പോസ്റ്റഡ് ഓണ്‍:
03 NOV 2026 5:44PM by PIB Thiruvananthpuram
21-ാം നൂറ്റാണ്ടിലെ സൈനിക സജ്ജീകരണം സാങ്കേതിക-വ്യാവസായിക ശേഷികളുമായി പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് രാജ്യരക്ഷാമന്ത്രി ശ്രീ രാജ്നാഥ് സിങ് പറഞ്ഞു. നിർണായക ഉപകരണങ്ങളുടെയും സാങ്കേതികവിദ്യകളുടെയും തദ്ദേശീയ ഉല്പാദനത്തിനും ബാഹ്യ സഹായമില്ലാതെ അവ സ്വതന്ത്രമായി പരിപാലിക്കുന്നതില്‍ ശേഷി കൈവരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. 2026 നവംബർ 3-ന് മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസിൽ സംഘടിപ്പിച്ച മൂന്നാമത് ഡൽഹി പ്രതിരോധ സംവാദത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 'സ്വയംപര്യാപ്തത' എന്നത് സാങ്കേതിക പരമാധികാരം കൈവരിക്കാനുള്ള അന്വേഷണമായി കാണണമെന്നും രാജ്യത്തിന്റെ നിർണായക പ്രതിരോധ ആവശ്യങ്ങൾ ബാഹ്യ ആശ്രിതത്വങ്ങൾക്ക് വിധേയമാകരുതെന്നാണ് സ്വയംപര്യാപ്തത കൊണ്ട് അർത്ഥമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പ്രതിരോധ സംവിധാനം രൂപകല്പന ചെയ്യാനുള്ള അറിവ്, നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ, നവീകരിക്കാനുള്ള ബൗദ്ധിക സ്വത്തവകാശം, കാലാകാലം പരിപാലിക്കാനുള്ള ശേഷി എന്നിവ സ്വായത്തമാക്കുമ്പോഴാണ് യഥാർത്ഥ സ്വയംപര്യാപ്തത കൈവരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

‘പ്രതിരോധ രംഗത്തെ പരിഷ്കരണങ്ങൾ, സ്വയംപര്യാപ്തത, സഹകരണങ്ങൾ, കയറ്റുമതികൾ’ എന്ന ഈ വർഷത്തെ കോൺക്ലേവിന്റെ പ്രമേയവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകൾ പങ്കുവെച്ച രാജ്യരക്ഷാമന്ത്രി, 2047-ഓടെ ഇന്ത്യയെ 'വികസിത ഭാരത'മാക്കി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ നാല് പരസ്പരബന്ധിത തലങ്ങളായി അവയെ വിശേഷിപ്പിച്ചു. പരിഷ്കരണങ്ങൾ അനുകൂലമായ സ്ഥാപന അന്തരീക്ഷം സൃഷ്ടിക്കണം; സ്വയംപര്യാപ്തത തദ്ദേശീയ സാങ്കേതിക ശേഷികളെ ശക്തിപ്പെടുത്തണം; സഹകരണങ്ങൾ അത്യാധുനിക സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം വേഗത്തിലാക്കുകയും സംയുക്ത വികസനം സാധ്യമാക്കുകയും വേണം; കയറ്റുമതി സുസ്ഥിര വ്യാവസായിക ആവാസവ്യവസ്ഥയ്ക്ക് ആവശ്യമായ വ്യാപ്തിയും മത്സരശേഷിയും ആഗോള പങ്കാളിത്തവും നൽകണം. ഇന്ത്യയുടെ തന്ത്രപ്രധാന സ്വയംഭരണത്തിലേക്കുള്ള പ്രയാണത്തെ പരസ്പരം ശക്തിപ്പെടുത്തുന്ന നാല് സ്തംഭങ്ങളാണിവയെന്ന് അദ്ദേഹം പറഞ്ഞു.

പരിഷ്കരണങ്ങൾ ഇന്ത്യയുടെ പരിവര്‍ത്തന സന്നദ്ധതയെയും, സ്വയംപര്യാപ്തത രാജ്യത്തിന്റെ നിര്‍മ്മിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തെയും സഹകരണങ്ങൾ ലോകവുമായി കൈകോർക്കാനുള്ള ആത്മവിശ്വാസത്തെയും കയറ്റുമതി ആഗോളതലത്തിൽ മത്സരിക്കാനുള്ള സന്നദ്ധതയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ശ്രീ രാജ്നാഥ് സിങ് വ്യക്തമാക്കി. ഈ നാല് ഘടകങ്ങളും ഒന്നിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. കാരണം പരിഷ്കരണങ്ങളും അന്താരാഷ്ട്ര സഹകരണങ്ങളും കയറ്റുമതിയും ഇല്ലാത്ത സ്വയംപര്യാപ്തത ഇന്ത്യയുടെ സാങ്കേതിക ചക്രവാളത്തെയും വ്യാവസായിക വ്യാപ്തിയെയും ആഗോള മത്സരശേഷിയെയും പരിമിതപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

കരയും കടലും ആകാശവും കടന്ന് ബഹിരാകാശത്തേക്കും സൈബർ ഇടങ്ങളിലേക്കും ഡിജിറ്റൽ മേഖലയിലേക്കും യുദ്ധങ്ങള്‍ വ്യാപിക്കുന്നതോടെ യുദ്ധമുറകളുടെ സ്വഭാവത്തിലുണ്ടാകുന്ന മൗലികമായ മാറ്റം സമീപകാല ആഗോള സംഘർഷങ്ങൾ തെളിയിച്ചതായി രാജ്യരക്ഷാമന്ത്രി ചൂണ്ടിക്കാട്ടി. പരമ്പരാഗത യുദ്ധങ്ങളും പാരമ്പര്യേതര യുദ്ധമുറകളും തമ്മിലെ അതിർവരമ്പുകൾ മായുകയാണ്. ചെലവ് കുറഞ്ഞ ഡ്രോണുകളും സ്വയംപ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളും അത്യാധുനികവും ചെലവേറിയതുമായ സൈനിക പ്ലാറ്റ്ഫോമുകള്‍ക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. അതിവേഗം നൂതനാശയങ്ങൾ വികസിപ്പിക്കാനും വലിയ തോതിൽ ഉല്പാദനം നടത്താനും പ്രതിരോധ ശേഷികൾ യഥാസമയം പുനഃസ്ഥാപിക്കാനുമുള്ള കഴിവ് അത്യാധുനിക ആയുധ സംവിധാനങ്ങൾ സ്വന്തമാക്കുന്നതുപോലെ തന്നെ നിർണായകമായി മാറിയതായും അദ്ദേഹം പറഞ്ഞു.

സാങ്കേതിക-നിർമ്മാണ ശേഷികൾ വളർത്തിയെടുക്കുന്നതിന് അനുയോജ്യമായ സ്ഥാപന അന്തരീക്ഷവും പുരോഗമനപരമായ നയങ്ങളും വേഗത്തിൽ പ്രതികരിക്കുന്ന നടപടിക്രമങ്ങളും അത്യന്താപേക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ രാജ്നാഥ് സിങ്, രാജ്യത്തിന്റെ ആഭ്യന്തര പ്രതിരോധ വ്യാവസായിക അടിത്തറ ശക്തിപ്പെടുത്താന്‍ കഴിഞ്ഞ പതിറ്റാണ്ടിൽ കൈക്കൊണ്ട നടപടികൾ വിശദീകരിച്ചു. പ്രതിരോധ നിർമ്മാണ രംഗത്ത് സ്വയംഭരണാധികാരം, കാര്യക്ഷമത, മത്സരശേഷി എന്നിവ വർദ്ധിപ്പിക്കുന്നതിന് പ്രതിരോധ വ്യാവസായിക ഇടനാഴികള്‍ സ്ഥാപിച്ചതും നേരത്തെയുണ്ടായിരുന്ന ഓർഡനൻസ് ഫാക്ടറി ബോർഡിനെ ഏഴ് പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളാക്കി കോര്പ്പറേറ്റ്വല്ക്കരിച്ചതും ഇതിലുള്‍പ്പെടുന്നു.
അത്യാധുനിക പ്രതിരോധ സംവിധാനങ്ങളുടെ വികസനത്തിലും നിർമ്മാണത്തിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതില്‍ ഗവൺമെന്റിന്റെ പ്രതിബദ്ധത രാജ്യരക്ഷാമന്ത്രി ആവർത്തിച്ചു. അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ്, പ്രൊപ്പൽഷൻ സംവിധാനങ്ങൾ, അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലറി ഗൺ സിസ്റ്റം, പീരങ്കി വെടിക്കോപ്പുകൾ, കപ്പൽ നിർമ്മാണം തുടങ്ങിയ പദ്ധതികളിലെ സ്വകാര്യ പങ്കാളിത്ത അവസരങ്ങൾ തദ്ദേശീയ വികസനത്തിന് ആക്കം കൂട്ടുകയും ഉല്പാദന ശേഷി വർദ്ധിപ്പിക്കുകയും ആഗോള പ്രതിരോധ വിപണിയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സംരംഭങ്ങൾ സ്വകാര്യ വ്യവസായ മേഖലയ്ക്കും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും സ്റ്റാർട്ടപ്പുകൾക്കും അക്കാദമിക മേഖലയ്ക്കും കൂടുതൽ വിപുലമായ പങ്കാളിത്തത്തിന് അവസരമൊരുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധ മന്ത്രാലയം 2025-നെ 'പരിഷ്കരണങ്ങളുടെ വർഷ'മായി ആചരിച്ചുവെന്നും സംയുക്ത പ്രവർത്തനം, സംയോജനം, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, നൂതനാശയങ്ങള്‍, ആഭ്യന്തര പ്രതിരോധ വ്യാവസായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തൽ എന്നിവയിലായിരുന്നു പ്രധാന ശ്രദ്ധയെന്നും ശ്രീ രാജ്നാഥ് സിങ് പറഞ്ഞു. നയങ്ങൾ, സ്ഥാപന ഘടനകൾ, സാങ്കേതിക വികസനം, സംഭരണ നടപടിക്രമങ്ങൾ, വ്യാപാരം സുഗമമാക്കൽ എന്നിവയിലെല്ലാം തുടക്കം കുറിച്ച പരിഷ്കരണങ്ങൾ മികച്ച ഫലങ്ങൾ നൽകുന്നുണ്ട്. ഇതിന്റെ ഫലമായി 2025-26 സാമ്പത്തിക വർഷം പ്രതിരോധ ഉല്പാദനം ഏകദേശം 1.78 ലക്ഷം കോടി രൂപയെന്ന റെക്കോഡ് നിലവാരത്തിലെത്തുകയും പ്രതിരോധ കയറ്റുമതി 38,424 കോടി രൂപയായി ഉയരുകയും ചെയ്തു. ഇന്ത്യൻ പ്രതിരോധ ഉല്പന്നങ്ങൾ ഇപ്പോൾ 80-ലേറെ രാജ്യങ്ങളിലേക്ക് എത്തുന്നുണ്ടെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായം, എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുടെ വർദ്ധിച്ചുവരുന്ന സംഭാവനയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധ കയറ്റുമതിയെ ഇന്ത്യയുടെ സ്വയംപര്യാപ്തതാ ലക്ഷ്യങ്ങളുടെ നിർണായക ഘടകമായി വിശേഷിപ്പിച്ച രാജ്യരക്ഷാമന്ത്രി ആഭ്യന്തര വ്യാവസായിക ആവാസവ്യവസ്ഥയുടെ പക്വതയും തദ്ദേശീയ സാങ്കേതികവിദ്യകളുടെ മത്സരശേഷിയും ഇന്ത്യയുടെ കരുത്തിൽ അന്താരാഷ്ട്ര പങ്കാളികൾ പുലര്‍ത്തുന്ന വിശ്വാസവുമാണ് കയറ്റുമതി പ്രതിഫലിപ്പിക്കുന്നതെന്ന് വ്യക്തമാക്കി. സുസ്ഥിര നയ ഉദാരവൽക്കരണം, ലളിതവൽക്കരണം, ഏകീകൃത മാനദണ്ഡങ്ങൾ എന്നിവയാണ് ഈ വളർച്ചയ്ക്ക് കാരണമെന്ന് അദ്ദേഹം വിലയിരുത്തി. ഇന്ത്യൻ നിർമ്മാതാക്കൾക്ക് - പ്രത്യേകിച്ച് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് - അന്താരാഷ്ട്ര അവസരങ്ങളോട് കൂടുതൽ കാര്യക്ഷമമായി പ്രതികരിക്കാൻ ഇത് കരുത്തേകിയെന്നും അദ്ദേഹം വ്യക്തമാക്കി.
പരിപാലനം, അറ്റകുറ്റപ്പണി, പരിശീലനം, ലോജിസ്റ്റിക്സ്, സാങ്കേതിക സഹകരണം എന്നിവ കൂടി ഉൾപ്പെടുത്തി പ്രതിരോധ കയറ്റുമതിയുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ ശ്രീ രാജ്നാഥ് സിങ് ആഹ്വാനം ചെയ്തു. ഓരോ വിജയകരമായ കയറ്റുമതിയും ദീർഘകാല തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ അടിത്തറയായി മാറണം. 2029-ഓടെ പ്രതിരോധ ഉല്പാദനത്തിൽ മൂന്ന് ലക്ഷം കോടി രൂപയും പ്രതിരോധ കയറ്റുമതിയിൽ 50,000 കോടി രൂപയും കൈവരിക്കുകയെന്ന ഗവൺമെന്റിന്റെ നിശ്ചയദാര്‍ഢ്യം അദ്ദേഹം ആവർത്തിച്ചു. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആഭ്യന്തര പ്രതിരോധ വ്യവസായം ഉല്പാദന ശേഷി വർദ്ധിപ്പിക്കുകയും ഗുണനിലവാരം മെച്ചപ്പെടുത്തുകയും ആഗോള മത്സരശേഷി ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
ഗവേഷണ-വികസന പ്രക്രിയയിൽ പ്രതിരോധ സേനകൾ നിർണായക പങ്കാളികളായി തുടരണമെന്ന് രാജ്യരക്ഷാമന്ത്രി വ്യക്തമാക്കി. മുൻഗണനാ ഗവേഷണ മേഖലകൾ നിശ്ചയിക്കാനും വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ പ്രസക്തി വിലയിരുത്താനും സേനകളുടെ പ്രവർത്തന പരിചയവും യുദ്ധക്കളത്തെക്കുറിച്ചുള്ള സൂക്ഷ്മധാരണയും അത്യന്താപേക്ഷിതമാണ്. അതേസമയം, ഗവേഷണ പ്രക്രിയയിൽ ഉപയോക്താവിന്റെ താല്‍ക്കാലിക ആവശ്യങ്ങൾക്കപ്പുറം ചിന്തിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. താല്‍ക്കാലിക സൈനിക ആവശ്യങ്ങളെ മാത്രം അടിസ്ഥാനമാക്കി മുന്നോട്ടുപോകുന്ന ഗവേഷണങ്ങൾ നിലവിൽ തിരിച്ചറിഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഒതുങ്ങിപ്പോകുമെന്നും ഇതുവരെ വിഭാവനം ചെയ്യാത്ത സാധ്യതകൾ കണ്ടെത്താൻ അവയ്ക്ക് കഴിഞ്ഞെന്നു വരില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. സ്ഥാപിത അനുമാനങ്ങളെ ചോദ്യം ചെയ്യാനും പാരമ്പര്യേതര ആശയങ്ങൾ പിന്തുടരാനും ഉടനടി പ്രായോഗിക ഉപയോഗം പ്രകടമാകാത്ത നൂതന സാങ്കേതികവിദ്യകൾ കണ്ടെത്താനുമുള്ള സ്വാതന്ത്ര്യം ഗവേഷണ വികസന മേഖലയ്ക്ക് ഉണ്ടായിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
സൈനിക ആവശ്യങ്ങൾ ഗവേഷണങ്ങൾക്ക് ദിശാബോധം നൽകുമ്പോൾ തന്നെ നൂതനാശയങ്ങള്ക്കാവശ്യമായ സ്വാതന്ത്ര്യവും ബൗദ്ധിക ഇടവും നിലനിർത്തി കൃത്യമായ സന്തുലിതാവസ്ഥ ഉറപ്പാക്കാൻ ശ്രീ രാജ്നാഥ് സിങ് ആഹ്വാനം ചെയ്തു. പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും വിജയകരമായ നൂതനാശയങ്ങളെ പരീക്ഷണശാലകൾക്കും പ്രോട്ടോടൈപ്പുകൾക്കുമപ്പുറം വലിയ തോതിലുള്ള ഉല്പാദനത്തിലേക്കും സൈനിക വിന്യാസത്തിലേക്കും എത്തിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നതും നിക്ഷേപം ഉറപ്പാക്കുന്നതും വിജയകരമായ ആശയങ്ങൾ സേനാ ശേഷികളായി പരിവർത്തനം ചെയ്യപ്പെടുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കുകയെന്നതാവണം രാജ്യത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സ്വയംപര്യാപ്തതാ ശ്രമങ്ങൾ ആഗോളവേദികളില്നിന്നുള്ള പിന്മാറ്റമല്ലെന്ന് അന്താരാഷ്ട്ര പ്രതിരോധ സഹകരണങ്ങളെക്കുറിച്ച് സംസാരിക്കവെ ശ്രീ രാജ്നാഥ് സിങ് വ്യക്തമാക്കി; മറിച്ച് അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിക്കാൻ കൂടുതൽ ശേഷിയും ആത്മവിശ്വാസവും സാങ്കേതിക കരുത്തുമുള്ള ഇന്ത്യയുടെ അടയാളമാണത്. സംഭരണം, ലൈസൻസോടുകൂടിയ ഉല്പാദനം, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവയെ അടിസ്ഥാനമാക്കി പരമ്പരാഗത പങ്കാളിത്തങ്ങൾ ഇന്ത്യയുടെ വ്യാവസായിക ശേഷിക്ക് സംഭാവന നൽകിയിട്ടുണ്ടെങ്കിലും ഭാവി ആവശ്യങ്ങൾക്കായി സംയുക്ത വികസനം, സംയുക്ത ഉല്പാദനം, സംയുക്ത നൂതനാശയങ്ങള്‍ എന്നിവയിലധിഷ്ഠിതമായ കൂടുതൽ അഭിലഷണീയ സമീപനം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രൂപകല്പനയിലും വികസനത്തിലും അർത്ഥപൂര്‍ണമായ ഇന്ത്യൻ പങ്കാളിത്തം, നിർണായക സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം, ഉചിതമായ ബൗദ്ധിക സ്വത്തവകാശ പങ്കിടൽ, ആഗോള വിതരണ ശൃംഖലകളിൽ ഇന്ത്യൻ കമ്പനികൾക്ക് പങ്കെടുക്കാനുള്ള അവസരങ്ങൾ എന്നിവയും ഇത്തരം പങ്കാളിത്തങ്ങളിലൂടെ ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിശാലമായ ആഭ്യന്തര വിപണിയും വിപുലീകരിക്കുന്ന വ്യാവസായിക അടിത്തറയും ശാസ്ത്ര-എൻജിനീയറിങ് മേഖലയിലെ പ്രതിഭകളുടെ കരുത്തുറ്റ സാന്നിധ്യവും ഇന്ത്യൻ വ്യവസായ മേഖലയുമായി സഹകരിക്കാൻ അന്താരാഷ്ട്ര കമ്പനികൾക്ക് വലിയ അവസരങ്ങളാണ് നൽകുന്നതെന്ന് ശ്രീ രാജ്നാഥ് സിങ് വ്യക്തമാക്കി.
പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ സ്വപ്നങ്ങള്‍ യാഥാർത്ഥ്യമാക്കുന്നതിന് പ്രതിരോധ സേനകൾ, സിവിൽ സർവീസ് ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞർ, വ്യവസായിക-അക്കാദമിക-അന്താരാഷ്ട്ര പങ്കാളികൾ എന്നിവരുടെ കൂട്ടായ പ്രതിബദ്ധതയ്ക്ക് രാജ്യരക്ഷാമന്ത്രി ആഹ്വാനം ചെയ്തു. പ്രതിരോധ സാങ്കേതികവിദ്യകൾ വാങ്ങുന്നതിൽ നിന്ന് അവ സ്വയം വികസിപ്പിക്കുന്നതിലേക്കും ആഭ്യന്തര ആവശ്യങ്ങൾക്കായുള്ള നിർമ്മാണത്തിൽ നിന്ന് ആഗോള വിപണികളിൽ മത്സരിക്കുന്നതിലേക്കും അന്താരാഷ്ട്ര പങ്കാളിത്തങ്ങളിൽ കേവലം പങ്കെടുക്കുന്നതിൽ നിന്ന് ആഗോള പ്രതിരോധ സാങ്കേതികവിദ്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ അർത്ഥപൂര്‍ണമായ സംഭാവനകൾ നൽകുന്നതിലേക്കും രാജ്യം മുന്നേറണം. ഡല്‍ഹി പ്രതിരോധ സംവാദത്തിലെ ചർച്ചകൾ ഈ കാഴ്ചപ്പാട് കൈവരിക്കാനുതകുന്ന വിലയേറിയ ആശയങ്ങളും പ്രായോഗിക ശിപാർശകളും നൽകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതിരോധ പരിഷ്കാരങ്ങൾ, തദ്ദേശീയ ശേഷികൾ, അന്താരാഷ്ട്ര സഹകരണങ്ങൾ, പ്രതിരോധ കയറ്റുമതി എന്നിവയുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതിനുള്ള വേദിയായി ഡല്‍ഹി പ്രതിരോധ സംവാദം 2026 മാറുമെന്ന് സ്വാഗത പ്രസംഗത്തിൽ എംപി-ഐഡിഎസ്എ ഡയറക്ടർ ജനറൽ അംബാസഡർ സുജൻ ആർ. ചിനോയ് പറഞ്ഞു. പ്രൊപ്പൽഷൻ സംവിധാനങ്ങൾ, പ്രതിരോധ കയറ്റുമതി എന്നിവ സംബന്ധിച്ച് എംപി-ഐഡിഎസ്എ സംഘടിപ്പിച്ച രണ്ട് മുന്നൊരുക്ക വട്ടമേശ സമ്മേളനങ്ങളെക്കുറിച്ചും ഇൻസ്റ്റിറ്റ്യൂട്ടിന്റെ അന്താരാഷ്ട്ര ഇടപെടലുകളെ കൂടുതൽ ശക്തിപ്പെടുത്തിയ പ്രഥമ ആസിയാൻ-ഇന്ത്യ ഡിഫൻസ് തിങ്ക് ടാങ്ക് ഫോറത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
സിഐഎസ്സി എയർ മാർഷൽ തജീന്ദർ സിങ്, അഡീഷണൽ സെക്രട്ടറി ശ്രീമതി ദീപ്തി മോഹിൽ ചൗള, സർവീസിലുള്ളവരും വിരമിച്ചവരുമടക്കം മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, വിദേശ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഡല്‍ഹി പ്രതിരോധ സംവാദത്തെക്കുറിച്ച്:
2026 നവംബർ 3, 4 തീയതികളിൽ മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ് സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ സംവാദ പരിപാടി ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന പ്രതിരോധ മുൻഗണനകളെക്കുറിച്ചും അന്താരാഷ്ട്ര സഹകരണത്തിലെ അവസരങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിന് ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും നയരൂപകർത്താക്കൾ, പ്രതിരോധ സേനാ പ്രതിനിധികൾ, പ്രതിരോധ വ്യവസായ മേഖലയിലെയും അക്കാദമിക് രംഗത്തെയും പ്രതിനിധികള്‍, തന്ത്രപ്രധാന വിദഗ്ദ്ധർ എന്നിവരെ ഒരുമിച്ചുകൊണ്ടുവരുന്നു.
ഇന്ത്യയുടെ സൈനിക സജ്ജീകരണം ശക്തിപ്പെടുത്തുന്നതിനും തദ്ദേശീയ സാങ്കേതിക ശേഷികൾ പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര പ്രതിരോധ സഹകരണത്തിന് അവസരങ്ങൾ വിപുലീകരിക്കുന്നതിനും പ്രായോഗിക നയ നിർദേശങ്ങൾ രൂപപ്പെടുത്തുന്നതിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗവൺമെന്റ്, വ്യവസായം, ഒറിജിനൽ എക്യുപ്മെന്റ് മാനുഫാക്ചറേഴ്സ് (ഒഇഎം), എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവ തമ്മിലെ വിപുലമായ പങ്കാളിത്തം സുഗമമാക്കാൻ ഈ പരിപാടി ലക്ഷ്യമിടുന്നു. ഇതിന്റെ ഫലങ്ങൾ നയരൂപീകരണത്തിന് വിലയേറിയ സംഭാവനകൾ നൽകുമെന്നും സ്വയംപര്യാപ്തവും സാങ്കേതികമായി മുന്നേറിയതുമായ പ്രതിരോധ ആവാസവ്യവസ്ഥ സംബന്ധിച്ച ഇന്ത്യയുടെ തന്ത്രപ്രധാന കാഴ്ചപ്പാടിന് കരുത്തേകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
***