകളെ കണ്ടെത്താനുള്ള അടങ്ങാത്ത അഭിനിവേശമാണ് തന്റെ കരിയറിന് കരുത്തുപകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത രണ്ടുമുതൽ മൂന്നുവർഷത്തിനുള്ളിൽ ഏകദേശം 100 സിനിമകൾ കൂടി അണിയറയിൽ ഒരുങ്ങുന്നതിനാൽ, കാസ്റ്റിങ് പ്രക്രിയയിൽ താൻ ഇപ്പോഴും പൂർണമായി മുഴുകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാസ്റ്റിങ് ഡയറക്ടറുടെ വിശാലമായ കാഴ്ചപ്പാട്

കാസ്റ്റിങ് എന്നത് നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന സർഗാത്മക പ്രക്രിയയാണെന്ന് ഛബ്ര ചൂണ്ടിക്കാട്ടി. ഓരോ സിനിമയ്ക്കും തിരക്കഥയ്ക്കും അനുസരിച്ച് ആവശ്യകതകൾ മാറിക്കൊണ്ടിരിക്കും. ചിലപ്പോൾ കഥാപാത്രത്തിന് കൂടുതൽ അനുയോജ്യനായ മറ്റൊരാളെ കണ്ടെത്തിയാൽ അവസാന നിമിഷം പോലും അഭിനേതാക്കളെ മാറ്റേണ്ടിവരും. ഇത്തരം തീരുമാനങ്ങൾ സർഗാത്മക പ്രക്രിയയുടെ ഭാഗമാണെന്നും സിനിമയുടെ ആവശ്യകതകളാണ് അവയ്ക്ക് വഴികാട്ടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

തന്നെ സംബന്ധിച്ചിടത്തോളം കാസ്റ്റിങ് ഒരു തൊഴിൽ മാത്രമല്ല, ജീവിതരീതി കൂടിയാണ്. “കാസ്റ്റിങ് എനിക്ക് വെറുമൊരു ജോലിയല്ല. ഉപജീവനത്തിനായി ഞാൻ ഇത് ചെയ്യുന്നു; ഇതാണ് എന്റെ ജീവിതം. ഈ രാജ്യത്തിനായി ഓസ്കാർ കൊണ്ടുവരിക എന്നതാണ് എന്റെ ലക്ഷ്യം. ഞാൻ എന്റെ ജോലി സത്യസന്ധമായി ചെയ്യുന്നു” - അദ്ദേഹം പറഞ്ഞു.

“തിരസ്കരണം ഈ യാത്രയുടെ ഭാഗം”

അഭിനയരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ആശങ്കകളിലൊന്നായ തിരസ്കരണത്തെക്കുറിച്ചും അതിനെ അതിജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഛബ്ര തുറന്നുപറഞ്ഞു. “തിരസ്കരണം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. അതിനെ നേരിടാൻ നിങ്ങൾ പഠിക്കണം. ഒരു കഥാപാത്രത്തിന് അനുയോജ്യമായ പ്രതിഭയെ കണ്ടെത്തുക മാത്രമാണ് നമ്മുടെ ലക്ഷ്യം. എല്ലായ്‌പ്പോഴും തിരസ്കരിക്കപ്പെട്ടുവെന്ന് കരുതി നിരാശയിലും ദുഃഖത്തിലും കഴിയുകയാണെങ്കിൽ നിരവധി അവസരങ്ങൾ നിങ്ങൾക്ക് നഷ്ടമാകും” - അദ്ദേഹം പറഞ്ഞു.

സ്വന്തം അനുഭവങ്ങൾ പങ്കുവച്ച്, ചലച്ചിത്രരംഗത്തെ തന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. അസിസ്റ്റന്റ് ഡയറക്ടറായാണ് അദ്ദേഹം കരിയർ ആരംഭിച്ചത്. തുടക്കത്തിൽ പ്രധാനമായും കാസ്റ്റിങ് ജോലികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. സിനിമാരംഗത്ത് സ്വന്തമായൊരു ഇടം കണ്ടെത്താൻ വർഷങ്ങളോളം പരിശ്രമിക്കേണ്ടിവന്നു. കരിയറിന്റെ ആദ്യകാലത്ത് നിരവധി സംവിധായകർ തന്നെ നിരസിച്ചിട്ടുണ്ടെന്നും അവരിൽ ചിലർ ഇന്ന് തനിക്കൊപ്പം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ഓർത്തെടുത്തു. “ജീവിതത്തിൽ ഓരോ വ്യക്തിക്കും കഷ്ടപ്പെടേണ്ടിവരും. എന്റെ സങ്കടകരമായ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, എനിക്ക് വളരെ ബുദ്ധിമുട്ടേറിയ കാലഘട്ടത്തിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ട്” - അദ്ദേഹം പറഞ്ഞു.

​“അഭിനയത്തിന് പ്രായവുമായി ബന്ധമില്ല; പ്രതിഭ മാത്രമാണ് പ്രധാനം”

കരിയറിന്റെ വളർച്ച മന്ദഗതിയിലാണെന്ന് കരുതി നിരാശരാകാതെ ക്ഷമയോടെയും ശുഭാപ്തിവിശ്വാസത്തോടെയും കലയിൽ ആത്മാർത്ഥത പുലർത്തണമെന്നും അഭിനയരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവരോട് ഛബ്ര നിർദേശിച്ചു. “നിങ്ങൾക്ക് അഭിനയിക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ടെങ്കിൽ, ആ ജോലി ചെയ്യുക. മുന്നോട്ട് പോകുക” - അദ്ദേഹം പറഞ്ഞു. പ്രതിഭയ്ക്ക് പ്രായപരിധിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അഭിനയത്തിന് പ്രായവുമായി യാതൊരു ബന്ധവുമില്ല; പ്രതിഭ മാത്രമാണ് പ്രധാനം.” 40, 50, 60 വയസ്സുകളിലുള്ളവരോടും അഭിനയരംഗത്തേക്ക് കടന്നുവരാൻ അദ്ദേഹം ആഹ്വാനം ചെയ്തു. എല്ലാ തലമുറകളിലുമുള്ള അഭിനേതാക്കളെ സിനിമാ വ്യവസായത്തിന് ആവശ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഭിനേതാവിനെ വ്യത്യസ്തനാക്കുന്നത് എന്താണ്?

ഒരു കഥാപാത്രത്തിന് അനുയോജ്യനായ അഭിനേതാവിനെ കണ്ടെത്തുമ്പോൾ പ്രതിഭ മാത്രമല്ല പരിഗണിക്കുന്നതെന്ന് ഛബ്ര പറഞ്ഞു. വ്യക്തിത്വം, സത്യസന്ധത, ലാളിത്യം, നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുള്ള കഴിവ് എന്നിവയും പ്രധാനമാണ്. “ഒരു അഭിനേതാവിനെ ആവശ്യാനുസരണം നയിക്കാനും കഴിയണം. നിർദേശങ്ങൾ പാലിക്കുന്നത് പ്രധാനമാണ്. സത്യസന്ധതയും നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നതും ഏറെ പ്രധാനപ്പെട്ട കാര്യങ്ങളാണ്” - അദ്ദേഹം പറഞ്ഞു. “ജീവിതത്തെയും മനുഷ്യവികാരങ്ങളെയും നിങ്ങൾ മനസ്സിലാക്കിയാൽ അഭിനയവും മനസ്സിലാക്കാൻ കഴിയും” - അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു കഥാപാത്രത്തിനായുള്ള ഓഡിഷനിൽ എങ്ങനെ മികവ് പുലർത്താം?

ഓഡിഷനിൽ പങ്കെടുക്കാൻ പോകുന്നവർ കഥാപാത്രത്തെയും അതിന്റെ പശ്ചാത്തലത്തെയും കുറിച്ച് വ്യക്തമായ ധാരണ നേടിയിരിക്കണമെന്ന് ഛബ്ര നിർദേശിച്ചു. “രംഗം മനസ്സിൽ രൂപപ്പെടുത്തുന്നത് പ്രധാനമാണ്. അഭിനേതാവിന്റെ ബുദ്ധിശക്തിയും ചിന്താശേഷിയും മനസ്സിലാക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ദയവായി ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുക” - അദ്ദേഹം പറഞ്ഞു.

സ്വയം ചിത്രീകരിച്ച് അയക്കുന്ന ഓഡിഷൻ വീഡിയോകളെക്കുറിച്ചും (Self-tapes) ഛബ്ര നിർദേശങ്ങൾ നൽകി. പശ്ചാത്തലം വൃത്തിയുള്ളതും അലങ്കോലമില്ലാത്തതുമായിരിക്കണം. അനാവശ്യമായ മേക്കപ്പ് ഒഴിവാക്കുകയും അഭിനയത്തിന് പ്രാധാന്യം നൽകുകയും വേണം. അഭിനേതാവിനൊപ്പം സംഭാഷണങ്ങൾ വായിക്കുന്ന വ്യക്തി കൃത്യമായ സൂചനകൾ നൽകണം. കണ്ണുകളും മുഖഭാവങ്ങളും വ്യക്തമായി കാണുന്ന തരത്തിലുള്ള ക്ലോസ് ഷോട്ടും വീഡിയോയിൽ ഉൾപ്പെടുത്തണം.

സോഷ്യൽ മീഡിയയിൽനിന്ന് നിരന്തരമായ അംഗീകാരം തേടുന്ന പ്രവണതയ്‌ക്കെതിരെയും യുവ അഭിനേതാക്കൾക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി. പകരം, അഭിനയമികവ് മെച്ചപ്പെടുത്തുന്നതിനും ആത്മവിശ്വാസം വളർത്തുന്നതിനും അനുഭവസമ്പത്ത് നേടുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കണം. ആത്മവിശ്വാസം വളർത്തുന്നതിനും അഭിനയശേഷി മെച്ചപ്പെടുത്തുന്നതിനും നാടകം മികച്ച വേദിയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രായമോ മുൻപരിചയമോ പരിഗണിക്കാതെ നാടകസംഘങ്ങളിൽ ചേരാനും സ്റ്റേജ് പരിപാടികളിൽ പങ്കെടുക്കാനും അഭിനയരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവരെ അദ്ദേഹം പ്രത്യേകം പ്രോത്സാഹിപ്പിച്ചു.

സത്യസന്ധതയും ആത്മാർത്ഥതയും കൈവിടാതെ പഠിക്കാനുള്ള മനോഭാവം നിലനിർത്തണമെന്നും അക്ഷമയോ പെട്ടെന്ന് പ്രശസ്തി നേടാനുള്ള ആഗ്രഹമോ, യാത്രയെ തടസ്സപ്പെടുത്താൻ അനുവദിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. “ഇതെല്ലാം ക്ഷമയുടെയും ശുഭാപ്തിവിശ്വാസത്തിന്റെയും കളിയാണ്. നിങ്ങൾക്കായി വിധിച്ചിട്ടുള്ളതാണെങ്കിൽ അത് നിങ്ങളെ തേടിയെത്തും” - അദ്ദേഹം പറഞ്ഞു. “സ്വാഭാവികതയും ലാളിത്യവും നിലനിർത്തുക” എന്നതും പുതുതലമുറ അഭിനേതാക്കൾക്ക് അദ്ദേഹം നൽകിയ മറ്റൊരു പ്രധാന ഉപദേശമായിരുന്നു.

ഓരോ മികച്ച സിനിമാ കഥാപാത്രത്തിനും പിന്നിൽ പ്രതിഭകളെ കണ്ടെത്തുന്നതിനും തയ്യാറെടുപ്പുകൾ നടത്തുന്നതിനും പരസ്പര സഹകരണത്തിനും വേണ്ടിയുള്ള ഏറെ ശ്രമകരമായ പ്രക്രിയയുണ്ടെന്ന ഓർമപ്പെടുത്തലായിരുന്നു അദ്ദേഹത്തിന്റെ മാസ്റ്റർ ക്ലാസ്. അഭിനയരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന ഓരോരുത്തരുടെയും യാത്ര ആരംഭിക്കുന്നത് മനുഷ്യരെ മനസ്സിലാക്കുന്നതിലൂടെയും കലയെ ആദരിക്കുന്നതിലൂടെയും അനുയോജ്യമായ കഥാപാത്രത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നതിലൂടെയുമാണ്.

IFFILOID ഇവിടെ വായിക്കാം: : https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48

 

* * *

AT


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2342155
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026