രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ പ്രതിഭാശാലികളായ വിദ്യാർത്ഥികളുമായി സംവദിച്ചു

പോസ്റ്റഡ് ഓണ്‍: 12 NOV 2026 2:56PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2026 നവംബർ 12)  ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ പ്രതിഭാശാലികളായ വിദ്യാർത്ഥികളുടെ ഒരു സംഘവുമായി  രാഷ്ട്രപതി ഭവനിൽ സംവദിച്ചു. ഭഗവാൻ ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് എല്ലാ വർഷവും ആചരിക്കുന്ന ജൻജാതീയ ഗൗരവ് പഖ്‌വാഡയുടെ ഭാഗമായി കേന്ദ്ര ഗോത്രകാര്യ മന്ത്രാലയമാണ് ഈ സംവാദം സംഘടിപ്പിച്ചത്.



 

2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി രാജ്യം മുന്നേറുകയാണെന്ന് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ ഓരോ പ്രദേശത്തിൻ്റെയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും വികസനം അനിവാര്യമാണ്. ഗോത്രവർഗ വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിനൊപ്പം അവരുടെ വിവിധ മേഖലകളിലെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള അവസരങ്ങളും ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ ഒരുക്കുന്നുണ്ട്. നമ്മുടെ രാജ്യത്ത് പ്രതിഭകൾക്ക് ഒട്ടും കുറവില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ഉചിതമായ അവസരങ്ങൾ, അനുകൂലമായ അന്തരീക്ഷം, കൃത്യമായ മാർഗനിർദേശം എന്നിവയാണ് വിദ്യാർത്ഥികൾക്ക് ആവശ്യം. ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം തുല്യമാണെന്നത് സന്തോഷകരമാണെന്ന് അവർ പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിലേക്കുള്ള രാജ്യത്തിൻ്റെ മുന്നേറ്റത്തിൻ്റെ തെളിവാണിതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

 



 

ഉയർന്ന ലക്ഷ്യങ്ങൾ മുന്നിൽക്കാണാനും അർപ്പണബോധം, അച്ചടക്കം, ആത്മവിശ്വാസം എന്നിവയോടെ തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പരിശ്രമിക്കാനും രാഷ്ട്രപതി വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. വിദ്യാഭ്യാസം സ്വന്തം ഉപജീവനമാർഗം കണ്ടെത്തുന്നതിനുള്ള ഉപാധി മാത്രമാകരുതെന്നും മറിച്ച്, തങ്ങളുടെ അറിവിലൂടെ മറ്റുള്ളവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതും ലക്ഷ്യമായിരിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. നമ്മുടെ യുവജനങ്ങൾ തൊഴിൽദാതാക്കളായി മാറുമ്പോൾ രാജ്യത്തിൻ്റെ സമഗ്ര വികസനത്തിന് കൂടുതൽ വേഗം കൈവരിക്കാനാകുമെന്ന് രാഷ്ട്രപതി ഊന്നിപ്പറഞ്ഞു.

 



 

ആനുകാലിക സംഭവവികാസങ്ങളെക്കുറിച്ചും രാജ്യത്തും ലോകത്തും നടക്കുന്ന മാറ്റങ്ങളെക്കുറിച്ചും കൃത്യമായ അറിവുണ്ടായിരിക്കണമെന്ന് രാഷ്ട്രപതി വിദ്യാർത്ഥികളെ ഉപദേശിച്ചു. യുക്തിപൂർവം ചിന്തിക്കാനും വിശകലനശേഷി വളർത്തിയെടുക്കാനും ഇത് സഹായിക്കും. ഗ്രാമങ്ങൾ സന്ദർശിക്കുമ്പോഴെല്ലാം ആനുകാലിക  സംഭവവികാസങ്ങളെക്കുറിച്ചുള്ള അറിവും സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും അയൽക്കാരുമായും പങ്കുവെക്കണമെന്നും രാഷ്ട്രപതി വിദ്യാർത്ഥികളോട് നിർദേശിച്ചു. വിദ്യാർത്ഥികളുടെ  ഭാഗത്തുനിന്നുള്ള ഇത്തരം ശ്രമങ്ങൾ കുടുംബത്തിനും സമൂഹത്തിനും ഗുണകരമാകുമെന്നും, ഒപ്പം അവരുടെ വിദ്യാഭ്യാസത്തിന് കൂടുതൽ അർത്ഥവും ലക്ഷ്യബോധവും നൽകുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

രാഷ്ട്രപതിയുടെ ഹിന്ദി പ്രസംഗം വായിക്കാൻ  ഇവിടെ ക്ലിക്കുചെയ്യുക-

 

***


( റിലീസ് ഐ.ഡി: 2335439) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati , Tamil