പോസ്റ്റഡ് ഓണ്:
31 OCT 2026 8:41PM by PIB Thiruvananthpuram
മഹാരാഷ്ട്രയിലെ നാസിക്കിൽ ഇന്ന് (2026 ഒക്ടോബർ 31) നടന്ന സിംഹസ്ഥ മഹാ കുംഭമേളയുടെ ധ്വജ സ്തംഭ പൂജ, ധ്വജ പൂജ, ധ്വജാരോഹണ ചടങ്ങുകളിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു.തുടർന്ന് നടന്ന പൊതുസമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്തു.

നാസിക്-തൃംബകേശ്വർ സിംഹസ്ഥ മഹാകുംഭമേളയുടെ പാരമ്പര്യം എത്രത്തോളം സമ്പന്നമാണോ അത്രത്തോളം പുരാതനവുമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഹരിദ്വാറിലെ ഗംഗാതീരത്തും പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിലും ഉജ്ജയിനിയിലെ ക്ഷിപ്രാ നദീതീരത്തും നാസിക്കിലെ ഗോദാവരി തീരത്തും സംഘടിപ്പിക്കപ്പെടുന്ന കുംഭമേളകൾ ലോകമെമ്പാടും പ്രശസ്തമാണ്. നൂറ്റാണ്ടുകളായി മുടങ്ങാതെ തുടരുന്ന ഈ സംഗമങ്ങൾ നമ്മുടെ നാടിൻ്റെ ചരിത്രപരവും സാംസ്കാരികവും സാമൂഹികവും ആത്മീയവുമായ പാരമ്പര്യങ്ങളുടെ കരുത്തിൻ്റെ ദൃഷ്ടാന്തമാണെന്നും അവർ കൂട്ടിച്ചേർത്തു.

നൂറ്റാണ്ടുകളായി കുംഭമേളകളിൽ ലക്ഷക്കണക്കിന് ഭക്തർ ഒത്തുചേരുന്നത് ഇന്ത്യയുടെ സാംസ്കാരികവും ആത്മീയവുമായ ഐക്യത്തിൻ്റെയും പാരമ്പര്യങ്ങളുടെ തുടർച്ചയുടെയും ജീവിക്കുന്ന ദൃഷ്ടാന്തമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു . വിശ്വസത്തിൻ്റെയും സാമൂഹിക സൗഹാർദ്ദത്തിൻ്റെയും ഉത്തമ മാതൃകകളാണ് ഈ സംഗമങ്ങൾ. 2027-ലെ നാസിക്-തൃംബകേശ്വർ സിംഹസ്ഥ മഹാകുംഭമേള നമ്മുടെ പുരാതന പാരമ്പര്യത്തെ ആധുനിക കാലഘട്ടവുമായി ബന്ധിപ്പിക്കുന്ന പാലമായി മാറുമെന്ന് രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു. യുവതലമുറയെ ഇന്ത്യയുടെ മഹത്തായ പാരമ്പര്യവുമായും ജീവമൂല്യങ്ങളുമായും ബന്ധിപ്പിക്കാൻ ഈ സംഗമം മികച്ചൊരു അവസരമാകട്ടെയെന്നും അവർ ആശംസിച്ചു.

ഇന്ന് ആഗോളതലത്തിൽ അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങൾ നിമിത്തം ജനങ്ങൾ നിരവധി പ്രതിസന്ധികൾ നേരിടുകയാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള നമ്മുടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വരൾച്ച കാരണം കർഷകർ കടുത്ത ദുരിതത്തിലാണ്. ഇത്തരം വെല്ലുവിളികളെ നേരിടുന്ന പൗരന്മാർക്കും പ്രത്യേകിച്ച് കർഷകർക്കും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റുകൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തിൻ്റെയും ശുചിത്വത്തിൻ്റെയും പ്രാധാന്യം വ്യക്തിഗതമായും കൂട്ടായും മുന്നോട്ടുകൊണ്ടുപോകാൻ രാഷ്ട്രപതി ദ്രൗപദി മുർമു ജനങ്ങളോട് ആഹ്വാനം ചെയ്തു. പരിസ്ഥിതി പരിപാലനത്തിനായി എല്ലാവരും നിരന്തരമായ ശ്രമങ്ങൾ തുടരണമെന്ന് അവർ അവർത്തിച്ചുവ്യക്തമാക്കി.നാസിക്കിൽ നടക്കുന്ന 'മഹാകുംഭമേള'യുടെ സംഘാടകരുടെ മികച്ച പ്രവർത്തനങ്ങളും പൊതുജനങ്ങളുടെ സജീവ പങ്കാളിത്തവും, ശുചിത്വത്തിലും മാലിന്യ സംസ്കരണത്തിലും മാതൃകാപരമായ പുതിയ മാനദണ്ഡം സ്ഥാപിക്കപ്പെടുമെന്ന് രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.




******