പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 14-ൽ നിന്ന് 114 ആയി ഉയർന്നത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 05 NOV 2026 11:55PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 14-ൽ നിന്ന് 114 ആയി ഉയർന്നത് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഈ നേട്ടം രാജ്യത്തെ കായികതാരങ്ങളുടെ അപാരമായ ശേഷിയെയും പ്രതിഭയെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് വ്യക്തമാക്കി.

ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യൻ കായികതാരങ്ങൾ 30 സ്വർണ്ണ മെഡലുകൾ നേടുകയും, അഞ്ച് ലോക റെക്കോർഡുകളും ഒമ്പത് ഏഷ്യൻ റെക്കോർഡുകളും സ്ഥാപിക്കുകയും, നാല് ഇനങ്ങളിൽ അനുവദിക്കപ്പെട്ട  മൂന്ന് മെഡലുകളും സ്വന്തമാക്കുകയും ചെയ്തതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രണ്ട് പ്രധാന നേട്ടങ്ങൾ എടുത്ത് പറഞ്ഞുകൊണ്ട്, ഏഷ്യൻ പാരാ ഗെയിംസിൽ അരങ്ങേറ്റം കുറിച്ച 61 കായികതാരങ്ങളിൽ 36 പേരും മെഡലുകളോടെയാണ് മടങ്ങിയതെന്ന് ശ്രീ മോദി പറഞ്ഞു. കൂടാതെ, പങ്കെടുത്ത 56 വനിതാ കായികതാരങ്ങളിൽ 34 പേരും മെഡലുകൾ നേടിയതായും അദ്ദേഹം വ്യക്തമാക്കി.

ദൃഢനിശ്ചയമുണ്ടെങ്കിൽ ഒരു സ്വപ്നവും വലുതല്ലെന്നും ഒരു വെല്ലുവിളിയും കഠിനമല്ലെന്നും കായികതാരങ്ങൾ തെളിയിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെറുപ്പക്കാർ കായികരംഗം തിരഞ്ഞെടുക്കുന്നത് സമൂഹം വിമുഖതയോടെ കണ്ടിരുന്ന കാലം കഴിഞ്ഞുവെന്നും കഴിവുള്ളവരെ ഇന്ത്യ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീ മോദി 'എക്സ്' ൽ  കുറിച്ചു :

"14-ൽ നിന്ന് 114-ലേക്ക്...

ഒരു വശത്ത് ഇതൊരു വെറും സംഖ്യ മാത്രമാണ്... ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യ കൈവരിച്ച വളർച്ചയുടെ കണക്ക്.

എന്നാൽ അതിലും പ്രധാനമായി, ഈ വമ്പൻ കുതിച്ചുചാട്ടം മറ്റൊന്നിനെക്കൂടിയാണ് സൂചിപ്പിക്കുന്നത്... നമ്മുടെ കായികതാരങ്ങളുടെ അപാരമായ ശേഷിയെയും പ്രതിഭയെയും.

ഈ വർഷം നമുക്ക് ലഭിച്ചത്:

30 സ്വർണ്ണ മെഡലുകൾ + 5 ലോക റെക്കോർഡുകൾ + 9 ഏഷ്യൻ റെക്കോർഡുകൾ + അനുവദിക്കപ്പെട്ട  മുഴുവൻ മെഡലുകളും ഇന്ത്യക്കാർ സ്വന്തമാക്കിയ 4 ഇനങ്ങൾ!

എനിക്ക് ഏറെ പ്രിയപ്പെട്ട രണ്ട് കണക്കുകൾ:

ഏഷ്യൻ പാരാ ഗെയിംസിൽ അരങ്ങേറ്റം കുറിച്ച 61 താരങ്ങളിൽ 36 പേരും മെഡലുകളോടെയാണ് നാട്ടിലേക്ക് മടങ്ങിയത്.

മത്സരിച്ച 56 വനിതാ കായികതാരങ്ങളിൽ 34 പേരും മെഡൽ വിജയികളാണ്!

ദൃഢനിശ്ചയമുണ്ടെങ്കിൽ ഒരു സ്വപ്നവും വലുതല്ലെന്നും ഒരു വെല്ലുവിളിയും കഠിനമല്ലെന്നും നമ്മുടെ കായികതാരങ്ങൾ തെളിയിച്ചിരിക്കുന്നു.

കായികരംഗം തിരഞ്ഞെടുക്കാൻ ആഗ്രഹിച്ച യുവാക്കളെ സമൂഹം വിമുഖതയോടെ കണ്ടിരുന്ന ആ കാലം എന്നേ കഴിഞ്ഞു.

ഇപ്പോൾ, നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ, ഇന്ത്യ നിങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

വരൂ, കളിക്കൂ, തിളങ്ങൂ!"

***

NK


( റിലീസ് ഐ.ഡി: 2333475) സന്ദര്‍ശക കൗണ്ടര്‍ : 7