തൂത്തുക്കുടി വി.ഒ. ചിദംബരം കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിലും പൂർവ്വ വിദ്യാർത്ഥി സംഗമത്തിലും ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് പങ്കെടുത്തു. 1975 മുതൽ 1978 വരെ അദ്ദേഹം പഠിച്ച കലാലയമാണിത്.
കോളേജ് കാമ്പസിലുള്ള സ്വാതന്ത്ര്യസമര സേനാനി വി.ഒ. ചിദംബരം പിള്ളയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ അദ്ദേഹം, സ്ഥാപനത്തിൻ്റെ 75-ാം വാർഷികത്തിൻ്റെ സ്മാരക കമാനം ഉദ്ഘാടനം ചെയ്തു. താൻ പഠിച്ചിരുന്ന പഴയ ക്ലാസ് മുറി സന്ദർശിച്ച അദ്ദേഹം, 1975–78 ബാച്ചിലെ സഹപാഠികളുമായി സംവദിക്കുകയും തൻ്റെ കോളേജ് കാലഘട്ടത്തിലെ ഓർമ്മകൾ ഹൃദയപൂർവ്വം പങ്കുവെക്കുകയും ചെയ്തു.
സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ഈ കലാലയവും ഇവിടുത്തെ അധ്യാപകരും ഇവിടെ കണ്ടുമുട്ടിയ വ്യക്തികളും തൻ്റെ കാഴ്ചപ്പാടുകളെ എങ്ങനെയാണ് രൂപപ്പെടുത്തിയതെന്നും വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തന്നെ എങ്ങനെ സജ്ജനാക്കിയെന്നും ഉപരാഷ്ട്രപതി അനുസ്മരിച്ചു. തൻ്റെ അധ്യാപകരുടെ പാഠങ്ങളും കാമ്പസ് ജീവിതവും വിദ്യാർത്ഥി കാലഘട്ടത്തിൽ താൻ ഉൾക്കൊണ്ട മൂല്യങ്ങളും അദ്ദേഹം പങ്കുവെ ച്ചു.
അടിയന്തരാവസ്ഥയെ അനുസ്മരിക്കവേ, കോളേജിൽ പഠിക്കുമ്പോൾ അതിനെതിരെ പ്രക്ഷോഭത്തിൽ താൻ പങ്കെടുത്തതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ആ കാലയളവിൽ തടവിലാക്കപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഫണ്ട് സമാഹരിച്ചതും അദ്ദേഹം ഓർത്തെടുത്തു.
വി.ഒ. ചിദംബരം പിള്ളയ്ക്ക് ശ്രദ്ധാഞ്ജലി നേർന്നുകൊണ്ട്, ആ സ്വാതന്ത്ര്യസമര സേനാനിയുടെ മഹത്തായ ത്യാഗങ്ങളെയും, തൊഴിലാളികളുടെ ക്ഷേമത്തോടുള്ള പ്രതിബദ്ധതയെയും, സ്വാതന്ത്ര്യസമരത്തിന് അദ്ദേഹം നൽകിയ അവിസ്മരണീയ സംഭാവനകളെയും ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു.
ഐക്യരാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യയുടെ ശക്തി, തമിഴ് സംസ്കാരം ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന സമൂഹങ്ങളുടെ ഭാഷയെയും സംസ്കാരത്തെയും സ്വത്വത്തെയും സംരക്ഷിക്കുന്നത് ഉറപ്പാക്കുന്നുവെന്ന് ദേശീയ ഐക്യത്തിന് ഊന്നൽ നൽകി, ഉപരാഷ്ട്രപതി പറഞ്ഞു. മാതൃഭാഷയിൽ അഭിമാനിക്കുന്നതോടൊപ്പം തന്നെ ദേശീയ ബോധം ശക്തിപ്പെടുത്താനും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. ഒന്നിലധികം ഭാഷകൾ പഠിക്കാനും തമിഴ് ഭാഷയെ ആഗോള തലത്തിലേക്ക് എത്തിക്കാനും അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു.
രാഷ്ട്രനിർമ്മാണത്തിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം എടുത്തുപറയവേ, രാജ്യത്തുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി, പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതോടൊപ്പം പുതിയ സാങ്കേതികവിദ്യകളും ശാസ്ത്രീയ ഗവേഷണങ്ങളും വളർന്നുവരുന്ന പഠനശാഖകളും സ്വീകരിക്കാൻ അദ്ദേഹം സ്ഥാപനത്തോട് ആഹ്വാനം ചെയ്തു.
ആത്മനിയന്ത്രണം മുഖമുദ്രയാക്കാനും ലഹരി ഉപയോഗത്തിൽ നിന്നും മറ്റ് ദോഷകരമായ ശീലങ്ങളിൽ നിന്നും വിട്ടുനിൽക്കാനും 2047-ഓടെ വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിലേക്ക് സംഭാവനകൾ നൽകാനും അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു.
താൻ പഠിച്ച കലാലയത്തിൻ്റെ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച ഉപരാഷ്ട്രപതി ഈ പ്ലാറ്റിനം ജൂബിലി കൂടുതൽ നേട്ടങ്ങളിലേക്കുള്ള പുതിയൊരു തുടക്കമായി മാറട്ടെയെന്ന് ആശംസിച്ചു.
തമിഴ്നാട് ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കോളേജ് സെക്രട്ടറി ശ്രീ എ.പി.സി.വി. ചൊക്കലിംഗം, പ്രിൻസിപ്പൽ ഡോ. സി. വീരബാഹു, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡൻ്റ് ശ്രീ എ.വി. മുരുകേശൻ, കോളേജ് ഭരണസമിതി അംഗങ്ങൾ, അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.