പോസ്റ്റഡ് ഓണ്:
05 NOV 2026 7:35PM by PIB Thiruvananthpuram
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ധീര രക്തസാക്ഷികളുടെ സ്മരണയ്ക്കായി ഹരിയാനയിലെ അംബാലയിൽ നിർമ്മിച്ച സ്മാരകം കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹരിയാന മുഖ്യമന്ത്രി ശ്രീ നയാബ് സിംഗ് സൈനി, കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാൽ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു.
1857 മെയ് 10-ന് ഇതേ മണ്ണിൽവെച്ചാണ് വിപ്ലവ നായകന്മാർ ബ്രിട്ടീഷ് ഭരണത്തിനെതിരായ സായുധ വിപ്ലവത്തിന് കാഹളം മുഴക്കിയതെന്നും ഇവിടെനിന്ന് ആ വിപ്ലവം കാട്ടുതീ പോലെ പടർന്ന് ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ചുവെന്നും ചടങ്ങിൽ സംസാരിച്ച കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ബ്രിട്ടീഷുകാരുടെ സ്വാധീനത്തിൻകീഴിലായിരുന്ന ഇടതുപക്ഷ ചിന്താഗതിക്കാരായ ചരിത്രകാരന്മാർ 1857-ലെ സ്വാതന്ത്ര്യസമരത്തെ കേവലമൊരു ലഹളയായാണ് വിശേഷിപ്പിച്ചത്.
ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം അത് ഒരു ലഹളയായിരുന്നിരിക്കാം. എന്നാൽ ഭാരതാംബയുടെ മക്കളെ സംബന്ധിച്ചിടത്തോളം 1857-ലെ വിപ്ലവം ഒരു ലഹളയായിരുന്നില്ല, മറിച്ച് സ്വാതന്ത്ര്യസമരമായിരുന്നുവെന്ന് വീർ സവർക്കർ പറഞ്ഞിട്ടുണ്ട്. ഹിമാലയം മുതൽ കന്യാകുമാരി വരെയും ഗംഗാസാഗർ മുതൽ സോമനാഥ് വരെയും വ്യാപിച്ചുകിടക്കുന്ന വിശാലമായ ഈ രാജ്യത്തെ ഓരോ പൗരൻ്റെയും ഹൃദയത്തിൽ സ്വാതന്ത്ര്യത്തിൻ്റെ ജ്വാല തെളിയിച്ചത് 1857-ലെ ഈ വിപ്ലവമായിരുന്നു.
1857 മുതൽ 1947 വരെയുള്ള 90 വർഷം നീണ്ടുനിന്ന ഈ മഹത്തായ പോരാട്ടത്തിൽ എണ്ണമറ്റ രക്തസാക്ഷികൾ തങ്ങൾക്കുണ്ടായിരുന്നതെല്ലാം ത്യജിച്ചതിൻ്റെ ഫലമായാണ് ഇന്നത്തെ ഇന്ത്യയെയും ഭാരതാംബയെയും കാണാനുള്ള ഭാഗ്യം നമുക്ക് ലഭിച്ചതെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ആ രക്തസാക്ഷികളുടെ ത്യാഗങ്ങളുടെ അടിത്തറയിലാണ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വികസിത ഭാരതം വിഭാവനം ചെയ്യാൻ നമുക്ക് സാധിക്കുന്നത്. ആ രക്തസാക്ഷികളുടെ പരമമായ ത്യാഗത്തിൻ്റെ പിൻബലത്തിലും 80 വർഷമായി ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയതിലൂടെയും ലോകത്തിന് മുന്നിൽ നാം ഇന്ന് തലയുയർത്തി അഭിമാനത്തോടെ നിൽക്കുന്നു. നാനാ സാഹിബ് പേഷ്വ, റാണി ലക്ഷ്മിഭായ്, താന്തിയാ തോപ്പി, ബീഗം ഹസ്രത്ത് മഹൽ തുടങ്ങി 1857-ലെ വിപ്ലവത്തിലെ പോരാളികളും മറ്റ് നിരവധി യോദ്ധാക്കളും തങ്ങളുടെ വീര്യം പ്രകടിപ്പിക്കുകയും പരമമായ ത്യാഗം അനുഷ്ഠിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യത്തിനുവേണ്ടി രക്തം ചിന്തിയ രക്തസാക്ഷികളെ ആദരിക്കുകയും അവരുടെ ത്യാഗങ്ങളെ അനുസ്മരിക്കുകയും ചെയ്യുന്നതുവരെ ഒരു രാജ്യത്തിനും സ്വാതന്ത്ര്യത്തിൻ്റെ യഥാർത്ഥ മൂല്യം തിരിച്ചറിയാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ചരിത്രത്തിലെ രക്തം പുരണ്ട ഏടുകൾ സുവർണ്ണാക്ഷരങ്ങളിൽ മാറ്റിയെഴുതാത്ത ഒരു രാജ്യത്തിനും ഒരിക്കലും പുരോഗതി കൈവരിക്കാനാവില്ല. അംബാലയിൽ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട ഈ രക്തസാക്ഷി സ്മാരകം വരുംതലമുറയിലെ യുവജനങ്ങൾക്കും കൗമാരക്കാർക്കും അതിരുകളില്ലാത്ത ദേശസ്നേഹ പ്രചോദനത്തിൻ്റെ ഉറവിടമായി മാറും.
ഈ പുണ്യഭൂമിയിലൂടെ ഒരുകാലത്ത് സരസ്വതി നദി ഒഴുകിയിരുന്നുവെന്നും ഗംഗാ-യമുനാ ദോവാബ് വരെ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശത്തുവെച്ചാണ് വേദങ്ങളും ഉപനിഷത്തുകളും രചിക്കപ്പെട്ടതെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ഭഗവാൻ ശ്രീകൃഷ്ണൻ ഭഗവദ്ഗീത ഉപദേശിച്ചതും ഈ മണ്ണിൽവെച്ചാണ്. ഈ വീരഭൂമിയിൽ മഹാരാജ അഗ്രസേൻ ഇന്ത്യൻ ഭരണനിർവഹണത്തിൻ്റെ മാതൃക കാഴ്ചവെച്ചു. രാജാ നഹർ സിംഗും റാവു തുലാ റാമും സ്വാതന്ത്ര്യസമരത്തിൽ പോരാടിയതും ഈ വീരഭൂമിയിലാണ്. ആ പാരമ്പര്യം തുടർന്നുകൊണ്ട് ഇന്ന് ഹരിയാനയെപ്പോലുള്ള ഒരു ചെറിയ സംസ്ഥാനം സൈന്യത്തിലേക്ക് ഏറ്റവും കൂടുതൽ സൈനികരെ സംഭാവന ചെയ്യുന്നു. ഇന്ത്യയുടെ കായിക മെഡൽ നേട്ടങ്ങളുടെ പട്ടികയിൽ ഹരിയാന സ്ഥിരമായി ഒന്നാം സ്ഥാനത്താണ്. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ രാജ്യം സ്വയംപര്യാപ്തമാകേണ്ടിയിരുന്ന ഘട്ടത്തിൽ ഹരിയാനയിലെ കർഷകരാണ് രാജ്യത്തെ ധാന്യപ്പുരകൾ നിറച്ചത്. ധവളവിപ്ലവത്തിനും ഹരിയാന നിർണായകമായ സംഭാവന നൽകിയിട്ടുണ്ട്.
ഹരിയാനയുടെ മണ്ണിൽ 594 കോടി രൂപ ചെലവിൽ 22 ഏക്കർ സ്ഥലത്ത് 22 ഗാലറികളോടെയാണ് 1857-ലെ വിപ്ലവത്തിൻ്റെ ഈ മഹത്തായ സ്മാരകം നിർമ്മിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. വെർച്വൽ റിയാലിറ്റി, ഹോളോഗ്രാഫി, ഇൻ്ററാക്ടീവ് പ്രൊജക്ഷൻ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ചരിത്രരേഖകളെയും ഹരിയാനയുടെ വൈവിധ്യമാർന്ന കലാരൂപങ്ങളെയും പരസ്പരം കോർത്തിണക്കാനുള്ള ശ്രദ്ധേയമായ ശ്രമമാണ് ഈ സ്മാരകമെന്ന് ശ്രീ ഷാ വ്യക്തമാക്കി. ഫുൽകാരി, സർക്കണ്ട കരകൗശലവിദ്യകൾ, 2,500 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ തിയേറ്റർ, ലൈറ്റ് ആൻഡ് സൗണ്ട് ഷോ എന്നിവ ഉൾപ്പെടുത്തി സന്ദർശകരെ 1857-ലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന രീതിയിലാണ് ഈ സ്മാരകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 1857-ലെ വിപ്ലവത്തിൻ്റെ മഹത്വവും ത്യാഗവും അഭിമാനവും ഓർമ്മിപ്പിക്കുന്നതോടൊപ്പം രാജ്യത്തോടുള്ള കർത്തവ്യബോധവും ആത്മാഭിമാനവും ഉണർത്തുന്ന സജീവ ഇടമായി ഈ സ്മാരകം മാറിയിരിക്കുന്നു. ഇന്ന് രാജ്യം കൈവരിച്ച നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് അറിയുന്നതിനായി അംബാലയിലെ ഈ സ്മാരകം സന്ദർശിക്കണമെന്നും രക്തസാക്ഷികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കണമെന്നും രാജ്യത്തെ മുഴുവൻ യുവജനങ്ങളോടും അദ്ദേഹം അഭ്യർത്ഥിച്ചു.
1,260 കോടി രൂപ ചെലവിൽ നിർമ്മിച്ച ദേശീയപാതയും ഇന്ന് ഉദ്ഘാടനം ചെയ്തതായും ശ്രീ അമിത് ഷാ പറഞ്ഞു. ഈ ദേശീയപാതയിലൂടെ ഹരിയാനയിലെ കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റ് ഹരിയാനയിൽ സമൂലമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. എല്ലാ വീടുകളിലും പാചകവാതക സിലിണ്ടറുകൾ എത്തിച്ചതോടെ പുകയില്ലാത്ത സംസ്ഥാനമായി മാറിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ഹരിയാന. താങ്ങുവിലയിൽ 24 വിളകൾ സംഭരിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനവും ഹരിയാനയാണ്. പുതിയ ക്രിമിനൽ നിയമങ്ങൾ ആദ്യം നടപ്പാക്കിയ സംസ്ഥാനവും കുറ്റാരോപിതർ ശിക്ഷിക്കപ്പെടുന്ന നിരക്കിൽ 40 ശതമാനം വർദ്ധനവ് കൈവരിക്കുകയും ചെയ്ത ആദ്യ സംസ്ഥാനവും ഹരിയാനയാണ്. ഹൈഡ്രജൻ ട്രെയിൻ സർവീസ് ആരംഭിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ഹരിയാന. രാജ്യത്തെ ആദ്യ എലിവേറ്റഡ് റെയിൽവേ ട്രാക്കും ഹരിയാനയിലാണ് ആരംഭിച്ചത്. ഹരിയാന അന്ത്യോദയ പരിവാർ പരിവഹൻ യോജനയ്ക്ക് (HAPPY) കീഴിൽ ദരിദ്ര കുടുംബങ്ങൾക്ക് 1,000 കിലോമീറ്റർ സൗജന്യ യാത്രാസൗകര്യം ഉറപ്പാക്കുന്ന പദ്ധതിയും സംസ്ഥാനത്ത് നടപ്പാക്കി. രാജ്യത്തെ ഏറ്റവും വലിയ ട്രാൻസ്ജെൻഡർ ക്ഷേമ ബോർഡ് സ്ഥാപിച്ചതും ഹരിയാനയാണ്. പൂർണ സാക്ഷരത കൈവരിച്ച പഞ്ചായത്തുകൾ എന്ന ആശയത്തിന് തുടക്കം കുറിച്ചതും ഹരിയാനയിലാണ്. സംസ്ഥാനത്ത് ഓൺലൈൻ ട്രാൻസ്ഫർ പോളിസി (സ്ഥലംമാറ്റ നയം) നടപ്പാക്കുകയും ഗവൺമെന്റ് സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട അഴിമതി പൂർണമായി ഇല്ലാതാക്കുകയും ചെയ്തു. ഗ്രാമങ്ങളിൽ 'ലാൽ ദോര' സമ്പ്രദായം പൂർണമായി ഒഴിവാക്കിയ രാജ്യത്തെ ഏക സംസ്ഥാനമാണ് ഹരിയാന. അനീമിയ മുക്ത (വിളർച്ചാ മുക്ത) സംസ്ഥാനമായി ഹരിയാന മാറി. രാജ്യത്തെ ആദ്യത്തെ ആയുഷ് വിദ്യാലയം ഇവിടെ സ്ഥാപിതമായി. 'പരിവാർ പെഹ്ചാൻ പത്ര' (കുടുംബ തിരിച്ചറിയൽ രേഖ) പുറത്തിറക്കിയ ആദ്യ സംസ്ഥാനവും ഹരിയാനയാണ്. ഭാവാന്തർ പദ്ധതിയിലൂടെ തോട്ടവിള കർഷകർക്കൊപ്പം നിലകൊണ്ട ആദ്യ സംസ്ഥാനവും ഹരിയാനയാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGA) കീഴിൽ ഏറ്റവും ഉയർന്ന വേതനം നൽകുന്നതും ഹരിയാനയാണ്. കഴിഞ്ഞ 60 വർഷത്തിനിടെ ഹരിയാന ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. ലഹരിമുക്ത ഹരിയാന എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം മുന്നേറിക്കഴിഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാനയ്ക്ക് ഉയർന്ന മുൻഗണന നൽകിയിട്ടുണ്ടെന്നും ശ്രീ അമിത് ഷാ വ്യക്തമാക്കി.
****