സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

തവാങ്ങിൽ 31,000 ഭക്തർ ശാക്യമുനി ബുദ്ധന്റെ പവിത്ര തിരുശേഷിപ്പുകൾ ദർശനം നടത്തി

പോസ്റ്റഡ് ഓണ്‍: 08 NOV 2026 11:44AM by PIB Thiruvananthpuram

അരുണാചൽ പ്രദേശിലെ തവാങ്ങിൽ ശാക്യമുനി ബുദ്ധന്റെ പവിത്ര തിരുശേഷിപ്പുകളുടെ പ്രദർശനം ഇന്ന്, 2026 നവംബർ 7-ന് സമാപിച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം, അരുണാചൽ പ്രദേശ് ഗവൺമെന്റ് , ന്യൂഡൽഹിയിലെ ഇന്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ (IBC) എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രദർശനത്തിന് ഭക്തരിൽ നിന്നും സന്ദർശകരിൽ നിന്നും വൻ പ്രതികരണമാണ് ലഭിച്ചത്. ഏഴ് ദിവസം നീണ്ടുനിന്ന പ്രദർശനത്തിനിടെ പവിത്ര തിരുശേഷിപ്പുകൾ ദർശിക്കാനായി ഗഡൻ നാംഗ്യാൽ ലാറ്റ്സെ (തവാങ്ങ് മൊണാസ്ട്രി)യിൽ ഏകദേശം 31,000 ഭക്തരും സന്ദർശകരും എത്തി.

2026 ഒക്ടോബർ 31-ന് ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ നിന്ന് ഔദ്യോഗിക പ്രോട്ടോക്കോൾ പ്രകാരം ആചാരപരമായ ചടങ്ങുകളോടെയാണ് പവിത്ര തിരുശേഷിപ്പുകൾ തവാങ്ങിലെത്തിച്ചത് . കേന്ദ്ര സാംസ്‌കാരിക-ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ സാന്നിധ്യത്തിൽ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പെമ ഖണ്ഡു പവിത്ര തിരുശേഷിപ്പുകൾ ഔപചാരികമായി സ്വീകരിച്ചു.

ശാക്യമുനി ബുദ്ധന്റെ പവിത്ര തിരുശേഷിപ്പുകളിൽ ബുദ്ധ സന്യാസിമാർക്കും പൊതുജനങ്ങൾക്കും ആദരവ് അർപ്പിക്കാനും പ്രാർത്ഥനകൾ നടത്താനും അനുഗ്രഹം തേടാനും പ്രദർശനം അവസരം നൽകി. ഏഴ് ദിവസവും തവാങ്ങ് ആശ്രമത്തിൽ ഭക്തരുടെ പ്രവാഹമായിരുന്നു. തവാങ്ങ് ജില്ലയിലെ എല്ലാ ബ്ലോക്കുകളിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള ഭക്തർ ഇവിടെയെത്തി. ഈ പ്രദേശത്തെ ജനങ്ങൾക്കിടയിൽ പവിത്ര തിരുശേഷിപ്പുകളോടുള്ള ആഴത്തിലുള്ള ആത്മീയവും സാംസ്‌കാരികവുമായ പ്രാധാന്യത്തെ വലിയ തോതിലുള്ള ജനപങ്കാളിത്തം പ്രതിഫലിപ്പിച്ചു.

പ്രദർശനത്തിന്റെ ഭാഗമായി അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പെമ ഖണ്ഡു തവാങ്ങ് ബുദ്ധ ആശ്രമത്തിൽ രണ്ട് പ്രത്യേക പ്രദർശനങ്ങൾ ഉദ്ഘാടനം ചെയ്തു. ഇന്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ (IBC) സംഘടിപ്പിച്ച ‘‘വിശുദ്ധ പിപ്രഹ്വയെ കണ്ടെത്തിയ കഥ: പരിശുദ്ധ ബുദ്ധന്റെ തിരുശേഷിപ്പുകളും അവയുടെ കണ്ടെത്തലും’എന്ന പ്രദർശനത്തിൽ 1898-ൽ പിപ്രഹ്വയിലെ തിരുശേഷിപ്പുകൾ കണ്ടെത്തിയതിന്റെ ചരിത്രം അവതരിപ്പിച്ചു. ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയം ഒരുക്കിയ രണ്ടാമത്തെ പ്രദർശനമായ ‘ധമ്മയുടെ വഴിത്തിരിവുകൾ: പാരമ്പര്യ പൈതൃകങ്ങൾ, ജീവന കല, നരവംശശാസ്ത്രപരമായ കാഴ്ചപ്പാടുകൾ’‘ സന്ദർശകർക്ക് ബുദ്ധമതത്തിന്റെ ചരിത്രപരവും കലാപരവും സാംസ്‌കാരികവുമായ പൈതൃകവും അതിന്റെ സ്വാധീനവും പരിചയപ്പെടാനുള്ള അവസരം നൽകി.

2026 നവംബർ 2-ന് ഇന്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ തവാങ്ങിലെ കലാവാങ്പോ കൺവെൻഷൻ സെന്ററിൽ ‘ബുദ്ധമതം: ഹിമാലയൻ മേഖലകളിലേക്കും അതിനപ്പുറത്തേക്കുമുള്ള വ്യാപനം’ എന്ന പേരിൽ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു. ഹിമാലയൻ മേഖലയിലും അതിനപ്പുറവും ബുദ്ധമത ദർശനങ്ങളുടെയും പൈതൃകത്തിന്റെയും പ്രചാരണവും സംരക്ഷണവും സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ത്യയിൽ നിന്നും മറ്റ് നിരവധി രാജ്യങ്ങളിൽ നിന്നുമുള്ള ബുദ്ധമത പണ്ഡിതർ, മതനേതാക്കൾ, പ്രതിനിധികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

നവംബർ 7-ന് തവാങ്ങിലെ പവിത്ര തിരുശേഷിപ്പുകളുടെ പ്രദർശനം സമാപിച്ചു. തുടർന്ന്, അടുത്ത പ്രദർശന കേന്ദ്രമായ ബോംഡിലയിലേക്ക് പവിത്ര തിരുശേഷിപ്പുകൾ എത്തിക്കും . 2026 നവംബർ 8-ന് ഇന്ത്യൻ വ്യോമസേന പവിത്ര തിരുശേഷിപ്പുകൾ ബോംഡിലയിലേക്ക് കൊണ്ടുപോകും. അപ്പർ ഗോംപയിൽ ഹ്രസ്വമായ ഇടവേളയ്ക്ക് ശേഷം തിരുശേഷിപ്പുകൾ ബോംഡിലയിലെ TGL മൊണാസ്ട്രിയിലെ (ലോവർ ഗോംപ) പ്രത്യേക ഇടത്ത് സ്ഥാപിക്കും. അവിടെ 2026 നവംബർ 8 മുതൽ 13 വരെ പൊതുജനങ്ങൾക്ക്  തിരുശേഷിപ്പുകൾ ദർശനം നടത്താം ,

തുടർന്ന് പവിത്ര തിരുശേഷിപ്പുകൾ നംസായിയിലെ ഗോൾഡൻ പഗോഡയിലേക്ക് കൊണ്ടുപോകും. അവിടെ 2026 നവംബർ 14 മുതൽ 20 വരെ പൊതുജനങ്ങൾക്ക് ദർശനം നടത്താം. തുടർന്ന് നവംബർ 21-ന് തിരുശേഷിപ്പുകൾ ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിലേക്ക് തിരിച്ചെത്തിക്കും.

 

ഇന്ത്യയുടെ സമ്പന്നമായ ബുദ്ധമത പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള ബുദ്ധമത സമൂഹങ്ങളുമായുള്ള രാജ്യത്തിന്റെ സാംസ്‌കാരികവും ആത്മീയവുമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള കേന്ദ്ര ഗവൺമെന്റിന്റെ തുടർച്ചയായ പ്രതിജ്ഞാബദ്ധതയാണ് ഈ പ്രദർശനം പ്രതിഫലിപ്പിക്കുന്നത്.

***

 


( റിലീസ് ഐ.ഡി: 2334163) സന്ദര്‍ശക കൗണ്ടര്‍ : 16
ഈ റിലീസ് വായിക്കുക: English , Gujarati , Urdu , हिन्दी , Marathi , Bengali , Tamil