57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമ നോൺ-ഫീച്ചർ ഫിലിം ജൂറി, കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചും ഇന്ത്യൻ സിനിമയുടെ വൈവിധ്യത്തെയും കഥപറച്ചിലിന്റെ ശക്തിയെയും ചലച്ചിത്രനിർമ്മാണത്തിൽ സാങ്കേതികവിദ്യയുടെ വളർന്നുവരുന്ന പങ്കിനെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ പങ്കുവെച്ചു. ലഭിച്ച 358 എൻട്രികളിൽ നിന്ന് 20 ചിത്രങ്ങൾ തിരഞ്ഞെടുത്തതിന് പിന്നിലെ സൂക്ഷ്മമായ ചർച്ചകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ഈ സംവാദം.

ജൂറി ചെയർപേഴ്‌സൺ ഹിമാൻഷു ശേഖർ ഖതുവ, ജൂറി അംഗങ്ങളായ ആരതി പട്ടേൽ, അഭിജീത് അരവിന്ദ് ദാൽവി, രാഗിണി സോണ, ശിവ് സണ്ണി, ശംഖജീത് ദേ, ധനേഷ് യാദവ് ടി.ആർ. എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ മഹേഷ് കുമാർ സംവാദം നിയന്ത്രിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് പിന്നിലെ കാഴ്ചപ്പാടുകളെക്കുറിച്ച് സംസാരിച്ച ഹിമാൻഷു ശേഖർ ഖതുവ, സിനിമയിലൂടെ ഇന്ത്യയെ അതിന്റെ ഏറ്റവും സത്യസന്ധമായ രൂപത്തിൽ പ്രതിനിധീകരിക്കുക എന്നതായിരുന്നു ജൂറിയുടെ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കി. ഇഫ്ഫിയുടെ പ്രമേയമായ 'അതിരുകളില്ലാത്ത കഥകൾ' പരാമർശിച്ചുകൊണ്ട്, രാജ്യത്തിന്റെ ബഹുമുഖ സ്വത്വങ്ങളും ജീവിതാനുഭവങ്ങളും സാംസ്കാരിക സമ്പന്നതയും ഒപ്പിയെടുക്കുന്നതിനൊപ്പം കഥപറച്ചിലിന്റെ സാർവത്രികമായ ചൈതന്യം പ്രതിഫലിപ്പിക്കാനുമാണ് തിരഞ്ഞെടുത്ത ചിത്രങ്ങളിലൂടെ ശ്രമിച്ചതെന്നും അദ്ദേഹം നിരീക്ഷിച്ചു.

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് വിശദീകരിച്ച ഖതുവ, പരമ്പരാഗത സിനിമാ ചട്ടക്കൂടുകൾക്കും മുഖ്യധാരാ കാഴ്ചപ്പാടുകൾക്കും അപ്പുറത്തേക്ക് കടന്ന് വിവിധ ഘട്ടങ്ങളിലായി കർശനമായ വിലയിരുത്തലുകളാണ് ജൂറി നടത്തിയതെന്ന് വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുകളും ഹൃദയസ്പർശിയായ ആഖ്യാനങ്ങളും നൽകുന്ന ചിത്രങ്ങളെ കണ്ടെത്തുന്നതിനാണ് മുൻഗണന നൽകിയത്. തിരഞ്ഞെടുക്കപ്പെട്ട സൃഷ്ടികൾ ഇന്ത്യയുടെ വൈവിധ്യമാർന്ന ആചാരങ്ങളെയും പാരമ്പര്യങ്ങളെയും സാംസ്കാരിക ഭൂമികയെയും കൂട്ടായി പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂറിയുടെ സമഗ്രമായ സമീപനത്തിന് ഊന്നൽ നൽകിയ അദ്ദേഹം, അവതരണശൈലിയോ കഥപറച്ചിലോ പോലുള്ള ഒറ്റപ്പെട്ട ഘടകങ്ങളെ മാത്രം അടിസ്ഥാനമാക്കിയല്ല, മറിച്ച് സിനിമകളെ പൂർണ്ണരൂപത്തിലാണ് വിലയിരുത്തിയതെന്നും വിശദീകരിച്ചു.

ചലച്ചിത്രനിർമ്മാണത്തിൽ നിർമ്മിതബുദ്ധിയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ച് പരാമർശിക്കവെ, മനുഷ്യന്റെ ഭാവനയും സംവേദനക്ഷമതയും കാഴ്ചപ്പാടുകളും സവിശേഷവും പകരം വയ്ക്കാനാകാത്തതുമായി തുടരുമെന്ന് ഖതുവ അടിവരയിട്ടു പറഞ്ഞു. മികച്ച ഒരു സർഗ്ഗാത്മക ഉപാധി എന്ന നിലയിൽ നിർമ്മിതബുദ്ധിയുടെ സാധ്യതകൾ അംഗീകരിക്കുമ്പോഴും, സാങ്കേതികവിദ്യയ്ക്ക് പിന്നിലെ മനുഷ്യമനസ്സിന് പകരമാകാനല്ല, മറിച്ച് കലാപരമായ ആവിഷ്കാരത്തെ പരിപോഷിപ്പിക്കാനും സമ്പന്നമാക്കാനുമാണ് അത് ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലഭിച്ച എൻട്രികളിൽ പ്രതിഫലിച്ച വിഷയങ്ങളുടെയും പ്രമേയങ്ങളുടെയും കാഴ്ചപ്പാടുകളുടെയും അസാധാരണമായ വൈവിധ്യം കണക്കിലെടുക്കുമ്പോൾ, തിരഞ്ഞെടുപ്പ് പ്രക്രിയ ഒരേസമയം വെല്ലുവിളി നിറഞ്ഞതും ഏറെ സംതൃപ്തി നൽകുന്നതുമായിരുന്നുവെന്ന് ജൂറി അംഗം ആരതി പട്ടേൽ തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് പറഞ്ഞു. ഭാഷാപരവും ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ അതിർവരമ്പുകളെ മറികടക്കുന്ന സിനിമ, ജനങ്ങളെയും സമൂഹങ്ങളെയും പരസ്പരം അടുപ്പിക്കുന്ന ഒരു സാർവത്രിക ഭാഷയായി വർത്തിക്കുന്നുവെന്നും അവർ നിരീക്ഷിച്ചു.
വ്യത്യസ്തമായ സിനിമാറ്റിക് ശബ്ദങ്ങളിലൂടെ രാജ്യത്തിന്റെ വൈവിധ്യമാർന്ന സാമൂഹിക യാഥാർത്ഥ്യങ്ങളും സാംസ്കാരിക മൂല്യങ്ങളും ഒപ്പിയെടുത്തുകൊണ്ട് ഇന്ത്യയുടെ ഒരു സമഗ്രചിത്രമാണ് എൻട്രികൾ ജൂറിക്ക് മുന്നിൽ അവതരിപ്പിച്ചതെന്ന് അഭിജീത് അരവിന്ദ് ദാൽവി അഭിപ്രായപ്പെട്ടു. രാജ്യത്തെ ചലച്ചിത്രനിർമ്മാണ പാരമ്പര്യത്തിന്റെ സമ്പന്നതയും ചലച്ചിത്രകാരന്മാർ തങ്ങളുടെ ചുറ്റുപാടുകളെ വ്യാഖ്യാനിക്കുന്ന വൈവിധ്യമാർന്ന രീതികളും ഈ ചിത്രങ്ങളിൽ പ്രതിഫലിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജൂറിയുടെ ഭാഗമാകാൻ കഴിഞ്ഞത് വിലപ്പെട്ട ഒരു പഠനാനുഭവമായിരുന്നുവെന്ന് വിശേഷിപ്പിച്ച രാഗിണി സോണ, ചലച്ചിത്രോത്സവത്തിന്റെ പ്രമേയമായ 'അതിരുകളില്ലാത്ത കഥകൾ'ഏറെ മനോഹരവും അർത്ഥവത്തുമാണെന്ന് പ്രശംസിച്ചു. അതിരുകൾ ഭേദിക്കുന്നതും പങ്കുവെക്കപ്പെടുന്ന മനുഷ്യാനുഭവങ്ങളിലൂടെ പ്രേക്ഷകരെ തമ്മിൽ ബന്ധിപ്പിക്കുന്നതുമായ കഥകളുടെ പ്രാധാന്യത്തിന് അവർ ഊന്നൽ നൽകി.
സിനിമയുടെ പരിവർത്തന ശക്തിയിലേക്ക് ശ്രദ്ധ ക്ഷണിച്ച ശ്രീ ശിവ് സണ്ണി, അർത്ഥവത്തായ കഥപറച്ചിലിന് കേവലം വിനോദത്തിനപ്പുറം ചിന്തകളെ ഉണർത്താനും കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനും ക്രിയാത്മകമായ സാമൂഹിക മാറ്റങ്ങൾക്ക് പ്രചോദനമാകാനും സാധിക്കുമെന്ന് വ്യക്തമാക്കി.
ചലച്ചിത്ര തിരഞ്ഞെടുപ്പിലെ ജൂറിയുടെ സമീപനവും ഇന്ത്യൻ പനോരമയിലേക്കുള്ള ചിത്രങ്ങൾ കണ്ടെത്തുന്നതിൽ പരിഗണിച്ച മാനദണ്ഡങ്ങളും മനസ്സിലാക്കാൻ ഈ വാർത്താസമ്മേളനം അവസരമൊരുക്കി. വ്യത്യസ്ത പ്രദേശങ്ങളിലും സംസ്കാരങ്ങളിലും ജീവിതാനുഭവങ്ങളിലും വേരൂന്നിയ കഥകളെ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, ഇന്ത്യൻ സിനിമയുടെ സമ്പന്നത പ്രദർശിപ്പിക്കുന്നതിലും ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ അതിരുകൾക്കപ്പുറം പ്രേക്ഷകരെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും ഇന്ത്യൻ പനോരമ വഹിക്കുന്ന പങ്ക് ഈ തിരഞ്ഞെടുപ്പ് ഒരിക്കൽ കൂടി ഉറപ്പിക്കുന്നു.
ഇഫ്ഫിലോയ്ഡ് (IFFILOID) ഇവിടെ വായിക്കാം:https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
****