പോസ്റ്റഡ് ഓണ്‍:
17 NOV 2026 4:02PM by PIB Thiruvananthpuram
മനിലയിൽ നടക്കുന്ന 23-ാമത് ഇന്ത്യ-ആസിയാൻ ഉച്ചകോടിയുടെയും 21-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയുടെയും ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 നവംബർ 17-ന് തായ്‌ലൻഡ് പ്രധാനമന്ത്രി ആദരണീയനായ ശ്രീ അനുതിൻ ചാൺവിരാകുലുമായി കൂടിക്കാഴ്ച നടത്തി.
2025 ഏപ്രിലിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ തായ്‌ലൻഡ് സന്ദർശന വേളയിൽ തന്ത്രപ്രധാന പങ്കാളിത്തമായി ഉയർത്തപ്പെട്ട ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി അവലോകനം ചെയ്യുന്നതിന് ഈ കൂടിക്കാഴ്ച അവസരമൊരുക്കി. വ്യാപാരവും നിക്ഷേപവും, പ്രതിരോധവും സുരക്ഷയും, കണക്റ്റിവിറ്റി, ഡിജിറ്റൽ സാങ്കേതികവിദ്യകളും ഫിൻടെക്കും, സംസ്കാരം, വിനോദസഞ്ചാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ബിംസ്റ്റെക് (BIMSTEC), ഐ.ഒ.ആർ.എ (IORA), മെകോങ് ഗംഗാ സഹകരണം, ആസിയാൻ നേതൃത്വത്തിലുള്ള സംവിധാനങ്ങൾ തുടങ്ങിയ പ്രാദേശിക വേദികളിൽ അടുത്ത് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും അവർ അടിവരയിട്ടു പറഞ്ഞു. പരസ്പര പ്രാധാന്യമുള്ള വിവിധ പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ ഇരു നേതാക്കളും കാഴ്ചപ്പാടുകൾ കൈമാറുകയും തങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു.
പൊതുവായ നാഗരികവും സാംസ്കാരികവുമായ പൈതൃകം, ജനങ്ങൾ തമ്മിലുള്ള ബന്ധം, പരസ്പര വിശ്വാസം എന്നിവയിൽ അധിഷ്ഠിതമായ, കാലം തെളിയിച്ച സൗഹൃദമാണ് ഇന്ത്യയും തായ്‌ലൻഡും പങ്കിടുന്നത്. ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയത്തിന്റെയും ആസിയാനുമായുള്ള നമ്മുടെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന്റെയും ചട്ടക്കൂടിൽ തായ്‌ലൻഡ് ഒരു പ്രധാന പങ്കാളിയാണ്.
***
-SK-