പോസ്റ്റഡ് ഓണ്:
03 NOV 2026 2:54PM by PIB Thiruvananthpuram
2026 നവംബർ 9 മുതൽ 20 വരെ തുർക്കിയിലെ അൻ്റാലിയയിൽ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാവ്യതിയാന കൺവെൻഷന്റെ (UNFCCC) കക്ഷിരാഷ്ട്രങ്ങളുടെ 31-ാമത് സമ്മേളന(COP31)ത്തിൽ ഇന്ത്യയുടെ മുൻഗണനകൾ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് വ്യക്തമാക്കി. കൂടാതെ ജൈവവൈവിധ്യ കൺവെൻഷന്റെ 17-ാമത് സമ്മേളനം (CBD COP17), മരുഭൂവൽക്കരണത്തെ നേരിടുന്നതിനുള്ള ഐക്യരാഷ്ട്രസഭാ കൺവെൻഷന്റെ 17-ാമത് സമ്മേളനം (UNCCD COP17) എന്നിവയിൽ ഇന്ത്യ പങ്കെടുത്തതിൻ്റെ പ്രധാന നേട്ടങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. ശേഷി വികസനം, അറിവ് പങ്കുവെക്കൽ, ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കനുസരിച്ചുള്ള പരിഹാരങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട്, ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾക്കായി പ്രായോഗിക പരിഹാരങ്ങൾ മുന്നോട്ടുവെക്കുന്ന പരിഹാരാധിഷ്ഠിത കാഴ്ചപ്പാടോടെയായിരിക്കും ഇന്ത്യ COP31-നെ സമീപിക്കുകയെന്ന് ഇന്ന് ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. ജി-77 ആൻഡ് ചൈന, LMDC, BASIC എന്നീ കൂട്ടായ്മകളുമായി ഇന്ത്യ ചേർന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കാലാവസ്ഥാ വ്യതിയാന കൺവെൻഷൻ്റെ ലക്ഷ്യങ്ങളും പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങളും കൈവരിക്കുന്നതിനുള്ള ആഗോള ശ്രമങ്ങൾക്ക് ക്രിയാത്മകമായ സംഭാവനകൾ നൽകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ആവർത്തിച്ചു. കാലാവസ്ഥാ ധനസഹായം ഒരു പ്രധാന മുൻഗണനയായിരിക്കുമെന്നും കാലാവസ്ഥാ ധനസഹായ പ്രവർത്തന പരിപാടിക്ക് തുടക്കം കുറിക്കുന്നതിനുള്ള തീരുമാനം COP31-ൽ ഉണ്ടാകണമെന്ന് ഇന്ത്യ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 9.1 പ്രകാരം വികസിത രാജ്യങ്ങളുടെ ബാധ്യതയാണ് ധനസഹായമെന്ന് ശ്രീ യാദവ് ഊന്നിപ്പറഞ്ഞു. അത് മുൻകൂട്ടി പ്രവചിക്കാവുന്നതും, പ്രധാനമായും പൊതു ധനസഹായവും, ഇളവുകളോടുകൂടിയതുമായിരിക്കണം. കൂടാതെ, കടബാധ്യത വർദ്ധിപ്പിക്കുന്നതാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഘൂകരണ നടപടികളും ആഗോള അവലോകനവും കക്ഷികൾ നയിക്കുന്നതും സഹായകരമായ സമീപനമുള്ളതും ശിക്ഷാനടപടികളില്ലാത്തതുമായിരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ദേശീയതലത്തിൽ നിർണ്ണയിക്കപ്പെടുന്ന സംഭാവനകളുടെ ( Nationally Determined Contributions- NDCs) സ്വഭാവത്തെ മാനിക്കുകയും മുകളിൽനിന്ന് അടിച്ചേൽപ്പിക്കുന്ന പുതിയ ലക്ഷ്യങ്ങൾ ഒഴിവാക്കുകയും വേണമെന്നും ഇന്ത്യ നിലപാടെടുക്കും.
മാത്രമല്ല, ആഗോള പൊരുത്തപ്പെടൽ ലക്ഷ്യവുമായി ബന്ധപ്പെട്ട സൂചകങ്ങൾ സ്വമേധയാ സ്വീകരിക്കാവുന്നതായിരിക്കണമെന്നും അവ ധനസഹായം ലഭിക്കുന്നതിനുള്ള മുൻവ്യവസ്ഥയാകരുതെന്നും, അതോടൊപ്പം പൊരുത്തപ്പെടൽ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം വർദ്ധിപ്പിക്കണമെന്നും വ്യക്തമാക്കിക്കൊണ്ട്, കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതിനുള്ള നടപടികൾ ഇന്ത്യയുടെ മുൻഗണനയായി തുടരുമെന്ന് മന്ത്രി അറിയിച്ചു. കാലാവസ്ഥാ നീതി, വികസനത്തിനുള്ള അവകാശം, താങ്ങാനാവുന്ന ഊർജ്ജലഭ്യത എന്നിവയുടെ കാഴ്ചപ്പാടിലൂടെ നീതിയുക്തമായ പരിവർത്തനത്തെ സമീപിച്ചുകൊണ്ട്, കക്ഷികൾ നയിക്കുന്ന സംവിധാനത്തിലൂടെ നീതിയുക്തമായ പരിവർത്തന പ്രവർത്തന പരിപാടി തുടരുന്നതിനെ ഇന്ത്യ പിന്തുണയ്ക്കും. സാങ്കേതികവിദ്യയുടെ കാര്യത്തിൽ, സാങ്കേതികവിദ്യാ കൈമാറ്റം വികസിത രാജ്യങ്ങളുടെ ബാധ്യതയാണെന്നും ചെലവ്, ബൗദ്ധിക സ്വത്തവകാശം (IPR), വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിക്കണമെന്നും ഇന്ത്യ ഊന്നിപ്പറയും. കാർബൺ വിപണികളിലെ പങ്കാളിത്തം സ്വമേധയാ ഉള്ളതായിരിക്കണം. പ്രസിഡൻസിയുടെ പ്രവർത്തന അജണ്ടയ്ക്ക് കീഴിലുള്ള സ്വമേധയാ ഉള്ള സംരംഭങ്ങൾ ചർച്ചകളിൽനിന്ന് വേറിട്ടുനിൽക്കണമെന്നും ഏകീകൃത ആഗോള ലക്ഷ്യങ്ങൾ ദേശീയ സാഹചര്യങ്ങളെ മാനിക്കണമെന്നും ഇന്ത്യ അടിവരയിടും.

കാർഷിക മേഖലയിലെ കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതിനുള്ള നടപടികൾ, ഭക്ഷ്യസുരക്ഷ, ചെറുകിട-നാമമാത്ര കർഷകരുടെ ഉപജീവനമാർഗ്ഗങ്ങൾ എന്നിവ തമ്മിലുള്ള അഭേദ്യമായ ബന്ധവും ഇന്ത്യ ഉയർത്തിക്കാട്ടും. സ്വീഡനുമായി ചേർന്നുള്ള ലീഡ്ഐടി 3.0, തീരദേശ പ്രതിരോധശേഷിയെക്കുറിച്ചുള്ള ഉന്നതതല അനുബന്ധ പരിപാടികൾ, അന്താരാഷ്ട്ര ബിഗ് ക്യാറ്റ് അലയൻസ് (IBCA), വനങ്ങൾ എന്നിവ സംബന്ധിച്ച പാനൽ ചർച്ചകൾ എന്നിവ COP31-ലെ ഇന്ത്യയുടെ പ്രധാന പരിപാടികളിൽ ഉൾപ്പെടുന്നു. പ്രതിബദ്ധതകൾ പ്രായോഗികമായി നടപ്പാക്കുന്നതിനും ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനും വഴിയൊരുക്കുന്ന തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ അൻ്റാലിയയിൽ ഇന്ത്യ ക്രിയാത്മകമായ പങ്കുവഹിക്കുമെന്ന് ശ്രീ യാദവ് പറഞ്ഞു.

അർമേനിയയിലെ യെരേവാനിൽ നടന്ന CBD COP17-ൽ , കുൻമിംഗ്-മോൺട്രിയൽ ആഗോള ജൈവവൈവിധ്യ ചട്ടക്കൂട് (KMGBF) ഫലപ്രദമായും നീതിയുക്തമായും നടപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ഇന്ത്യ ആവർത്തിച്ചതായി ശ്രീ യാദവ് അറിയിച്ചു. ദേശീയ മുൻഗണനകൾക്കും സാഹചര്യങ്ങൾക്കും നിയമപരമായ ചട്ടക്കൂടുകൾക്കും ജനപങ്കാളിത്തത്തിനും അർഹമായ പ്രാധാന്യം നൽകേണ്ടതിൻ്റെ ആവശ്യകത ഇന്ത്യ ചൂണ്ടിക്കാട്ടി. ജൈവവൈവിധ്യത്തിൽനിന്നുള്ള നേട്ടങ്ങൾ ന്യായമായും നീതിയുക്തമായും പങ്കിടുക, പര്യാപ്തവും മുൻകൂട്ടി ഉറപ്പാക്കാവുന്നതുമായ സാമ്പത്തിക സഹായം ലഭ്യമാക്കുക, ശേഷി വികസിപ്പിക്കുക, സാങ്കേതികവിദ്യ കൈമാറുക എന്നിവയുടെ പ്രാധാന്യവും ഇന്ത്യ വ്യക്തമാക്കി. കൺവെൻഷൻ്റെ ആർട്ടിക്കിൾ 20(2) പ്രകാരമുള്ള ബാധ്യതകൾ വികസിത രാജ്യങ്ങൾ നിറവേറ്റണമെന്ന് ചർച്ചകളിൽ ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു. ധനസഹായം നൽകേണ്ട രാജ്യങ്ങളുടെ പട്ടിക നിർബന്ധിതമായി വിപുലീകരിക്കുന്നതിനെയും നിലവിലുള്ള സാമ്പത്തിക ബാധ്യതകൾ വികസ്വര രാജ്യങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിനെയും ഇന്ത്യ എതിർത്തു. ജൈവവൈവിധ്യ സംരക്ഷണത്തിനായി എളുപ്പത്തിൽ ലഭ്യമാകുന്നതും പര്യാപ്തവും നീതിയുക്തവുമായ ധനസഹായം ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഡിജിറ്റൽ സീക്വൻസ് ഇൻഫർമേഷൻ (DSI) സംബന്ധിച്ച്, ക്യാലി ഫണ്ട് ഉൾപ്പെടെയുള്ള ബഹുമുഖ സംവിധാനങ്ങളിലൂടെ നേട്ടങ്ങൾ ന്യായമായും നീതിയുക്തമായും പങ്കിടേണ്ടതിൻ്റെ ആവശ്യകത ഇന്ത്യ ചൂണ്ടിക്കാട്ടി. ഒപ്പം, രാജ്യങ്ങളുടെ പരമാധികാര അവകാശങ്ങളും ദേശീയ പ്രവേശന-നേട്ട പങ്കിടൽ (ABS) ചട്ടക്കൂടുകളും മാനിക്കപ്പെടണമെന്നും ഇന്ത്യ വ്യക്തമാക്കി. KMGBF നടപ്പാക്കലിൻ്റെ ആഗോള അവലോകനം അംഗരാജ്യങ്ങൾ നയിക്കുന്നതും, സഹായകമായ സമീപനം പിന്തുടരുന്നതും അനാവശ്യ ഇടപെടലുകളും ശിക്ഷാനടപടികളും ഇല്ലാത്തതുമായിരിക്കണം. അവലോകനം ഓരോ രാജ്യത്തിൻ്റെയും ദേശീയ സാഹചര്യങ്ങൾക്കും മുൻഗണനകൾക്കും അനുസൃതമായിരിക്കണമെന്നും ഇന്ത്യ വാദിച്ചു. കൂടാതെ ജൈവവൈവിധ്യ സംരക്ഷണവും ചട്ടക്കൂടിൻ്റെ നടത്തിപ്പും ഫലപ്രദമാക്കുന്നതിന് സർക്കാരിൻ്റെ വിവിധ വകുപ്പുകളുടെയും സമൂഹത്തിൻ്റെ വിവിധ മേഖലകളുടെയും സംയോജിത പങ്കാളിത്തം അനിവാര്യമാണെന്നും ഇന്ത്യ ഊന്നിപ്പറഞ്ഞു.
മംഗോളിയയിലെ ഉലാൻബാതറിൽ നടന്ന UNCCD COP17-നെക്കുറിച്ച് സംസാരിച്ച മന്ത്രി, ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, ജൈവവൈവിധ്യം, ഉപജീവനമാർഗ്ഗങ്ങൾ, ഗ്രാമീണ സമ്പദ്വ്യവസ്ഥ എന്നിവയ്ക്ക് ഭൂമി പുനഃസ്ഥാപിക്കൽ അത്യന്താപേക്ഷിതമാണെന്ന് ഇന്ത്യ വ്യക്തമാക്കിയതായി ചൂണ്ടിക്കാട്ടി. ഏഷ്യാ-പസഫിക് റീജിയണൽ ഗ്രൂപ്പിൻ്റെ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യ, 2030-ഓടെ 26 ദശലക്ഷത്തിലധികം ഹെക്ടർ ഭൂമി പുനഃസ്ഥാപിക്കുമെന്ന പ്രതിബദ്ധത ആവർത്തിച്ചു. ഭൂമി പുനഃസ്ഥാപിക്കുന്നതിനും വരൾച്ചയെ നേരിടാനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിനുമായി വൈവിധ്യമാർന്നതും പര്യാപ്തവും മുൻകൂട്ടി ഉറപ്പാക്കാവുന്നതുമായ അന്താരാഷ്ട്ര ധനസഹായം ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. വരൾച്ചയുണ്ടാകുമ്പോഴുള്ള ദുരിതാശ്വാസ നടപടികൾക്കപ്പുറം വരൾച്ചയെ നേരിടാനുള്ള ദീർഘകാല ശേഷി വികസിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും ഇന്ത്യ ചൂണ്ടിക്കാട്ടി. ശാസ്ത്രീയ സമീപനത്തിലൂടെയും ജനപങ്കാളിത്തത്തോടെയും പുൽമേടുകൾ പുനഃസ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കണമെന്നും ഇടയവിഭാഗങ്ങളെ പുൽമേടുകളുടെ സംരക്ഷകരായും ഈ പ്രവർത്തനങ്ങളിലെ പങ്കാളികളായും കാണണമെന്നും ഇന്ത്യ വാദിച്ചു. ശാസ്ത്രാധിഷ്ഠിതവും ഓരോ ഭൂപ്രകൃതിക്കും അനുയോജ്യവുമായ പുനഃസ്ഥാപന പ്രവർത്തനങ്ങൾക്ക് വഴികാട്ടിയായി 'ഗൈഡ് ടു ഗ്രാസ്ലാൻഡ്സ് ആൻഡ് അതർ ഓപ്പൺ നാച്ചുറൽ ഇക്കോസിസ്റ്റംസ് ഓഫ് ഇന്ത്യ' എന്ന ആദ്യ മാർഗ്ഗരേഖ ഇന്ത്യ പുറത്തിറക്കിയതായും മന്ത്രി വ്യക്തമാക്കി.
ഈ മൂന്ന് അന്താരാഷ്ട്ര പ്രക്രിയകളിലെയും ഇന്ത്യയുടെ സജീവ പങ്കാളിത്തം, തുല്യത, ദേശീയ സാഹചര്യങ്ങൾ, ശാസ്ത്രാധിഷ്ഠിത പരിഹാരങ്ങൾ, വികസ്വര രാജ്യങ്ങൾക്ക് ആവശ്യമായ നിർവ്വഹണ മാർഗ്ഗങ്ങൾ എന്നിവയോടുള്ള പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ശ്രീ യാദവ് പറഞ്ഞു. COP31-ൽ പദ്ധതി നടപ്പാക്കൽ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന സന്തുലിതവും പ്രായോഗികവുമായ ഫലങ്ങൾ കൈവരിക്കാൻ ഇന്ത്യ പ്രവർത്തിക്കും. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സെക്രട്ടറി ശ്രീ നരേന്ദ്ര ഭൂഷൺ, അഡീഷണൽ സെക്രട്ടറിമാരായ ഡോ. അമൻദീപ് ഗാർഗ്, ശ്രീ അശുതോഷ് അഗ്നിഹോത്രി, ജോയിൻ്റ് സെക്രട്ടറിമാരായ ശ്രീ രജത് അഗർവാൾ, ശ്രീ ഉദയ് ചൗധരി, ഐ.ജി. (ഫോറസ്റ്റ്) ഡോ. ക്ലെമൻ്റ് ബെൻ എന്നിവരും മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

*****