ഗോവയിൽ നടക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.ഐ) രാജ്യാന്തര മത്സര വിഭാഗത്തിൽ 'സ്കൈലാർക്ക്' എന്ന ചിത്രത്തിൻ്റെ ഇന്ത്യൻ പ്രീമിയറിന് പിന്നാലെ അണിയറപ്രവർത്തകർ മാധ്യമങ്ങളെ കണ്ടു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഇന്ന് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംവിധായികയും തിരക്കഥാകൃത്തുമായ നർഗീസ ദോത്തിയേവ, നിർമാതാവ് ഗുൽനാര കസ്മാംബെറ്റോവ എന്നിവർ പങ്കെടുത്തു. സിനിമയ്ക്ക് ആധാരമായ യഥാർത്ഥ ജീവിതാനുഭവങ്ങൾ, സോവിയറ്റ് യൂണിയൻ്റെ തകർച്ചയ്ക്ക് ശേഷം മധ്യേഷ്യയിലുണ്ടായ അതിർത്തി നിർണ്ണയങ്ങൾ സാധാരണക്കാരുടെ ജീവിതത്തിലുണ്ടാക്കിയ ആഘാതങ്ങൾ, ഇന്ത്യൻ സിനിമയോടുള്ള തങ്ങളുടെ ആഴത്തിലുള്ള ഇഷ്ടം എന്നിവയെക്കുറിച്ച് ഇരുവരും സംസാരിച്ചു.

85 മിനിറ്റ് ദൈർഘ്യമുള്ള ഈ കിർഗിസ് ചിത്രം കിർഗിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തിയിലെ യഥാർത്ഥ സംഭവങ്ങളെയും വാർത്താ റിപ്പോർട്ടുകളെയും ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. നൂറ്റാണ്ടുകളായി ഒരുമിച്ച് ജീവിച്ചിരുന്ന ജനവിഭാഗങ്ങളെ പുതിയ അതിർത്തിരേഖകൾ വേർപെടുത്തുന്നതാണ് സിനിമയുടെ പശ്ചാത്തലം. മുത്തശ്ശി എനെയുടെ സംരക്ഷണത്തിൽ വളരുന്ന ഐബെക് എന്ന കൗമാരക്കാരൻ്റെ കഥയാണ് ചിത്രം പറയുന്നത്. മുത്തശ്ശിയുടെ മരണശേഷം, നിലവിൽ താജിക്കിസ്ഥാൻ അതിർത്തിക്കപ്പുറത്തുള്ള സെമിത്തേരിയിൽ ഭർത്താവിൻ്റെ കല്ലറയ്ക്ക് സമീപം തന്നെ അടക്കം ചെയ്യണമെന്ന അവരുടെ അവസാന ആഗ്രഹം നിറവേറ്റാൻ ശ്രമിക്കുന്ന ഐബെക് നേരിടുന്ന വൈകാരികവും ധാർമ്മികവുമായ പ്രതിസന്ധികളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
2026-ലെ അമൂർ ഓട്ടം ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ 'സ്കൈലാർക്ക്', മധ്യേഷ്യൻ വാമൊഴി കഥപറച്ചിൽ രീതികളെയും സമകാലിക സിനിമയെയും മനോഹരമായി സമന്വയിപ്പിക്കുന്നു.

അതിർത്തി പ്രദേശങ്ങളിലെ യാഥാർത്ഥ്യങ്ങളാണ് സിനിമയ്ക്ക് പ്രചോദനമായതെന്ന് സംവിധായിക നർഗീസ ദോത്തിയേവ വ്യക്തമാക്കി. പെട്ടെന്നുണ്ടായ അതിർത്തി വിഭജനം ബാത്കെൻ മേഖലയിലെ പരിചിതമായ മേച്ചിൽപ്പുറങ്ങളെയും പൂർവ്വികരുടെ ശ്മശാനങ്ങളെയും എങ്ങനെയാണ് നിരോധിത മേഖലകളാക്കി മാറ്റിയതെന്ന് നിർമാതാവ് ഗുൽനാര കസ്മാംബെറ്റോവ ചൂണ്ടിക്കാട്ടി. കിർഗിസ് നാടോടിക്കഥകളിൽ, ആടിൻ്റെ പുറത്ത് ശാന്തമായി കൂടുകൂട്ടുന്ന വാനമ്പാടി (സ്കൈലാർക്ക്) സമാധാനത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രതീകമാണ്. സംഘർഷങ്ങൾക്കിടയിലും മനുഷ്യർ പുലർത്തുന്ന സഹനശക്തിയുടെ സന്ദേശത്തെയാണ് ഈ ബിംബം പ്രതിനിധീകരിക്കുന്നത്.
_20261126144036_49f7b5.jpeg)
ഇന്ത്യയുമായുള്ള സാംസ്കാരിക ബന്ധത്തെക്കുറിച്ച് സംസാരിക്കവെ, സോവിയറ്റ് കാലഘട്ടത്തിലെ കിർഗിസ്ഥാനിൽ തങ്ങളുടെ ബാല്യകാലത്തെ ഇന്ത്യൻ സിനിമകൾ എത്രത്തോളം സ്വാധീനിച്ചിരുന്നുവെന്ന് ഇരുവരും ഓർത്തെടുത്തു. കുടുംബത്തോടൊപ്പം ബോളിവുഡ് സിനിമകൾ കണ്ടിരുന്നതും, അയൽപക്കത്തെ കുട്ടികളോടൊപ്പം മുറ്റത്ത് ഒത്തുകൂടി പാട്ടുകൾ പാടുകയും 'ഡിസ്കോ ഡാൻസർ' എന്ന ചിത്രത്തിലെ മിഥുൻ ചക്രവർത്തിയുടെ നൃത്തച്ചുവടുകൾ അനുകരിക്കുകയും ചെയ്തിരുന്ന ഓർമ്മകൾ അവർ പങ്കുവെച്ചു. പ്രണയത്തിൻ്റെ പരസ്യ പ്രകടനങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടായിരുന്ന അന്നത്തെ സമൂഹത്തിൽ, ഇന്ത്യൻ സിനിമകൾ തങ്ങൾക്ക് "വികാരങ്ങളുടെ പുതിയൊരു ജാലകം" തുറന്നുതരികയായിരുന്നെന്ന് അവർ കൂട്ടിച്ചേർത്തു.
രാജ് കപൂറിൻ്റെ ക്ലാസിക് ചിത്രങ്ങൾ മുതൽ അമിതാഭ് ബച്ചൻ അഭിനയിച്ച സിനിമകൾ വരെ, ഊഷ്മളത കൊണ്ടും കഥപറച്ചിൽ രീതി കൊണ്ടും മനുഷ്യബന്ധങ്ങളുടെ ആഘോഷം കൊണ്ടും കിർഗിസ്ഥാനിലെ തലമുറകളുടെ മനസ്സിൽ ഇടംനേടിയതായി സംവിധായിക ചൂണ്ടിക്കാട്ടി.
ബൃന്ദ രൺദീപ് സുദൻ വാർത്താ സമ്മേളനം നിയന്ത്രിച്ചു.
Read IFFILOID here: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
***