ഗോവയിൽ നടക്കുന്ന 57-ാം ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFI) ഭാഗമായി ഇന്ന്, പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ സംവിധായകൻ സൂരജ് കുമാർ, മസിയേ നോവിക്കി എന്ന വാസ്തുശിൽപ്പിയുടെ അധികമാരും അറിയാത്ത സംഭാവനകൾ പരിചയപ്പെടുത്തി. ‘നിർമാഞ്ജലി: ദി ചണ്ഡീഗഢ് ഓഫ് മസിയേ നോവിക്കി’ എന്ന നോൺ-ഫീച്ചർ ഡോക്യുമെന്ററിയിലൂടെയാണ് ഈ ചരിത്രം അവതരിപ്പിച്ചത്. ചണ്ഡീഗഢിന്റെ വാസ്തുവിദ്യാരൂപകൽപ്പനയിൽ നോവിക്കി നൽകിയ സംഭാവനകളാണ് ചിത്രം പരിശോധിക്കുന്നത്. നഗരത്തിലെ സവിശേഷമായ ജാളി മുഖപ്പുകൾ, സമീപ പ്രദേശങ്ങളിലെ വിപണികൾ, നഗരത്തിന്റെ മൊത്തത്തിലുള്ള രൂപകൽപ്പന എന്നിവയിൽ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ പ്രതിഫലിക്കുന്നു.

വലിയതും ഗാംഭീര്യമുള്ളതുമായ കെട്ടിടങ്ങൾ നിർമിക്കുന്നതിനുപകരം ഇന്ത്യയുടെ കാലാവസ്ഥയ്ക്കും സാമൂഹ്യജീവിതത്തിനും അനുയോജ്യമായ രൂപകൽപ്പനകളാണു നോവിക്കി വിഭാവനം ചെയ്തത്. കാലക്രമേണ സുഖ്ന തടാകമായി മാറിയ, കൃത്രിമ ജലസംഭരണി എന്ന ആശയവും അദ്ദേഹം മുന്നോട്ടുവച്ചു. വിദ്യാലയങ്ങൾ, പാർക്കുകൾ, വിപണികൾ, പൊതുയിടങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സ്വയംപര്യാപ്തമായ താമസമേഖലകളും അദ്ദേഹം വിഭാവനം ചെയ്തു. എന്നാൽ, ആശയങ്ങൾ നടപ്പാക്കുന്നതിനായി 1950-ൽ ഇന്ത്യയിലേക്കു മടങ്ങിവരാൻ തയ്യാറെടുക്കുന്നതിനിടെ നോവിക്കി വിമാനാപകടത്തിൽ മരിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങൾ രേഖാചിത്രങ്ങളിലൂടെ നിലനിന്നു. ഈ രേഖാചിത്രങ്ങൾ തിരിച്ചറിഞ്ഞ സ്വിസ് വാസ്തുശിൽപ്പിയായ പിയറി ജെന്നറേ, ചണ്ഡീഗഢിലെ സെക്ടർ 7, 8 എന്നിവയുടെ വികസനത്തിൽ അവ ഉൾപ്പെടുത്തി.
ഇന്ത്യക്കു പുറത്തും വിപുലമായ ആർക്കൈവ് ഗവേഷണം നടത്തിയാണ് അധികമാരും അറിയാത്ത ഈ ചരിത്രം പുനർനിർമിച്ചത്. ചണ്ഡീഗഢ് ആർക്കിടെക്ചർ മ്യൂസിയത്തിൽ നോവിക്കി 20 മുതൽ 25 വരെ സൃഷ്ടികൾ മാത്രമാണ് സൂക്ഷിച്ചിട്ടുള്ളത്. തുടർന്ന് സൂരജ് കുമാർ പഴയകാല ദി ട്രിബ്യൂൺ പത്രപ്പതിപ്പുകളിലും, മസിയേ നോവിക്കി ആർക്കിടെക്ചർ വിഭാഗം മേധാവിയായിരുന്ന നോർത്ത് കരോലിന സ്റ്റേറ്റ് സർവകലാശാലയിലെ ഡിജിറ്റൈസ് ചെയ്ത രൂപകൽപ്പനാ കുറിപ്പുകളിലും ഗവേഷണം നടത്തി. പോളണ്ട് അംബാസഡറുടെ നിർദേശത്തെത്തുടർന്ന് പോളണ്ട് എംബസിയുടെയും പോളിഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പിന്തുണയും ഗവേഷണത്തിനു ലഭിച്ചു.

വാർത്താസമ്മേളനത്തിൽ സംസാരിച്ച കുമാർ, 75 വർഷം പഴക്കമുള്ള നൊവീസ്കിയുടെ രൂപകൽപ്പനാ രേഖകൾ ഇന്നത്തെ ഇന്ത്യൻ നഗരങ്ങൾ നേരിടുന്ന കടുത്ത ചൂട്, നഗരവ്യാപനം തുടങ്ങിയ വെല്ലുവിളികൾക്കു വിലപ്പെട്ട പാഠങ്ങൾ നൽകുന്നുവെന്നു പറഞ്ഞു. ആധുനിക വാസ്തുവിദ്യ പ്രാദേശിക കാലാവസ്ഥയ്ക്കും മനുഷ്യരുടെ ആവശ്യങ്ങൾക്കും അനുസൃതമായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സൂരജ് കുമാറിന്റെയും ഡോ. ഗരിമ സിങ്ങിന്റെയും നേതൃത്വത്തിലുള്ള ജോൺസൺസ് സൂരജ് ഫിലിംസ് ഇന്റർനാഷണലാണു (JSFI) ചിത്രം നിർമിച്ചത്. മുർതസ അലി ഖാനാണു തിരക്കഥ. ഛായാഗ്രഹണം രാകേഷ് റാണയും എഡിറ്റിങ് അമിത് റോയിയും നിർവഹിച്ചു. ശുഭേന്ദ്ര റാവുവും സസ്കിയ റാവു-ഡി ഹാസും സംഗീതം നൽകി. മുതിർന്ന നടൻ വിക്ടർ ബാനർജിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിലെ (IIMC) പൂർവവിദ്യാർഥിയായ സൂരജ് കുമാറിന് ഡോക്യുമെന്ററി, ഫീച്ചർ ഫിലിം രംഗങ്ങളിൽ 27 വർഷത്തെ അനുഭവസമ്പത്തുണ്ട്. 500-ലധികം ഡോക്യുമെന്ററികളും തിങ്കിങ് ഓഫ് ഹിം, പിപ്ലാന്ത്രി തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിന്റെ മുൻകാല സൃഷ്ടികളിൽ ഉൾപ്പെടുന്നു.
വാർത്താസമ്മേളനം ഇവിടെ കാണാം:
വാർത്താസമ്മേളനത്തിൽ അരുഷി ബബ്ബാർ മോഡറേറ്ററായി.
Read IFFILOID here: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48