“സീമാതീതമായ കഥകൾ” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.എഫ്.എഫ്.ഐ), അഭിമാനപൂർവം റഷ്യയെ അതിൻ്റെ പങ്കാളി രാജ്യമായി അവതരിപ്പിക്കുന്നു. 2026 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന മേള, സമകാലിക റഷ്യൻ സംവിധായകരുടെ സിനിമാ സങ്കൽപ്പങ്ങൾ, പ്രശസ്തമായ സോവിയറ്റ് സംഗീത ക്ലാസിക്ക് എന്നിവയടങ്ങുന്ന പ്രത്യേകം തിരഞ്ഞെടുത്ത നാല് സിനിമകൾ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യ-റഷ്യ സാംസ്കാരിക നയതന്ത്രത്തിൻ്റെ ദീർഘകാല ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നു.
റഷ്യ വിഭാഗത്തിൽ പുതുതലമുറയിലെ സംവിധായകരുടെ സൃഷ്ടികൾക്കൊപ്പം, ആക്ഷേപഹാസ്യ ഓപ്പറ വിഭാഗത്തിലെ ഒരു മികച്ച സൃഷ്ടിയും ഉൾപ്പെടുത്തി. റഷ്യൻ ചലച്ചിത്രരംഗത്തിൻ്റെ വൈകാരിക വ്യാപ്തിയും ശൈലീപരമായ ധീരതയും പ്രമേയപരമായ ആഴവും ഈ ചിത്രങ്ങൾ പ്രതിഫലിപ്പിക്കുന്നു. കുടുംബബന്ധങ്ങളിലെ വിള്ളലുകൾ, സാമൂഹിക അന്യവൽക്കരണം, വ്യക്തിപരമായ വീണ്ടെടുപ്പ് എന്നിവയുടെ ആത്മബന്ധമുള്ള അന്വേഷണങ്ങളിൽ നിന്ന് തുടങ്ങി, ഷോസ്റ്റകോവിച്ചിൻ്റെ സംഗീതം പശ്ചാത്തലമാകുന്ന നഗരജീവിതത്തിലെ ഉല്ലാസഭരിതമായ ആക്ഷേപഹാസ്യത്തിലേക്ക് വരെ നീളുന്ന ഈ പ്രദർശനം, മേളയിലെ പ്രതിനിധികൾക്കും ചലച്ചിത്രാസ്വാദകർക്കും മനുഷ്യാവസ്ഥ സംബന്ധിച്ച ആഴത്തിലുള്ള ഒരു ചലച്ചിത്രയാത്ര സമ്മാനിക്കും.

ബോ ബോ
അനസ്താസിയ കുസിനയുടെ ബോ ബോ (98 മിനിറ്റ്), 57-ാമത് ഐ.എഫ്.എഫ്.ഐയിലൂടെ ഇന്ത്യയിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന ചിത്രമാണ്. വ്യക്തിത്വം, സ്വീകാര്യത, മുൻവിധി എന്നിവയെ ആസ്പദമാക്കിയുള്ള ഹൃദയസ്പർശിയായ ഗ്രാമീണ കഥയാണിത്. മുഖത്തെ ഹീമാംജിയോമ (ചുവന്ന മറുക്) കാരണം പരിഹാസം നേരിടുന്ന നാദിയ എന്ന പെൺകുട്ടി, സംഗീതത്തിലൂടെ സ്വയം പ്രകടിപ്പിക്കാൻ നടത്തുന്ന അന്വേഷണമാണ് ചിത്രം അവതരിപ്പിക്കുന്നത്. രൂപഭാവം മാറ്റുന്നതിലല്ല, മറിച്ച് സമൂഹത്തിലെ മുൻവിധികളെ മറികടക്കുന്നതിലാണ് യഥാർത്ഥ മാറ്റം നിലനിൽക്കുന്നതെന്ന് ചിത്രം ഓർമിപ്പിക്കുന്നു.
സിഡ്നി ലൂമറ്റ്‌സ് ബർത്ഡേ

റൗൾ ഗൈദറോവിൻ്റെ സിഡ്നി ലൂമറ്റ്‌സ് ബർത്ഡേ (92 മിനിറ്റ്), വൈബോർഗ് നാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഗ്രാൻഡ് ജൂറി പുരസ്കാരം നേടിയ ചിത്രമാണ്. ഐ.എഫ്.എഫ്.ഐ 57-ലൂടെ ഇന്ത്യയിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന ഹൃദയസ്പർശിയായ ഈ കഥ, 17 വയസ്സുകാരനായ ദാറ്റോയുടെ കഥയാണ്. കുടുംബത്തിലെ സംഘർഷങ്ങൾ, ഉപേക്ഷിക്കപ്പെടൽ, ക്ഷമ എന്നിവയെ അഭിമുഖീകരിക്കുന്നത് കഥ പശ്ചാത്തലമാക്കുന്നു. തലമുറകളായി കൈമാറിയ മുറിവുകളിൽ നിന്ന് മോചനം നേടാൻ ആവശ്യമായ മാനസിക കരുത്താണ് ചിത്രം പരിശോധിക്കുന്നത്.
ന്യൂ ഹോം

നിക്കിറ്റ ഗ്രുഷിൻ്റെ ന്യൂ ഹോം (101 മിനിറ്റ്), ഐ.എഫ്.എഫ്.ഐ 2026-ൽ ആഗോള തലത്തിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന ചിത്രമാണ്. രണ്ടാമത് അവസരങ്ങളെയും വീണ്ടെടുപ്പിനെയും ആസ്പദമാക്കിയുള്ള ഹൃദയ സ്പർശിയായ കഥയാണിത്. ഏഴ് വർഷത്തെ തടവുശിക്ഷയ്ക്ക് ശേഷം, സാമൂഹിക സേവനങ്ങൾ, റോമൻ്റെ പിന്തുണ എന്നിവയുടെ സഹായത്തോടെ തൻ്റെ ജീവിതം പുനർനിർമിക്കാൻ അന്ന ശ്രമിക്കുന്നു. ശക്തമായ അഭിനയമികവോടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം, സമൂഹത്തിലേക്കുള്ള പുനഃസംയോജനം, മുറിവുകളിൽ നിന്ന് മുക്തി നേടൽ, ഒരു പുതിയ തുടക്കം കണ്ടെത്തുന്നതിനായി ഭൂതകാലത്തെ നേരിടൽ എന്നിവയിലെ വെല്ലുവിളികൾ പരിശോധിക്കുന്നു.
ചെര്യോമുഷ്കി

ഹെർബർട്ട് റാപ്പപോർട്ടിൻ്റെ ചെര്യോമുഷ്കി (91 മിനിറ്റ്), ഐ.എഫ്.എഫ്.ഐയിലൂടെ ഇന്ത്യയിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന ചിത്രമാണ്. യുദ്ധാനന്തര മോസ്കോയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ആഹ്ളാദകരമായ ഒരു സംഗീത ആക്ഷേപഹാസ്യമാണിത്. മെച്ചപ്പെട്ട വീടുകൾ സ്വപ്നം കാണുന്ന നാല് യുവ ദമ്പതികളെ കേന്ദ്രീകരിക്കുന്ന ചിത്രം, ആകർഷകമായ ഗാനങ്ങളും സജീവമായ നൃത്താവിഷ്കാരങ്ങളും നർമ്മവും സമന്വയിപ്പിച്ച് ഉദ്യോഗസ്ഥതലത്തിലെ അഴിമതിയെ തുറന്നുകാട്ടുന്നതിനൊപ്പം സമൂഹബോധവും ഐക്യദാർഢ്യവും ആഘോഷിക്കുന്നു.
പ്രത്യേകം തിരഞ്ഞെടുത്ത ഈ സിനിമകളുടെ പ്രദർശനത്തിലൂടെ, ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള 2026 ഇന്ത്യയും റഷ്യയും തമ്മിലുള്ള ദീർഘകാല സാംസ്കാരിക ബന്ധം വീണ്ടും ഉറപ്പിക്കുന്നതിനൊപ്പം, റഷ്യൻ സിനിമയുടെ വൈവിധ്യവും വികസിക്കുന്ന ആവിഷ്‌കാര രീതികളും അടുത്തറിയാനുള്ള അവസരം പ്രേക്ഷകർക്ക് നൽകുന്നു. വ്യത്യസ്ത വിഭാഗങ്ങളിലെയും വിവിധ തലമുറകളിലെയും ചലച്ചിത്ര നിർമാണത്തെ പ്രതിനിധീകരിക്കുന്ന ഈ നാല് ചിത്രങ്ങളും, ഭൂമിശാസ്ത്രപരമായ അതിർത്തികൾ മറികടക്കാനും പൊതുവായ മാനുഷിക വികാരങ്ങളിലൂടെ പരസ്പര ധാരണ വളർത്താനും ചലച്ചിത്രങ്ങൾക്കുള്ള കഴിവിനെ പ്രതിഫലിപ്പിക്കുന്നു.
57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള, 2026 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കും. “സീമാതീതമായ കഥകൾ” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മേളയിൽ രാജ്യത്തിനകത്തു നിന്നും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ചലച്ചിത്ര പ്രവർത്തകരും ചലച്ചിത്ര വ്യവസായ മേഖലയിലെ പ്രൊഫഷണലുകളും സിനിമാപ്രേമികളും ഒത്തുചേരും. ദേശീയ, അന്തർദേശീയ സിനിമകളുടെ വൈവിധ്യമാർന്ന നിര, പ്രത്യേക രാജ്യങ്ങളുടെ പ്രദർശനങ്ങൾ, പ്രീമിയറുകൾ, മത്സരവിഭാഗങ്ങൾ, വ്യവസായ മേഖലയിലെ വിവിധ പരിപാടികൾ എന്നിവയുമായി ഐ.എഫ്.എഫ്.ഐ 2026, ചലച്ചിത്ര മികവ് ആഘോഷിക്കുകയും സിനിമയിലൂടെ സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാരമ്പര്യം തുടരുന്നു.
***