പോസ്റ്റഡ് ഓണ്:
21 NOV 2026 2:23PM by PIB Thiruvananthpuram
മഹാരാഷ്ട്രയിലെ പൂനെയിലുള്ള സിംബയോസിസ് ഇന്റർനാഷണൽ (ഡീംഡ്) യൂണിവേഴ്സിറ്റിയുടെ 23-ാമത് ബിരുദദാന ചടങ്ങിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് മുഖ്യാതിഥിയായി പങ്കെടുത്തു.
അന്താരാഷ്ട്ര സൗഹാർദ്ദത്തിനും അക്കാദമിക് മികവിനും എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസത്തിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ പ്രതീകമാണ് സിംബയോസിസ് എന്ന് ചടങ്ങിനെ അഭിസംബോധ ചെയ്യവേ, ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. "സഹവർത്തിത്വം, പരസ്പര ബഹുമാനം, വ്യത്യസ്ത സംസ്കാരങ്ങളെയും ആശയങ്ങളെയും ഒന്നിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന സമ്പന്നത എന്നിവയെയാണ് ഈ പേര് പ്രതിനിധീകരിക്കുന്നത്," അദ്ദേഹം പറഞ്ഞു.'വസുധൈവ കുടുംബകം' എന്ന ഇന്ത്യയുടെ സാംസ്കാരിക ദർശനം പരാമർശിക്കവേ, ലോകം സങ്കീർണ്ണമായ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ വിദ്യാഭ്യാസം രാജ്യങ്ങളും സംസ്കാരങ്ങളും സമൂഹങ്ങളും തമ്മിലുള്ള പാലമായി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിംബയോസിസിന്റെ അന്താരാഷ്ട്ര തലത്തിലുള്ള വളർച്ചയെ അഭിനന്ദിച്ച ഉപരാഷ്ട്രപതി, 2024-ൽ ദുബായിൽ സർവകലാശാലയുടെ ആദ്യ അന്താരാഷ്ട്ര ക്യാമ്പസ് സ്ഥാപിച്ച കാര്യം എടുത്തുപറഞ്ഞു. ഇത്തരം സംരംഭങ്ങൾ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള വിദ്യാഭ്യാസ ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോള ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇന്ത്യയുടെ സാന്നിധ്യം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2025-26 അധ്യയന വർഷത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 29,000-ത്തിലധികം പെൺകുട്ടികൾ ഉൾപ്പെടെ 62,000-ത്തിലേറെ വിദ്യാർത്ഥികൾ സിംബയോസിസിൽ പഠിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 85 രാജ്യങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം വിദേശ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നത് എല്ലാവരെയും ഉൾക്കൊള്ളുന്നതും അന്താരാഷ്ട്ര നിലവാരമുള്ളതുമായ വിദ്യാഭ്യാസത്തോടുള്ള സർവകലാശാലയുടെ ഉറച്ച പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ രംഗത്ത് സ്ത്രീകൾ കൈവരിക്കുന്ന വളർച്ചയെയും നേട്ടങ്ങളെയും എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, രാജ്യത്തുടനീളമുള്ള ബിരുദദാന ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ബിരുദങ്ങളും മെഡലുകളും ഏറ്റുവാങ്ങുന്ന കാഴ്ചയാണ് താൻ തുടർച്ചയായി കാണുന്നതെന്ന് വ്യക്തമാക്കി. "എന്നെ സംബന്ധിച്ചിടത്തോളം സ്ത്രീശക്തിയുടെ വളർച്ചയുടെ വ്യക്തമായ അടയാളമാണിത്. ഇതാണ് യഥാർത്ഥ സ്ത്രീ ശാക്തീകരണം," അദ്ദേഹം പറഞ്ഞു. വൈദ്യശാസ്ത്ര വിദ്യാഭ്യാസ രംഗത്ത് സ്ത്രീകൾക്കുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ് 'സിംബയോസിസ് മെഡിക്കൽ കോളേജ് ഫോർ വിമൻ' സ്ഥാപിച്ചതെന്നും അദ്ദേഹം അഭിനന്ദിച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2047-ഓടെ 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം മുന്നേറുകയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടായ വലിയ മുന്നേറ്റത്തെ അദ്ദേഹം എടുത്തുപറഞ്ഞു. 2014-15 കാലഘട്ടത്തിൽ 760 ആയിരുന്നു രാജ്യത്തെ സർവകലാശാലകളുടെ എണ്ണം എങ്കിൽ ഇന്നത് 1,400-ലധികമായി വർദ്ധിച്ചതായി അദ്ദേഹം വ്യക്തമാക്കി.ഈ കാലയളവിൽ ഐ.ഐ.ടികളുടെ എണ്ണം 16-ൽ നിന്ന് 23 ആയും, ഐ.ഐ.എമ്മുകളുടെ എണ്ണം 13-ൽ നിന്ന് 22 ആയും, എയിംസ് സ്ഥാപനങ്ങളുടെ എണ്ണം 8-ൽ നിന്ന് 23 ആയും ഉയർന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദ്യാർത്ഥികളുടെ പ്രവേശനം 2014-15-ലെ 3.4 കോടിയിൽ നിന്ന് 4.5 കോടിയിലധികമായി വർദ്ധിച്ചതായും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
ഉത്തരവാദിത്തമുള്ള ഒരു ആഗോള പങ്കാളി എന്ന നിലയിലുള്ള ഇന്ത്യയുടെ പങ്ക് ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, 160-ലധികം പങ്കാളിത്ത രാജ്യങ്ങളിലെ പ്രൊഫഷണലുകൾക്കും ഉദ്യോഗസ്ഥർക്കും പ്രയോജനം ലഭിക്കുന്ന ഇന്ത്യൻ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ (ITEC) പദ്ധതിയെക്കുറിച്ച് എടുത്തുപറഞ്ഞു. 2014 മുതൽ ഗ്ലോബൽ സൗത്തിലെ 30,000 വനിതകൾ ഉൾപ്പെടെ 80,000-ത്തിലധികം പ്രൊഫഷണലുകൾക്ക് ഐടെക് (ITEC) പരിശീലനത്തിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. “പരസ്പര ബഹുമാനത്തിന്റെയും സമത്വത്തിന്റെയും അടിസ്ഥാനത്തിൽ പങ്കാളിത്ത രാജ്യങ്ങളുമായി അറിവും നൈപുണ്യവും വൈദഗ്ധ്യവും പങ്കിടുന്നതിൽ ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നു,” അദ്ദേഹം പറഞ്ഞു.
യു.പി.ഐ, ഇന്ത്യ സ്റ്റാക്ക് തുടങ്ങിയ സംരംഭങ്ങൾ, ആഗോള ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക ഉൾപ്പെടുത്തൽ, സദ്ഭരണം എന്നിവയിൽ ഇന്ത്യ നൽകുന്ന വർദ്ധിച്ചുവരുന്ന സംഭാവനകൾക്ക് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ടാൻസാനിയയിലെ സാൻസിബാറിലുള്ള ഐ.ഐ.ടി മദ്രാസിന്റെ അന്താരാഷ്ട്ര ക്യാമ്പസ് ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ വളരുന്ന വിദ്യാഭ്യാസ-സാങ്കേതിക പങ്കാളിത്തത്തിന്റെ മറ്റൊരു ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023-ലെ ഇന്ത്യയുടെ ജി20 അധ്യക്ഷപദവി അനുസ്മരിച്ച ഉപരാഷ്ട്രപതി, ആഫ്രിക്കൻ യൂണിയനെ ജി20-ൽ സ്ഥിരാംഗമായി ഉൾപ്പെടുത്തിയതിനെ എടുത്തുപറഞ്ഞു. ആഗോള തലത്തിലുള്ള നയരൂപീകരണ പ്രക്രിയകളിൽ ആഫ്രിക്കയുടെ പ്രാതിനിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായിരുന്നു ഇതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
നിർമ്മിത ബുദ്ധി, ഡിജിറ്റൽ സാങ്കേതികവിദ്യ, പുനരുപയോഗ ഊർജ്ജം, ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ എന്നിവയിലൂടെ സാങ്കേതിക രംഗത്തുണ്ടാകുന്ന അതിവേഗ മാറ്റങ്ങളെക്കുറിച്ച് പരാമർശിച്ച ഉപരാഷ്ട്രപതി, ജീവിതകാലം മുഴുവൻ പഠനം തുടരാൻ ബിരുദധാരികളോട് ആഹ്വാനം ചെയ്തു. "നിങ്ങളുടെ ബിരുദങ്ങൾ വിലപ്പെട്ട അടിത്തറയാണ്, എന്നാൽ ജീവിതകാലം മുഴുവൻ തുടരുന്ന പഠനമായിരിക്കും നിങ്ങളുടെ ഏറ്റവും വലിയ സമ്പത്ത്," അദ്ദേഹം പറഞ്ഞു.
സത്യസന്ധതയോടെയും മൂല്യബോധത്തോടെയും മികവ് കൈവരിക്കാൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്ത അദ്ദേഹം, “തൊഴിൽപരമായ വിജയം പ്രധാനമാണ്, എന്നാൽ സ്വഭാവഗുണവും ധാർമ്മികമായ പെരുമാറ്റവുമാണ് ശാശ്വതമായ ബഹുമാനം നേടിത്തരുന്നത്” എന്ന് വ്യക്തമാക്കി. സംരംഭകത്വം, ഗവേഷണം, പൊതുസേവനം, വ്യവസായം, സാമൂഹിക നവീകരണം എന്നിവയിലൂടെ രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകാൻ അദ്ദേഹം ബിരുദധാരികളോട് ആഹ്വാനം ചെയ്തു.
"രാഷ്ട്രനിർമ്മാണം സർക്കാരുകളുടെ മാത്രം ഉത്തരവാദിത്തമല്ല. പൗരന്മാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ സംരംഭങ്ങൾ, സമൂഹങ്ങൾ എന്നിവയെല്ലാം ചേർന്നുള്ള ഒരു കൂട്ടായ ദൗത്യമാണത്," ഉപരാഷ്ട്രപതി പറഞ്ഞു.
2026-ൽ ബിരുദം നേടി പുറത്തിറങ്ങുന്ന വിദ്യാർത്ഥികളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, 'വികസിത ഭാരതം @ 2047' എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ യുവ പ്രൊഫഷണലുകൾ നിർണ്ണായക പങ്കുവഹിക്കുമെന്ന് വ്യക്തമാക്കി. സിംബയോസിസിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും സമൂഹത്തിന് സംഭാവനകൾ നൽകാനും തങ്ങളുടെ കുടുംബത്തിനും സ്ഥാപനത്തിനും അഭിമാനമായി മാറാനും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.
"ലഹരി വസ്തുക്കളോട് അരുത്" (No to Drugs) എന്ന് പറയാൻ അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.
ചടങ്ങിൽ, സർവകലാശാലയിലെ വൈവിധ്യമാർന്ന അന്താരാഷ്ട്ര വിദ്യാർത്ഥി സമൂഹത്തെയും രാജ്യങ്ങൾ തമ്മിലുള്ള സമാധാനത്തെയും ഐക്യത്തെയും പ്രതീകവല്ക്കരിച്ചു കൊണ്ട്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ തങ്ങളുടെ രാജ്യങ്ങളുടെ പതാകകൾ ഉപരാഷ്ട്രപതിക്ക് കൈമാറി.
മികച്ച അക്കാദമിക് നേട്ടങ്ങളെയും മികവിനെയും അംഗീകരിച്ചുകൊണ്ട്, ഈ വർഷത്തെ മികച്ച വിദേശ വിദ്യാർത്ഥിക്കുള്ള പ്രൊഫ. (ഡോ.) എസ്. ബി. മജുംദാർ പുരസ്കാരവും സമർത്ഥരായ വിദ്യാർത്ഥികൾക്കുള്ള സ്വർണ്ണ മെഡലുകളും ഉപരാഷ്ട്രപതി സമ്മാനിച്ചു.
മഹാരാഷ്ട്ര ഗവർണർ ശ്രീ ജിഷ്ണു ദേവ് വർമ്മ, മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ചന്ദ്രകാന്ത് പാട്ടീൽ, സിംബയോസിസ് ഇന്റർനാഷണൽ (ഡീംഡ്) യൂണിവേഴ്സിറ്റി ചാൻസലർ ഡോ. വിദ്യ യെരവ്ദേക്കർ, വൈസ് ചാൻസലർ ഡോ. രാമകൃഷ്ണൻ രാമൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
******