വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
പോസ്റ്റഡ് ഓണ്‍:
10 NOV 2026 5:17PM by PIB Thiruvananthpuram
വിമാന യാത്രയ്ക്കിടെ പോസ്റ്റ്കാർഡുകൾ എഴുതുന്ന 'ഡിജിറ്റൽ ഡിറ്റോക്സ് 2.0' ക്യാമ്പയിൻ്റെ രണ്ടാം പതിപ്പുമായി കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന് കീഴിലെ തപാൽ വകുപ്പ്. ആദ്യ ഘട്ടത്തിന് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് ഇൻഡിഗോയുമായി സഹകരിച്ച് വീണ്ടും പരിപാടി സംഘടിപ്പിച്ചത്. ഉത്സവ കാലത്തോടനുബന്ധിച്ച് നടത്തിയ സംരംഭത്തിലൂടെ പ്രിയപ്പെട്ടവർക്ക് ഹൃദയസ്പർശിയായ ദീപാവലി ആശംസകൾ കൈയെഴുത്ത് പോസ്റ്റ്കാർഡുകളിലൂടെ അയക്കാൻ വിമാനയാത്രികര്‍ക്ക് അപൂർവ അവസരമൊരുങ്ങി.

ചണ്ഡീഗഡ്, റാഞ്ചി, ബാഗ്ദോഗ്ര, ഡൽഹി, മുംബൈ, ഗോവ, പൂനെ, അഹമ്മദാബാദ്, കൊൽക്കത്ത, വാരണാസി, ജയ്പൂർ എന്നീ 11 റൂട്ടുകളിലെ 15 ഇൻഡിഗോ വിമാനങ്ങളിലാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. സ്ക്രീനുകളിൽ നിന്ന് ഇടവേളയെടുത്ത് സ്വന്തം കൈപ്പടയിൽ ഉത്സവ സന്ദേശങ്ങൾ കുറിക്കാൻ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് പോസ്റ്റ്കാർഡുകൾ, ആശംസാ കാർഡുകൾ, പ്രത്യേക ദീപാവലി സ്റ്റിക്കറുകൾ ഉപയോഗിച്ച് സ്വയം തയ്യാറാക്കാവുന്ന പോസ്റ്റ്കാർഡുകൾ എന്നിവയടങ്ങിയ പ്രത്യേക 'ഡിജിറ്റൽ ഡിറ്റോക്സ് കിറ്റുകൾ' വിമാനത്തിൽ യാത്രക്കാർക്ക് വിതരണം ചെയ്തു.
ആദ്യ പതിപ്പിൻ്റെ വിജയത്തെ മുൻനിർത്തി കൈയെഴുത്തിലൂടെയുള്ള ആശയവിനിമയത്തിൻ്റെ പാരമ്പര്യം പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം മനസ്സറിഞ്ഞുള്ള ഇടപഴകൽ പ്രോത്സാഹിപ്പിക്കാനും സംരംഭം ലക്ഷ്യമിട്ടു. കത്തെഴുത്തിൻ്റെ അനുഭവം വിമാനയാത്രക്കാരിലേക്ക് എത്തിച്ചതിലൂടെ ഡിജിറ്റൽ ലോകത്തും വ്യക്തിഗത കത്തിടപാടുകളുടെ സവിശേഷ ആകർഷണത്തെയും പ്രാധാന്യത്തെയും ക്യാമ്പയിൻ എടുത്തുകാട്ടി.
യാത്രക്കാർ ഈ സംരംഭത്തെ ഹൃദ്യമായി സ്വാഗതം ചെയ്യുകയും ക്യാമ്പയിനിലൂടെ ലഭിച്ച അവിസ്മരണീയ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. ഒരു യാത്രികൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു: "30,000 അടി ഉയരത്തിൽ ഒരു പോസ്റ്റ്കാർഡ് എഴുതുകയെന്നത് തികച്ചും അത്ഭുതകരമായ അനുഭവമായിരുന്നു. ജീവിതകാലം മുഴുവൻ ഞാനിത് ഓർമ്മിക്കും."
മറ്റൊരാള്‍ പറഞ്ഞതിങ്ങനെയാണ്: "ഞാൻ ആദ്യമായാണ് ഒരു പോസ്റ്റ്കാർഡ് എഴുതുന്നത്; ഞൊടിയിടയിലെത്തുന്ന ഡിജിറ്റൽ സന്ദേശങ്ങളുടെ കാലത്ത് കൈയെഴുത്ത് സന്ദേശങ്ങൾ എത്രത്തോളം സവിശേഷമാണെന്ന് ഇത് എന്നെ ബോധ്യപ്പെടുത്തി."
"ഡിജിറ്റൽ സന്ദേശങ്ങളേക്കാൾ എത്രയോ വ്യക്തിപരവും ഹൃദ്യവുമായാണ് കൈയെഴുത്ത് പോസ്റ്റ്കാർഡിലൂടെ ദീപാവലി ആശംസകൾ അയച്ചപ്പോൾ തോന്നിയത്" എന്നാണ് ഉത്സവകാല സംരംഭത്തെ അഭിനന്ദിച്ച് മറ്റൊരു യാത്രക്കാരൻ വ്യക്തമാക്കിയത്.


ഡിജിറ്റൽ ഡിറ്റോക്സ് 2.0-ലൂടെ നൂതന ജനസമ്പർക്ക പരിപാടികളോടുള്ള പ്രതിബദ്ധത ആവർത്തിക്കുകയാണ് തപാൽ വകുപ്പ്. ഒപ്പം ദീപാവലി ആഘോഷങ്ങൾക്ക് കൂടുതൽ വ്യക്തിപരമായ സ്പർശം നൽകി കത്തുകളിലൂടെ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കാലാതീത പാരമ്പര്യത്തെയും തപാല്‍വകുപ്പ് ഈ സംരംഭത്തിലൂടെ ആഘോഷിച്ചു.
***