നിതി ആയോഗ്‌
azadi ka amrit mahotsav

ഇന്ത്യയുടെ നിർണായക ധാതു ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് സംയുക്ത താല്പര്യപത്രം ഒപ്പുവെച്ച് നീതി ആയോഗും ടെക്‌സ്മിനും

പോസ്റ്റഡ് ഓണ്‍: 03 NOV 2026 5:50PM by PIB Thiruvananthpuram

നിർണായകവും തന്ത്രപ്രധാനവുമായ ധാതു മേഖലയിലെ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിന് നീതി ആയോഗും, കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന് കീഴിൽ ഐഐടി (ഐഎസ്എം) ധൻബാദിൽ പ്രവർത്തിക്കുന്ന 'ടെക്‌സ്മിനും' (ടെക്നോളജി ട്രാൻസലേഷൻ റിസർച്ച് പാർക്ക്) സംയുക്ത താല്പര്യപത്രത്തില്‍ ഒപ്പുവെച്ചു.

 

തദ്ദേശീയ സാങ്കേതിക ശേഷികൾ വികസിപ്പിക്കുക, ഗവേഷണവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുക, രാജ്യത്ത് പ്രതിരോധശേഷിയാര്‍ന്നതും സുസ്ഥിരവുമായ നിർണായക ധാതു മൂല്യശൃംഖലകളുടെ വികസനത്തിന് പിന്തുണ നൽകുക എന്നിവയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ നിർണായക ധാതു ദൗത്യത്തിന്റെ ലക്ഷ്യങ്ങൾക്കും ആത്മനിർഭർ, വികസിത ഭാരതം എന്നീ കാഴ്ചപ്പാടുകള്‍ക്കും അനുസൃതമായാണ് സഹകരണം.

 

 

ഇന്ത്യൻ കൗൺസിൽ ഓഫ് കെമിസ്റ്റ്സിന്റെ 45-ാമത് വാർഷിക ദേശീയ സമ്മേളനത്തിന്റെ ഭാഗമായി 2026 ഒക്ടോബർ 31-ന് സംഘടിപ്പിച്ച ‘നിർണായക ധാതുക്കളും അപൂർവ ഭൗമ മൂലകങ്ങളും’ സംബന്ധിച്ച ദേശീയ സിംപോസിയം ഉദ്ഘാടനം ചെയ്യാൻ നീതി ആയോഗ് അംഗം പ്രൊഫ. ഗോബർദ്ധൻ ദാസ് ഐഐടി (ഐഎസ്എം) ധൻബാദ് സന്ദർശിച്ച വേളയിലാണ് താല്പര്യപത്രം ഒപ്പുവെച്ചത്.

 

 

ദേശീയ സുരക്ഷ, സാങ്കേതിക സ്വയംപര്യാപ്തത, വികസിത ഭാരതം 2047 കാഴ്ചപ്പാട് എന്നിവയുടെ തന്ത്രപ്രധാന ഘടകങ്ങളെന്ന നിലയിൽ നിർണായക ധാതുക്കളുടെ പ്രാധാന്യം പ്രൊഫ. ദാസ് സിംപോസിയത്തെ അഭിസംബോധന ചെയ്യവെ വിശദീകരിച്ചു. ഇന്ത്യയുടെ സമ്പന്ന ലോഹസംസ്കരണ പാരമ്പര്യം പരാമർശിച്ച അദ്ദേഹം ഗവേഷണം, നൂതനാശയം, വ്യാവസായിക സഹകരണം എന്നിവയിലൂടെ തദ്ദേശീയ സാങ്കേതിക ശേഷി കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി.

 

 

ഖനനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരമ്പരാഗത സമീപനത്തിനപ്പുറം പര്യവേക്ഷണം, സംസ്കരണം, ശുദ്ധീകരണം, നൂതന പദാർത്ഥങ്ങൾ, പുനരുപയോഗം എന്നിവ ഉൾക്കൊള്ളുന്ന സംയോജിത മൂല്യശൃംഖലയിലേക്ക് മാറേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. കൽക്കരി ചാരം, ചുവന്ന ചെളി, ഖനന അവശിഷ്ടങ്ങൾ, ഇ-മാലിന്യങ്ങൾ തുടങ്ങിയ ദ്വിതീയ സ്രോതസ്സുകളിൽ നിന്ന് നിർണായക ധാതുക്കൾ വേർതിരിച്ചെടുക്കുന്നതിലെ സാധ്യതകളും അദ്ദേഹം വിശദീകരിച്ചു. ഗവേഷണ കണ്ടെത്തലുകളെ വാണിജ്യതലത്തില്‍ ലാഭകരമായ സാങ്കേതികവിദ്യകളാക്കി മാറ്റേണ്ടതിന്റെയും സുസ്ഥിര വിഭവ വിനിയോഗം പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി.

 

 

സംയുക്ത ഗവേഷണവും സാങ്കേതിക വികസനവും; സാങ്കേതിക-തന്ത്രപ്രധാന പഠനങ്ങൾ; നയപരവും സ്ഥാപനപരവുമായ പിന്തുണ; ശേഷി വികസനവും വിജ്ഞാന വിനിമയവും എന്നിങ്ങനെ പ്രധാനമായും നാല് മേഖലകളിലെ സഹകരണമാണ് നീതി ആയോഗും ടെക്‌സ്മിനും തമ്മിലെ സംയുക്ത താല്പര്യപത്രം വിഭാവനം ചെയ്യുന്നത്.

 

 

തദ്ദേശീയ ശേഷികൾക്ക് കരുത്തേകാനും സാങ്കേതികവിദ്യാ പരിവർത്തനം സാധ്യമാക്കാനും ലക്ഷ്യമിടുന്ന ഈ കൂട്ടായ്മ, ഗവൺമെന്റ്, അക്കാദമിക് രംഗം, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ മേഖല എന്നിവ തമ്മിലെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും വഴിയൊരുക്കുന്നു.

 

 

ഇന്ത്യയുടെ നിർണായക ധാതു, അപൂർവ ഭൗമ മൂലകങ്ങള്‍ എന്നിവയുടെ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാന്‍ നയരൂപകർത്താക്കൾ, ഗവേഷകർ, സാങ്കേതിക വികസന വിദഗ്ദ്ധർ, വ്യവസായ പ്രതിനിധികൾ എന്നിവരെ സിംപോസിയം ഒരുമിച്ചുകൊണ്ടുവന്നു.

 

 

പ്രതിരോധശേഷിയാര്‍ന്ന നിർണായക ധാതു വിതരണ ശൃംഖലകൾ വികസിപ്പിക്കാനും സാങ്കേതിക സ്വയംപര്യാപ്തത കൈവരിക്കാനും ഇന്ത്യ നടത്തുന്ന ശ്രമങ്ങൾക്ക് ഈ സംരംഭം കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

*****


( റിലീസ് ഐ.ഡി: 2332286) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , Gujarati , Tamil