PIB Backgrounder
azadi ka amrit mahotsav

ഇന്ത്യയുടെ കെമിക്കൽ, പെട്രോകെമിക്കൽ മേഖല: വ്യാവസായിക വളർച്ചയുടെ അടിത്തറ

പോസ്റ്റഡ് ഓണ്‍: 07 NOV 2026 10:47AM by PIB Thiruvananthpuram

ഇന്ത്യയുടെ കെമിക്കൽ, പെട്രോകെമിക്കൽ വ്യവസായം  ഉല്പാദന അടിത്തറയും നിക്ഷേപ സാധ്യതകളും അന്താരാഷ്ട്ര പങ്കാളിത്തവും വിപുലീകരിക്കുകയാണ്. നിർദിഷ്ട വ്യാവസായിക പാർക്കുകളും സംയോജിത അടിസ്ഥാന സൗകര്യങ്ങളും ഉല്പാദന ശേഷി വർദ്ധിപ്പിക്കാനും കൂടുതൽ നിക്ഷേപം ആകർഷിക്കാനും ലക്ഷ്യമിടുന്നു. ഗവേഷണ ധനസഹായം, പ്രത്യേക സ്ഥാപനങ്ങൾ, നൈപുണ്യ വികസനം എന്നിവയിലൂടെ നൂതന ആവശ്യങ്ങൾക്കനുയോജ്യമായ വൈദഗ്ധ്യം വളർത്തിയെടുക്കുന്നു. ഗുണനിലവാര മാനദണ്ഡങ്ങളും തൊഴിലിടങ്ങളിലെ സുരക്ഷാ നടപടികളും ഉത്തരവാദിത്തപൂര്‍ണമായ വ്യാവസായിക രീതികളെ ശക്തിപ്പെടുത്തുന്നു. ഈ സംയോജിത മുന്നേറ്റങ്ങൾ മേഖലയിൽ ഉയർന്ന മൂല്യവർദ്ധനവും സാങ്കേതിക ശേഷിയും ആഗോള കെമിക്കൽ വിപണിയിൽ കൂടുതൽ ശക്തമായ സ്ഥാനവും കൈവരിക്കാൻ വഴിയൊരുക്കുന്നു.

തന്ത്രപ്രധാന വ്യാവസായിക മേഖല

ഇന്ത്യൻ നിർമ്മാണ മേഖലയുടെയും കാർഷിക രംഗത്തിന്റെയും വ്യാവസായിക വികസനത്തിന്റെയും സുപ്രധാന സ്തംഭമാണ് കെമിക്കൽ, പെട്രോകെമിക്കൽ വ്യവസായം. ഔഷധ നിർമ്മാണം, വസ്ത്രനിർമ്മാണം, വാഹനനിര്‍മ്മാണം, നിർമ്മാണ മേഖല, ഇലക്ട്രോണിക്സ്, ഉപഭോക്തൃ ഉല്പന്നങ്ങൾ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ ഇതിന്റെ ഉല്പന്നങ്ങൾ പ്രയോജനപ്പെടുന്നു. കെമിക്കൽ ഉല്പാദനത്തിൽ ലോകത്ത് ആറാം സ്ഥാനത്തും ഏഷ്യയിൽ നാലാം സ്ഥാനത്തുമാണ് ഇന്ത്യ. നിലവിൽ ഏകദേശം 220 ബില്യൺ യു.എസ് ഡോളർ മൂല്യംവരുന്ന ഈ മേഖല 2030-ഓടെ 300 ബില്യൺ ഡോളറിലും 2040-ഓടെ 1 ട്രില്യൺ ഡോളറിലും എത്തുമെന്നാണ് കണക്കാക്കുന്നത്.

പ്രത്യേക കെമിക്കൽ വിഭാഗങ്ങളിലും ഇന്ത്യ ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. ചായങ്ങളുടെ ഉല്പാദനത്തിലും കയറ്റുമതിയിലും ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തും, കാർഷിക രാസവസ്തുക്കളുടെ  കയറ്റുമതിയിൽ മൂന്നാം സ്ഥാനത്തുമാണ് ഇന്ത്യ. ഏകദേശം 13,000 വൻകിട യൂണിറ്റുകളും 4.45 ലക്ഷം സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളും (എംഎസ്എംഇ) ഈ മേഖലയിൽ പ്രവർത്തിക്കുന്നു. കെമിക്കൽ ഉല്പാദനം, ഗവേഷണം, വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിന് നിരവധി സംരംഭങ്ങൾ രാജ്യത്ത് നടപ്പാക്കുന്നുണ്ട്. പ്രത്യേക കെമിക്കൽ പാർക്കുകൾ, സാമ്പത്തിക സഹായങ്ങൾ, ഗുണനിലവാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്ന നടപടികൾ എന്നിവ ഇതിലുൾപ്പെടുന്നു. ആഗോള മൂല്യശൃംഖലയിൽ  ഇന്ത്യയുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താന്‍ ഈ ശ്രമങ്ങൾ ലക്ഷ്യമിടുന്നു. 

 

ഇന്ത്യാ കെം 2026: വ്യവസായമേഖലയെയും നിക്ഷേപത്തെയും ആഗോള വിപണികളെയും  പരസ്പരം ബന്ധിപ്പിക്കുന്നു

14-ാമത് ‘ഇന്ത്യാ കെം’ 2026 ഒക്ടോബർ 22 മുതൽ 24 വരെ മുംബൈയിൽ സംഘടിപ്പിച്ചു. കെമിക്കൽ, പെട്രോകെമിക്കൽ മേഖലകളിൽ നിക്ഷേപമാകർഷിക്കാനും സുസ്ഥിര വളർച്ച പ്രോത്സാഹിപ്പിക്കാനുമാണ് ഈ ത്രിദിന പരിപാടി സംഘടിപ്പിച്ചത്. "അ‍ഡ്വന്റേജ് ഭാരത്: വളർന്നുവരുന്ന ആഗോള കെമിക്കൽ ഹബ്ബ്" എന്നതായിരുന്നു പരിപാടിയുടെ പ്രമേയം. ഇന്ത്യയുടെ വ്യാവസായിക ശേഷികളും അന്താരാഷ്ട്ര സഹകരണ അവസരങ്ങളും ഈ പ്രമേയം ഉയർത്തിക്കാട്ടി.

അയ്യായിരത്തിലധികം സന്ദർശകരെ ആകർഷിച്ച ഈ പരിപാടി വിവിധ രാജ്യങ്ങളുടെ ഫോറങ്ങൾ, സി.ഇ.ഒ ഫോറം, മേഖല തിരിച്ചുള്ള വട്ടമേശ സമ്മേളനങ്ങൾ എന്നിവയിലൂടെ വ്യവസായ പ്രമുഖരെയും വാണിജ്യ സംരംഭങ്ങളെയും ഒരൊറ്റ വേദിയിൽ അണിനിരത്തി.  അത്യാധുനിക സാങ്കേതികവിദ്യകൾ, ഉപകരണങ്ങൾ, നിക്ഷേപ സാധ്യതകൾ എന്നിവ പരിപാടിയുടെ ഭാഗമായി പ്രദർശിപ്പിച്ചു; ഒപ്പം പുതുതായി ആരംഭിച്ച 'ഇന്ത്യാ കെം യുവ നൂതനാശയ മത്സരം' ഗവേഷണാധിഷ്ഠിത പ്രായോഗിക പരിഹാരങ്ങൾ വികസിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനമേകി.

 

നിർമ്മാണ ശേഷിയും വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തുന്നു

ആഭ്യന്തര ഉല്പാദനം ശക്തിപ്പെടുത്തുന്നതിന് നിക്ഷേപവും വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളും നയപരമായ അനുകൂല അന്തരീക്ഷവും ആവശ്യമാണ്. മിക്ക കെമിക്കൽ മേഖലകളിലും ഓട്ടോമാറ്റിക് റൂട്ട് വഴി 100% നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യ അനുവദിക്കുന്നുണ്ട്. ഓട്ടോമാറ്റിക് റൂട്ട് പ്രകാരം ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന വ്യക്തികൾ നടത്തുന്ന നിക്ഷേപങ്ങൾക്ക് ഗവണ്‍മെന്റിന്റെ മുൻകൂർ അനുമതി ആവശ്യമില്ല. 2014–2026 കാലയളവിൽ രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം  1,04,895 കോടി രൂപയിലെത്തി; 2004–2014 കാലഘട്ടത്തിൽ രേഖപ്പെടുത്തിയ  45,240 കോടി രൂപയുടെ ഇരട്ടിയിലധികമാണിത്.

പ്രധാന കെമിക്കൽ, പെട്രോകെമിക്കൽ ഉല്പന്നങ്ങളുടെ ഉല്പാദനം 2015–16-ലെ 45,638,000  മെട്രിക് ടണ്ണിൽ നിന്ന് 2024–25-ൽ 58,617,000 മെട്രിക് ടണ്ണായി ഉയർന്നു. ഈ വളർച്ച വ്യാവസായിക ശേഷി വികസിപ്പിക്കുന്നതിനും പ്രത്യേക ഉല്പാദന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും  മേഖലയിലുടനീളം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികൾക്ക് കരുത്തേകുന്നു..

 

പെട്രോളിയം, കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് നിക്ഷേപ മേഖലകള്‍  (PCPIR) 

കെമിക്കൽ-പെട്രോകെമിക്കൽ മേഖലയെ സംയോജിതമായി പ്രോത്സാഹിപ്പിക്കുക എന്നതാണ് പെട്രോളിയം, കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് നിക്ഷേപ മേഖലകളുടെ ലക്ഷ്യം. ഏകദേശം 250 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയില്‍   പ്രത്യേകം അതിർത്തി നിർണയിച്ച നിക്ഷേപ മേഖലകളാണിവ. ഇതിന്റെ 40 ശതമാനത്തോളം പ്രദേശം സംസ്കരണ പ്രവർത്തനങ്ങൾക്കായി  നീക്കിവെച്ചിരിക്കുന്നു. പൊതു അടിസ്ഥാന സൗകര്യങ്ങൾ, അവശ്യ സേവനങ്ങൾ, അനുബന്ധ പിന്തുണകൾ എന്നിവ ഒരുക്കുന്ന ക്ലസ്റ്റർ അധിഷ്ഠിത സമീപനമാണ് ഈ മേഖലകളില്‍ പിന്തുടരുന്നത്. റോഡുകൾ, റെയിൽ ശൃംഖല, തുറമുഖങ്ങൾ, പൊതു മാലിന്യ സംസ്കരണ പ്ലാന്റുകൾ, മലിനജല നിർമാർജന പ്ലാന്റുകൾ, ജലവിതരണം, നീരാവി ഉല്പാദന യൂണിറ്റുകൾ എന്നിവ ഇതിലുൾപ്പെടുന്നു. വ്യാപാര സംരംഭങ്ങള്‍ ആരംഭിക്കാനനുയോജ്യമായ മത്സരശേഷിയാര്‍ന്ന അന്തരീക്ഷമാണ് ഈ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നത്.  

  • ഗുജറാത്തിലെ ദഹേജ്, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം–കാക്കിനട, ഒഡീഷയിലെ പാരദ്വീപ് എന്നിങ്ങനെ മൂന്ന് പെട്രോളിയം, കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് നിക്ഷേപ മേഖലകളാണ് നിലവിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്.
  • ഈ മേഖലകൾ ഒരുമിച്ച് ആകെ 3.4 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിച്ചു.
  • 3.7 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും 2,200-ലധികം കെമിക്കൽ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കാനും ഈ കേന്ദ്രങ്ങള്‍ വഴിയൊരുക്കി.  

ഈ സംയുക്ത വ്യാവസായിക ആവാസവ്യവസ്ഥ തുടർനിക്ഷേപങ്ങൾക്കും കൂടുതൽ മൂല്യവർദ്ധനയ്ക്കും ശക്തമായ അടിത്തറയൊരുക്കുന്നു.

'ഭവ്യ രസായൻ': സമർപ്പിത കെമിക്കൽ പാർക്കുകൾ

2026 ജൂലൈയിൽ അംഗീകാരം നൽകിയ 'ഭാരത് ഔദ്യോഗിക് വികാസ് യോജന രസായൻ' (ഭവ്യ രസായൻ) പദ്ധതി മൂന്ന് സമർപ്പിത കെമിക്കൽ പാർക്കുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. ഓരോ പാർക്കിനും കുറഞ്ഞത് 8 ചതുരശ്ര കിലോമീറ്റർ (2,000 ഏക്കർ) വിസ്തൃതിയുണ്ടാകും. ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്റ് കുറഞ്ഞത്  500 കോടി രൂപയുടെ വിഹിതം നൽകണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി കേന്ദ്ര ഗവണ്‍മെന്റ് ഓരോ പാർക്കിനും  1,000 കോടി രൂപ വരെ ധനസഹായം നൽകും.  3,030 കോടി രൂപയുടെ ആകെ സാമ്പത്തിക വിഹിതമാണ് ഈ പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. ഇതിൽ  3,000 കോടി രൂപ പൊതു അടിസ്ഥാന സൗകര്യങ്ങൾക്കും അവശ്യ സേവനങ്ങൾക്കുമാണ്.   30 കോടി രൂപ ഭരണപരമായ ചെലവുകൾക്കായി വിനിയോഗിക്കും. 2026–27 സാമ്പത്തിക വർഷം മുതൽ 2030–31 വരെ അഞ്ച് വർഷത്തേക്കാണ് പദ്ധതി നടപ്പാക്കുന്നത്.

കെമിക്കൽ വ്യവസായങ്ങൾക്കായി 'പ്ലഗ്-ആൻഡ്-പ്ലേ'  അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന ഈ പാർക്കുകൾ വിഭവ വിനിയോഗം മെച്ചപ്പെടുത്താനും ഗതാഗത-വിതരണ  ചെലവുകൾ കുറയ്ക്കാനും സഹായിക്കും. ഒപ്പം പരിസ്ഥിതി സൗഹൃദ  ആവാസവ്യവസ്ഥയിലൂടെ സുസ്ഥിര വ്യാവസായിക വികസനത്തിനും ഇത് വഴിയൊരുക്കുന്നു. പൊതു മാലിന്യ സംസ്കരണ പ്ലാന്റുകൾ, സംഭരണ-മാലിന്യ നിർമാർജന സൗകര്യങ്ങൾ, അപകടകരമായ മാലിന്യങ്ങൾ സംസ്കരിക്കാനുള്ള സംവിധാനങ്ങൾ തുടങ്ങി കേന്ദ്രീകൃത സൗകര്യങ്ങൾ ഇതിലുൾപ്പെടുന്നു. നിക്ഷേപങ്ങൾ ആകർഷിക്കാനും ആഭ്യന്തര ഉല്പാദന ശേഷി വർദ്ധിപ്പിക്കാനും ആഗോളതലത്തിൽ മത്സരശേഷി ശക്തിപ്പെടുത്താനും പദ്ധതി സഹായകരമാകും.

പ്ലാസ്റ്റിക് പാർക്കുകൾ: അനുബന്ധ പ്ലാസ്റ്റിക് സംസ്കരണ മേഖലയെ ശക്തിപ്പെടുത്തുന്നു

അനുബന്ധ പ്ലാസ്റ്റിക് സംസ്കരണ വ്യവസായത്തെ പിന്തുണയ്ക്കാനാണ് 'പ്ലാസ്റ്റിക് പാർക്കുകൾ സ്ഥാപിക്കുന്ന പദ്ധതി'  ആവിഷ്കരിച്ചിരിക്കുന്നത്. ആഭ്യന്തര അനുബന്ധ പ്ലാസ്റ്റിക് സംസ്കരണ മേഖലയിൽ പോളിമർ (ഒരു പെട്രോകെമിക്കൽ ഉല്പന്നം) ആഗിരണ ശേഷി വർദ്ധിപ്പിക്കുന്നതിലും മൂല്യവർദ്ധന ഉറപ്പാക്കുന്നതിലുമാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്ലാസ്റ്റിക് അധിഷ്ഠിത വ്യവസായങ്ങൾക്കും സംരംഭങ്ങൾക്കുമായി പ്രത്യേകം നീക്കിവെച്ച വ്യാവസായിക മേഖലകളാണ് പ്ലാസ്റ്റിക് പാർക്കുകൾ. പ്ലാസ്റ്റിക് സംസ്കരണ വ്യവസായത്തിന്റെ ശേഷികളെ ഏകോപിപ്പിക്കുകയും സമന്വയിപ്പിക്കുകയുമാണ് ഇവയുടെ ലക്ഷ്യം. നിക്ഷേപം, ഉല്പാദനം, കയറ്റുമതി എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ഈ സംരംഭങ്ങള്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സംരംഭത്തില്‍  ഒരു പദ്ധതിയ്ക്ക് പരമാവധി  40 കോടി രൂപയെന്ന പരിധിക്ക് വിധേയമായി പദ്ധതിച്ചെലവിന്റെ 50% വരെ കേന്ദ്ര ഗവണ്‍മെന്റ് ധനസഹായമായി  നൽകുന്നു. ബാക്കി തുക അതത് സംസ്ഥാന ഗവണ്‍മെന്റുകളോ അവയുടെ ഏജൻസികളോ ഗുണഭോക്തൃ വ്യവസായങ്ങളോ ആണ് വഹിക്കുന്നത്.

മാലിന്യ സംസ്കരണ, പുനരുപയോഗ സംരംഭങ്ങളിലൂടെ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ വളർച്ചയെയും ഈ പാർക്കുകൾ പ്രോത്സാഹിപ്പിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനും കെമിക്കല്‍ വ്യവസായത്തെ ശക്തിപ്പെടുത്താനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ സുപ്രധാന ഭാഗമായി ഇത് മാറുന്നു. രാജ്യത്തുടനീളം പത്ത് പ്ലാസ്റ്റിക് പാർക്കുകൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്.  ഇതിൽ 2025–26 കാലയളവിൽ പൂർത്തിയായ മൂന്നെണ്ണം ഉൾപ്പെടെ നാല് പാർക്കുകൾ 100% അടിസ്ഥാന സൗകര്യ നിർമ്മാണം പൂർത്തിയാക്കി. 

 

ഗവേഷണം, നൂതനാശയം, നൈപുണ്യ വികസനം

വ്യവസായങ്ങളിലുടനീളം രാസവസ്തുക്കളുടെ ഉപയോഗം വിപുലമാകുന്നതിനനുസരിച്ച് പ്രത്യേക വിജ്ഞാനത്തിന്റെയും സാങ്കേതിക വൈദഗ്ധ്യത്തിന്റെയും ആവശ്യകതയും വർദ്ധിച്ചുവരികയാണ്. മേഖല തിരിച്ചുള്ള ഗവേഷണം, പ്രത്യേക സാങ്കേതിക വിദ്യാഭ്യാസം, വ്യവസായ കേന്ദ്രീകൃത നൈപുണ്യ വികസനം എന്നിവയിലൂടെ വിവിധ സംരംഭങ്ങൾ ഈ മുന്നേറ്റങ്ങൾക്ക് കരുത്തേകുന്നു.

കെമിക്കൽ പ്രൊമോഷൻ ആൻഡ് ഡെവലപ്‌മെന്റ് സ്കീം (സിപിഡിഎസ്)

വിജ്ഞാന രൂപീകരണം, വിവര വിനിമയം, ഗവേഷണ പ്രോത്സാഹനം എന്നിവയിലൂടെ കെമിക്കൽ, പെട്രോകെമിക്കൽ വ്യവസായങ്ങളുടെ വളർച്ച സുഗമമാക്കുകയാണ് കെമിക്കൽ പ്രൊമോഷൻ ആൻഡ് ഡെവലപ്‌മെന്റ് സ്കീമിന്റെ  ലക്ഷ്യം. മേഖലയുമായി ബന്ധപ്പെട്ട അറിവുകൾ സൃഷ്ടിക്കുന്നതിന് പഠനങ്ങൾ, സർവേകൾ, വിവരശേഖരണങ്ങൾ,  പ്രചാരണ സാമഗ്രികൾ എന്നിവയ്ക്ക്  പദ്ധതി പിന്തുണ നൽകുന്നു. ഈ മേഖലകളിലെ  മികച്ച സംഭാവനകള്‍ക്ക് അംഗീകാരമായി ഗവേഷണങ്ങളെയും നൂതനാശയങ്ങളെയും പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. ശില്പശാലകൾ, സെമിനാറുകൾ, പഠനങ്ങൾ, മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നതിന് സംഘടനകൾക്കും വ്യാവസായിക കൂട്ടായ്മകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും പദ്ധതി വഴി പൊതു സഹായധനം അനുവദിക്കുന്നു. 

  • പൊതുമേഖലാ സ്ഥാപനമായ എച്ച്.ഐ.എൽ (ഇന്ത്യ) ലിമിറ്റഡ് 2016 മുതൽ സി.പി.ഡി.എസിന് കീഴിൽ കർഷക പരിശീലന പരിപാടികൾ നടത്തിവരുന്നു.
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെസ്റ്റിസൈഡ് ഫോർമുലേഷൻ ടെക്നോളജിയും  2022–23 മുതൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ തുടങ്ങി. കീടനാശിനികളുടെ സുരക്ഷിതവും വിവേകപൂർണവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും സംയോജിത കീടനിയന്ത്രണ രീതികളെ പിന്തുണയ്ക്കുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.
  • ഭക്ഷ്യധാന്യങ്ങൾ, ഭക്ഷ്യ എണ്ണകൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിലെ കീടനാശിനി സാന്നിധ്യം പരമാവധി കുറയ്ക്കാനാണ് ഈ രീതികൾ ലക്ഷ്യമിടുന്നത്. 2026 ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം രാജ്യത്തുടനീളം സംഘടിപ്പിച്ച 250-ലധികം പരിപാടികളിലൂടെ ഒരു ലക്ഷത്തിലധികം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

ഗവേഷണ വികസന നൂതനാശയ പദ്ധതി 

ഗവേഷണ-നൂതനാശയ രംഗങ്ങളിൽ സ്വകാര്യ മേഖലാ നിക്ഷേപത്തിന് ആക്കം കൂട്ടുന്നതിന് ഒരു ലക്ഷം കോടി രൂപയുടെ സാമ്പത്തിക നിധിയോടെ 2025 നവംബറിലാണ് ഗവേഷണ വികസന നൂതനാശയ പദ്ധതി ആരംഭിച്ചത്. പരിവർത്തന സ്വഭാവമുള്ള നൂതന പദ്ധതികൾക്ക് അനുകൂല വ്യവസ്ഥകളോടെ ദീർഘകാല ധനസഹായവും പുനർധനസഹായവും പദ്ധതി നൽകുന്നു. നൂതന സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്നത് ത്വരിതപ്പെടുത്താനും വ്യാവസായിക മത്സരശേഷി ശക്തിപ്പെടുത്താനും നിർണായകവും വളർന്നുവരുന്നതുമായ സാങ്കേതിക മേഖലകളിൽ സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

2026 ഒക്ടോബർ 8 മുതൽ അത്യാധുനിക കെമിക്കൽസ്, പെട്രോകെമിക്കൽസ്, മെറ്റീരിയൽ സാങ്കേതികവിദ്യകള്‍ എന്നിവയെക്കൂടി പദ്ധതിക്ക് കീഴിൽ ധനസഹായത്തിന് അർഹമായ അധിക സാങ്കേതിക മേഖലയായി ഉൾപ്പെടുത്തി. ഇത് മേഖലയിലെ ഗവേഷണ-നൂതനാശയ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുകയും നൂതന വ്യാവസായിക ആവശ്യങ്ങൾക്കനുയോജ്യമായ തദ്ദേശീയ സാങ്കേതികവിദ്യകളുടെ വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും.

CIPET: സാങ്കേതിക വിദ്യാഭ്യാസം, നൈപുണ്യം, വ്യാവസായിക പിന്തുണ

കേന്ദ്ര ഗവണ്‍മെന്റിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന  ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് & ടെക്നോളജി (CIPET). ഇന്ത്യയിലെ പെട്രോകെമിക്കൽ, അനുബന്ധ വ്യവസായങ്ങളെ മുന്നോട്ട് നയിക്കുന്നതിന് നൈപുണ്യ വികസനം, സാങ്കേതിക പിന്തുണ, അക്കാദമിക-ഗവേഷണ പ്രവർത്തനങ്ങള്‍ക്ക് CIPET നേതൃത്വം നല്‍കുന്നു.  നിരവധി കേന്ദ്രങ്ങളിലൂടെയും ലബോറട്ടറികളിലൂടെയും CIPET പ്രവർത്തനം വിപുലീകരിച്ചിട്ടുണ്ട്. സെന്റർ ഫോർ സ്കില്ലിംഗ് ആൻഡ് ടെക്നിക്കൽ സപ്പോർട്ട് (CSTS), പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് സെന്റർ (PWMC), സ്കൂൾ ഓഫ് അഡ്വാൻസ് റിസർച്ച് ഇൻ പെട്രോകെമിക്കൽസ് (SARP) എന്നിവ ഇതിലുൾപ്പെടുന്നു. അഡ്വാൻസ് റിസർച്ച് സ്കൂൾ ഫോർ ടെക്നോളജി ആൻഡ് പ്രൊഡക്റ്റ് സിമുലേഷൻ (ARSTPS), അഡ്വാൻസ് പോളിമർ ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് റിസർച്ച് ലബോറട്ടറി (APDDRL) എന്നിവയാണ് മറ്റ് കേന്ദ്രങ്ങൾ.

  • 2014 ല്‍  നിലവിൽവന്ന 19 കേന്ദ്രങ്ങൾ ഉൾപ്പെടെ 51 കേന്ദ്രങ്ങളാണ് ഇപ്പോൾ ഈ ശൃംഖലയിലുള്ളത്. ഇതിൽ മൂന്ന് കേന്ദ്രങ്ങൾ പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് മാത്രം സജ്ജീകരിച്ചവയാണ്.
  • 2014–24 കാലയളവിൽ പരിശീലനം നേടിയ 5.21 ലക്ഷത്തിലധികം പേരുൾപ്പെടെ ഏകദേശം 6.72 ലക്ഷം വിദഗ്ധ  പ്രൊഫഷണലുകളെയാണ് ഈ സ്ഥാപനം പരിശീലിപ്പിച്ചത്. ഇതേ കാലയളവിൽ 8.53 ലക്ഷം സാങ്കേതിക പിന്തുണാ സേവന ചുമതലകളും CIPET വിജയകരമായി പൂർത്തിയാക്കി.

മികവു കേന്ദ്രങ്ങൾ 

നിലവിലെ സാങ്കേതികവിദ്യകൾ മെച്ചപ്പെടുത്താനും ഗവേഷണം ശക്തിപ്പെടുത്താനും പുതിയ വ്യാവസായിക ആവശ്യങ്ങൾക്കനുയോജ്യമായ ഉല്പന്നങ്ങൾ വികസിപ്പിക്കാനുമാണ് മികവുകേന്ദ്രങ്ങള്‍  സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം 18 കേന്ദ്രങ്ങൾ ചേർന്ന് ഇതിനകം 85 പേറ്റന്റുകൾ ഫയൽ ചെയ്യുകയും 600-ലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും 105 പുതിയ സാങ്കേതികവിദ്യകളും ഉല്പന്നങ്ങളും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തദ്ദേശീയ ശേഷികൾ കെട്ടിപ്പടുക്കുന്നതിലും വ്യാവസായിക നൂതനാശയങ്ങളെ പിന്തുണയ്ക്കുന്നതിലും ഗവേഷണ സ്ഥാപനങ്ങൾ വഹിക്കുന്ന നിർണായക പങ്കിനെയാണ് ഈ നേട്ടങ്ങൾ എടുത്തുകാട്ടുന്നത്.   

ഗുണനിലവാരം, സുരക്ഷ, ഉത്തരവാദിത്തത്തോടുകൂടിയ രാസവസ്തു ഉപയോഗം 

കെമിക്കൽ, പെട്രോകെമിക്കൽ മേഖലയിലെ ഉത്തരവാദിത്തപൂര്‍ണമായ വളർച്ചയ്ക്ക് ഗുണനിലവാര മാനദണ്ഡങ്ങളും തൊഴിലിടങ്ങളിലെ സുരക്ഷയും അത്യന്താപേക്ഷിതമാണ്. നിയന്ത്രണ സംവിധാനങ്ങൾ ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സഹായിക്കുമ്പോൾ പ്രത്യേക പരിശീലന പരിപാടികൾ അപകടകരമായ രാസവസ്തുക്കൾ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ വ്യാവസായിക മേഖലയിലെ തൊഴിലാളികളെ പ്രാപ്തരാക്കുന്നു.

ഗുണനിലവാര നിയന്ത്രണ ഉത്തരവുകള്‍ (QCOs)

ഉപഭോക്താക്കളെ സംരക്ഷിക്കാനും ഗുണനിലവാരമുള്ള ഉല്പാദനം പ്രോത്സാഹിപ്പിക്കാനും നിലവാരമില്ലാത്ത ഇറക്കുമതി തടയാനും  ഗുണനിലവാര നിയന്ത്രണ ഉത്തരവുകള്‍  പുറപ്പെടുവിച്ചിട്ടുണ്ട്. 2026 ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം 37 നിയന്ത്രണ ഉത്തരവുകള്‍ പ്രാബല്യത്തിലുണ്ട്. നിർദിഷ്ട കെമിക്കൽ, പെട്രോകെമിക്കൽ ഉല്പന്നങ്ങൾക്ക് നിശ്ചിത മാനദണ്ഡങ്ങൾ ഇവ നിർബന്ധമാക്കുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്  നിർദേശിച്ച ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാൻ ആഭ്യന്തര നിർമ്മാതാക്കളും ഇറക്കുമതിക്കാരും ഈ ഉത്തരവുകളിലൂടെ ബാധ്യസ്ഥരാണ്.

തൊഴിലിട സുരക്ഷയും അപകടകരമായ രാസവസ്തുക്കളുടെ പരിപാലനവും

അപകടസാധ്യതയേറിയ വ്യാവസായിക യൂണിറ്റുകളിലെ  തൊഴിലാളികൾക്കായി 'വികസിത് ഭാരത് @2047' കർമ്മപദ്ധതിക്ക് കീഴിൽ രാജ്യവ്യാപക പരിശീലന പരിപാടി ആരംഭിച്ചിട്ടുണ്ട്. "തൊഴിലിടങ്ങളിൽ അപകടകരമായ രാസവസ്തുക്കള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യലും അപകടസാധ്യതാ ലഘൂകരണവും" എന്ന വിഷയത്തിലാണ് പരിശീലനം. അഞ്ച് വർഷത്തിനകം രാജ്യത്തെ 2,393 അപകടസാധ്യതയേറിയ വ്യാവസായിക യൂണിറ്റുകളെയും ഇതിന്റെ പരിധിയിൽ കൊണ്ടുവരാനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ യൂണിറ്റിൽ നിന്നും രണ്ട് ജീവനക്കാർ വീതം പങ്കെടുക്കുന്ന തരത്തിൽ 50  യൂണിറ്റുകളിൽ നിന്നായി 100 പേരെയാണ് ഓരോ പരിശീലന ബാച്ചിലും ഉൾപ്പെടുത്തുന്നത്.  

2026 ഓഗസ്റ്റിലെ കണക്കനുസരിച്ച് രാജ്യവ്യാപകമായി 21 പരിശീലന പരിപാടികൾ സംഘടിപ്പിച്ചു കഴിഞ്ഞു. 1,376 വ്യാവസായിക യൂണിറ്റുകൾ ഇതിൽ പങ്കെടുക്കുകയും 2,441 ജീവനക്കാർക്ക് പരിശീലനം നൽകുകയും ചെയ്തു. തൊഴിലിടങ്ങളിലെ ജാഗ്രത ശക്തിപ്പെടുത്താനും അപകടകരമായ രാസവസ്തുക്കളുടെ കൃത്യമായ പരിപാലനം സംബന്ധിച്ച അവബോധം വർദ്ധിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.

സംയോജിതവും മത്സരശേഷിയാര്‍ന്നതുമായ  വ്യവസായ മേഖലയിലേക്കുള്ള മുന്നേറ്റം

ഇന്ത്യയുടെ കെമിക്കൽ, പെട്രോകെമിക്കൽ വ്യവസായം വിപുലമായ നിർമ്മാണ പ്രവർത്തനങ്ങളെയും വ്യാവസായിക പ്രയോഗങ്ങളെയും അനുബന്ധ ഉല്പന്നങ്ങളെയും ഉൾക്കൊള്ളുന്നു. ഉല്പാദന ശേഷി വർദ്ധിപ്പിക്കൽ, പ്രത്യേക വ്യാവസായിക സൗകര്യങ്ങൾ സ്ഥാപിക്കൽ, നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവയിലൂടെയാണ് ഈ മേഖലയുടെ സമഗ്ര വികസനം സാധ്യമാകുന്നത്. ഉല്പാദനത്തോടൊപ്പം  ഗവേഷണ സംരംഭങ്ങളും സാങ്കേതിക സ്ഥാപനങ്ങളും വിജ്ഞാന വികസനത്തിനും സാങ്കേതിക മുന്നേറ്റത്തിനും പ്രൊഫഷണൽ തൊഴിൽ സേനയെ രൂപപ്പെടുത്തുന്നതിനും നിർണായക സംഭാവന നൽകുന്നു. ഗുണനിലവാര മാനദണ്ഡങ്ങളും അപകടകരമായ രാസവസ്തുക്കളുടെ കാര്യക്ഷമമായ പരിപാലനവും ഉല്പന്നങ്ങളുടെ ചട്ടപാലനവും തൊഴിലിട സുരക്ഷയും ഉറപ്പാക്കുന്നു. ഈ ആഭ്യന്തര വികസനങ്ങളെ അന്താരാഷ്ട്ര പങ്കാളിത്തവുമായും നിക്ഷേപ അവസരങ്ങളുമായും ഏകോപിപ്പിക്കാൻ 'ഇന്ത്യാ കെം 2026' വഴിയൊരുക്കി.  മേഖലയുടെ വ്യാവസായിക വളർച്ചയെയും ആഗോള പങ്കാളിത്തത്തെയും മുന്നോട്ട് നയിക്കുന്ന വിപുലമായ പ്രവർത്തനങ്ങളെയാണ് ഈ മുന്നേറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നത്.

അവലംബം:

Ministry of Chemicals and Fertilizers: Department of Chemicals and Petrochemicals

https://chemicals.gov.in/

https://chemicals.gov.in/sites/default/files/Reports/annual_report_2025-26_Eng_1.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2246357&reg=48&lang=2

https://www.pib.gov.in/PressReleseDetailm.aspx?PRID=2325901&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2294832&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2323590&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2120876&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2220980&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2288866&lang=1&reg=48

https://www.pib.gov.in/PressReleaseDetail.aspx?PRID=2327972&reg=48&lang=1

https://www.pib.gov.in/PressReleaseDetail.aspx?PRID=2326667&reg=6&lang=1

Please See PDF

PIB Research

 

***


( റിലീസ് ഐ.ഡി: 2334167) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil