സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ഡിജിറ്റൽ രൂപത്തിലാക്കുന്നതിനും പങ്കുവെക്കുന്നതിനുമായി ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചറുമായി കേന്ദ്ര സാംസ്കാരിക മന്ത്രാലയം ധാരണാപത്രം ഒപ്പുവെച്ചു

പോസ്റ്റഡ് ഓണ്‍: 05 NOV 2026 7:33PM by PIB Thiruvananthpuram
അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഇന്ന് ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചറുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സാംസ്കാരിക മന്ത്രാലയം സെക്രട്ടറി ശ്രീ വിവേക് അഗർവാൾ, ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചർ സ്ഥാപകനും വൈസ് പ്രസിഡൻ്റുമായ ശ്രീ അമിത് സൂദ് എന്നിവരുടെ സാന്നിധ്യത്തിൽ ഓൺലൈനായി നടന്ന ചടങ്ങിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.
 


 
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംരക്ഷിക്കുന്ന സ്മാരകങ്ങളും പുരാവസ്തു കേന്ദ്രങ്ങളും അവിടങ്ങളിലെ ശേഖരങ്ങളും, ദേശീയ മ്യൂസിയങ്ങളുടെ ശേഖരങ്ങളും, 'ജ്ഞാൻ ഭാരതം' പദ്ധതിക്ക് കീഴിൽ രേഖപ്പെടുത്തിവരുന്ന കൈയെഴുത്തുപ്രതി പൈതൃകവും, രാജ്യത്തുടനീളം മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങൾ പരിപോഷിപ്പിക്കുന്ന കരകൗശലവിദ്യകളും പ്രകടനകലകളും സജീവമായ പാരമ്പര്യങ്ങളും  ഉൾപ്പെടെ ഇന്ത്യയുടെ നാഗരിക വൈപുല്യം ഈ പങ്കാളിത്തത്തിലൂടെ പ്രതിഫലിക്കും.

ഈ പങ്കാളിത്തത്തിൻ്റെ പ്രധാന കേന്ദ്രബിന്ദു ന്യൂഡൽഹിയിലെ നോർത്ത്, സൗത്ത് ബ്ലോക്കുകളിൽ രൂപംകൊണ്ടുവരുന്ന 'യുഗേ യുഗീൻ ഭാരത് മ്യൂസിയം' ആണ്. കാലഘട്ടങ്ങളിലൂടെയുള്ള ഇന്ത്യയുടെ ചരിത്രം അവതരിപ്പിക്കുന്ന മ്യൂസിയമാണിത്. ഇതിൻ്റെ ഡിജിറ്റൽവൽക്കരണത്തിലൂടെ കെട്ടിടങ്ങളെയും അവയിൽ സൂക്ഷിക്കാനിരിക്കുന്ന അമൂല്യമായ പുരാവസ്തുശേഖരങ്ങളെയും കുറിച്ചുള്ള ശാശ്വതമായ രേഖ സൃഷ്ടിക്കപ്പെടും. നമ്മുടെ കാലത്തെ ഏറ്റവും ശ്രദ്ധേയമായ സാംസ്കാരിക സംരംഭങ്ങളിലൊന്നിലേക്ക് മുൻകൂട്ടി കണ്ണോടിക്കാനുള്ള അവസരം കൂടിയാണ് ഇത് പൊതുജനങ്ങൾക്ക് തുറന്നുനൽകുന്നത്.
 
ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ഇന്ത്യൻ ഭാഷകളിലും ഏത് ഡിജിറ്റൽ ഉപകരണത്തിലൂടെയും അറിയാനും പര്യവേക്ഷണം ചെയ്യാനും കഴിയുന്നവിധം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, പ്രാപ്യത വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റൽ സംരംഭങ്ങൾ വിപുലീകരിക്കുന്നതിനുമായി മന്ത്രാലയം നടത്തുന്ന വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ ധാരണാപത്രം. സംരക്ഷണം, പൊതുജനങ്ങൾക്ക് ലഭ്യമാക്കൽ, ഇന്ത്യയുടെ സർഗാത്മക സമ്പദ്‌വ്യവസ്ഥയുടെ വളർച്ച എന്നിവ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന മന്ത്രാലയത്തിൻ്റെ സമഗ്രമായ സമീപനത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. വിവിധ തലങ്ങളിലുള്ള സ്ഥാപനങ്ങളുടെയും വിവിധ മേഖലകളിൽ നിന്നുള്ള പങ്കാളികളുടെയും സഹകരണവും സംഭാവനകളും ഇതിന് പ്രയോജനപ്പെടുത്തുന്നു.

ഈ പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കവെ സാംസ്കാരിക മന്ത്രാലയം സെക്രട്ടറി ശ്രീ വിവേക് അഗർവാൾ പറഞ്ഞു: "ഇന്ത്യയുടെ സാംസ്കാരിക പൈതൃകം തലമുറകളിലൂടെ കൈമാറിവരുന്ന അമൂല്യസമ്പത്താണ്.  അത് ഓരോ പൗരനും അവകാശപ്പെട്ടതും ലോകത്തോട് മുഴുവൻ സംവദിക്കുന്നതുമാണ്. നമ്മുടെ പുരാതന കൈയെഴുത്തുപ്രതികളും സ്മാരകങ്ങളും മുതൽ ദേശീയ മ്യൂസിയങ്ങളിലെയും വരാനിരിക്കുന്ന യുഗേ യുഗീൻ ഭാരത് മ്യൂസിയത്തിലെയും ശേഖരങ്ങൾ വരെയുള്ള ഈ പൈതൃകസമ്പത്ത് രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും പങ്കുവെക്കുന്നതിനും ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചറുമായുള്ള നമ്മുടെ ഈ പങ്കാളിത്തത്തിലൂടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണ്. ഈ അമൂല്യനിധികൾ ഇന്ത്യൻ ഭാഷകളിലും ലോകമെമ്പാടുമുള്ള ജനങ്ങൾക്കും ലഭ്യമാക്കുന്നതിലൂടെ, ഇന്ത്യൻ നാഗരികതയുടെ ചരിത്രത്തിലേക്ക് കൂടുതൽ ആളുകളെ അടുപ്പിക്കാനും വരുംതലമുറകൾക്കായി അത് സംരക്ഷിക്കാനും സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു."

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, നാഷണൽ മ്യൂസിയം, നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് എന്നിവയുൾപ്പെടെ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളുമായി ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചറിന് ദീർഘകാല ബന്ധമുണ്ട്. ഈ സ്ഥാപനങ്ങളിലെ ശേഖരങ്ങൾ വിപുലമായ ജനവിഭാഗങ്ങളിലേക്ക് എത്തിക്കാൻ വർഷങ്ങളായി ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചർ സഹായിച്ചിട്ടുണ്ട്.

ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചർ വൈസ് പ്രസിഡൻ്റും സ്ഥാപകനുമായ ശ്രീ അമിത് സൂദ് പറഞ്ഞു: "കഴിഞ്ഞ 15 വർഷമായി, സഹസ്രാബ്ദങ്ങൾ നീണ്ട ഇന്ത്യയുടെ കഥപറച്ചിൽ പാരമ്പര്യവും കലാവൈദഗ്ധ്യവും സമ്പന്നമായ പൈതൃകവും ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചറിന് വലിയ പ്രചോദനമായിട്ടുണ്ട്. അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഇന്ത്യയുടെ കാലാതീതമായ പൈതൃകസമ്പത്ത് സംരക്ഷിക്കുന്നതിനുള്ള സംയുക്ത പ്രതിബദ്ധതയാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയവുമായുള്ള ഞങ്ങളുടെ ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നത്. യുഗേ യുഗീൻ ഭാരത് മ്യൂസിയത്തിൻ്റെ ദർശനത്തിന് പിന്തുണ നൽകുന്നതിലായാലും ചരിത്രപ്രധാനമായ കൈയെഴുത്തുപ്രതികൾ സംരക്ഷിക്കുന്നതിലായാലും, പുരാതന പൈതൃകവും ആധുനിക കാലത്തെ ലഭ്യതയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി ഞങ്ങളുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ കഴിയുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.  ലോകമെമ്പാടുമുള്ള ജിജ്ഞാസുക്കൾക്ക് അറിവ് പകരാനും പ്രചോദനമേകാനും സന്തോഷം നൽകാനും കഴിയുന്നവിധത്തിൽ ഈ ശേഖരങ്ങൾ എല്ലാവർക്കും സൗജന്യമായി കണ്ടെത്താവുന്ന രീതിയിൽ  ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്."

ഇന്ത്യയുടെ നാഗരിക പൈതൃകം സംരക്ഷിക്കുന്നതിനും, ദീർഘകാല പങ്കാളിത്തങ്ങളിലൂടെ രാജ്യത്തിൻ്റെ സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനും, രാജ്യത്തിനകത്തും ലോകമെമ്പാടുമുള്ള വിപുലമായ ശൃംഖലകളിലൂടെ ഇന്ത്യയുടെ സംസ്കാരം പങ്കുവെക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ  പ്രതിബദ്ധത ഈ ധാരണാപത്രം വീണ്ടും ഉറപ്പിക്കുന്നു.
 
***
 
 

( റിലീസ് ഐ.ഡി: 2333438) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Punjabi , Tamil