രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ആത്മനിർഭർ ഭാരത്: ഇന്ത്യൻ നാവികസേനയ്ക്കായി 8 പുതുതലമുറ കോർവെറ്റുകൾ (Next Generation Corvettes) നിർമ്മിക്കുന്നതിന്, GRSE, GSL എന്നിവയുമായി 53,866.50 കോടി രൂപയുടെ കരാറുകളിൽ ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം

പോസ്റ്റഡ് ഓണ്‍: 02 NOV 2026 11:53AM by PIB Thiruvananthpuram

ഇന്ത്യൻ നാവികസേനയ്ക്കായി എട്ട് 'പുതുതലമുറ കോർവെറ്റുകൾ' (NGCs) നിർമ്മിക്കുന്നതിനായി, പ്രതിരോധ മന്ത്രാലയം ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് ലിമിറ്റഡ് (GRSE), ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡ് (GSL) എന്നിവയുമായി 53,866.50 കോടി രൂപയുടെ കരാറുകളിൽ ഒപ്പുവെച്ചു. 2026 നവംബർ 2-ന് ന്യൂഡൽഹിയിലെ കർത്തവ്യ ഭവൻ-2-ൽ നടന്ന ചടങ്ങിൽ, പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിങ്ങിന്റെ സാന്നിധ്യത്തിലാണ് കരാറുകൾ ഒപ്പുവെച്ചത്.

ഒപ്പുവെച്ച കരാറുകൾ പ്രകാരം, അഞ്ച് കോർവെറ്റുകൾ GRSE-യും മൂന്നെണ്ണം GSL-ഉം നിർമ്മിക്കും. ഇന്ത്യൻ നാവികസേന തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും, മത്സര പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ (DPSUs) നിർമ്മിക്കുകയും ചെയ്യുന്ന ആദ്യ പദ്ധതിയാണിത്. അതിനാൽ, ഇന്ത്യയുടെ തദ്ദേശീയമായ യുദ്ധക്കപ്പൽ രൂപകൽപ്പന, നിർമ്മാണ ശേഷി എന്നിവയിലെ സുപ്രധാന നാഴികക്കല്ലായി ഈ പദ്ധതി മാറും.

അത്യാധുനിക മിസൈലുകൾ, ആയുധങ്ങൾ, സങ്കീർണ്ണമായ സെൻസർ സംവിധാനങ്ങൾ എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്ന 'പുതുതലമുറ  കോർവെറ്റുകൾ' (NGCs), വായുവിലും ജലോപരിതലത്തിലും വെള്ളത്തിനടിയിലും ഒരുപോലെ പ്രവർത്തനങ്ങൾ നടത്താൻ ശേഷിയുള്ളവയാണ്. ഈ കപ്പലുകൾ സേനയുടെ ഭാഗമാകുന്നതോടെ, നിർണായകമായ സമുദ്ര വ്യാപാര പാതകളുടെ സംരക്ഷണം, ഉപരിതല, അന്തർജല യുദ്ധമുറകൾ, തീരദേശ സുരക്ഷ, തീരത്തോട് ചേർന്നുള്ള യുദ്ധമുറകൾ, ഇന്ത്യയുടെ സമുദ്രമേഖലയിലെ സാന്നിധ്യം, നിരീക്ഷണം തുടങ്ങിയ കാര്യങ്ങളിൽ നാവികസേനയുടെ പ്രവർത്തന ശേഷി ഗണ്യമായി വർദ്ധിക്കും.

ഡി.പി.എസ്.യു-കൾ, സ്വകാര്യ കപ്പൽശാലകൾ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ (MSMEs) എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ വ്യവസായ മേഖലകൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിലൂടെ, എൻ.ജി.സി പദ്ധതി രാജ്യത്തിന്റെ തദ്ദേശീയ കപ്പൽനിർമാണ മേഖലയ്ക്ക് വലിയ ഉത്തേജനം പകരും. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഈ കപ്പലുകളുടെ നിർമ്മാണത്തിലൂടെ കപ്പൽശാലകളിൽ ഏകദേശം 72 ലക്ഷം മനുഷ്യ ദിന തൊഴിലവസരങ്ങളും അനുബന്ധ വ്യവസായങ്ങളിലും എം.എസ്.എം.ഇ മേഖലകളിലുമായി 460 ലക്ഷം മനുഷ്യ ദിന തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

ഇന്ത്യയിൽ നിർമിച്ച സാമഗ്രികൾ, ഉപകരണങ്ങൾ, തദ്ദേശീയ സാങ്കേതികവിദ്യകൾ, ഇന്ത്യൻ വിദഗ്ധരുടെ നൈപുണ്യവും സാങ്കേതിക മികവും എന്നിവ പരമാവധി പ്രയോജനപ്പെടുത്തുന്നതിലൂടെ, പ്രതിരോധ ഉത്പാദന മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ളാ നിർണായക ചുവടുവെപ്പായി ഈ പദ്ധതി മാറും. ഒപ്പം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്മെന്റിന്റെ 'മേക്ക് ഇൻ ഇന്ത്യ' സംരംഭത്തിനും രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണ ശ്രമങ്ങൾക്കും ഈ പദ്ധതി കൂടുതൽ കരുത്തേകും
.
 
*****

( റിലീസ് ഐ.ഡി: 2331572) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Bengali , Punjabi , Gujarati , Tamil