57th International Film Festival of India 2026
20 – 28 Nov 2026

മാതൃത്വത്തിനായുള്ള കാത്തിരിപ്പും ഒരു കുഞ്ഞിന്റെ അതിജീവന പോരാട്ടവും; ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഹൃദയസ്പര്‍ശിയായ കഥകളുമായി 'റഹ്‌മ'യും 'ദി ഫാമും'

പോസ്റ്റഡ് ഓണ്‍: 23 NOV 2026 2:21PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2340380Views: 5
ഗോവയില്‍ നടക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) അന്താരാഷ്ട്ര സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'റഹ്‌മ' (Rahma), 'ദി ഫാം' (The Farm) എന്നീ ചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനം ശ്രദ്ധേയമായി. മാതൃത്വം, സഹാനുഭൂതി, മനുഷ്യന്റെ നിസ്സഹായാവസ്ഥ, ജീവന്റെ പവിത്രത തുടങ്ങിയ ഗൗരവമേറിയ പ്രമേയങ്ങളാണ് ഈ സംഗമത്തില്‍ ചര്‍ച്ചയായത്.
 


 
വ്യത്യസ്തമായ പശ്ചാത്തലങ്ങളിലാണ് കഥ പറയുന്നതെങ്കിലും, ആഴത്തില്‍ പരസ്പരബന്ധിതമായ വൈകാരിക തലങ്ങളാണ് ഈ രണ്ട് ചിത്രങ്ങളും പങ്കുവെക്കുന്നത്. സ്വന്തം ജീവിത പ്രശ്‌നങ്ങള്‍ക്കപ്പുറത്തേക്ക് നോക്കാനും മറ്റുള്ളവരുടെ വേദനകളും ആഗ്രഹങ്ങളും തിരിച്ചറിയാനും പ്രേക്ഷകരെ പ്രേരിപ്പിക്കുന്നവയാണ് 'റഹ്‌മ'യും 'ദി ഫാമും'.

'റഹ്‌മ'യുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഫൈസല്‍ സോയ്‌സല്‍, 'ദി ഫാമി'ന്റെ സംവിധായികയും തിരക്കഥാകൃത്തുമായ എലിഫ് എഡ, 'ദി ഫാമി'ന്റെ ഛായാഗ്രാഹകന്‍ എംറെ പെക്ചാക്കിര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഈ ശ്രദ്ധേയമായ കഥകള്‍ വെള്ളിത്തിരയില്‍ എത്തിക്കുന്നതിന് പിന്നിലെ സര്‍ഗ്ഗാത്മക കാഴ്ചപ്പാടുകളും പ്രമേയപരമായ ആശങ്കകളും അനുഭവങ്ങളും അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചു.


റഹ്‌മ: മാതൃത്വം, കാത്തിരിപ്പ്, മനുഷ്യബന്ധങ്ങള്‍ എന്നിവയുടെ ഹൃദയസ്പര്‍ശിയായ ആവിഷ്‌കാരം

ഫൈസല്‍ സോയ്‌സല്‍ സംവിധാനവും തിരക്കഥയും നിര്‍വഹിച്ച 'റഹ്‌മ', നിരവധി ശസ്ത്രക്രിയകള്‍ക്കും പരാജയപ്പെട്ട ഐ.വി.എഫ് ചികിത്സകള്‍ക്കും ശേഷവും അമ്മയാകാനുള്ള ആഗ്രഹം സഫലമാകാത്ത മെറിയം എന്ന പുരാവസ്തു ഗവേഷകയുടെ കഥയാണ് പറയുന്നത്. പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങുമ്പോള്‍, ഭര്‍ത്താവ് ഇബ്രാഹിമിന്റെ എതിര്‍പ്പുകള്‍ക്കിടയിലും ജോര്‍ജിയയില്‍ വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കാന്‍ അവള്‍ ആലോചിക്കുന്നു. ഇതിനിടെ, സ്വന്തമായി അതിജീവിക്കാന്‍ പാടുപെടുന്ന റഹ്‌മ എന്ന ഒമ്പത് വയസ്സുകാരിയായ സിറിയന്‍ അനാഥ ബാലികയെ കണ്ടുമുട്ടുന്നതോടെ മെറിയത്തിന്റെ ജീവിതം അപ്രതീക്ഷിത വഴിത്തിരിവിലെത്തുന്നു. റഹ്‌മയുടെ സാഹചര്യങ്ങള്‍ മെറിയം പതിയെ തിരിച്ചറിയുന്നതോടെ ഇരുവര്‍ക്കുമിടയില്‍ അസാധാരണമായ ഒരു ആത്മബന്ധം ഉടലെടുക്കുന്നു. ഇത് മെറിയത്തിന്റെ ജീവിതത്തിന് ആശ്വാസവും മാനസിക സൗഖ്യവും നല്‍കുന്നു.

ചിത്രത്തിന് പ്രചോദനമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കവെ, കുഞ്ഞുങ്ങളുണ്ടാകാനുള്ള ആഗ്രഹത്തില്‍ ദമ്പതികള്‍ അനുഭവിക്കുന്ന തീവ്രമായ പോരാട്ടങ്ങളെയും, മറുവശത്ത് കുടുംബമില്ലാതെ വളരുന്ന അനേകം കുട്ടികളുടെ അവസ്ഥയെയും കുറിച്ചുള്ള ചിന്തകളില്‍ നിന്നാണ് ഈ കഥ രൂപപ്പെട്ടതെന്ന് ഫൈസല്‍ സോയ്‌സല്‍ പറഞ്ഞു. 'റഹ്‌മ'യിലൂടെ മാതാപിതാക്കളാകുന്നതിന്റെ വൈകാരിക സങ്കീര്‍ണ്ണതകള്‍, കുടുംബത്തിന്റെ അര്‍ത്ഥം, ആഴത്തിലുള്ള വൈകാരിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ മനുഷ്യബന്ധങ്ങള്‍ക്ക് സാധിക്കുന്ന അപ്രതീക്ഷിത വഴികള്‍ എന്നിവ അന്വേഷിക്കുവാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
 


 
ദി ഫാം: ജീവന്റെ പവിത്രതയ്ക്കായി ഒരു പെണ്‍കുട്ടി നടത്തുന്ന ധീരമായ പോരാട്ടം

എലിഫ് എഡ (Elif Eda) രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ദി ഫാം', മാതാപിതാക്കളുടെ അപ്രതീക്ഷിത വേര്‍പാടിന് ശേഷം അകന്നുകഴിഞ്ഞിരുന്ന മുത്തശ്ശിക്കൊപ്പം ഒരു ക്ഷീരകൃഷി ഫാമിലേക്ക് താമസം മാറുന്ന 12 വയസ്സുകാരി ഇറെമിന്റെ കഥയാണ് പറയുന്നത്. പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി നവജാത പശുക്കിടാക്കളെ തള്ളപ്പശുക്കളില്‍ നിന്ന് വേര്‍പെടുത്തുന്ന രീതി ഇറെമിനെ വല്ലാതെ അസ്വസ്ഥയാക്കുന്നു. കണ്‍മുന്നില്‍ കാണുന്ന ഈ ക്രൂരതയുമായി പൊരുത്തപ്പെടാന്‍ അവള്‍ക്ക് സാധിക്കുന്നില്ല. തുടര്‍ന്ന്, ഫാമിലെ മൃഗഡോക്ടറുടെ സഹായിയായി ജോലി ചെയ്യുന്ന ഹാലിദ് എന്ന അനാഥ ബാലന്റെ സഹായത്തോടെ, ഗര്‍ഭിണികളായ പശുക്കളെ മോചിപ്പിക്കാനുള്ള ധീരമായ ദൗത്യത്തിന് ഇറെം ഇറങ്ങിത്തിരിക്കുന്നു.

സിനിമയുടെ അടിസ്ഥാന തത്ത്വചിന്തയെക്കുറിച്ച് സംസാരിച്ച സംവിധായിക എലിഫ് എഡ, എല്ലാ ജീവജാലങ്ങളെയും ബഹുമാനിക്കേണ്ടതിന്റെയും മറ്റുള്ളവരുടെ വേദനകളോട് സഹാനുഭൂതി വളര്‍ത്തിയെടുക്കേണ്ടതിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞു. വേദന അനുഭവിക്കുന്നതിനേക്കാള്‍ വലിയ അപകടം, മറ്റുള്ളവര്‍ അനുഭവിക്കുന്ന വേദനകളോട് നിര്‍വികാരത പാലിക്കുന്നതാണെന്ന് അവര്‍ നിരീക്ഷിച്ചു. ഭൂമിയിലെ ജീവന്റെ പവിത്രതയെക്കുറിച്ച് ഓര്‍മ്മിപ്പിച്ച അവര്‍, എല്ലാറ്റിനെയും നിയന്ത്രിക്കാനുള്ള മനുഷ്യന്റെ ആഗ്രഹം പലപ്പോഴും മറ്റ് ജീവജാലങ്ങള്‍ക്ക് ദുരിതമായി മാറുന്നുവെന്നും അഭിപ്രായപ്പെട്ടു.

മൃഗങ്ങള്‍ അനുഭവിക്കുന്ന പലപ്പോഴും കാണപ്പെടാതെ പോകുന്ന വേദനകള്‍ക്ക് ഈ ചിത്രത്തിലൂടെ ശബ്ദം നല്‍കാനാണ് താന്‍ ആഗ്രഹിച്ചതെന്ന് എലിഫ് എഡ വ്യക്തമാക്കി. ചലച്ചിത്ര മേഖലയില്‍ ഒരു വനിതാ സംവിധായികയായി സ്വന്തം ഇടം കണ്ടെത്തുന്നതിലെ വെല്ലുവിളികളെക്കുറിച്ചും, സര്‍ഗ്ഗാത്മകമായ ആഗ്രഹങ്ങള്‍ പിന്തുടരുമ്പോള്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന അധിക ബുദ്ധിമുട്ടുകളെക്കുറിച്ചും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കുവെച്ചു.

'ദി ഫാം' എന്ന ചിത്രത്തിന്റെ ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവെച്ച ഛായാഗ്രാഹകന്‍ എംറെ പെക്ചാക്കിര്‍ (Emre Pekçakശr), പശുക്കളെ ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ നേരിട്ട സവിശേഷമായ വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചു. മൃഗങ്ങളുടെ സ്വാഭാവിക പെരുമാറ്റങ്ങളും അവയുടെ ചുറ്റുപാടുകളിലെ സൂക്ഷ്മമായ ഭാവങ്ങളും ഒപ്പിയെടുക്കുന്നതിനായി ഫാമുകളില്‍ അവയോടൊപ്പം ഏറെ സമയം ചെലവഴിക്കേണ്ടി വന്നതായി അദ്ദേഹം ഓര്‍ത്തെടുത്തു. വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും, മൃഗങ്ങള്‍ക്കൊപ്പമുള്ള ചിത്രീകരണം ചലച്ചിത്ര നിര്‍മ്മാണ പ്രക്രിയയിലെ ഏറ്റവും ആസ്വാദ്യകരവും സമ്പന്നവുമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
സഹാനുഭൂതി, ആത്മബന്ധം, പാരസ്പര്യം എന്നിവയെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ ചിന്തകളാണ് 'റഹ്‌മ'യും 'ദി ഫാമും' പങ്കുവെക്കുന്നത്. സ്വന്തം ജീവിതസാഹചര്യങ്ങള്‍ക്കപ്പുറത്തേക്ക് നോക്കാനും മറ്റുള്ളവരുടെ ജീവിതത്തെയും പോരാട്ടങ്ങളെയും തിരിച്ചറിയാനും ഈ രണ്ട് ചിത്രങ്ങളും പ്രേക്ഷകരെ ഓര്‍മ്മിപ്പിക്കുന്നു.

ശ്രീമതി ശില്‍പ നീല്‍കാന്ത് സെഷന്‍ നിയന്ത്രിച്ചു.

ഇഫിലോയ്ഡ് (IFFILOID) ഇവിടെ വായിക്കാം:  https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026<=1®=48
 

***

 

Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2340380
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026