ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ 2026 നവംബർ 11-ന് നടക്കുന്ന ചടങ്ങിൽ, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2025-26-ലെ സ്വച്ഛ് സർവേക്ഷൺ പുരസ്കാരങ്ങൾ സമ്മാനിക്കും.
'ശുചിത്വത്തിനായി പുതിയ ചുവടുവയ്പ്- കൈകോർക്കാം, ഒരുമിച്ച് ശുചീകരിക്കാം' (സ്വച്ഛതാ കി നയീ പഹൽ- ബഢായേം ഹാഥ്, കരേം സഫായി സാഥ്) എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പത്താമത് സ്വച്ഛ് സർവേക്ഷൺ വിജയകരമായി പൂർത്തിയായതിനെത്തുടർന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള നഗരവികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്വച്ഛ് സർവേക്ഷൺ 2025-26 പുരസ്കാരങ്ങൾ, സ്വച്ഛ് ഭാരത് മിഷൻ-അർബൻ പദ്ധതിക്ക് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളെ ആദരിക്കും. കേന്ദ്ര ഭവന, നഗരകാര്യ, ഊർജ്ജ മന്ത്രി ശ്രീ മനോഹർ ലാൽ, ഭവന-നഗരകാര്യ സഹമന്ത്രി ശ്രീ തോഖൻ സാഹു എന്നിവരുടെ സാന്നിധ്യത്തിൽ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു വിവിധ വിഭാഗങ്ങളിലുള്ള പുരസ്കാരങ്ങൾ സമ്മാനിക്കും.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നഗരങ്ങളും സംസ്ഥാനങ്ങളും കൈവരിച്ച കൂട്ടായ നേട്ടങ്ങളുടെ ആഘോഷമായും, താഴേത്തട്ടിൽ കൈവരിച്ച നേട്ടങ്ങൾ തുടർന്നും നിലനിർത്തുന്നതിനുള്ള പുതിയ പ്രതിജ്ഞയെടുക്കുന്നതിനുമായാണ് സ്വച്ഛ് സർവേക്ഷൺ 2025-26 പുരസ്കാരങ്ങൾ സംഘടിപ്പിക്കുന്നത്.
സ്വച്ഛ് ഭാരത് മിഷൻ-അർബൻ പദ്ധതിയുടെ പ്രധാന ശുചിത്വ വിലയിരുത്തൽ സംരംഭമായ സ്വച്ഛ് സർവേക്ഷണിൻ്റെ വ്യാപ്തി 2016-ൽ 73 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒതുങ്ങിയിരുന്നതിൽ നിന്ന് ഏറ്റവും പുതിയ പതിപ്പിൽ 4,751-ലധികം നഗരങ്ങളിലേക്ക് വളർന്നിട്ടുണ്ട്. പൊതുജനങ്ങളുടെ പ്രതികരണങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുക, നഗരങ്ങളിലെ നദീതീരങ്ങൾ, തീരപ്രദേശങ്ങൾ, ജലാശയങ്ങൾ എന്നിവയുടെ വിലയിരുത്തലിൻ്റെ പരിധി വിപുലീകരിക്കുക, തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജ്ജനം തടയുക, വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും പൈതൃക കേന്ദ്രങ്ങളിലെയും ശുചിത്വം ഉറപ്പാക്കുക, വിദ്യാലയങ്ങളിൽ പെരുമാറ്റമാറ്റ സംരംഭങ്ങൾ നടപ്പാക്കുക എന്നിവയ്ക്കായി പ്രത്യേക സൂചകങ്ങൾ ഉൾപ്പെടുത്തുക തുടങ്ങി നിരവധി സുപ്രധാന മെച്ചപ്പെടുത്തലുകൾ സ്വച്ഛ് സർവേക്ഷൺ 2025-26-ൽ അവതരിപ്പിച്ചിട്ടുണ്ട്.

പത്താമത് സ്വച്ഛ് സർവേക്ഷണിൻ്റെ ഭാഗമായി, 10 പ്രധാന വിലയിരുത്തൽ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന 43 സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വിലയിരുത്തിയത്. മാലിന്യങ്ങൾ തരംതിരിക്കൽ, ശേഖരണവും നീക്കവും, ഖരമാലിന്യ സംസ്കരണം, ദൃശ്യമായ ശുചിത്വം, ശുചിത്വ സൗകര്യങ്ങളുടെ ലഭ്യത, മാലിന്യക്കുഴികളിൽനിന്ന് ചെളിയും മാലിന്യവും നീക്കം ചെയ്യുന്ന സേവനങ്ങളുടെ യന്ത്രവൽക്കരണം, ആവാസവ്യവസ്ഥ ശക്തിപ്പെടുത്തലും സ്ഥാപനപരമായ മാനദണ്ഡങ്ങളും, ഉപയോഗിച്ച ജലത്തിൻ്റെ പരിപാലനം, ശുചിത്വ ബോധവൽക്കരണം, ശുചീകരണ തൊഴിലാളികളുടെ സമഗ്ര ക്ഷേമം, പൊതുജനങ്ങളുടെ പ്രതികരണങ്ങളും പരാതിപരിഹാരവും എന്നിവയാണ് ഈ 10 മേഖലകൾ. തത്സമയ ജിപിഎസ് അധിഷ്ഠിത നിരീക്ഷണ സംവിധാനത്തിൻ്റെ പിന്തുണയോടെ, പരിശീലനം ലഭിച്ച 3,000-ത്തിലധികം ഉദ്യോഗസ്ഥർ രാജ്യത്തുടനീളം വിപുലമായ സ്ഥലപരിശോധനകൾ നടത്തി. തെളിവുകൾ സമർപ്പിക്കുന്നത് മുതൽ അവയുടെ പരിശോധന വരെയുള്ള മുഴുവൻ വിലയിരുത്തൽ പ്രക്രിയയും പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയും സുതാര്യമായും നടപ്പാക്കി. ഓരോ ഘട്ടത്തിലും കർശനമായ ഗുണനിലവാര പരിശോധനകളും ഉറപ്പാക്കി.
മികച്ച ശുചിത്വ നഗരങ്ങൾക്ക് പുറമെ, നഗര മാലിന്യ സംസ്കരണ രംഗത്തെ മികവ് ത്വരിതപ്പെടുത്തുന്നതിനായി 33 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ 70 മാർഗ്ഗദർശക ('മെൻ്റർ') നഗരങ്ങളും 191 മാർഗ്ഗദർശനം സ്വീകരിക്കുന്ന നഗരങ്ങളും ('മെൻ്റി') തമ്മിലുള്ള പരസ്പര പഠനത്തിന് വഴിയൊരുക്കിയ 'സ്വച്ഛ് ശഹർ ജോഡി' സംരംഭത്തിലെ മികച്ച പ്രകടനം കാഴ്ചവെച്ചവരെയും ഈ വർഷത്തെ പുരസ്കാരങ്ങളിലൂടെ ആദരിക്കും. നഗര മാലിന്യ സംസ്കരണ രംഗത്തെ ആദ്യത്തെ മാർഗ്ഗദർശന-പരസ്പര പഠന പരിപാടിയായ 'സ്വച്ഛ് ശഹർ ജോഡി' സംരംഭത്തിന് 2025 സെപ്റ്റംബർ 27-ന് കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാൽ തുടക്കം കുറിച്ചു. സംരംഭത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ, ഇത് ആരംഭിക്കുന്നതിൻ്റെ ഭാഗമായി എല്ലാ മെന്റർ-മെന്റി നഗരങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തു.
സ്വച്ഛ് സർവേക്ഷൺ 2024-നും 2025-നും ഇടയിൽ പ്രധാന ശുചിത്വ സൂചകങ്ങളിലെല്ലാം മാർഗ്ഗദർശനം സ്വീകരിക്കുന്ന നഗരങ്ങളുടെ പ്രകടനത്തിൽ ഗണ്യമായ പുരോഗതി ഉണ്ടായി. ഏറ്റവും പുതിയ സ്വച്ഛ് സർവേക്ഷൺ 2025-26 പതിപ്പിലും ഈ നഗരങ്ങളുടെ പ്രകടനത്തിൽ ശ്രദ്ധേയമായ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. 'ദൃശ്യമായ ശുചിത്വം' എന്ന മാനദണ്ഡത്തിൽ ഈ നഗരങ്ങൾ കൈവരിച്ച നേട്ടം സ്വച്ഛ് സർവേക്ഷൺ 2024-ലെ 48 ശതമാനത്തിൽനിന്ന് ഏറ്റവും പുതിയ പതിപ്പിൽ 70 ശതമാനമായി ഉയർന്നു. 'വീടുതോറുമുള്ള മാലിന്യശേഖരണം' എന്നതിൽ 2024-ലെ സർവേയിൽ 52 ശതമാനമായിരുന്ന നേട്ടം ഇപ്പോൾ മൊത്തത്തിൽ 74 ശതമാനത്തിലെത്തി. ഉറവിടത്തിൽത്തന്നെയുള്ള മാലിന്യ തരംതിരിക്കൽ (16 ശതമാനത്തിൽനിന്ന് 30 ശതമാനമായി), ശുചിത്വ സൗകര്യങ്ങളുടെ ലഭ്യത (11 ശതമാനത്തിൽനിന്ന് 38 ശതമാനമായി), ഉപയോഗിച്ച ജലത്തിൻ്റെ പരിപാലനം (32 ശതമാനത്തിൽനിന്ന് 53 ശതമാനമായി), ശുചിത്വത്തെക്കുറിച്ചുള്ള ബോധവൽക്കരണം (48 ശതമാനത്തിൽനിന്ന് 66 ശതമാനമായി) തുടങ്ങിയ പ്രധാന സൂചകങ്ങളിലും മാർഗ്ഗദർശനം സ്വീകരിക്കുന്ന നഗരങ്ങൾ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. മികച്ച പ്രകടനം കാഴ്ചവെക്കുന്ന നഗരങ്ങൾ നൽകിയ സമർപ്പിത മാർഗദർശനത്തിലൂടെ ശുചിത്വ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും സേവനവിതരണത്തിൻ്റെ ഫലപ്രാപ്തി മെച്ചപ്പെടുത്താനും സാധിച്ചതിൻ്റെ പ്രതിഫലനമാണിത്.
ഒരു വർഷം നീണ്ടുനിന്ന സമർപ്പിത പ്രവർത്തനങ്ങൾക്കും ആരോഗ്യകരമായ മത്സരത്തിനും ശുചിത്വത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ശേഷം, 2026 നവംബർ 11-ന് പ്രഖ്യാപിക്കാനിരിക്കുന്ന സ്വച്ഛ് സർവേക്ഷൺ 2025-26 പുരസ്കാര ജേതാക്കളെ അറിയാൻ രാജ്യത്തെ നഗരങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
*****