ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ബഹുഭാഷാ നിര്‍മിതബുദ്ധി (AI), സാങ്കേതിക വിദ്യാഭ്യാസം, ഡിജിറ്റല്‍ നൈപുണ്യ വികസനം എന്നിവയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി ഡിജിറ്റല്‍ ഇന്ത്യ ഭാഷിണി (BHASHINI) വിഭാഗവും നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും (NIELIT) തമ്മില്‍ ധാരണാപത്രം (MoU) ഒപ്പുവെച്ചു

പോസ്റ്റഡ് ഓണ്‍: 19 NOV 2026 4:55PM by PIB Thiruvananthpuram
ഭാരത സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്റെ (DIC) ഡിജിറ്റല്‍ ഇന്ത്യ ഭാഷിണി വിഭാഗവും (DIBD) നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും (NIELIT) തമ്മില്‍ ധാരണാപത്രം (MoU) ഒപ്പുവെച്ചു. 'ഭാഷിണി ഫോര്‍ സേവ/സഞ്ചാലന്‍ – എ ഭാഷിണി സഹയോഗി പ്രോഗ്രാം' (BHASHINI for Seva/Sanchalan – A BHASHINI Sahayogi Programme) എന്ന പദ്ധതിയുടെ ഭാഗമായി, ബഹുഭാഷാ എഐ (AI) ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിനും, സാങ്കേതിക വിദ്യാഭ്യാസം, ഗവേഷണം, ശേഷി വികസനം എന്നിവയില്‍ സഹകരിക്കുന്നതിനുമായാണ് ധാരണാപത്രം ഒപ്പുവെച്ചത്.
 


 
ഡിജിറ്റല്‍ ഇന്ത്യ ഭാഷിണി ഡിവിഷനിലെ (DIBD) ഭാഷിണി (BHASHINI) വിഭാഗത്തിന്റെ ഇക്കോസിസ്റ്റം എന്‍ഗേജ്‌മെന്റ് മേധാവി സ്വാതി ബിഷ്ത് ചൗധരിയും, നീലിറ്റിന്റെ (NIELIT) രജിസ്ട്രാര്‍ ഡോ. എസ്. കെ. ധുരന്ധറും ചേര്‍ന്ന് ഇരു സ്ഥാപനങ്ങളിലെയും പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ധാരണാപത്രം (MoU) കൈമാറി.

ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ഭാഷാ സാഹചര്യങ്ങളില്‍ ഡിജിറ്റല്‍ വിജ്ഞാനവും നൂതന സാങ്കേതികവിദ്യകളും ശേഷി വികസന പരിപാടികളും കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സഹകരണം രൂപീകരിച്ചിരിക്കുന്നത്. ഇതിനായി, ഭാഷിണിയുടെ (BHASHINI) തദ്ദേശീയവും ബഹുഭാഷാധിഷ്ഠിതവുമായ നിര്‍മിതബുദ്ധി (AI) ആവാസവ്യവസ്ഥയും ഇലക്ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഗവേഷണം, നൈപുണ്യ വികസനം എന്നീ മേഖലകളില്‍ നീലിറ്റിനുള്ള (NIELIT) സ്ഥാപനപരമായ മികവും പ്രയോജനപ്പെടുത്തും. സാങ്കേതിക വിദ്യാഭ്യാസത്തിലും ഡിജിറ്റല്‍ പഠനത്തിലും നിലനില്‍ക്കുന്ന ഭാഷാപരമായ തടസ്സങ്ങള്‍ നീക്കുന്നതിനാണ് ഈ സംരംഭം പ്രാധാന്യം നല്‍കുന്നത്. ഇതിലൂടെ വിവിധ ഭാഷാ പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും പഠിതാക്കള്‍ക്കും സാങ്കേതിക വിജ്ഞാനം, പരിശീലനം, പഠനസാമഗ്രികള്‍ എന്നിവ അവര്‍ക്ക് സൗകര്യപ്രദമായ ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാക്കാന്‍ സാധിക്കും.
 
ധാരണാപത്രത്തിന്റെ ഭാഗമായി, നീലിറ്റിന്റെ വിദ്യാഭ്യാസ, പരിശീലന, സ്ഥാപന സംവിധാനങ്ങളിലുടനീളം ഭാഷിണിയുടെ നിര്‍മിതബുദ്ധി (AI) അധിഷ്ഠിത ഭാഷാ സാങ്കേതികവിദ്യകള്‍ സംയോജിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ഇരു സ്ഥാപനങ്ങളും സംയുക്തമായി പരിശോധിക്കും. പഠനസാമഗ്രികള്‍, സാങ്കേതിക കോഴ്‌സുകളിലെ ഉള്ളടക്കം, വിദ്യാഭ്യാസ വിഭവങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാക്കുന്നതിന് സഹകരണം ഉറപ്പാക്കും. കൂടാതെ, ഭാഷാ സാങ്കേതികവിദ്യാ പരിഹാരങ്ങളുടെ വികസനവും പ്രയോഗവും പ്രോത്സാഹിപ്പിക്കുക, വിവിധ മേഖലകള്‍ക്ക് അനുയോജ്യമായ ഭാഷാ വിഭവങ്ങള്‍ ലഭ്യമാക്കുക, നിര്‍മിതബുദ്ധി അധിഷ്ഠിത വിവര്‍ത്തനം, സംഭാഷണ സാങ്കേതികവിദ്യകള്‍ തുടങ്ങിയ ഭാഷാ സാങ്കേതിക സംവിധാനങ്ങളുടെ ഉപയോഗം വ്യാപിപ്പിക്കുക എന്നിവയ്ക്കും മുന്‍ഗണന നല്‍കും. ഇന്ത്യയുടെ തദ്ദേശീയ ഭാഷാ സാങ്കേതികവിദ്യാ ആവാസവ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഗവേഷണം, നൂതനാശയങ്ങള്‍, ഭാഷാ ഡാറ്റയുടെ സംഭാവനയും പങ്കുവയ്ക്കലും, നൈപുണ്യശേഷീ വികസന പരിപാടികള്‍ തുടങ്ങിയ മേഖലകളിലും ഇരു സ്ഥാപനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കും.

എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എല്ലാവര്‍ക്കും പ്രാപ്യവുമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ബഹുഭാഷാ നിര്‍മിതബുദ്ധി (AI) സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിലും ഈ പങ്കാളിത്തം ശ്രദ്ധ കേന്ദ്രീകരിക്കും. ഭാഷാപരമായ തടസ്സങ്ങളില്ലാതെ പുതിയ സാങ്കേതികവിദ്യകളെയും സാങ്കേതിക വിഷയങ്ങളെയും അടുത്തറിയാനും അവയില്‍ പ്രാവീണ്യം നേടാനും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിശീലകര്‍ക്കും ഗവേഷകര്‍ക്കും ഇതിലൂടെ അവസരമൊരുങ്ങും. ബഹുഭാഷാ വിദ്യാഭ്യാസ ഉള്ളടക്കങ്ങളും നിര്‍മിതബുദ്ധി അധിഷ്ഠിത പഠനസഹായ സംവിധാനങ്ങളും ലഭ്യമാക്കുന്നതിലൂടെ ഡിജിറ്റല്‍ സാക്ഷരത, സാങ്കേതിക വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളുടെ പ്രചാരവും വ്യാപ്തിയും വര്‍ധിപ്പിക്കാന്‍ ഈ സഹകരണം സഹായിക്കും. അതോടൊപ്പം, ഇന്ത്യയുടെ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യാ ആവാസവ്യവസ്ഥയില്‍ കൂടുതല്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഇത് വഴിയൊരുക്കും.

'സേവ/സഞ്ചാലന്‍' (Seva/Sanchalan) പദ്ധതിയുടെ ഭാഗമായി, ഭാഷിണി (BHASHINI) പ്ലാറ്റ്‌ഫോമിലൂടെ സ്ഥാപനതലത്തിലുള്ള സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ലഭ്യമാക്കുന്നതില്‍ ബഹുഭാഷാ നിര്‍മിതബുദ്ധി (Multilingual AI) വഹിക്കുന്ന പങ്ക് ഈ സഹകരണം വ്യക്തമാക്കും. സാങ്കേതികവിദ്യാധിഷ്ഠിത പഠനസൗകര്യങ്ങളും പൊതുജനങ്ങള്‍ക്കായുള്ള ഡിജിറ്റല്‍ സേവനങ്ങളും പൗരന്മാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ഭാഷകളില്‍ ലളിതമായും സുഗമമായും ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. കൂടാതെ, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഗവേഷകര്‍, സാങ്കേതിക വിദഗ്ധര്‍, ബന്ധപ്പെട്ട മറ്റ് പങ്കാളികള്‍ എന്നിവര്‍ക്കിടയില്‍ ബഹുഭാഷാ നിര്‍മിതബുദ്ധിയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും, ഈ സാങ്കേതികവിദ്യയുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനും പ്രായോഗിക ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഈ പങ്കാളിത്തം സഹായകമാകും.

ഇന്ത്യയുടെ ഭാഷാ സാങ്കേതികവിദ്യാ ആവാസവ്യവസ്ഥയും സാങ്കേതിക വിദ്യാഭ്യാസ നൈപുണ്യ വികസന സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ പങ്കാളിത്തം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹുഭാഷാ നിര്‍മിതബുദ്ധി (AI) മേഖലയില്‍ നൂതനാശയങ്ങള്‍ക്കും ഗവേഷണത്തിനും പ്രോത്സാഹനം നല്‍കുന്നതിനൊപ്പം, ഡിജിറ്റല്‍ പഠനത്തിനുള്ള അവസരങ്ങളും നൈപുണ്യശേഷി വികസനത്തിനുള്ള സാധ്യതകളും വിപുലീകരിക്കാനും ഈ സംരംഭം വഴിയൊരുക്കും. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ ശാക്തീകരിക്കപ്പെട്ടതുമായ ഒരു വിജ്ഞാനാധിഷ്ഠിത രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന ഭാരത സര്‍ക്കാരിന്റെ ദര്‍ശനത്തിന് കരുത്തുപകരുന്നതാണ് ഈ സഹകരണം. ഒപ്പം, 'വികസിത് ഭാരത് 2047' എന്ന ദേശീയ ലക്ഷ്യസാക്ഷാത്കാരത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായും ഇത് മാറും.

'സാങ്കേതിക വിദ്യാഭ്യാസം, ഗവേഷണം, നൈപുണ്യ വികസനം എന്നീ മേഖലകളില്‍ ഇന്ത്യയുടെ ഭാഷാ നിര്‍മിതബുദ്ധി (AI) ശേഷിയും സ്ഥാപനപരമായ മികവും സമന്വയിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഭാഷിണിയും (BHASHINI) നീലിറ്റും (NIELIT) തമ്മിലുള്ള ഈ സഹകരണമെന്ന് ഡിജിറ്റല്‍ ഇന്ത്യ ഭാഷിണി ഡിവിഷനിലെ ഇക്കോസിസ്റ്റം എന്‍ഗേജ്‌മെന്റ് മേധാവി ശ്രീമതി സ്വാതി ബിഷ്ത് ചൗധരി പറഞ്ഞു. ബഹുഭാഷാ നിര്‍മിതബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി നൂതന സാങ്കേതികവിദ്യകള്‍, ഡിജിറ്റല്‍ വിജ്ഞാനം, ശേഷി വികസനത്തിനുള്ള അവസരങ്ങള്‍ എന്നിവ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും അവ എല്ലാവര്‍ക്കും പ്രാപ്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാക്കാനും അതുവഴി നൂതനാശയങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി ഇന്ത്യയുടെ തദ്ദേശീയ സാങ്കേതികവിദ്യാ ആവാസവ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ടതും ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ സജ്ജവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനും 'വികസിത് ഭാരത് 2047' എന്ന ദര്‍ശനം സാക്ഷാത്കരിക്കുന്നതിനുമുള്ള ഇരു സ്ഥാപനങ്ങളുടെയും സമാന പ്രതിബദ്ധതയാണ് ഈ പങ്കാളിത്തത്തിലൂടെ കൂടുതല്‍ ശക്തിപ്പെടുന്നത്. ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഭാഷ ഒരു തടസ്സമല്ല, മറിച്ച് പുതിയ അവസരങ്ങളിലേക്കുള്ള വാതായനമാകണം.'

ഡിജിറ്റല്‍ ഇന്ത്യ ഭാഷിണി ഡിവിഷനെ (DIBD) സംബന്ധിച്ച്

നിര്‍മിതബുദ്ധി (AI) അധിഷ്ഠിത ബഹുഭാഷാ ഡിജിറ്റല്‍ സര്‍വാശ്ലേഷിത്വം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഇന്ത്യയുടെ ദേശീയ സംരംഭമാണ് ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്റെ (DIC) ഡിജിറ്റല്‍ ഇന്ത്യ ഭാഷിണി വിഭാഗം (DIBD) നാഷണല്‍ ഹബ് ഫോര്‍ ലാംഗ്വേജ് ടെക്‌നോളജി (NHLT) മുഖേന 800ലധികം സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് ഭാഷിണി സാങ്കേതിക പിന്തുണ നല്‍കുന്നു. ഇതുവരെ 11 ബില്യണിലധികം AI ഇന്‍ഫറന്‍സ് സാധ്യമാക്കിയ ഭാഷിണി, പ്രതിദിനം 24 ദശലക്ഷത്തിലധികം AI ഇന്‍ഫറന്‍സ് പ്രോസസ്സ് ചെയ്യുന്നു. കൂടാതെ, 36 ഇന്ത്യന്‍ ഭാഷകളിലെ ടെക്സ്റ്റ് സേവനങ്ങള്‍, 23 ഇന്ത്യന്‍ ഭാഷകളിലെ ശബ്ദ സേവനങ്ങള്‍, 35 അന്താരാഷ്ട്ര ഭാഷകള്‍ എന്നിവയ്ക്കും പിന്തുണ നല്‍കുന്നു. ഇന്ത്യയുടെ ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍ (DPI) ശക്തിപ്പെടുത്തുന്നതിനൊപ്പം ഗവേഷണം, സ്വതന്ത്ര നൂതനാശയങ്ങള്‍, ഡാറ്റാസെറ്റുകളുടെ വികസനം, സ്റ്റാര്‍ട്ടപ്പുകളുടെ പ്രോത്സാഹനം, അക്കാദമിക സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവയിലൂടെ ബഹുഭാഷാ നിര്‍മിതബുദ്ധി സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കും ഡിജിറ്റല്‍ ഇന്ത്യ ഭാഷിണി വിഭാഗം നേതൃത്വം നല്‍കുന്നു.
 
***

( റിലീസ് ഐ.ഡി: 2338762) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil