പോസ്റ്റഡ് ഓണ്:
21 NOV 2026 5:55PM by PIB Thiruvananthpuram
അതിർത്തി കടന്നുള്ള ലഹരിമരുന്ന് കടത്ത് തടയുന്നതിനായി സംയുക്തമായി ആരംഭിച്ച ‘ഓപ്പറേഷൻ മൺസൂൺ തണ്ടർ’ പദ്ധതിയുടെ മികവാർന്ന വിജയത്തിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയെയും (എൻസിബി) യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനെയും (ഡിഇഎ) കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അഭിനന്ദിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി എക്സിൽ കുറിച്ചത് ഇങ്ങനെ : “അതിർത്തി കടന്നുള്ള ലഹരിക്കടത്ത് തടയുന്നതിനായി സംയുക്തമായി ആരംഭിച്ച ‘ഓപ്പറേഷൻ മൺസൂൺ തണ്ടർ’ പദ്ധതിയുടെ മികച്ച വിജയത്തിൽ എൻസിബിയെയും യുഎസ് ഡിഇഎയെയും ഹൃദയപൂർവം അഭിനന്ദിക്കുന്നു. ഈ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയിലും യുഎസിലും നടത്തിയ അറസ്റ്റുകളും പിടിച്ചെടുത്ത വസ്തുക്കളും ലഹരിയുടെ വിപത്ത് തടയുന്നതിൽ ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ ശക്തിയുടെ തെളിവാണ്. ഒരു ഗ്രാം ലഹരിവസ്തു പോലും ഇന്ത്യയിലേക്ക് എത്തുകയോ മറ്റ് രാജ്യങ്ങളിലേക്ക് കടത്തുകയോ ചെയ്യാതിരിക്കാനുള്ള പ്രതിജ്ഞാബദ്ധതയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു.”
ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറും ‘ഓപ്പറേഷൻ മൺസൂൺ തണ്ടർ’ പദ്ധതിയെ അഭിനന്ദിച്ചു. എൻസിബിയും യുഎസ് ഡിഇഎയും കൈവരിച്ച സംയുക്ത വിജയത്തെ അദ്ദേഹം പ്രകീർത്തിച്ചു .
യുഎസ് അംബാസഡർ എക്സിൽ കുറിച്ചത് ഇങ്ങനെ : “ യുഎസ്-ഇന്ത്യ പ്രവർത്തനപര പങ്കാളിത്തത്തിന്റെ മികച്ച ഉദാഹരണം! യുഎസിലുടനീളമുള്ള ഉപഭോക്താക്കൾക്ക് നിയമവിരുദ്ധമായി ലഹരിവസ്തുക്കൾ വിതരണം ചെയ്തിരുന്ന അന്തർദേശീയ മയക്കുമരുന്ന് കടത്ത് ശൃംഖലയെ ‘ഓപ്പറേഷൻ മൺസൂൺ തണ്ടറി’ന്റെ ഭാഗമായി, യുഎസ് ഡിഇഎയുടെ ഏകോപനത്തിൽ ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) തകർക്കുകയും ആറ് പേരെ പിടികൂടുകയും ചെയ്തു. ആഭ്യന്തര മന്ത്രി @AmitShah, താങ്കളുടെ നേതൃത്വത്തിന് നന്ദി."
പ്രധാന പ്രവർത്തന ഫലങ്ങൾ:
• ഇന്ത്യയിലെ 4 നഗരങ്ങളിലായി 6 പേർ അറസ്റ്റിലായി.
• ഏകദേശം 3,000 പാഴ്സലുകളിലായി യുഎസിലേക്ക് അയച്ച 5 ലക്ഷത്തോളം ഗുളികകൾ കണ്ടെത്തി.
• 59,000-ത്തിലധികം യുഎസ് വ്യക്തികളുമായി ബന്ധപ്പെട്ട വിവരങ്ങൾ യുഎസ് ഡിഇഎയ്ക്ക് കൈമാറി.
• 2 സജീവ ചരക്കുനീക്കങ്ങൾ യുഎസ് ഡിഇഎ തടഞ്ഞു.
അന്തർദേശീയ ലഹരിക്കടത്ത് ശൃംഖലകൾ തകർക്കുന്നതിൽ ഇരു ഏജൻസികളുടെയും പ്രതിജ്ഞാബദ്ധതയും ഇന്ത്യ-യുഎസ് നിയമ നിർവഹണ സഹകരണത്തിന്റെ ശക്തിയും ഈ ദൗത്യം എടുത്തുകാണിക്കുന്നു. ശൃംഖലയുടെ പ്രധാന ആസൂത്രകരെ കണ്ടെത്തുന്നതിനും, വില്പനക്കാരെ തിരിച്ചറിയുന്നതിനും, സാമ്പത്തിക വരുമാനത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും, കൂടുതൽ അന്തർദേശീയ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണ്.
───