രാഷ്ട്രപതിയുടെ കാര്യാലയം
ഐപിഎസ് പ്രൊബേഷണറി ഉദ്യോഗസ്ഥർ രാഷ്ട്രപതിയെ സന്ദർശിച്ചു
സൈബർ കുറ്റകൃത്യങ്ങളോടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സമീപനത്തിൽ മാറ്റം അനിവാര്യം: രാഷ്ട്രപതി ദ്രൗപദി മുർമു
പോസ്റ്റഡ് ഓണ്‍:
10 NOV 2026 3:21PM by PIB Thiruvananthpuram
ഇന്ത്യൻ പോലീസ് സർവീസിന്റെ 78-ാമത് റെഗുലർ റിക്രൂട്ട്മെന്റ് (2025 ബാച്ച്) പ്രൊബേഷണർമാർ ഇന്ന് (2026 നവംബർ 10) രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി.
പൗരന്മാരെ സംബന്ധിച്ചിടത്തോളം പോലീസ് ഉദ്യോഗസ്ഥരും കോൺസ്റ്റബിൾമാരും ഭരണസംവിധാനത്തിന്റെ പ്രതീകങ്ങളാണെന്ന് പ്രൊബേഷണറി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവേ, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പറഞ്ഞു. പോലീസ് സംവിധാനം മികച്ച രീതിയിൽ പ്രവർത്തിക്കുമ്പോൾ ഭരണസംവിധാനം സുതാര്യമാണെന്ന് ജനങ്ങൾ മനസ്സിലാക്കുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥൻ തങ്ങളുടെ പരാതികൾ തികഞ്ഞ സഹാനുഭൂതിയോടെയും ശ്രദ്ധയോടെയും കേൾക്കുമ്പോൾ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്. സാധാരണയായി മുതിർന്ന ഉദ്യോഗസ്ഥരെ നേരിൽ കാണാൻ സാധിക്കാത്ത, സാമൂഹികമായോ സാമ്പത്തികമായോ പിന്നോക്കം നിൽക്കുന്ന വ്യക്തികളുടെ ഭയവും ആശങ്കകളും ഇല്ലാതാക്കുന്നതിനും അവരുടെ പരാതികൾ പരിഹരിക്കുന്നതിനും ഐപിഎസ് ഉദ്യോഗസ്ഥർ മുൻഗണന നൽകണമെന്ന് രാഷ്ട്രപതി നിർദ്ദേശിച്ചു.
ചില സാഹചര്യങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരേക്കാൾ കൂടുതൽ സാങ്കേതികജ്ഞാനം കീഴുദ്യോഗസ്ഥർക്കുണ്ടാകാമെന്നും, തങ്ങളുടെ ടീമിലെ ഏറ്റവും ജൂനിയറായ അംഗങ്ങളിൽ നിന്നുപോലും കാര്യങ്ങൾ പഠിക്കാൻ ഐപിഎസ് ഉദ്യോഗസ്ഥർ മടിക്കരുതെന്നും രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പറഞ്ഞു. ഔദ്യോഗിക പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തവും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണം. ഒപ്പമുള്ള ജീവനക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകുക വഴി അവരുടെ പ്രവർത്തന ശേഷിയും ആവേശവും വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
പോലീസ് സേവനവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ നിന്നും ചട്ടങ്ങളിൽ നിന്നും പോലീസുദ്യോഗസ്ഥർക്ക് വലിയ തോതിലുള്ള അധികാരം ലഭിക്കുമെങ്കിലും, ജനങ്ങളുടെ യഥാർത്ഥ ബഹുമാനം ലഭിക്കുന്നത് സ്വന്തം പ്രവർത്തനങ്ങളിലൂടെയും മൂല്യബോധത്തിലൂടെയുമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു ഓർമ്മിപ്പിച്ചു. ജനങ്ങൾക്കുമേൽ അധികാരം കാണിക്കുകയല്ല, മറിച്ച് അവരെ സേവിക്കുകയെന്ന പ്രതിബദ്ധതയാണ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകേണ്ടതെന്നും ഐപിഎസ് പ്രൊബേഷണർമാരോട് രാഷ്ട്രപതി പറഞ്ഞു.
ജനങ്ങളിൽ ഭീതി ജനിപ്പിക്കുന്നതിനായി വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഗുരുതര പ്രശ്നമായി ഉയർന്നുവരുന്നതായി രാഷ്ട്രപതി പറഞ്ഞു. എളുപ്പത്തിൽ സ്വാധീനിക്കാൻ സാധ്യതയുള്ള മനസ്സുകളെ, പ്രത്യേകിച്ച് യുവാക്കളെ, ആസൂത്രിതമായ വ്യാജപ്രചാരണങ്ങളിലൂടെ വഴിതെറ്റിക്കാൻ സാധിക്കും.പ്രാദേശികമോ ദേശീയമോ ആയ തലങ്ങളിൽ ഇത്തരം സാമൂഹിക വിരുദ്ധ നീക്കങ്ങൾ ഉണ്ടാകാം. സമയോചിത ഇടപെടലിലൂടെയും 'സ്മാർട്ട് പോലീസിംഗിലൂടെയും' ഇത്തരം സാഹചര്യങ്ങൾ ഗുരുതരമാകുന്നതിന് മുമ്പ് തടയാൻ സാധിക്കണമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
സൈബർ കുറ്റകൃത്യങ്ങൾ കൂടുതൽ വ്യാപകവും ഗുരുതരവുമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഇത്തരം കുറ്റകൃത്യങ്ങളെ നേരിടാൻ പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ സമീപനത്തിൽ മാറ്റം വരുത്തണമെന്നും രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളുടെ വ്യാപ്തിയെയും ഗുരുതരാവസ്ഥയെയും കുറിച്ച് ജനങ്ങളിൽ കൂടുതൽ ബോധവൽക്കരണം നടത്താൻ പോലീസ് മുൻകൈയെടുക്കണം. 'ഡീപ്പ് ഫേക്ക്' ഉള്ളടക്കങ്ങൾ സാധാരണക്കാർക്ക് പുതിയ ഭീഷണിയുയർത്തുന്നുണ്ട്. ആധുനിക സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്യുന്ന കുറ്റവാളികളേക്കാൾ ഒരുപടി മുന്നിൽ നിൽക്കാൻ പോലീസ് ഉദ്യോഗസ്ഥർ നിരന്തരം സാങ്കേതികമായി സജ്ജരാകണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു.
രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ പൂർണ്ണരൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




*****
( റിലീസ് ഐ.ഡി: 2334704)
സന്ദര്‍ശക കൗണ്ടര്‍ : 6