ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ദ്വിദിന ഭീകരവിരുദ്ധ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പങ്കെടുത്തു

പോസ്റ്റഡ് ഓണ്‍: 19 NOV 2026 7:09PM by PIB Thiruvananthpuram
ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ദ്വിദിന ഭീകരവിരുദ്ധ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തെ കേന്ദ്ര ആഭ്യന്തരസഹകരണ മന്ത്രി അമിത് ഷാ ഇന്ന്  അഭിസംബോധന ചെയ്തു. ചടങ്ങില്‍ ദേശീയ അന്വേഷണ ഏജന്‍സി (NIA) പുറത്തിറക്കിയ 'ഫെയില്‍-സേഫ് ഇന്‍വെസ്റ്റിഗേഷന്‍' എന്ന പ്രസിദ്ധീകരണം അദ്ദേഹം പ്രകാശനം ചെയ്തു. കൂടാതെ, ചണ്ഡീഗഢില്‍ നിര്‍മ്മിക്കുന്ന എന്‍.ഐ.എ ഓഫീസ് സമുച്ചയത്തിന്റെ ശിലാസ്ഥാപനവും ഡല്‍ഹിയിലെ മൈദാന്‍ഗര്‍ഹിയില്‍ നിര്‍മ്മിച്ച എന്‍.ഐ.എ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടനവും ആഭ്യന്തര മന്ത്രി നിര്‍വഹിച്ചു. ഇതോടൊപ്പം എന്‍.ഐ.എയുടെ 'പുഷ്ടി' (Pushti) പോര്‍ട്ടലിന്റെ ഇ-ലോഞ്ചിംഗും അമിത് ഷാ നിര്‍വഹിച്ചു. മികച്ച സേവനം കാഴ്ചവെച്ച ഏഴ് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ചടങ്ങില്‍ അദ്ദേഹം വിശിഷ്ട സേവാ മെഡലുകള്‍ സമ്മാനിച്ചു.
 


 
ഇന്ത്യ ദീര്‍ഘകാലമായി ഭീകരവാദത്തിന്റെ ഇരയാണെന്നും  വിവിധ സംസ്ഥാന പോലീസ് സേനകള്‍ പലതരത്തിലുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും, ഏകോപനത്തിന്റെ അഭാവം വ്യക്തമായിരുന്നുവെന്നും  സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ശ്രീ അമിത് ഷാ വ്യക്തമാക്കി. കാലക്രമേണ വിവിധ സര്‍ക്കാരുകളുടെ കാലത്ത് ഈ പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടന്നതായും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തെ ചെറുക്കുന്നതിനായി രാജ്യത്തെ എല്ലാ  പോലീസ് സ്‌റ്റേഷന്‍ തലം വരെയും ഏകീകൃത തന്ത്രം നടപ്പിലാക്കുന്ന സംവിധാനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും ദ്വാരക മുതല്‍ കാമാഖ്യ വരെയും വ്യാപിച്ചുകിടക്കുന്ന ഈ വിശാല രാജ്യത്ത് ഏകീകൃത ഭീകരവിരുദ്ധ നയം കൊണ്ടുവരാന്‍ സാധിക്കുന്നതില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 


 
ഭീകരതയ്‌ക്കെതിരെ അടുത്തിടെ ചില വിജയകരമായ പ്രവര്‍ത്തനങ്ങള്‍  രാജ്യം  നടത്തിയിട്ടുണ്ടെന്നും ഇത് നമ്മുടെ രാജ്യത്തിന്റെ ആത്മവിശ്വാസം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്നലെ ഒരു സുപ്രധാന നാഴികക്കല്ല് നാം  പിന്നിട്ടു. ലഷ്‌കര്‍ ഭീകരന്‍ ലത്തീഫ് ഭട്ടിനെ വധിച്ചതോടെ 35 വര്‍ഷങ്ങള്‍ക്ക് ശേഷം കാശ്മീര്‍ പൂര്‍ണ്ണമായും ഇന്ത്യന്‍ വംശജരായ ഭീകരരില്‍ നിന്നും മുക്തമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.

യു.എ.പി.എ  നിയമപ്രകാരം ഷഹ്‌സാദ് ഭട്ടി ശൃംഖലയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചതായും അമിത് ഷാ അറിയിച്ചു. രാജ്യവ്യാപകമായി ഈ ശൃംഖലയുടെ നാല്‍പ്പതിലധികം മൊഡ്യൂളുകള്‍ തകര്‍ക്കാന്‍ സാധിച്ചു. ഭീകരതയ്‌ക്കെതിരായ നടപടികളുടെ ഭാഗമായി നൂറിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 271ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഭീകരാക്രമണം നടത്തുന്നതിന് മുന്‍പ് തന്നെ ഭീകരരെ പിടികൂടി അഴിക്കുള്ളിലാക്കുക എന്നതാണ് മികച്ച അന്വേഷണ ഏജന്‍സിയുടെ മുഖമുദ്രയെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് സേനകള്‍ ഈ മാതൃക വിശകലനം ചെയ്ത്  അംഗീകരിച്ച് അതത് മേഖലകളില്‍ നടപ്പിലാക്കുകയും വേണമെന്ന്  അഭിപ്രായപ്പെട്ടു.

2019 മുതല്‍ ആരംഭിച്ച പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 36 രാജ്യങ്ങളില്‍ നിന്നായി 303 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയില്‍ എത്തിക്കാന്‍ സാധിച്ചെന്നും ഇത് രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. സിബിഐയും   ആഭ്യന്തര മന്ത്രാലയവും ഇതിനായി പ്രത്യേക പരിശ്രമങ്ങള്‍ നടത്തി. വിദേശത്ത് ഒളിവില്‍ കഴിയുന്ന പിടികിട്ടാപ്പുള്ളികളെ ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ നാട്ടിലെത്തിക്കുന്നതില്‍ നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദം, സംഘടിത കുറ്റകൃത്യം, മയക്കുമരുന്ന് എന്നീ മൂന്ന് വിപത്തുകള്‍ പൂര്‍ണ്ണമായും തുടച്ചുനീക്കണമെങ്കില്‍ വിദേശത്ത് അഭയം തേടിയിരിക്കുന്ന കുറ്റവാളികളെയും സൂത്രധാരന്മാരെയും ഇന്ത്യന്‍ കോടതികള്‍ക്ക് മുന്‍പില്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭീകരവാദത്തിനെതിരെ 'വിട്ടുവീഴ്ചയില്ലാത്ത നയമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഇതിന്റെ ഗുണഫലങ്ങള്‍ ഇപ്പോള്‍ ദൃശ്യമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഈ ദിശയിലുള്ള തുടര്‍ച്ചയായ നീക്കങ്ങളുടെ ഭാഗമായി 2019 ഓഗസ്റ്റ് 2ന് എന്‍.ഐ.എ  നിയമത്തില്‍ ഭേദഗതി വരുത്തി. പുതിയ കുറ്റകൃത്യങ്ങള്‍ എന്‍.ഐ.എയുടെ പരിധിയില്‍ കൊണ്ടുവരികയും കൂടുതല്‍ അധികാരങ്ങള്‍ നല്‍കുകയും ചെയ്തു. 2019 ഓഗസ്റ്റ് 14ന് യു.എ.പി.എ നിയമത്തിലും ഭേദഗതി വരുത്തി; ഇതിലൂടെ ഭീകരരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍.ഐ.എയ്ക്ക് അധികാരം ലഭിക്കുകയും വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. തീവ്രവാദ ആശയങ്ങളിലേക്കുള്ള ചായ്‌വ്  തടയുന്നതിനായി 2019 സെപ്റ്റംബറില്‍ ഏകീകൃത കര്‍മ്മപദ്ധതി തയ്യാറാക്കുകയും വിവിധ മന്ത്രാലയങ്ങളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം 2019 ഡിസംബറില്‍ അത് അന്തിമമാക്കുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2022 സെപ്റ്റംബറില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ  ശൃംഖല തകര്‍ത്തത് ഇന്ത്യന്‍ പോലീസിന്റെ സംയുക്ത നീക്കം എത്രത്തോളം ഫലപ്രദമാകുമെന്നതിന്റെ മികച്ച ഉദാഹരണമാണ്. ഒരൊറ്റ രാത്രികൊണ്ട് 11 സംസ്ഥാനങ്ങളില്‍ ഒരേസമയം ഏകോപിപ്പിച്ച നടപടിയിലൂടെ പി.എഫ്.ഐ ശൃംഖല പൂര്‍ണ്ണമായും തകര്‍ക്കുകയും അതിന്റെ നട്ടെല്ല് ഒടിക്കുകയും ചെയ്തു. പി.എഫ്.ഐ ശൃംഖല തകര്‍ത്തതിലൂടെ ഭാവിയില്‍ രാജ്യം നേരിടേണ്ടി വന്നേക്കാവുന്ന നിരവധി ഗുരുതര പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി തടയാനായി. വരുംകാലങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടായിരുന്ന പല അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായിരുന്നു പി.എഫ്.ഐ ശൃംഖലയുടെ തകര്‍ച്ചയെന്നും അമിത് ഷാ വ്യക്തമാക്കി.
 


 
മള്‍ട്ടി ഏജന്‍സി സെന്ററിന്റെ (MAC) പ്രവര്‍ത്തനങ്ങള്‍ പുനഃസംഘടിപ്പിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. സൈബര്‍ സുരക്ഷ, ലഹരിക്കടത്ത്, സംഘടിത കുറ്റകൃത്യ ശൃംഖലകള്‍, തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ സാധ്യതയുള്ള പുതിയ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം എം.എ.സിയുടെ പരിധിയില്‍ കൊണ്ടുവന്നു. 2023ല്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് എം.എ.സിയുടെ പ്രവര്‍ത്തനരീതി പരിഷ്‌കരിച്ചു. 'നാഷണല്‍ മെമ്മറി ബാങ്ക്' സ്ഥാപിക്കുകയും കേന്ദ്രീകൃത ഡാറ്റാബേസ് രൂപീകരിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ഈ കാലയളവില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ നിയമപരമായ അധികാരങ്ങള്‍ വര്‍ദ്ധിപ്പിക്കുക മാത്രമല്ല, അതിന്റെ ദേശീയ സ്വഭാവം വിപുലീകരിക്കുകയും ചെയ്തു. ഇതിനൊപ്പം 16 പുതിയ ബ്രാഞ്ച് ഓഫീസുകളും രണ്ട് സോണല്‍ ഓഫീസുകളും അനുവദിച്ചു. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി അന്വേഷണം നടത്താന്‍ എന്‍.ഐ.എയ്ക്ക് അധികാരം നല്‍കി. ഭീകരവാദത്തെ മഹത്വവല്‍ക്കരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഭീകരരുടെ ധനസഹായം നിയന്ത്രിക്കുന്നതിനായി 25 ഇന സംയോജിത കര്‍മ്മപദ്ധതി രൂപീകരിക്കുകയും ഇത് ഫലപ്രദമായി നിരീക്ഷിച്ചുവരികയും ചെയ്യുന്നുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി.

അന്താരാഷ്ട്ര തലത്തിലുള്ള പരിചയം ലഭിക്കുന്നതിനായി എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നും രാജ്യത്തുടനീളം 70 പുതിയ എന്‍.ഐ.എ പ്രത്യേക കോടതികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രധാനപ്പെട്ട മൂന്ന് സംഘര്‍ഷ കേന്ദ്രങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കാനും പി.എഫ്.ഐ, ഷഹ്‌സാദ് ഭട്ടി തുടങ്ങിയ ശൃംഖലകള്‍ തകര്‍ക്കാനും സാധിച്ചു. വിദേശത്തുനിന്ന് പിടികിട്ടാപ്പുള്ളികളെ നാട്ടിലെത്തിക്കാന്‍ ശാസ്ത്രീയ സംവിധാനം വികസിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിര്‍ത്തി സുരക്ഷയ്ക്കായി പുതിയ സമഗ്ര സമീപനം നടപ്പിലാക്കിയതും അതിര്‍ത്തികളിലെ അനധികൃത മതനിര്‍മ്മിതികള്‍ പൂര്‍ണ്ണമായി നീക്കം ചെയ്തതും സാമ്പത്തിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി വിവിധ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തിയതും അദ്ദേഹം എടുത്തുപറഞ്ഞു. ഈ മേഖലകളിലെല്ലാം സര്‍ക്കാര്‍ ഒരേസമയം ഫലപ്രദമായി പ്രവര്‍ത്തിച്ചതായും ശ്രീ അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ഭീകരവാദത്തെ ചെറുക്കുന്നതിന് 'ഇക്കോസിസ്റ്റം' അധിഷ്ഠിത സമീപനവുമായാണ് മുന്നോട്ട് പോകുന്നതെന്നും ഈ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. നിയമപരമായ തലത്തില്‍ യു.എ.പി.എ നിയമത്തിലെ വ്യവസ്ഥകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും സ്ഥാപനതലത്തില്‍ വിവരങ്ങളുടെ ഒഴുക്ക് കൂടുതല്‍ സുഗമവും കരുത്തുറ്റതുമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പോരാട്ടത്തില്‍ വിജയം കൈവരിക്കാന്‍ നമ്മുടെ പ്രവര്‍ത്തന സംസ്‌കാരത്തിലും മാറ്റം വരുത്തേണ്ടതുണ്ട്. പ്രവര്‍ത്തന തലത്തില്‍ ഏജന്‍സികള്‍ അവയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ആധുനികവല്‍ക്കരണവും ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരവാദ ധനസഹായത്തിന്റെ മുഴുവന്‍ ശൃംഖലയെയും ലക്ഷ്യം വെക്കണം; ഇതിന് സാമ്പത്തിക അന്വേഷണ ഏജന്‍സികളുമായി മെച്ചപ്പെട്ട ഏകോപനം ആവശ്യമാണ്. ഭീകര ശൃംഖലയെ പൂര്‍ണ്ണമായും ഏകോപിതവും സമഗ്രവുമായ രീതിയില്‍ വകവരുത്താതെ  നമുക്ക് വിജയം നേടാനാകില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍, വ്യക്തമായി നിര്‍വചിക്കപ്പെട്ട ഉത്തരവാദിത്തത്തോടൊപ്പം പങ്കിട്ടതും കൂട്ടായതുമായ ലക്ഷ്യങ്ങളിലൂന്നിയുള്ള സമീപനമാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ലക്ഷ്യങ്ങള്‍ കൂട്ടായതല്ലെങ്കില്‍, അവ നേടിയെടുക്കുന്നതിനുള്ള ഉത്തരവാദിത്തം വ്യക്തമായി നിശ്ചയിച്ചിട്ടില്ലെങ്കില്‍ വിജയം കൈവരിക്കാനാകില്ല. പങ്കെടുക്കുന്ന എല്ലാവരും ഈ ദിശയില്‍ ഏകോപിത പരിശ്രമം നടത്തുമ്പോള്‍ മാത്രമേ ഈ സമ്മേളനം ഫലപ്രദവും ലക്ഷ്യാധിഷ്ഠിതവുമാക്കാന്‍ സാധിക്കൂ എന്നും അമിത് ഷാ പറഞ്ഞു.
 


 
ഭീകരവിരുദ്ധ നയത്തില്‍ മുന്‍കരുതല്‍ നടപടികള്‍ക്ക് രാജ്യത്തിന്  കൂടുതല്‍ കരുത്തുപകരേണ്ടതുണ്ടെന്നും ഘടനാപരവും പ്രവര്‍ത്തനപരവുമായ ശേഷികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ഭീകര ശൃംഖലയെ പൂര്‍ണ്ണമായും അന്വേഷണവിധേയമാക്കുകയും അവയുടെ ശേഷി തകര്‍ക്കുകയും വേണം. മുഴുവന്‍ ശൃംഖലയെയും കുറിച്ച് സമഗ്രമായി അന്വേഷിക്കുന്നതിലൂടെ പല ഭീകരാക്രമണങ്ങളും സംഭവിക്കുന്നതിന് മുന്‍പ് തന്നെ തടയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സ്‌റ്റേഷന്‍ തലത്തില്‍ ലഭിക്കുന്ന രഹസ്യവിവരങ്ങള്‍ വിവിധ തലങ്ങളിലൂടെ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറുന്നതിനും, അതിലൂടെ നടപടിയെടുക്കാന്‍ സാധിക്കുന്ന കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിനും ഒരു പ്രത്യേക സംവിധാനം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത അമിത് ഷാ ഊന്നിപ്പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ഭീകരവിരുദ്ധ സ്‌ക്വാഡുകള്‍  തങ്ങളുടെ സൈബര്‍ വിദഗ്ധ യൂണിറ്റുകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ 'ചതുഷ്‌കോണ പ്രാദേശിക സുരക്ഷാ ഗ്രിഡ്'  സ്ഥാപിക്കുന്നതിന് പ്രധാന മുന്‍ഗണന നല്‍കണമെന്നും എല്ലാ സംസ്ഥാനങ്ങളിലെയും എ.ടി.എസ്  യൂണിറ്റുകളുടെ പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു.

ചടങ്ങില്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാര്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, ഇന്റലിജന്‍സ് ബ്യൂറോ  ഡയറക്ടര്‍ ഡോ. മഹേഷ് ദീക്ഷിത്, ആഭ്യന്തര മന്ത്രാലയം ആഭ്യന്തര സുരക്ഷാ സ്‌പെഷ്യല്‍ സെക്രട്ടറി ആനന്ദ് സ്വരൂപ്, എന്‍.ഐ.എ  ഡയറക്ടര്‍ ജനറല്‍ രാകേഷ് അഗര്‍വാള്‍, വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, ഭീകരവിരുദ്ധ ഏജന്‍സി പ്രതിനിധികള്‍, നിയമംഫോറന്‍സിക് സാങ്കേതികവിദ്യ മേഖലകളിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
***

( റിലീസ് ഐ.ഡി: 2338803) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: Khasi , English , Urdu , हिन्दी , Assamese , Gujarati , Odia , Tamil , Kannada