പോസ്റ്റഡ് ഓണ്:
10 NOV 2026 8:27PM by PIB Thiruvananthpuram
അടൽ വയോ അഭ്യുദയ യോജനയ്ക്ക് (AVYAY) കീഴിൽ അടുത്തിടെ ആരംഭിച്ച ‘വയോ സമ്മാൻ രാഷ്ട്രീയ അഭിയാൻ’ എന്ന ദേശീയ ക്യാമ്പയിൻ്റെ പ്രധാന ഘടകമായ ‘വയോ സാഥി’ സംരംഭത്തിന് കീഴിൽ സന്നദ്ധ പ്രവർത്തകരായി രജിസ്റ്റർ ചെയ്യാൻ 18 വയസും അതിനു മുകളിലും പ്രായമുള്ളവരെ കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം ക്ഷണിച്ചു.
വിദ്യാർത്ഥികൾ, യുവ പ്രൊഫഷണലുകൾ, സാമൂഹിക സന്നദ്ധ പ്രവർത്തകർ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് മുതിർന്ന പൗരന്മാരുടെ ക്ഷേമം, അന്തസ്സ്, സാമൂഹിക ഉൾച്ചേരൽ എന്നിവയ്ക്കായി സംഭാവന നൽകാനുള്ള അവസരമാണ് ഈ സംരംഭം ഒരുക്കുന്നത്.

വയോ സാഥി (SAATHI) എന്നത് പിന്തുണ, അവബോധം, സഹായം, പരിശീലനം, ആരോഗ്യവും ഉൾച്ചേർക്കലും എന്നതിൻ്റെ ചുരുക്കപ്പേരാണ്. ഈ സംരംഭത്തിന് കീഴിൽ രജിസ്റ്റർ ചെയ്യുന്ന സന്നദ്ധ പ്രവർത്തകർ മുതിർന്ന പൗരന്മാരുടെ സുഹൃത്തുക്കളായും സഹായികളായും പ്രവർത്തിക്കുകയും അവരുടെ സാമൂഹിക ഇടപെടലിനും സമഗ്ര ക്ഷേമത്തിനും പിന്തുണ നൽകുകയും ചെയ്യും. പങ്കാളിത്തത്തിന് അംഗീകാരമായി സന്നദ്ധ പ്രവർത്തകർക്ക് വയോ സാഥി സർട്ടിഫിക്കറ്റും ലഭിക്കും.
മുതിർന്ന പൗരന്മാരെ വിലമതിക്കുകയും ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന, ഏവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹം വാർത്തെടുക്കുന്നതിനായി സമയം, കഴിവുകൾ, പ്രവർത്തനങ്ങൾ എന്നിവ സമർപ്പിച്ചുകൊണ്ട് വയോ സാഥി സന്നദ്ധ പ്രവർത്തകരായി രജിസ്റ്റർ ചെയ്യാൻ അർഹരായ എല്ലാ പൗരന്മാരോടും മന്ത്രാലയം അഭ്യർഥിച്ചു.
താൽപര്യമുള്ള പൗരന്മാർക്ക് https://seniorcitizen.dosje.gov.in/vayo-sathi എന്ന ലിങ്കിലൂടെ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായുള്ള സമാവേശ് ( SAMAVESH) പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
ഇതുവഴി തലമുറകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിൽ മുതിർന്ന പൗരന്മാരുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജ്യവ്യാപക പ്രവർത്തനത്തിൻ്റെ ഭാഗമാകാൻ കഴിയും.
താൽപര്യമുള്ള പൗരന്മാർക്ക് വയോ സാഥി സന്നദ്ധ പ്രവർത്തക രജിസ്ട്രേഷൻ സൗകര്യം അല്ലെങ്കിൽ JEEVAN (സംയുക്ത വയോജന ശാക്തീകരണ, വെർച്വൽ സഹായ ശൃംഖല) മൊബൈൽ ആപ്ലിക്കേഷൻ വഴിയും രജിസ്റ്റർ ചെയ്ത് സംരംഭത്തിൽ പങ്കെടുക്കാമെന്ന് മന്ത്രാലയം അറിയിച്ചു.
മുതിർന്ന പൗരന്മാർക്ക് ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നതിലും ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നതിലും സമൂഹത്തിൻ്റെ പിന്തുണ ഉറപ്പാക്കുന്നതിലും സന്നദ്ധ പ്രവർത്തകരെ സഹായിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ സംരംഭമെന്ന് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഡിജിറ്റൽ സാക്ഷരത, സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള അവബോധം, ആരോഗ്യവും ക്ഷേമവും, കൂടുതൽ സാമൂഹിക പങ്കാളിത്തം എന്നിവയും സംരംഭം പ്രോത്സാഹിപ്പിക്കുന്നു.

കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ അടുത്തിടെ ഡൽഹിയിൽ ദേശീയതലത്തിൽ വയോ സമ്മാൻ രാഷ്ട്രീയ അഭിയാൻ ഉദ്ഘാടനം ചെയ്തിരുന്നു. മുതിർന്ന പൗരന്മാരുടെ അനുഭവം, ജ്ഞാനം, അറിവ് എന്നിവ യുവതലമുറയുടെ ഊർജവും കഴിവുകളുമായി കൂട്ടിയിണക്കി തലമുറകൾ തമ്മിലുള്ള ഐക്യദാർഢ്യം ശക്തിപ്പെടുത്തുകയാണ് ക്യാമ്പയിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

‘5C’ മാതൃക — ബന്ധം (Connect), സംവാദം (Converse), സഹ നിർമ്മാണം (Co-create), സംഭാവന (Contribute), തുടർച്ച (Continue) — അടിസ്ഥാനമാക്കിയാണ് അഭിയാൻ നടപ്പാക്കുന്നത്. വിവിധ തലമുറകൾക്കിടയിൽ തുടർച്ചയായ ഇടപെടൽ സ്ഥാപിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹിക പ്ലാറ്റ്ഫോമുകളിലൂടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും യുവതലമുറയെയും മുതിർന്ന തലമുറയെയും പരസ്പരം ആശയവിനിമയം നടത്താനും അനുഭവങ്ങളും കഥകളും പങ്കുവയ്ക്കാനും സംയുക്ത പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും അറിവും കഴിവുകളും കൈമാറാനും ഇത്തരം ഇടപെടലുകൾ സ്ഥിരമായി തുടരാനും ക്യാമ്പയിൻ പ്രോത്സാഹിപ്പിക്കുന്നു.
‘30 മിനിറ്റുകൾ ഒരുമിച്ച്, എന്നെ പഠിപ്പിക്കു-ഞാൻ നിങ്ങളെയും പഠിപ്പിക്കാം, എൻ്റെ കഥ എൻ്റെ ഇന്ത്യ, ഡിജിറ്റൽ ദാദ -ദാദി / ഡിജിറ്റൽ സാഥി, തലമുറകളുടെ ആരോഗ്യവും ക്ഷേമവും, രജത പ്രതിഭകൾ- മാർഗനിർദ്ദേശകരായി മുതിർന്നവർ’ എന്നിവ ഉൾപ്പെടെ 12 പ്രമേയങ്ങളാണ് ക്യാമ്പയിനിൽ ഉൾപ്പെടുത്തിയതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

സഹവാസവും സൗഹൃദവും പ്രോത്സാഹിപ്പിക്കുക, വാമൊഴി ചരിത്രങ്ങൾ സംരക്ഷിക്കുക, ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കുക, സൈബർ തട്ടിപ്പുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുക, മുതിർന്ന പൗരന്മാരെ ഉപദേശകരായും സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ നൽകുന്നവരായും അംഗീകരിക്കുക എന്നിവയാണ് ഈ പ്രമേയങ്ങളുടെ ലക്ഷ്യം.
മുതിർന്ന പൗരന്മാരോടൊപ്പം സമയം ചെലവഴിക്കുക, ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കുക, അറിവും കഴിവുകളും പങ്കുവയ്ക്കുക, സമൂഹത്തിലെ വിവിധ പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തം സുഗമമാക്കുക തുടങ്ങിയ ലളിതവും എന്നാൽ ഫലപ്രദവുമായ പ്രവർത്തനങ്ങളിലൂടെ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി സംഭാവന നൽകുന്നതിന് യുവപൗരന്മാർക്ക് അർഥവത്തായ വേദിയാണ് വയോ സാഥി സംരംഭം ഒരുക്കുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
പഞ്ചായത്തുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക സ്ഥാപനങ്ങൾ എന്നിവയിലൂടെ എല്ലാ ഗ്രാമങ്ങളിലും പ്രദേശങ്ങളിലും ക്യാമ്പയിൻ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കുടുംബങ്ങൾ, യുവജന സംഘടനകൾ, സർവകലാശാലകൾ, ഗവൺമെൻ്റിതര സംഘടനകൾ (NGOs), റെസിഡൻ്റ് വെൽഫെയർ അസോസിയേഷനുകൾ, കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധത (CSR) പങ്കാളികൾ എന്നിവർ സംരംഭത്തിൽ സജീവമായി പങ്കെടുക്കുകയും സന്നദ്ധ പ്രവർത്തകരാവുകയും ചെയ്യണമെന്ന് ക്യാമ്പയിൻ പ്രോത്സാഹിപ്പിക്കുന്നു.
ക്യാമ്പയിൻ്റെ ലക്ഷ്യങ്ങൾ, നടപ്പാക്കൽ തന്ത്രം, പ്രമേയാധിഷ്ഠിത പ്രവർത്തനങ്ങൾ, സംസ്ഥാനങ്ങൾ, ജില്ലകൾ, സാമൂഹിക സ്ഥാപനങ്ങൾ എന്നിവയുടെ ചുമതലകൾ വിശദമാക്കുന്ന വയോ സമ്മാൻ രാഷ്ട്രീയ അഭിയാൻ ലഘു പുസ്തകവും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ക്യാമ്പയിൻ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള സമഗ്ര മാർഗനിർദേശ ചട്ടക്കൂടാണ് ലഘുപുസ്തകം നൽകുന്നത്.
വയോ സമ്മാൻ രാഷ്ട്രീയ അഭിയാനിലൂടെ, തലമുറകൾക്കിടയിൽ ബഹുമാനം, പരിചരണം, സൗഹൃദം, ഐക്യദാർഢ്യം എന്നിവയുടെ സംസ്കാരം വളർത്തിയെടുക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. മുതിർന്ന പൗരന്മാരെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി മാത്രം കാണാതെ, സമൂഹത്തിന് സജീവമായി സംഭാവന നൽകുന്നവരായും ഉപദേശകരായും അറിവിൻ്റെയും സംസ്കാരത്തിൻ്റെയും സാമൂഹിക അനുഭവങ്ങളുടെയും അമൂല്യ കലവറയായും ഈ സംരംഭം അംഗീകരിക്കുന്നു.
***