ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
azadi ka amrit mahotsav

2026-ലെ 'സ്വനിധി സമ്മാൻ' പുരസ്കാരങ്ങൾ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ ന്യൂഡല്‍ഹിയില്‍ സമ്മാനിച്ചു

പോസ്റ്റഡ് ഓണ്‍: 20 NOV 2026 5:37PM by PIB Thiruvananthpuram

കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന് കീഴിലെ നഗരവികസന വകുപ്പിൻ്റെ ആഭിമുഖ്യത്തില്‍  2026-ലെ 'സ്വനിധി സമ്മാൻ'  പുരസ്കാര വിതരണം നവംബർ 20-ന് ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇൻ്റർനാഷണൽ സെൻ്ററിൽ സംഘടിപ്പിച്ചു. പി.എം. സ്വനിധി സംരംഭത്തിന് കീഴിൽ വഴിയോരക്കച്ചവടക്കാരുടെ ഉപജീവനമാർഗം  ശക്തിപ്പെടുത്താനും സാമ്പത്തിക ഉൾച്ചേർക്കൽ, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം, സാമൂഹ്യ സുരക്ഷ എന്നിവ മുന്നോട്ടുകൊണ്ടുപോകാനും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വായ്പാ സ്ഥാപനങ്ങളും പങ്കാളിത്ത സംഘടനകളും നൽകിയ മികച്ച സംഭാവനകളെ അംഗീകരിക്കുന്നതിനാണ് പുരസ്കാരങ്ങൾ നൽകിയത്. ഭവന-നഗരകാര്യ സഹമന്ത്രി ശ്രീ തോഖൻ സാഹുവിൻ്റെ വിശിഷ്ട സാന്നിധ്യത്തിൽ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ പുരസ്കാരങ്ങൾ സമ്മാനിച്ചു.

 

52 പുരസ്കാരങ്ങളും 5 പ്രത്യേക അംഗീകാരങ്ങളും വിതരണം ചെയ്ത ചടങ്ങിൽ സംസ്ഥാനങ്ങൾ, നഗരങ്ങൾ, ബാങ്കുകൾ, മറ്റ് പങ്കാളികൾ എന്നിവരുടെ മികവിനെ ആദരിച്ചു. പദ്ധതി നിര്‍വഹണത്തിലും  വ്യാപ്തി വർദ്ധിപ്പിക്കുന്നതിലും മികച്ച പ്രകടനം കാഴ്ചവെച്ച മുൻനിര സംസ്ഥാനങ്ങളിൽ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവ ഇടംനേടി. താഴെത്തട്ടിലെ ഫലപ്രദമായ പദ്ധതി നിർവഹണം, മെച്ചപ്പെട്ട ജനസമ്പർക്കം, ഡിജിറ്റൽ ഉപയോഗം എന്നിവയിലെ സംഭാവനകൾക്ക് നഗരങ്ങളെയും നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ചടങ്ങില്‍ ആദരിച്ചു.

 

വഴിയോരക്കച്ചവടക്കാർക്ക് എളുപ്പത്തിൽ ഔപചാരിക വായ്പകൾ ലഭ്യമാക്കുന്നതിലെ മികച്ച പ്രകടനത്തിനും സംഭാവനകൾക്കും വായ്പാ സ്ഥാപനങ്ങളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവ അംഗീകാരം നേടി.

 

2020 ജൂണിൽ തുടക്കം കുറിച്ചത് മുതല്‍  81 ലക്ഷത്തോളം വഴിയോരക്കച്ചവടക്കാർക്ക്  ഏകദേശം 20,000 കോടി രൂപയുടെ 1.21 കോടിയിലധികം വായ്പകൾ ലഭ്യമാക്കാൻ പി.എം. സ്വനിധി പദ്ധതിയിലൂടെ സാധിച്ചു. 2025 ഓഗസ്റ്റിൽ പദ്ധതി പുനഃസംഘടിപ്പിച്ചതിനെത്തുടർന്ന് ആദ്യ വർഷം 10.6 ലക്ഷം പുതിയ ഗുണഭോക്താക്കൾക്കായി 6,294 കോടി രൂപയുടെ ഏകദേശം 22 ലക്ഷം വായ്പകൾ വിതരണം ചെയ്തു. രണ്ടാം ഗഡു വായ്പ തിരിച്ചടച്ച അർഹരായ ഗുണഭോക്താക്കൾക്ക് 30,000 രൂപ വരെ വായ്പാ പരിധി വാഗ്ദാനം ചെയ്യുന്ന യു.പി.ഐ. ബന്ധിത  റുപേ ക്രെഡിറ്റ് കാർഡിലൂടെ ഔപചാരിക വായ്പാ ലഭ്യത വിപുലീകരിക്കാനും പദ്ധതിയിലൂടെ സാധിച്ചു.  

 

'സ്വനിധി സേ സമൃദ്ധി'ക്ക് കീഴിൽ 52 ലക്ഷത്തിലധികം ഗുണഭോക്തൃ കുടുംബങ്ങളുടെ സാമൂഹ്യ-സാമ്പത്തിക വിവരശേഖരണം  പൂർത്തിയാക്കി. ഇതിൻ്റെ ഫലമായി കേന്ദ്ര   ഗവണ്‍മെൻ്റിൻ്റെ എട്ട്  ക്ഷേമപദ്ധതികൾക്ക് കീഴിൽ 1.62 കോടിയിലധികം അനുമതികൾ ലഭ്യമായി. 50 വഴിയോര ഭക്ഷണശാലകളുടെ വികസനം, ഭക്ഷ്യസുരക്ഷയും ശുചിത്വവും സംബന്ധിച്ച പരിശീലനം ഉൾപ്പെടെ ശേഷി വർദ്ധന പരിപാടികൾ എന്നിവയിലൂടെ വഴിയോരക്കച്ചവട മേഖലയെ ശക്തിപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.

 

35 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, 4,900-ലധികം നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, 120-ലധികം വായ്പാ സ്ഥാപനങ്ങൾ എന്നിവയിലെ പദ്ധതി നിർവഹണ സംവിധാനത്തെയാണ് പുരസ്കാരങ്ങൾക്കായി പരിഗണിച്ചത്. പ്രധാനമായും  പി.എം. സ്വനിധി, സ്വനിധി സേ സമൃദ്ധി പോർട്ടലുകളിലെ വിവരങ്ങൾ ഉപയോഗിച്ച് വിഭാഗങ്ങള്‍ തിരിച്ചുള്ള പ്രധാന പ്രകടന സൂചകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു വിലയിരുത്തൽ. പദ്ധതി പുനഃസംഘടിപ്പിച്ചതിന് ശേഷമുള്ള പ്രകടനം 2025 സെപ്റ്റംബർ 1 മുതൽ 2026 ഓഗസ്റ്റ് 31 വരെ കാലയളവിലേക്കും ആകെ പ്രകടനം പദ്ധതി ആരംഭിച്ചതുമുതൽ 2026 ഓഗസ്റ്റ് 31 വരെ കാലയളവിലേക്കുമാണ് വിലയിരുത്തിയത്.

 

വഴിയോരക്കച്ചവട മേഖലയെ ശക്തിപ്പെടുത്താനും വഴിയോരക്കച്ചവടക്കാരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്താനും പങ്കാളികൾ നൽകിയ കൂട്ടായ സംഭാവനകളെ 'സ്വനിധി സമ്മാൻ പുരസ്കാര'ങ്ങളിലൂടെ  അംഗീകരിക്കുന്നു. ഈ ശ്രമങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്ന നഗരവികസനത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും 'വികസിത ഇന്ത്യ @ 2047' എന്ന കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക്  സംഭാവന നൽകുകയും ചെയ്യുന്നു.  

 

പ്രസംഗങ്ങളിലെ പ്രസക്ത ഭാഗങ്ങൾ

 

കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാലിൻ്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍: 

 

‌അർഹരായ എല്ലാ വഴിയോരക്കച്ചവടക്കാരിലേക്കും പി.എം. സ്വനിധി സംരംഭത്തിൻ്റെ ആനുകൂല്യങ്ങൾ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെ 'വികസിത ഇന്ത്യ @ 2047' ലേക്ക് നയിക്കുന്ന അന്ത്യോദയ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കാനാകുമെന്ന് കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാൽ വ്യക്തമാക്കി. ചെറുകിട വായ്പകളിൽ നിന്ന് ഉയർന്ന ബാങ്ക് വായ്പകളിലേക്ക് മുന്നേറാനും  വ്യാപാരം വിപുലീകരിക്കാനും  പദ്ധതി വഴിയോരക്കച്ചവടക്കാരെ പ്രാപ്തരാക്കുന്നുവെന്നും അതുവഴി ഉപജീവന അവസരങ്ങളും സാമ്പത്തിക ഉൾച്ചേർക്കലും സാമൂഹ്യ സുരക്ഷയും  പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.  

 

കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകൾ, ബാങ്കുകൾ, നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ  എന്നിവയുടെ കൂട്ടായ പരിശ്രമങ്ങളാണ് പി.എം. സ്വനിധി പദ്ധതിയുടെ വിജയത്തിന് പിന്നിലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ലക്ഷ്യങ്ങൾ താഴെത്തട്ടിൽ പ്രകടമായ ഫലങ്ങളാക്കി മാറ്റുന്നതിൽ സംസ്ഥാനങ്ങളും നഗരങ്ങളും സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും  നൽകിയ സംഭാവനകളെയാണ് സ്വനിധി സമ്മാൻ പുരസ്കാരങ്ങൾ അംഗീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

വഴിയോരക്കച്ചവടക്കാരെ 'സ്ട്രീറ്റ് വണ്ടേഴ്സ്' അഥവാ വഴിയോര വിസ്മയങ്ങള്‍ എന്ന് വിശേഷിപ്പിച്ച ശ്രീ മനോഹർ ലാൽ, അവരുടെ സംരംഭകത്വ മനോഭാവത്തെയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവിനെയും ചെറിയ ഉപജീവന പ്രവർത്തനങ്ങളെ വിജയകരമായ സംരംഭങ്ങളാക്കി മാറ്റുന്നതിലെ പ്രാപ്തിയെയും അഭിനന്ദിച്ചു.

 

"ഹർ മെഹ്നത്കഷ് കാ സാത്ത് ദിയാ, പി.എം. സ്വനിധി നേ സമ്മാൻ ദിയാ" (ഓരോ അധ്വാനിക്കും പിന്തുണയേകി, പി.എം. സ്വനിധി ആദരിക്കുന്നു) എന്ന പദ്ധതിയുടെ ഗാനം  പരാമർശിച്ച അദ്ദേഹം കഠിനാധ്വാനികളായ വഴിയോരക്കച്ചവടക്കാർക്ക് പി.എം. സ്വനിധി എങ്ങനെയാണ് പിന്തുണ നൽകിയതെന്നും സമൂഹത്തിൽ അവരുടെ ആത്മാഭിമാനവും അംഗീകാരവും ആദരവും എങ്ങനെയാണ് വർദ്ധിപ്പിച്ചതെന്നും  എടുത്തുപറഞ്ഞു.

 

കേന്ദ്ര സഹമന്ത്രി ശ്രീ തോഖൻ സാഹുവിൻ്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ: 

 

പാവപ്പെട്ടവരുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ ഏതെങ്കിലും ഒരു പദ്ധതിയിലൂടെ മാത്രം കാണുന്നതിന് പകരം വിവിധ ഗവൺമെൻ്റ്  ക്ഷേമ സംരംഭങ്ങളുടെ കൂട്ടായ ഫലമായി  നോക്കിക്കാണണമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത കേന്ദ്ര സഹമന്ത്രി ശ്രീ തോഖൻ സാഹു അഭിപ്രായപ്പെട്ടു.  ലോകബാങ്കിൻ്റെ 2026 ഒക്ടോബറിലെ റിപ്പോർട്ട് പ്രകാരം  ഇന്ത്യയിൽ ഏകദേശം 50 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനുവേണ്ടി നടത്തുന്ന സുസ്ഥിരവും ഏകോപിതവുമായ ശ്രമങ്ങളുടെ പ്രതിഫലനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.  

 

ഛത്തീസ്ഗഢിന് നാല് പുരസ്കാരങ്ങൾ ലഭിച്ച നേട്ടത്തെയും പ്രത്യേകിച്ച് മുൻകാലങ്ങളിൽ നക്സൽ ബാധിത പ്രദേശങ്ങളായിരുന്ന ദന്തേവാഡ, ബഡേ ബച്ചേലി എന്നിവയ്ക്ക് ലഭിച്ച അംഗീകാരത്തെയും മന്ത്രി അഭിനന്ദിച്ചു.  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിൻ്റെ വ്യാപ്തിയും നക്സൽ മുക്തമാകുന്നതിലേക്ക് മുന്നേറുന്ന പ്രദേശങ്ങളിലെ ക്രിയാത്മക മാറ്റവുമാണ് ഈ നേട്ടത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

പുരസ്കാര ജേതാക്കൾ – സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും

 

പുരസ്കാര വിഭാഗം

വടക്കുകിഴക്കൻ, മലയോര സംസ്ഥാനങ്ങൾ

കേന്ദ്രഭരണ പ്രദേശങ്ങൾ

മറ്റ് സംസ്ഥാനങ്ങൾ

മികച്ച പ്രകടനം – സമഗ്ര പ്രകടനം 

അസം

ചണ്ഡീഗഢ്

മധ്യപ്രദേശ്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്

മികച്ച പ്രകടനം – വായ്പാ പ്രകടനം  

സിക്കിം

പുതുച്ചേരി

മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്

മികച്ച പ്രകടനം – ഡിജിറ്റൽ ഉപയോഗം   

മിസോറം

ലഡാക്ക്

കേരളം, മഹാരാഷ്ട്ര

മികച്ച പ്രകടനം – സ്വനിധി സേ സമൃദ്ധി

ത്രിപുര

–

ഉത്തർപ്രദേശ്, ഹരിയാന

 

പുരസ്കാര വിഭാഗം

പുരസ്കാര ജേതാക്കൾ

മികച്ച പ്രകടനം – പ്രത്യേക ക്യാമ്പെയ്‌നുകൾ  

ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ

മികച്ച പ്രകടനം – അതിവേഗ മുന്നേറ്റം

ഛത്തീസ്ഗഢ്, തെലങ്കാന, ഒഡീഷ

പ്രത്യേക പുരസ്കാരം – പദ്ധതി പുനഃസംഘടനയ്ക്ക് ശേഷമുള്ള ആകെ വായ്പാ വിതരണം

മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാൾ

 

പുരസ്കാര ജേതാക്കൾ – നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ  (ULBs)

 

ജനസംഖ്യ കണക്കിലെടുത്ത് പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള വൻനഗരങ്ങൾ, പ്രധാന നഗരങ്ങൾ,  പട്ടണങ്ങൾ  എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വിലയിരുത്തിയത്.

 

പുരസ്കാര വിഭാഗം

നഗര കേന്ദ്രം

പുരസ്കാര ജേതാക്കൾ

മികച്ച പ്രകടനം – വായ്പാ പ്രകടനം

പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള വൻനഗരങ്ങൾ

ഇൻഡോർ (മധ്യപ്രദേശ്), അഹമ്മദാബാദ് (ഗുജറാത്ത്), ഛത്രപതി സംഭാജിനഗർ (മഹാരാഷ്ട്ര)

മികച്ച പ്രകടനം – വായ്പാ പ്രകടനം

പ്രധാന നഗരങ്ങൾ

പർഭാനി (മഹാരാഷ്ട്ര), അലിഗഢ് (ഉത്തർപ്രദേശ്), കടപ്പ (ആന്ധ്രാപ്രദേശ്)

മികച്ച പ്രകടനം – വായ്പാ പ്രകടനം

പട്ടണങ്ങൾ

പാർലി (മഹാരാഷ്ട്ര), സാർണി (മധ്യപ്രദേശ്), ബാലാഘട്ട് (മധ്യപ്രദേശ്)

മികച്ച പ്രകടനം – ഡിജിറ്റൽ ഉപയോഗം

പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള വൻനഗരങ്ങൾ

മീററ്റ്, ഗാസിയാബാദ് (ഉത്തർപ്രദേശ്)

മികച്ച പ്രകടനം – ഡിജിറ്റൽ ഉപയോഗം

പ്രധാന നഗരങ്ങൾ

ദുർഗാപൂർ (പശ്ചിമ ബംഗാൾ), ബിലാസ്പൂർ (ഛത്തീസ്ഗഢ്)

മികച്ച പ്രകടനം – ഡിജിറ്റൽ ഉപയോഗം

പട്ടണങ്ങൾ

ബഡേ ബച്ചേലി, ദന്തേവാഡ (ഛത്തീസ്ഗഢ്)

മികച്ച പ്രകടനം – സ്വനിധി സേ സമൃദ്ധി

പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള വൻനഗരങ്ങൾ

പ്രയാഗ്‌രാജ്, വാരണാസി (ഉത്തർപ്രദേശ്)

മികച്ച പ്രകടനം – സ്വനിധി സേ സമൃദ്ധി

പ്രധാന നഗരങ്ങൾ

തുംകൂർ (കർണാടക), വിജയനഗരം (ആന്ധ്രാപ്രദേശ്)

മികച്ച പ്രകടനം – സ്വനിധി സേ സമൃദ്ധി

പട്ടണങ്ങൾ

രാമചന്ദ്രപുരം, അമലാപുരം (ആന്ധ്രാപ്രദേശ്)

 

പുരസ്കാര ജേതാക്കൾ – വായ്പാ സ്ഥാപനങ്ങൾ

 

പുരസ്കാര വിഭാഗം

പുരസ്കാര ജേതാക്കൾ

മികച്ച പ്രകടനം കാഴ്ചവെച്ച വായ്പാ സ്ഥാപനങ്ങൾ – വായ്പാ പ്രകടനം

ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

മികച്ച പ്രകടനം കാഴ്ചവെച്ച വായ്പാ സ്ഥാപനം – സമഗ്ര വായ്പാ പ്രകടനം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

 

പ്രത്യേക അംഗീകാരം – പങ്കാളിത്ത സംഘടനകൾ

 

അംഗീകാര വിഭാഗം

പുരസ്കാരം നേടിയ സംഘടന(കൾ)

ശേഷി വർദ്ധന 

ഭക്ഷ്യസുരക്ഷാ-ഗുണനിലവാര  അതോറിറ്റി 

ആഘാത നിര്‍ണയവും അക്കാദമിക് അംഗീകാരവും  

ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്  

ഡിജിറ്റൽ ആവാസവ്യവസ്ഥയുടെ നിലനിൽപ്പിന്  സുഗമമായ ഏകോപനം

നാഷണൽ പേയ്‌മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ  

ഡിജിറ്റൽ പണമിടപാട് അഗ്രഗേറ്റർമാരുടെ നൂതന പിന്തുണ

പേടിഎം, ഫോൺപേ  

 

***
 

( റിലീസ് ഐ.ഡി: 2339330) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: Assamese , Urdu , English , हिन्दी , Gujarati , Tamil