ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

'കൺസെന്റ് മാനേജർ' രജിസ്ട്രേഷൻ ചട്ടക്കൂട് നിലവില്‍ വന്നു; ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടൽ കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയ സെക്രട്ടറി ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 14 NOV 2026 12:41PM by PIB Thiruvananthpuram
2023-ലെ ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ (ഡിപിഡിപി) നിയമപ്രകാരം 'കൺസെന്റ് മാനേജർമാരുടെ'  രജിസ്ട്രേഷൻ ചട്ടക്കൂട് 2026 നവംബർ 13-ന് നിലവിൽ വന്നു. നിയമം നടപ്പാക്കുന്നതിന്റെ ഈ ഘട്ടത്തില്‍  അർഹരായ കമ്പനികൾക്ക് കൺസെന്റ് മാനേജർമാരായി രജിസ്റ്റർ ചെയ്യുന്നതിനുള്ള https://dpbi.gov.in  എന്ന ഓൺലൈൻ പോർട്ടൽ കേന്ദ്ര ഇലക്ട്രോണിക്സ്  വിവരസാങ്കേതിക  മന്ത്രാലയ  സെക്രട്ടറി ശ്രീ എസ്. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
 
വ്യക്തിഗത വിവരങ്ങളുടെ ഉപയോഗത്തിന് സമ്മതം നൽകുന്ന കാര്യത്തിൽ  വിവരങ്ങളുടെ ഉടമകളായ വ്യക്തികൾക്ക് (ഡാറ്റ പ്രിൻസിപ്പൽമാര്‍) കൂടുതൽ നിയന്ത്രണം ഉറപ്പാക്കുന്ന സംവിധാനം പ്രവർത്തനക്ഷമമാക്കുന്നതിലെ സുപ്രധാന ചുവടുവെപ്പാണ് ഈ ചട്ടക്കൂട്. ഡിപിഡിപി ചട്ടക്കൂട് ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമാണിത്; കൺസെന്റ് മാനേജ്‌മെന്റ് സേവനങ്ങൾ നൽകുന്നതിന് രജിസ്ട്രേഷൻ തേടാനും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനും അർഹരായ സ്ഥാപനങ്ങള്‍ക്ക് ഇത് അവസരമൊരുക്കുന്നു.
 
കൺസെന്റ് മാനേജർമാരുടെ പങ്കും ഉത്തരവാദിത്തവും
 
ലളിതവും സുതാര്യവും പരസ്പര പ്രവർത്തനക്ഷമവുമായ പ്ലാറ്റ്‌ഫോമിലൂടെ സമ്മതം നൽകാനും നിയന്ത്രിക്കാനും അവലോകനം ചെയ്യാനും പിൻവലിക്കാനും ഡാറ്റ പ്രിൻസിപ്പൽമാരെ പ്രാപ്തരാക്കുന്ന ഡാറ്റ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനമാണ് കൺസെന്റ് മാനേജർ. ഡിജിറ്റൽ ആവാസവ്യവസ്ഥയിൽ വിശ്വാസ്യതയും ഉത്തരവാദിത്തവും ശക്തിപ്പെടുത്താനാണ് ഈ ചട്ടക്കൂട് ലക്ഷ്യമിടുന്നത്; കൺസെന്റ് മാനേജർമാർ ഡാറ്റ പ്രിൻസിപ്പൽമാരോടാണ് ഉത്തരവാദിത്തപ്പെട്ടിരിക്കുന്നത്.
 
യോഗ്യതയും രജിസ്ട്രേഷൻ പ്രക്രിയയും
 
രണ്ട് കോടി രൂപയിൽ കുറയാത്ത അറ്റ ആസ്തി ഉൾപ്പെടെ മതിയായ സാങ്കേതിക, പ്രവർത്തന, സാമ്പത്തിക ശേഷിയുള്ള ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത  കമ്പനികൾക്ക് കൺസെന്റ് മാനേജർമാരായി രജിസ്ട്രേഷന് അപേക്ഷിക്കാം. സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തപൂര്‍ണവുമായ സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ വിഭവങ്ങളും ശേഷിയും രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങൾക്കുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ വ്യവസ്ഥകൾ.
 
അർഹരായ കമ്പനികൾക്ക് രജിസ്ട്രേഷനായി പുതുതായി ആരംഭിച്ച പോർട്ടൽ വഴി ബോർഡിന് അപേക്ഷ സമർപ്പിക്കാം. നിശ്ചിത മാനദണ്ഡങ്ങൾക്കനുസൃതമായി ബോർഡ് അപേക്ഷകൾ വിലയിരുത്തുകയും യോഗ്യത നേടുന്ന കമ്പനികൾക്ക് രജിസ്ട്രേഷൻ നൽകുകയും ചെയ്യും. രജിസ്റ്റർ ചെയ്ത കൺസെന്റ് മാനേജർമാരുടെ പട്ടിക ബോർഡിന്റെ വെബ്‌സൈറ്റിൽ പൊതുജനങ്ങൾക്കായി ലഭ്യമാക്കും.
 
വ്യക്തിഗത വിവരങ്ങളുടെ ഉടമകള്‍ അഥവാ ഡാറ്റ പ്രിൻസിപ്പൽമാരുടെ അവകാശങ്ങൾ,  വിവരങ്ങൾ ശേഖരിച്ച് കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ അഥവാ ഡാറ്റ ഫിഡ്യൂഷ്യറികളുടെ ബാധ്യതകൾ, ബോർഡിന്റെ അന്വേഷണ-പിഴ നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച മറ്റ് പ്രധാന വ്യവസ്ഥകൾ 2027 മെയ് 13-ന് പ്രാബല്യത്തിൽ വരും.
 
2023-ലെ ഡിജിറ്റല്‍ വ്യക്തി വിവര സംരക്ഷണ (ഡിപിഡിപി) നിയമം, 2025-ലെ ഡിപിഡിപി ചട്ടങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മന്ത്രാലയത്തിന്റെ https://www.meity.gov.in/  എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് secretary[at]dpbi[dot]gov[dot]in  എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം.
 
കൺസെന്റ് മാനേജർ രജിസ്ട്രേഷൻ ചട്ടക്കൂടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
 
 
****

( റിലീസ് ഐ.ഡി: 2336225) സന്ദര്‍ശക കൗണ്ടര്‍ : 25
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Tamil , Telugu , Kannada