57th International Film Festival of India 2026
20 – 28 Nov 2026

മിഡ്-ഫെസ്റ്റ് ചിത്രമായ 'ഐ മാറ്റർ' സ്വത്വവും ആത്മബന്ധവും മാനവികതയുടെ വിവിധ തലങ്ങളും അനാവരണം ചെയ്യുന്നു: 57-ാമത് ഐ.എഫ്.എഫ്.ഐയിൽ സംവിധായിക അലീന ഷെർബാൻ

പോസ്റ്റഡ് ഓണ്‍: 24 NOV 2026 8:18PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2341020Views: 7

റോമ സമൂഹത്തിൽ നിന്ന് ഇനിയും നിരവധി കഥകൾ  പുറത്തുവരാനിരിക്കുന്നുണ്ടെന്ന് റൊമാനിയൻ-റോമ ചലച്ചിത്രകാരിയും 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ  മിഡ്-ഫെസ്റ്റ് ചിത്രമായ 'ഐ മാറ്റർ' എന്ന സിനിമയുടെ സംവിധായികയുമായ അലീന ഷെർബാൻ പറഞ്ഞു.

 

ഗോവയിൽ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുമായി സംവദിക്കുകയായിരുന്നു അവർ. ചിത്രത്തിന് പിന്നിലെ പ്രചോദനം, റോമ സമൂഹത്തിൻ്റെ ചിത്രീകരണം, സിനിമയിലൂടെ മുൻവിധികളെ വെല്ലുവിളിക്കേണ്ടതിൻ്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ഷെർബാൻ വിശദീകരിച്ചു. ചിത്രത്തിലെ പ്രധാന നടിമാരായ ഡെനിസ ഫാർക്കാഷ്, വനേസ ഡാൻസിയ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

റൊമാനിയൻ, റോമാനി ഭാഷകളിലെ സംഭാഷണങ്ങൾ ഉൾപ്പെടുന്ന ബഹുഭാഷാ ചിത്രമായ 'ഐ മാറ്റർ' ഇന്ന് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യയിലെ പ്രീമിയർ പ്രദർശനം നടത്തി. റൊമാനിയ, ജർമനി, ബെൽജിയം എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ഈ ചിത്രം സ്വത്വം, കുടുംബം, ആത്മബന്ധം, ഭൂതകാലത്തിനപ്പുറം ഭാവിയിലേക്കുള്ള അന്വേഷണം എന്നിവയാണ് അനാവരണം ചെയ്യുന്നത്. വീടായി കണ്ട അനാഥാലയത്തിൽ നിന്ന് പടിയിറങ്ങാൻ ഒരുങ്ങുന്ന റെബേക്ക എന്ന റോമ യുവതിയുടെ  ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ജയിൽ മോചിതനാകാൻ പോകുന്ന പിതാവുമായി വീണ്ടും ഒന്നിക്കാനും  എക്കാലവും ആഗ്രഹിച്ചിരുന്ന ഒരു കുടുംബം കെട്ടിപ്പടുക്കാനും അവൾ പ്രത്യാശിക്കുമ്പോള്‍, അഭിനയം പഠിക്കാനായി സർവകലാശാലയിൽ പ്രവേശനം ലഭിക്കുന്നത് അവൾക്ക് ഒരു പുതിയ തുടക്കത്തിൻ്റെ സാധ്യത തുറന്നുനൽകുന്നു.

 

സിനിമയിലൂടെ മുന്‍വിധികളെ വെല്ലുവിളിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകവെ, മാനവികതയുടെ വ്യത്യസ്ത തലങ്ങൾ പര്യവേക്ഷണം ചെയ്യാനാണ് ചിത്രം ശ്രമിക്കുന്നതെന്ന് സംവിധായിക പറഞ്ഞു. ആരാണ് മനുഷ്യനായി പരിഗണിക്കപ്പെടാൻ അർഹൻ എന്ന ചോദ്യമാണ് ചിത്രം ഉയർത്തുന്നതെന്നും മാനവികതയുടെ വ്യത്യസ്ത ഭാവങ്ങൾ ചിത്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി. ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച അവർ, ഇന്ത്യയിലേക്കുള്ള  സന്ദർശനം സ്വന്തം വീട്ടിലേക്കുള്ള മടക്കയാത്ര പോലെയാണെന്നും വിശേഷിപ്പിച്ചു.

 

റോമ സമൂഹത്തെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നതിലെ വെല്ലുവിളികൾ എടുത്തുപറഞ്ഞ ഷെർബാൻ, ശ്രദ്ധേയമായ സാംസ്കാരിക സ്വാധീനം ഉണ്ടായിട്ടും ഈ സമൂഹം ഇപ്പോഴും മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിരിക്കുകയാണെന്ന് നിരീക്ഷിച്ചു. ഫ്ലമെൻകോ പോലെയുള്ള കലയും സംസ്കാരവും ലോകസംസ്കാരത്തെ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും, എന്നാൽ റോമ ജനത ഇപ്പോഴും സമൂഹത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ടാണ് കഴിയുന്നതെന്നും അവർ പറഞ്ഞു. മറ്റുള്ളവർക്കൊപ്പം ഇത്രയധികം അടുത്ത് ജീവിച്ചിട്ടും സമൂഹം ഈ ജനതയെ ഇപ്പോഴും ശരിയായി മനസ്സിലാക്കിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. 

 

ചിത്രം നൽകുന്ന ശാക്തീകരണത്തിൻ്റെ സന്ദേശം എടുത്തുപറഞ്ഞ ഷെർബാൻ, പ്രത്യേകിച്ച് പിന്നാക്ക പശ്ചാത്തലത്തിൽ നിന്നുള്ള യുവാക്കളിലേക്കാണ് എത്താൻ ആഗ്രഹിച്ചതെന്ന് പറഞ്ഞു. അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ യുവാക്കൾക്ക് ആത്മവിശ്വാസം നൽകുന്ന ഒരു കഥ പറയാനാണ് ആദ്യം ശ്രമിച്ചതെന്നും, സ്വയം കേൾക്കാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ — എല്ലാം അതിജീവിക്കാൻ കഴിയുമെന്നും ഈ ലോകത്ത് നമുക്കോരോരുത്തർക്കും ഒരു ചെറിയ ഇടമുണ്ടെന്നും — അവരോട് പറയാനാണ് ആഗ്രഹിച്ചതെന്നും അവർ വ്യക്തമാക്കി. 

 

റെബേക്ക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നായിക ഡെനിസ ഫാർക്കാഷ്, സ്വന്തം സ്വത്വവുമായുള്ള  ബന്ധത്തെ മാറ്റിമറിച്ച അങ്ങേയറ്റം വ്യക്തിപരമായ അനുഭവമായാണ് ചിത്രത്തെ വിശേഷിപ്പിച്ചത്. റോമ വംശീയത അംഗീകരിക്കുന്നതിൽ തുടക്കത്തിലുണ്ടായിരുന്ന മടി ഓർത്തെടുത്ത അവർ ആദ്യമായാണ് റോമ ജനതയെ പോസിറ്റീവായ കാഴ്ചപ്പാടിൽ കാണുന്നതെന്ന് പറഞ്ഞു. ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് സ്വത്വവുമായി ബന്ധപ്പെട്ട അപകർഷതാബോധത്തെ മറികടക്കാനും സ്വന്തം വേരുകളെ അഭിമാനത്തോടെ ഉൾക്കൊള്ളാനും സഹായിച്ചുവെന്ന് അവർ കൂട്ടിച്ചേർത്തു. ഒരു റോമക്കാരിയാകുന്നതിൽ  അഭിമാനിക്കുന്നുവെന്ന് പറഞ്ഞ അവർ, സ്വന്തം സമൂഹത്തിൻ്റെയും അതിലെ കുട്ടികളുടെയും കഥകൾ ഒടുവിൽ കേൾക്കപ്പെടുന്നതില്‍ സന്തോഷം പങ്കുവെച്ചു.

 

പ്രാഞ്ജൽ റായ് സെഷൻ നിയന്ത്രിച്ചു.

ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഔദ്യോഗിക വാർത്താപത്രിക IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48 

***


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2341020
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026