സാമ്പത്തിക കാര്യങ്ങള്ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
പോസ്റ്റഡ് ഓണ്:
11 NOV 2026 3:05PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ നോർത്ത്, സൗത്ത് ബ്ലോക്ക് കോംപ്ലക്സിൽ യുഗേ യുഗീൻ ഭാരത് മ്യൂസിയം (YYBM) വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നൽകി. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ബോർഡ് (PIB) വിലയിരുത്തിയ പ്രകാരം, 3,230 കോടി രൂപയാണ് പദ്ധതിയുടെ ഏകദേശ ചെലവ്.
യുഗേ യുഗീൻ ഭാരത് മ്യൂസിയം – പ്രധാന വിവരങ്ങൾ:
* ഭാരതത്തിന്റെ നാഗരിക പൈതൃകത്തിന്റെ തുടർച്ച, വൈവിധ്യം, സമ്പന്നത എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു പ്രധാന പൈതൃക സ്ഥാപനമായിട്ടാണ് യുഗേ യുഗീൻ ഭാരത് മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നത്. ഭാരതത്തിന്റെ ഭൗതികവും അഭൗതികവുമായ സാംസ്കാരിക പൈതൃകത്തെ കോർത്തിണക്കിക്കൊണ്ടുള്ള സമഗ്ര വിവരണമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
* ചരിത്രപരമായ നോർത്ത്, സൗത്ത് ബ്ലോക്ക് സമുച്ചയങ്ങളുടെ വാസ്തുവിദ്യാ സവിശേഷതകളും പൈതൃക പ്രാധാന്യവും നിലനിർത്തിക്കൊണ്ടുതന്നെ, അവയെ ഒരു പൊതു സാംസ്കാരിക സ്ഥാപനമായി പുനഃസൃഷ്ടിച്ചുകൊണ്ടാണ് ഈ മ്യൂസിയം വികസിപ്പിക്കുന്നത്.
* ഏകദേശം 1,78,509 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലുള്ള മ്യൂസിയത്തിൽ സമകാലിക മ്യൂസിയം രീതികൾ, ആധുനിക സാങ്കേതികവിദ്യകൾ, സന്ദർശക കേന്ദ്രീകൃത വിശദീകരണങ്ങൾ എന്നിവ കോർത്തിണക്കും. ലോകത്തിലെ പ്രധാന അന്താരാഷ്ട്ര മ്യൂസിയങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ഏറ്റവും വലിയ പ്രദർശന വ്യാപ്തിയുള്ള മ്യൂസിയമായിരിക്കും യുഗേ യുഗീൻ ഭാരത് മ്യൂസിയം.
* ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യങ്ങൾ, കലാപരമായ രീതികൾ, പൈതൃകം എന്നിവയുടെ പ്രത്യേക പ്രമേയാധിഷ്ഠിത ഗാലറികളിലൂടെയും പ്രദർശനങ്ങളിലൂടെയും ഈ മ്യൂസിയം ഇന്ത്യയുടെ നാഗരികത യാത്രയെ പ്രദർശിപ്പിക്കും.
* ഗാലറി വികസനം, ശേഖരങ്ങളുടെ സംഭരണവും സംരക്ഷണ സൗകര്യങ്ങളും, സന്ദർശകർക്കുള്ള സൗകര്യങ്ങൾ, സാങ്കേതികവിദ്യകളുടെ സംയോജനവും അനുഭവങ്ങളും, ലാൻഡ്സ്കേപ്പിംഗ്, ഇന്റലിജന്റ് ബിൽഡിംഗ് സംവിധാനങ്ങൾ, അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.
* ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പശ്ചാത്തലത്തിന് അനുയോജ്യമായ രീതിയിൽ, മ്യൂസിയം ആസൂത്രണം, പൈതൃക സംരക്ഷണം, പ്രദർശന രൂപകൽപ്പന, സുസ്ഥിര സാംസ്കാരിക മാനേജ്മെന്റ് എന്നിവയിലെ മികച്ച അന്താരാഷ്ട്ര മാതൃകകൾക്ക് അനുസൃതമായാണ് മ്യൂസിയം വികസിപ്പിക്കുന്നത്.
പശ്ചാത്തലം
യുഗേ യുഗീൻ ഭാരത് മ്യൂസിയം സ്ഥാപിക്കുന്നതായി 2023 മേയ് 18-ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഗവണ്മെന്റ് ഓഫീസുകൾ മാറ്റിസ്ഥാപിച്ചതിനെത്തുടർന്ന്, ചരിത്രപരമായ നോർത്ത്, സൗത്ത് ബ്ലോക്ക് മന്ദിരങ്ങൾ ഒരു സുപ്രധാന പൊതു സാംസ്കാരിക ആവശ്യത്തിനായി പുനരുപയോഗിക്കുന്നതിന് സവിശേഷ അവസരം ഒരുങ്ങിയിരിക്കുകയാണ്. ഈ പ്രശസ്തമായ മന്ദിരങ്ങളുടെ വാസ്തുവിദ്യാ-പൈതൃക സവിശേഷതകൾ സംരക്ഷിച്ചുകൊണ്ട് അവയ്ക്ക് ഒരു പുതിയ സ്ഥാപനപരമായ ദൗത്യം നൽകാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
2026 ജൂലൈ 27-ന് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ബോർഡ് (PIB) ഈ നിർദ്ദേശം വിലയിരുത്തുകയും അതിലെ ശുപാർശകളോട് സാംസ്കാരിക മന്ത്രാലയം യോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.
നടത്തിപ്പ് തന്ത്രവും ലക്ഷ്യങ്ങളും
2026-27 സാമ്പത്തിക വർഷം മുതൽ 2030-31 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അലങ്കാരങ്ങൾ (Adornment) എന്ന പ്രമേയത്തെ ആസ്പദമാക്കിയുള്ള ആദ്യ ഗാലറി 2027-ന്റെ അവസാനത്തോടെ നോർത്ത് ബ്ലോക്കിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ ഗാലറികൾ ഘട്ടങ്ങളായി കൂട്ടിച്ചേർക്കുന്നതിനുള്ള ഘടനാപരമായ സമീപനമാണ് ആവിഷ്കരിച്ചുവരുന്നത്. പ്രദർശന വസ്തുക്കളുടെ ഉള്ളടക്കത്തെക്കുറിച്ചും ശേഖരങ്ങളെക്കുറിച്ചുമുള്ള വിശകലനം പുരോഗമിക്കുകയാണ്; നാഷണൽ മ്യൂസിയം, സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള മറ്റ് മ്യൂസിയങ്ങൾ, 52 എ.എസ്.ഐ. (ASI) സൈറ്റ് മ്യൂസിയങ്ങൾ, വിവിധ സംസ്ഥാന മ്യൂസിയങ്ങൾ, സ്വകാര്യ ശേഖരങ്ങൾ എന്നിവയിൽ നിന്നായി ഏകദേശം 18 ലക്ഷം (1.8 ദശലക്ഷം) വസ്തുക്കൾ യുഗേ യുഗീൻ ഭാരത് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നതിനായി കണ്ടെത്തിയിട്ടുണ്ട്.
വാസ്തുവിദ്യയും നഗരദൃശ്യങ്ങളും (Architecture and Cityscapes), ഗണിതശാസ്ത്രവും ജ്യോതിശാസ്ത്രവും (Mathematics and Astronomy), ഭാഷകളും ലിപികളും (Languages and Scripts), വിശ്വാസവും ആത്മീയതയും (Faith and Spirituality), ഭാരത് കണക്ട്സ് - വ്യാപാരവും ആശയങ്ങളും (Bharat Connects - Trade and Ideas) തുടങ്ങിയ വിവിധ പ്രമേയങ്ങളിൽ മറ്റ് ഗാലറികളും വികസിപ്പിച്ചുവരുന്നു.
ഏകോപിത പദ്ധതി പരിപാലനം, രൂപകൽപ്പനയും സാങ്കേതിക മേൽനോട്ടവും, ഗുണനിലവാരം ഉറപ്പാക്കൽ, കൃത്യമായ ഇടവേളകളിലുള്ള നിരീക്ഷണം എന്നിവയിലൂടെയായിരിക്കും പദ്ധതി നിർവഹണം
പ്രധാന സ്വാധീനവും തൊഴിൽ സാധ്യതകളും
യുഗേ യുഗീൻ ഭാരത് മ്യൂസിയം കാര്യമായ സാംസ്കാരിക, വിദ്യാഭ്യാസ, സാമ്പത്തിക, തൊഴിൽപരമായ നേട്ടങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
* നാഗരികത പൈതൃകത്തിന്റെ സംരക്ഷണം: ഇന്ത്യൻ നാഗരികതയുടെ വികാസം, തുടർച്ച, വൈവിധ്യം എന്നിവ അവതരിപ്പിക്കുന്നതിനും ഭൗതികവും അഭൗതികവുമായ പൈതൃകങ്ങളുടെ സംരക്ഷണവും പ്രചാരണവും ശക്തമാക്കുന്നതിനും ഇത് ഒരു സംയോജിത സ്ഥാപന വേദിയൊരുക്കും.
* പൈതൃക മന്ദിരങ്ങളുടെ പുനരുപയോഗം: ചരിത്രപരമായ നോർത്ത്, സൗത്ത് ബ്ലോക്ക് മന്ദിരങ്ങളുടെ വാസ്തുവിദ്യാ-പൈതൃക സവിശേഷതകൾ നിലനിർത്തിക്കൊണ്ടുതന്നെ, അവയെ സുപ്രധാനമായ പൊതു സാംസ്കാരിക ആവശ്യത്തിനായി പുനരുപയോഗിക്കാൻ ഈ പദ്ധതിക്ക് കഴിയും.
* സാംസ്കാരിക ടൂറിസവും അന്താരാഷ്ട്ര ഇടപെടലും: പ്രമുഖ സാംസ്കാരിക കേന്ദ്രമായി ഉയർന്നുവരുന്ന പ്രസ്തുത മ്യൂസിയം, സ്വദേശികളും വിദേശികളുമായ സന്ദർശകരെ ആകർഷിക്കുകയും ഇന്ത്യയുടെ ആഗോള സാംസ്കാരിക സാന്നിധ്യവും മൃദുശക്തിയും വർദ്ധിപ്പിക്കുകയും ചെയ്യും.
* വിദ്യാഭ്യാസവും ഗവേഷണവും: പൊതു പഠനം, അക്കാദമിക് ഗവേഷണം, അറിവ് പങ്കുവെക്കൽ, ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യങ്ങളുമായും വിജ്ഞാന സംവിധാനങ്ങളുമായും ഉള്ള ഇടപെടൽ എന്നിവയ്ക്ക് ഇത് അവസരമൊരുക്കും.
* തൊഴിലവസര സൃഷ്ടി: നിർമ്മാണ പ്രവർത്തനങ്ങളുടെയും പ്രവർത്തന ഘട്ടങ്ങളുടെയും ഭാഗമായി നേരിട്ടും അല്ലാതെയും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇത് കരകൗശല വിദഗ്ദ്ധർ, ഗവേഷകർ, മ്യൂസിയോളജിസ്റ്റുകൾ, ഡിസൈനർമാർ, കലാകാരന്മാർ, മറ്റ് ക്രിയാത്മക പ്രൊഫഷണലുകൾ എന്നിവർക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിലെ ഉപജീവനമാർഗ്ഗങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും.
* മേക്ക് ഇൻ ഇന്ത്യയുടെ പ്രോത്സാഹനം: വെണ്ടർ വികസന ഉദ്യമങ്ങളിലൂടെ ലോകോത്തര നിലവാരമുള്ള മ്യൂസിയം സാമഗ്രികളുടെയും ഉൽപ്പന്നങ്ങളുടെയും പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയും ഇന്ത്യൻ കരകൗശല വിദഗ്ദ്ധർ, നിർമ്മാതാക്കൾ, സംരക്ഷണ വിദഗ്ദ്ധർ, സാങ്കേതികവിദ്യ ദാതാക്കൾ എന്നിവർക്ക് പുതിയ അവസരങ്ങൾ തുറന്നുനൽകുകയും ചെയ്യും.
* സന്ദർശക കേന്ദ്രീകൃതവും ഉൾച്ചേർന്നതുമായ അടിസ്ഥാന സൗകര്യങ്ങൾ: സമകാലിക മ്യൂസിയം സാങ്കേതികവിദ്യകളും എല്ലാവർക്കും പ്രാപ്യമായ സന്ദർശക സൗകര്യങ്ങളും പൊതുജന പങ്കാളിത്തം വർദ്ധിപ്പിക്കുകയും മ്യൂസിയം അനുഭവം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യും.
പദ്ധതിച്ചെലവ്
വിശദമായ വാസ്തുവിദ്യാ-പ്രദർശന രൂപകല്പന, എഞ്ചിനീയറിംഗ്, മ്യൂസിയം ആസൂത്രണ ആവശ്യകതകൾ എന്നിവയുടെ അടിസ്ഥാനത്തിലും ബന്ധപ്പെട്ട ഏജൻസികൾ നടത്തിയ സാങ്കേതിക വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലും പദ്ധതിയുടെ ആകെ പ്രതീക്ഷിക്കുന്ന ചെലവ് ₹3,230 കോടിയാണ്.
ടിക്കറ്റ് വിൽപ്പന, ഭക്ഷണ-പാനീയ സൗകര്യങ്ങൾ, പരിപാടികൾ, വേദി വാടകയ്ക്ക് നൽകൽ, ഡിജിറ്റൽ അനുഭവങ്ങൾ, ഗൈഡഡ് ടൂറുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ, മറ്റ് സന്ദർശക സേവനങ്ങൾ എന്നിവയിലൂടെ മ്യൂസിയത്തിന് ആവർത്തിച്ചുള്ള വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിവർഷം 1 കോടി സന്ദർശകരെ ഉൾക്കൊള്ളാൻ തക്കവണ്ണമാണ് മ്യൂസിയം സജ്ജീകരിക്കുന്നത്.
ഗുണഭോക്താക്കളുടെ എണ്ണം
പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, ഗവേഷകർ, പണ്ഡിതന്മാർ, സാംസ്കാരിക പ്രവർത്തകർ, ആഭ്യന്തര-അന്താരാഷ്ട്ര വിനോദസഞ്ചാരികൾ, മറ്റ് സന്ദർശകർ എന്നിവർക്ക് പ്രയോജനപ്പെടുന്ന ദേശീയ പൊതു സാംസ്കാരിക സ്ഥാപനമായിട്ടാണ് മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നത്.
ഒരു പൊതു സാംസ്കാരിക-വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ, ഇത് പഠനം, ഗവേഷണം, സാംസ്കാരിക ഇടപെടൽ, ഇന്ത്യയുടെ നാഗരിക പൈതൃകത്തെ അടുത്തറിയൽ എന്നിവയ്ക്കുള്ള അവസരങ്ങൾ നൽകും. അതിനാൽ, ഈ പദ്ധതിയിൽ ഗുണഭോക്താക്കളുടെ എണ്ണം കൃത്യമായി നിജപ്പെടുത്താൻ കഴിയില്ല.
ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ/ജില്ലകൾ
ന്യൂഡൽഹിയിലെ നോർത്ത്, സൗത്ത് ബ്ലോക്ക് സമുച്ചയത്തിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ ദേശീയ തലസ്ഥാനത്താണ് കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള സന്ദർശകർക്കും അന്താരാഷ്ട്ര സന്ദർശകർക്കും സേവനം ലഭ്യമാക്കാനുതകുന്ന രീതിയിലാണ് ഈ സ്ഥാപനം വിഭാവനം ചെയ്തിരിക്കുന്നത്.
***
NK