57th International Film Festival of India 2026
20 – 28 Nov 2026

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മനുഷ്യ മനസ്സാക്ഷിയുടെ ആഴങ്ങളും നിരുപാധിക സ്‌നേഹത്തിന്റെ ഭാവങ്ങളും അനാവരണം ചെയ്ത് 'പഗ്ല ഘോര', 'ഓ മൈ ഡോഗ്' എന്നീ ചിത്രങ്ങള്‍

പോസ്റ്റഡ് ഓണ്‍: 23 NOV 2026 8:10PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2340689Views: 3
ഒരു കഥ ഭൂതകാലത്തിന്റെ നിഴലുകളെ അസ്വസ്ഥമായ മനസ്സാക്ഷിക്ക് മുന്നിലേക്ക് കൊണ്ടുവരുമ്പോള്‍ മറ്റൊന്ന് ദൂരത്തിനോ പ്രതിസന്ധികള്‍ക്കോ തളര്‍ത്താനാവാത്ത പരിശുദ്ധ സ്‌നേഹത്തെ ആഘോഷിക്കുന്നു. മാനുഷികാനുഭവങ്ങളുടെ വ്യത്യസ്തവും ഹൃദയസ്പര്‍ശിയുമായ രണ്ട് തലങ്ങള്‍ തേടുന്ന  'പഗ്ല ഘോര', 'ഓ മൈ ഡോഗ്' എന്നീ ബംഗാളി, ഹിന്ദി ഇന്ത്യന്‍ പനോരമ ചിത്രങ്ങള്‍ ഗോവയിലെ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ വാര്‍ത്താസമ്മേളനത്തില്‍ ശ്രദ്ധാകേന്ദ്രമായി.

ചലച്ചിത്ര സംവിധായകരായ ശേഖര്‍ ദാസ്, അമിത് റായ് എന്നിവര്‍ക്കൊപ്പം പ്രശസ്ത ബംഗാളി നടി ഗാര്‍ഗി റോയ് ചൗധരി, നിര്‍മാതാവ് ഡോ. പ്രബീര്‍ ഭൗമിക് എന്നിവരും മാധ്യമങ്ങളുമായി സംവദിച്ചു. കുറ്റബോധം, വഞ്ചന, സഹാനുഭൂതി, നിരുപാധിക സ്‌നേഹം എന്നിവ പ്രമേയമാക്കിയ ഈ ചിത്രങ്ങളെക്കുറിച്ച് അവര്‍ ഉള്‍ക്കാഴ്ചകള്‍ പങ്കുവെച്ചു. മാനുഷിക വികാരങ്ങളുടെ സാര്‍വത്രിക ഭാഷയിലൂടെ സാംസ്‌കാരികവും ഭാഷാപരവുമായ അതിര്‍വരമ്പുകളെ ഭേദിക്കാനുള്ള സിനിമയുടെ കരുത്തിനെയാണ് ഈ രണ്ട് ചിത്രങ്ങളും ആഘോഷിക്കുന്നത്.


 
പഗ്ല ഘോര: മനുഷ്യ മനസ്സാക്ഷിയുടെ ആഴങ്ങളിലേക്കുള്ള കുറ്റബോധത്തിന്റെയും പശ്ചാത്താപത്തിന്റെയും യാത്ര

വിഖ്യാത നാടകകൃത്ത് ബാദല്‍ സിര്‍ക്കാരിന്റെ പ്രശസ്ത ഉത്തരാധുനിക നാടകമായ 'പഗ്ല ഘോര'യുടെ ചലച്ചിത്രാവിഷ്‌കാരത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ സംവിധായകന്‍ ശേഖര്‍ ദാസ്, നായിക ഗാര്‍ഗി റോയ് ചൗധരി, നിര്‍മാതാവ് ഡോ. പ്രബീര്‍ ഭൗമിക് എന്നിവര്‍ പങ്കുവെച്ചു. രാത്രികാലത്ത് വനത്തിലെ ശ്മശാനത്തിന്റെ നിഗൂഢ പശ്ചാത്തലത്തില്‍ ആത്മഹത്യ ചെയ്ത ഒരു സ്ത്രീയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ഒത്തുകൂടുന്ന നാല് പുരുഷന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. ആ സ്ത്രീയുടെ ആത്മാവ് അവരെ അഭിമുഖീകരിക്കുമ്പോള്‍ അവരുടെ ഉള്ളില്‍ കുഴിച്ചുമൂടപ്പെട്ട രഹസ്യങ്ങള്‍ പുറത്തുവരികയും ചതിയുടെയും വിശ്വാസവഞ്ചനയുടെയും പൊതുവായ ഭൂതകാലം വെളിപ്പെടുകയും ചെയ്യുന്നു. കുറ്റബോധം, വൈകാരികമായ ഒറ്റപ്പെടുത്തല്‍, മനുഷ്യ മനസ്സാക്ഷി എന്നിവയുടെ തീവ്രമായ അന്വേഷണമാണ് ചിത്രത്തില്‍ ചുരുളഴിയുന്നത്; പശ്ചാത്താപം പലപ്പോഴും വൈകിയാണ് എത്തുന്നതെന്ന വേദനാജനകമായ സത്യത്തെ ഇത് അടിവരയിടുന്നു.

ബാദല്‍ സിര്‍ക്കാരിന്റെ കൃതിയുടെ കാലാതീതമായ പ്രസക്തിയെക്കുറിച്ചും പ്രാദേശിക സിനിമയുടെ സാര്‍വത്രിക സ്വീകാര്യതയെക്കുറിച്ചും സംസാരിച്ച സംവിധായകന്‍ ശേഖര്‍ ദാസ്, ഭാഷാപരവും ഭൂമിശാസ്ത്രപരവുമായ അതിരുകള്‍ ഭേദിക്കുന്ന ആത്മാര്‍ത്ഥമായ കഥാഖ്യാനത്തിന്റെ  കരുത്ത് എടുത്തുപറഞ്ഞു. കലയ്ക്ക് അതിരുകളില്ലെന്നും വേരുകള്‍ മാത്രമേയുള്ളൂവെന്നും ഒരു കഥ മനുഷ്യമനസ്സാക്ഷിയിലും വൈകാരിക സത്യത്തിലും ആഴത്തില്‍ വേരൂന്നിയതാകുമ്പോള്‍, ഭാഷയ്ക്കതീതമായി എല്ലായിടത്തുമുള്ള പ്രേക്ഷകരോട് അത് സംവദിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 


 
മനുഷ്യന്റെ ബലഹീനതകളുടെ കണ്ണാടിയായും ധാര്‍മിക ഉണര്‍വിന് പ്രേരകമായും മാറുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലെ വൈകാരിക സങ്കീര്‍ണതകളെക്കുറിച്ച് ഗാര്‍ഗി റോയ് ചൗധരി വിശദീകരിച്ചു. ചിത്രത്തിന്റെ ബഹുതല വൈകാരിക പശ്ചാത്തലവുമായി സൂക്ഷ്മമായി ഇഴുകിച്ചേരേണ്ട ഒന്നായിരുന്നു തന്റെ വേഷമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

സാഹിത്യ-നാടക കൃതികളുടെ ചലച്ചിത്രാവിഷ്‌കാരങ്ങളെ പിന്തുണയ്‌ക്കേണ്ടതിന്റെ പ്രാധാന്യം നിര്‍മാതാവ് ഡോ. പ്രബീര്‍ ഭൗമിക് എടുത്തുപറഞ്ഞു. ഇന്ത്യയുടെ സമ്പന്ന കലാനാടക പാരമ്പര്യം സംരക്ഷിക്കുന്നതിനൊപ്പം കാലാതീതമായ കൃതികളെ സമകാലിക ചലച്ചിത്ര പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിലും ഇത്തരം ചിത്രങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു.

ഓ മൈ ഡോഗ്: നിരുപാധിക സ്‌നേഹത്തിന്റെയും വിശ്വസ്തതയുടെയും അസാധാരണ ബന്ധത്തിന്റെ ആഘോഷം

മാനുഷിക ബന്ധങ്ങളുടെ സങ്കീര്‍ണതകളില്‍ നിന്ന് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അസാധാരണ പരിശുദ്ധിയിലേക്ക് കടന്നാണ്  പ്രശസ്ത സംവിധായകന്‍ അമിത് റായ്  ഹിന്ദി ചിത്രം 'ഓ മൈ ഡോഗ്' അവതരിപ്പിച്ചത്. സഹാനുഭൂതി, ധൈര്യം, അതിജീവനശേഷി, നിരുപാധിക സ്‌നേഹം എന്നിവ ആഘോഷിക്കുന്ന ഹൃദയസ്പര്‍ശിയും വൈകാരികവുമായ ആഖ്യാനമാണ് ഈ ചിത്രം.

'റോഡ് ടു സംഗം', 'ഐപാഡ്', 'ഒ.എം.ജി 2'  തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അമിത് റായ്, ഇന്ത്യയുടെ രണ്ട് ഭാഗങ്ങളിലായി നടക്കുന്ന സമാന്തര യാത്രകളെയാണ് ഈ ചിത്രത്തില്‍ കോര്‍ത്തിണക്കുന്നത്. അസമില്‍, തട്ടിക്കൊണ്ടുപോകപ്പെട്ട തന്റെ വളര്‍ത്തുനായ 'മോമോ'യെ രക്ഷിക്കാന്‍ 14 വയസ്സുകാരനായ അപു തീവ്രമായ അന്വേഷണം നടത്തുമ്പോള്‍, ബിഹാറില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട  15 വയസ്സുകാരനായ ഉടമ പ്രിന്‍സിനെ കണ്ടെത്താന്‍ അങ്ങേയറ്റം വിശ്വസ്തനായ 'ഓസ്‌കാര്‍' എന്ന നായ യാത്ര തിരിക്കുന്നു. ദൂരംകൊണ്ട് വേര്‍പിരിക്കപ്പെട്ടെങ്കിലും തകര്‍ക്കാനാവാത്ത ആത്മബന്ധത്താല്‍ ഒന്നിക്കപ്പെട്ട അവരുടെ യാത്രകള്‍ ധൈര്യത്തിന്റെയും അതിജീവനശേഷിയുടെയും നിരുപാധിക സ്‌നേഹത്തിന്റെയും ഹൃദ്യമായ കഥയായി വികസിക്കുന്നു; എല്ലാ അതിര്‍വരമ്പുകളെയും മറികടക്കാനുള്ള സ്‌നേഹസമര്‍പ്പണത്തിന്റെ അസാധാരണ ശക്തിയെയാണ് ഇത് ആഘോഷിക്കുന്നത്.
 


 
ചിത്രത്തിന്റെ ഈ ഇരട്ട ആഖ്യാനത്തിന് പിന്നിലെ പ്രചോദനം പങ്കുവെച്ച സംവിധായകന്‍ അമിത് റായ്, മൃഗങ്ങളുടെ ശ്രദ്ധേയമായ വൈകാരിക സത്യസന്ധതയെക്കുറിച്ചും മാനുഷിക ബന്ധങ്ങളെ പലപ്പോഴും സങ്കീര്‍ണമാക്കുന്ന മുന്‍വിധികളെയും ഉപാധികളെയും മറികടക്കാനുള്ള അവയുടെ കഴിവിനെക്കുറിച്ചും സംസാരിച്ചു.  മൃഗങ്ങള്‍ മുന്‍വിധികളുടെയോ ഉപാധികളോടുകൂടിയ സ്‌നേഹത്തിന്റെയോ ഭാരം പേറുന്നില്ലെന്നും അവയുടെ വിശ്വസ്തത സമ്പൂര്‍ണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ഈ സമാന്തര യാത്രകളിലൂടെ, സഹാനുഭൂതിക്കും സ്‌നേഹസമര്‍പ്പണത്തിനും ഏത് ദൂരത്തെയും മറികടക്കാനും എല്ലാ ഭയങ്ങളെയും അതിജീവിക്കാനും എങ്ങനെ കഴിയുമെന്ന് പ്രേക്ഷകര്‍ക്ക് ചിത്രത്തിലൂടെ അനുഭവിച്ചറിയാനാകണമെന്നാണ്  ആഗ്രഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീ മഹേഷ് കുമാര്‍ വാര്‍ത്താസമ്മേളനം നിയന്ത്രിച്ചു.

വാര്‍ത്താസമ്മേളനം ഇവിടെ കാണാം:

ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഔദ്യോഗിക വാര്‍ത്താപത്രിക  IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48
 
***

Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2340689
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026