പോസ്റ്റഡ് ഓണ്:
15 NOV 2026 2:13PM by PIB Thiruvananthpuram
കഴിഞ്ഞ പത്ത് വർഷത്തിനിടെ, ആരോഗ്യപരിപാലനം താങ്ങാനാവുന്നതാക്കുന്നതിലും ആരോഗ്യച്ചെലവുകൾ മൂലമുള്ള കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിലും ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. ഈ കാലയളവിൽ ഗവണ്മെൻ്റിൻ്റെ ആരോഗ്യച്ചെലവ് മൂന്നിരട്ടിയായി വർധിച്ചപ്പോൾ, കുടുംബങ്ങൾ സ്വയം വഹിക്കേണ്ടിവരുന്ന ചെലവ് വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായി.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട 2023–24 വർഷത്തെ ഇന്ത്യയുടെ ദേശീയ ആരോഗ്യ അക്കൗണ്ട്സ് (എൻ.എച്ച്.എ) റിപ്പോർട്ട് രാജ്യത്തെ ആരോഗ്യപരിപാലന ധനസഹായ മേഖലയിൽ കഴിഞ്ഞ ദശകത്തിലുണ്ടായ സുപ്രധാന പരിവർത്തനങ്ങൾ എടുത്തുകാണിക്കുന്നു. 2013–14 മുതൽ 2023–24 വരെയുള്ള കാലയളവിൽ ഗവണ്മെൻ്റിൻ്റെ ആരോഗ്യച്ചെലവ് ഏകദേശം 1.30 ലക്ഷം കോടി രൂപയിൽ നിന്ന് 4.14 ലക്ഷം കോടി രൂപയായി വർധിച്ചു. ഇതോടൊപ്പം, ആകെ ആരോഗ്യച്ചെലവിൽ വ്യക്തികൾ സ്വന്തം പോക്കറ്റിൽ നിന്ന് നേരിട്ട് വഹിക്കേണ്ടിവരുന്ന ചെലവിൻ്റെ വിഹിതം 64.2 ശതമാനത്തിൽ നിന്ന് 42.7 ശതമാനമായി കുറഞ്ഞു.
പൊതുജനാരോഗ്യ മേഖലയിലെ ഗവണ്മെൻ്റ് നിക്ഷേപം വർധിക്കുകയും കുടുംബങ്ങൾ സ്വന്തം പോക്കറ്റിൽ നിന്ന് നേരിട്ട് വഹിക്കേണ്ടിവരുന്ന ആരോഗ്യച്ചെലവിൻ്റെ വിഹിതം കുറയുകയും ചെയ്യുന്നത്, എല്ലാവർക്കും പ്രാപ്യവും താങ്ങാനാവുന്നതും സാമ്പത്തിക സുരക്ഷ ഉറപ്പ് നൽകുകയും ചെയ്യുന്ന ആരോഗ്യസംവിധാനം കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യ കൈവരിച്ച പുരോഗതിയുടെ സൂചനയാണ്.
പൊതുജനാരോഗ്യ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുക, സമഗ്രമായ പ്രാഥമിക ആരോഗ്യപരിചരണം ഉറപ്പാക്കുക, ആരോഗ്യരംഗത്തെ സാമ്പത്തിക സുരക്ഷ വിപുലീകരിക്കുക, അവശ്യ മരുന്നുകളുടെയും രോഗനിർണയ സൗകര്യങ്ങളുടെയും ലഭ്യത മെച്ചപ്പെടുത്തുക, ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവണ്മെൻ്റ് നടപ്പാക്കിവരുന്ന നിരന്തരമായ ഇടപെടലുകളുടെയും പ്രവർത്തനങ്ങളുടെയും പ്രതിഫലനമാണ് ഈ കണ്ടെത്തലുകളിലൂടെ വ്യക്തമാകുന്നത്.
കുടുംബങ്ങൾ സ്വയം വഹിക്കേണ്ടിവരുന്ന ആരോഗ്യച്ചെലവ് വിഹിതത്തിൽ 21.5 ശതമാനത്തിൻ്റെ കുറവ്
ഇന്ത്യയുടെ ആകെ ആരോഗ്യപരിപാലന ചെലവിൽ വ്യക്തികൾ സ്വന്തം പോക്കറ്റിൽ നിന്ന് നേരിട്ട് വഹിക്കേണ്ടിവരുന്ന ചെലവിൻ്റെ വിഹിതം ഗണ്യമായി കുറഞ്ഞുവെന്നത് ദേശീയ ആരോഗ്യ അക്കൗണ്ട്സ് 2023–24 റിപ്പോർട്ടിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തലുകളിലൊന്നാണ്.
2013–14-ൽ 64.2 ശതമാനമായിരുന്ന കുടുംബങ്ങളുടെ നേരിട്ടുള്ള ആരോഗ്യച്ചെലവിൻ്റെ വിഹിതം 2023–24-ൽ 42.7 ശതമാനമായി കുറഞ്ഞു. 21.5 ശതമാനത്തിൻ്റെ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്.

ആരോഗ്യപരിപാലന ധനസഹായ സംവിധാനത്തിൽ ഉണ്ടായ സുപ്രധാനവും ഘടനാപരവുമായ മാറ്റത്തെയാണ് പ്രസ്തുത കണക്കുകൾ പ്രതിഫലിപ്പിക്കുന്നത്. ആകെ ആരോഗ്യച്ചെലവിൽ കുടുംബങ്ങൾ സ്വയം വഹിക്കേണ്ടിവരുന്ന വിഹിതം ഗണ്യമായി കുറഞ്ഞുവരുന്നതിൻ്റെ വ്യക്തമായ സൂചനയാണിത്.
കുറയുന്ന ഈ പ്രവണത ഏറ്റവും പുതിയ വാർഷിക കണക്കുകളിലും തുടർന്നു. 2022–23-ൽ 43.4 ശതമാനമായിരുന്ന കുടുംബങ്ങളുടെ നേരിട്ടുള്ള ആരോഗ്യച്ചെലവിൻ്റെ വിഹിതം 2023–24-ൽ 42.7 ശതമാനമായി കുറഞ്ഞു.
കുടുംബങ്ങളുടെ നേരിട്ടുള്ള ആരോഗ്യച്ചെലവിൽ തുടർച്ചയായ ഈ ഇടിവ്, ഗവണ്മെൻ്റ് പിന്തുണയോടെയുള്ള ആരോഗ്യസേവനങ്ങളുടെയും സാമ്പത്തിക സംരക്ഷണ സംവിധാനങ്ങളുടെയും വർധിച്ചുവരുന്ന പങ്കിനെ സൂചിപ്പിക്കുന്നു. സൗജന്യവും താങ്ങാനാവുന്നതുമായ ചികിത്സാ സൗകര്യങ്ങളും അവശ്യ മരുന്നുകൾ, രോഗനിർണയ പരിശോധനകൾ, ആശുപത്രി സേവനങ്ങൾ എന്നിവ കൂടുതൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള ഗവണ്മെൻ്റ് ഇടപെടലുകളും ആരോഗ്യപരിചരണത്തിനായി കുടുംബങ്ങൾ സ്വന്തം പോക്കറ്റിൽ നിന്ന് ചെലവഴിക്കേണ്ടിവരുന്ന തുക കുറയ്ക്കാൻ സഹായിക്കുന്നു.
ഗവണ്മെൻ്റിൻ്റെ ആരോഗ്യ ചെലവ് മൂന്നിരട്ടിയായി വർധിച്ച് 4.14 ലക്ഷം കോടി രൂപയിലെത്തി
ഈ കാലയളവിൽ ആരോഗ്യമേഖലയിലെ ഇന്ത്യയുടെ പൊതുനിക്ഷേപത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്.
ഗവണ്മെൻ്റിൻ്റെ ആരോഗ്യ ചെലവ് 2013-14-ൽ 1,29,778 കോടി രൂപയായിരുന്നത് 2023-24-ൽ 4,14,196 കോടി രൂപയായി ഉയർന്നു; അതായത്, ഇതിൽ മൂന്നിരട്ടി വർധനവാണുണ്ടായത്.
2013-14 മുതൽ 2023-24 വരെയുള്ള ദശകത്തിൽ, മൊത്തം ആരോഗ്യ ചെലവിൽ ഗവണ്മെൻ്റിൻ്റെ വിഹിതം ഏകദേശം 52 ശതമാനം വർധിച്ചു; ഇത് 14.9 ശതമാനത്തിൻ്റെ വർധനവിനെ സൂചിപ്പിക്കുന്നു.
വർധിച്ചുവരുന്ന ഈ പങ്കാളിത്തം രാജ്യത്തെ ആരോഗ്യപരിപാലന ധനസഹായ രീതിയിലുള്ള വലിയ പരിവർത്തനത്തെയാണ് അടയാളപ്പെടുത്തുന്നത്. ആരോഗ്യ ചെലവുകൾ കണ്ടെത്തുന്നതിൽ പൊതുവിഭവങ്ങൾ വലിയ പങ്ക് വഹിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.
ഗവണ്മെൻ്റിൻ്റെ ആരോഗ്യ ചെലവിലുണ്ടായ ഈ വർധനവിനൊപ്പം, കുടുംബങ്ങൾ സ്വന്തം കൈയിൽ നിന്ന് ചെലവഴിക്കുന്ന തുകയുടെ വിഹിതത്തിലും കുറവുണ്ടായിട്ടുണ്ട്. ആരോഗ്യപരിപാലനം താങ്ങാനാവുന്നതാക്കി മാറ്റുന്നതിൽ, തുടർച്ചയായ പൊതുനിക്ഷേപത്തിനുള്ള പ്രാധാന്യത്തെയാണ് ഇത് എടുത്തു കാണിക്കുന്നത്.
പ്രതിശീർഷ പൊതു ആരോഗ്യ സംരക്ഷണ ചെലവ് ഏകദേശം മൂന്നിരട്ടിയായി വർധിച്ചു
പ്രതിശീർഷ പൊതു ആരോഗ്യ സംരക്ഷണ ചെലവിൽ ഗണ്യമായ വർധനവുണ്ടായതായി ദേശീയ ആരോഗ്യ അക്കൗണ്ട്സ് കണക്കുകൾ സൂചിപ്പിക്കുന്നു.
പ്രതിശീർഷ ഗവണ്മെൻ്റ് ആരോഗ്യ ചെലവ് 2013-14-ൽ 1,042 രൂപയായിരുന്നത് 2023-24-ൽ 2,959 രൂപയായി വർധിച്ചു; അതായത് ഏകദേശം 2.8 മടങ്ങ് വർധനവ്.
ഈ വർധനവ്, പ്രതിശീർഷ ഗവണ്മെൻ്റ് ആരോഗ്യച്ചെലവിൽ ഉണ്ടായ ഗണ്യമായ വർധനവിനൊപ്പം, പൊതുജനാരോഗ്യ മേഖലയിലെ ധനവിനിയോഗം കാലക്രമേണ കൂടുതൽ വിപുലീകരിക്കപ്പെട്ടതിൻ്റെയും ആരോഗ്യപരിപാലനത്തിനുള്ള ഗവണ്മെൻ്റിൻ്റെ സാമ്പത്തിക പിന്തുണ ശക്തിപ്പെട്ടതിൻ്റെയും വ്യക്തമായ സൂചനയാണ്.
പ്രാഥമിക ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് വമ്പിച്ച പ്രോത്സാഹനം; ഗവണ്മെൻ്റ് ചെലവ് 1.53 ലക്ഷം കോടി രൂപയിലെത്തി
ഇന്ത്യയുടെ ആരോഗ്യ പരിഷ്കരണ നടപടികളിൽ, പ്രാഥമിക ആരോഗ്യ സംരക്ഷണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് മുന്തിയ പരിഗണനയാണ് നൽകിവരുന്നത്.
2023-24 വർഷത്തെ ദേശീയ ആരോഗ്യ അക്കൗണ്ട്സ് കണക്കുകൾ പ്രകാരം, പ്രാഥമിക ആരോഗ്യ സംരക്ഷണ മേഖലയിൽ ഗവണ്മെൻ്റ് ചെലവഴിച്ചത് ഏകദേശം 1.53 ലക്ഷം കോടി രൂപയാണ്. അവശ്യ ആരോഗ്യ സേവനങ്ങളിലും സാമൂഹിക ആരോഗ്യ പരിപാലനത്തിലും ഗവണ്മെൻ്റ് നടത്തുന്ന വലിയ നിക്ഷേപത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

'ആയുഷ്മാൻ ആരോഗ്യ മന്ദിര'ങ്ങളുടെ വിപുലീകരണത്തിൻ്റെ പശ്ചാത്തലത്തിൽ ഈ നിക്ഷേപം ഏറെ പ്രാധാന്യമർഹിക്കുന്നു. സമഗ്രവും ഗുണമേന്മയുള്ളതുമായ പ്രാഥമിക ആരോഗ്യസേവനങ്ങൾ കൂടുതൽ ജനങ്ങൾക്ക് സുഗമമായി ലഭ്യമാക്കുന്നതിന് ഈ നടപടികൾ സഹായകമാണ്.
രോഗ പ്രതിരോധം, ആരോഗ്യ പ്രോത്സാഹനം, സംക്രമികേതര രോഗങ്ങൾക്കുള്ള പരിശോധനകൾ, അവശ്യ മരുന്നുകൾ, രോഗനിർണയ സൗകര്യങ്ങൾ തുടങ്ങിയ പ്രാഥമിക ആരോഗ്യ സേവനങ്ങളെല്ലാം ഇവിടെ ലഭ്യമാണ്.
പ്രാഥമിക ആരോഗ്യ സംരക്ഷണത്തെ ശക്തിപ്പെടുത്തുന്നതിലൂടെ, രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും, രോഗങ്ങൾ വരാതെ തടയുന്നതിനും, പ്രാദേശിക തലത്തിൽ എല്ലാവർക്കും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഊന്നൽ നൽകുന്ന, കൂടുതൽ സമഗ്രമായ ഒരു ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കാൻ സാധിക്കുന്നു.
ശക്തിപ്പെടുന്ന സാമൂഹിക സുരക്ഷാ ധനസഹായം; വിഹിതം 11 ശതമാനമായി ഉയർന്നു
ആരോഗ്യ സംരക്ഷണത്തിനായുള്ള സാമൂഹിക സുരക്ഷാ ധനസഹായത്തിൽ ഗണ്യമായ വളർച്ചയുണ്ടായതായി ദേശീയ ആരോഗ്യ അക്കൗണ്ട്സ് കണക്കുകൾ വ്യക്തമാക്കുന്നു. സാമ്പത്തിക സുരക്ഷയോടെയുള്ള ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിലും ഈ ധനസഹായം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
ആരോഗ്യ മേഖലയിലെ സാമൂഹിക സുരക്ഷാ ചെലവ്, 2013-14-ൽ മൊത്തം ആരോഗ്യ ചെലവിൻ്റെ 6 ശതമാനമായിരുന്നത് 2023-24-ൽ 11 ശതമാനമായി വർധിച്ചു; അതായത് 5 ശതമാനത്തിൻ്റെ വർധനവ്.
'ആയുഷ്മാൻ ഭാരത് - പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന' (AB PM-JAY) പോലുള്ള ഗവണ്മെൻ്റ് ധനസഹായത്തോടെയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ, സംസ്ഥാനതല ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ, സാമൂഹിക ആരോഗ്യ ഇൻഷുറൻസ്, ഗവണ്മെൻ്റ് ജീവനക്കാർക്കുള്ള ചികിത്സാ ചെലവുകൾ എന്നിവ ഉൾപ്പെടെയുള്ള സംഘടിത സാമ്പത്തിക സുരക്ഷാ സംവിധാനങ്ങളുടെ വിപുലമായ പങ്കാളിത്തമാണ് ഈ വർധനവിലൂടെ പ്രതിഫലിക്കുന്നത്.
ചികിത്സയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് വ്യക്തികളെയും കുടുംബങ്ങളെയും സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നു എന്നതിനാൽ, സാമൂഹിക സുരക്ഷാ ധനസഹായത്തിലുണ്ടായ വർധനവ് വളരെ പ്രധാനമാണ്.
2013-14-ൽ മൊത്തം ആരോഗ്യ ചെലവിൻ്റെ 3.4 ശതമാനമായിരുന്ന സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് ചെലവ് 2023-24-ൽ 10.2 ശതമാനമായി ഉയർന്നു. രാജ്യത്തുടനീളം ആരോഗ്യ ഇൻഷുറൻസ് വർധിച്ചുവരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിനൊപ്പം ഗവണ്മെൻ്റ് ആരോഗ്യ ചെലവിലുണ്ടായ വർധനവും കൂടി ചേരുമ്പോൾ, പൊതുജനങ്ങൾക്ക് മികച്ച സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു.
താങ്ങാനാവുന്ന ആരോഗ്യപരിചരണം വിപുലമാക്കുന്ന ഗവണ്മെൻ്റിൻ്റെ സുപ്രധാന പദ്ധതികൾ
ആരോഗ്യമേഖലയിലെ ധനസഹായം മെച്ചപ്പെടുത്തുന്നതിനൊപ്പം, ആരോഗ്യപരിചരണം കൂടുതൽ പ്രാപ്യവും താങ്ങാനാവുന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി സുപ്രധാന പദ്ധതികളും രാജ്യം നടപ്പിലാക്കിവരുന്നു.
സൗജന്യ മരുന്ന്-രോഗനിർണയ പദ്ധതികൾ, പ്രധാനമന്ത്രി ദേശീയ ഡയാലിസിസ് പ്രോഗ്രാം, പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന, 'അമൃത്' (താങ്ങാനാവുന്ന മരുന്നുകളും ചികിത്സയ്ക്കുള്ള വിശ്വസനീയമായ ഇംപ്ലാൻ്റുകളും) ഫാർമസികൾ എന്നിവയിലൂടെ, അവശ്യ ആരോഗ്യ സേവനങ്ങളും മരുന്നുകളും വൈദ്യോപകരണങ്ങളും കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നു.
ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങൾ മുഖേന സമഗ്രമായ പ്രാഥമിക ആരോഗ്യ സേവനങ്ങൾ ജനങ്ങളുടെ വീടുകൾക്ക് സമീപം ലഭ്യമാക്കുന്നു. ആയുഷ്മാൻ ഭാരത് - പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന മുഖേന, അർഹരായ ഗുണഭോക്താക്കൾക്ക് പണം നൽകാതെ തന്നെ ആശുപത്രി ചികിത്സ നേടാനുള്ള സൗകര്യം ഒരുക്കി, സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു.
ഇതിനുപുറമെ, നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.
പൊതുമേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുക, ചികിത്സാച്ചെലവ് കുറയ്ക്കുക, പ്രാഥമിക ആരോഗ്യ സേവനങ്ങൾ വിപുലീകരിക്കുക, സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക എന്നിങ്ങനെ സമഗ്രമായ സമീപനമാണ് ഈ പദ്ധതികളിലൂടെ നടപ്പിലാക്കുന്നത്.
ഇന്ത്യയിലെ ആരോഗ്യപരിപാലന ധനസഹായ രംഗത്ത് പരിവർത്തനത്തിൻ്റെ ഒരു ദശകം
ദേശീയ ആരോഗ്യ അക്കൗണ്ട്സ് 2023–24 കണക്കുകൾ, ഇന്ത്യയിലെ ആരോഗ്യപരിപാലന ധനസഹായ രംഗത്തുണ്ടായിട്ടുള്ള മാറ്റങ്ങളെക്കുറിച്ചുള്ള ശുഭോദർക്കമായ ചിത്രം വരച്ചുകാട്ടുന്നു.
2013-14 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, ഗവണ്മെൻ്റ് ആരോഗ്യ ചെലവുകളിൽ മൂന്നിരട്ടി വർധനവാണ് രാജ്യത്തുണ്ടായിരിക്കുന്നത്. മൊത്തം ആരോഗ്യ ചെലവുകളിൽ ഗവണ്മെൻ്റിൻ്റെ വിഹിതം ഗണ്യമായി വർധിക്കുകയും, കുടുംബങ്ങൾ നേരിട്ട് വഹിക്കുന്ന ചെലവിൻ്റെ വിഹിതത്തിൽ വലിയ കുറവുണ്ടാകുകയും ചെയ്തു. കൂടാതെ, സാമൂഹിക സുരക്ഷാ ധനസഹായ സംവിധാനങ്ങളും ഗണ്യമായി വിപുലീകരിച്ചു.
ആരോഗ്യപരിപാലന ചെലവുകൾ വഹിക്കുന്നതിൽ പൊതുമേഖലയും കുടുംബങ്ങളും തമ്മിലുള്ള അനുപാതത്തിലുണ്ടായ മാറ്റമാണ് ഇതിലെ പ്രധാനപ്പെട്ട മുന്നേറ്റം. മൊത്തം ആരോഗ്യ ചെലവുകളുടെ വലിയൊരു ഭാഗം ഇപ്പോൾ ഗവണ്മെൻ്റ് വിഭവങ്ങളിൽ നിന്നാണ് കണ്ടെത്തുന്നത്; കുടുംബങ്ങൾ നേരിട്ട് വഹിക്കുന്ന ചെലവിൻ്റെ വിഹിതം ഗണ്യമായി കുറയുകയും ചെയ്തു.
ഈ പ്രവണതകൾ സാർവത്രിക ആരോഗ്യ പരിരക്ഷ എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്. ചെലവ് കുറഞ്ഞതും, നീതിയുക്തവും, എല്ലാവർക്കും പ്രാപ്യവുമായ ഒരു ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കുന്നതിൽ ഗവണ്മെൻ്റിനുള്ള നിരന്തര പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നത്.
ദേശീയ ആരോഗ്യ അക്കൗണ്ട്സ് 2023–24-നെ സംബന്ധിച്ച്
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെൻ്ററിൻ്റെ (NHSRC) ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന നാഷണൽ ഹെൽത്ത് അക്കൗണ്ട്സ് ടെക്നിക്കൽ സെക്രട്ടേറിയറ്റ് (NHATS) തയ്യാറാക്കിയ ഇന്ത്യയുടെ പതിനൊന്നാമത് ദേശീയ ആരോഗ്യ അക്കൗണ്ട്സ് കണക്കുകളാണിവ.
അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട 'സിസ്റ്റം ഓഫ് ഹെൽത്ത് അക്കൗണ്ട്സ് 2011' എന്ന ചട്ടക്കൂട് പ്രകാരമാണ് കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്.
2023–24 വർഷത്തെ NHA കണക്കുകൾ https://nhsrcindia.org/national-health-accounts-records എന്ന ലിങ്കിൽ ലഭ്യമാണ്.
***