ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ഭവനിൽ നടന്ന 'സർദാർ കഥ' പരിപാടിയിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ പങ്കെടുത്തു; രാഷ്ട്രീയ ഏകതാ ദിനത്തിൽ സർദാർ വല്ലഭായ് പട്ടേലിന് ആദരമർപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 31 OCT 2026 6:07PM by PIB Thiruvananthpuram

സർദാർ വല്ലഭായ് പട്ടേലിൻ്റെ   151-ാം ജന്മവാർഷികവും രാഷ്ട്രീയ ഏകതാ ദിനവും പ്രമാണിച്ച് ഉപരാഷ്ട്രപതി ഭവനിൽ സംഘടിപ്പിച്ച 'സർദാർ കഥ' എന്ന പരിപാടിയിൽ  ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് പങ്കെടുത്തു.പ്രശസ്ത പ്രഭാഷക ഡോ. ശോഭന രാധാകൃഷ്ണ അവതരിപ്പിച്ച സർദാർ പട്ടേലിൻ്റെ   ജീവിതവും ദർശനങ്ങളും രാഷ്ട്രസേവനവും ആസ്പദമാക്കിയുള്ള പ്രഭാഷണം ചടങ്ങിൻ്റെ   മുഖ്യ  ആകർഷണമായി.


സമ്മേളനത്തെ  അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി ഏവർക്കും രാഷ്ട്രീയ ഏകതാ ദിനാശംസകൾ നേർന്നു. സർദാർ പട്ടേലിൻ്റെ   ജീവിതം ഇന്ത്യ കണ്ട മഹാന്മാരായ നേതാക്കളിലൊരാളുടെ കഥ മാത്രമല്ലെന്നും, അത് ഇന്ത്യയുടെ ഐക്യത്തിൻ്റെയും ധീരതയുടെയും രാഷ്ട്രനിർമ്മാണത്തിൻ്റെയും കഥയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിന് സർദാർ പട്ടേൽ നൽകിയ മഹത്തായ സംഭാവനകളെ  അനുസ്മരിച്ച  ഉപരാഷ്ട്രപതി, സ്വാതന്ത്ര്യസമയത്ത് രാജ്യം നേരിട്ടത് വൻ വെല്ലുവിളികളാണെന്നും വിഭജനം സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾക്കിടയിൽ 550-ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കേണ്ടതുണ്ടായിരുന്നുവെന്നും  ചൂണ്ടിക്കാട്ടി. സർദാർ പട്ടേലിൻ്റെ   ഉറച്ച തീരുമാനങ്ങൾ, നയതന്ത്ര പാടവം , ഭരണമികവ്  എന്നിവയിലൂടെയാണ് ഈ ചരിത്ര ദൗത്യം പൂർത്തിയായതും അഖണ്ഡ ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതും. ഈ അസാധാരണ സംഭാവനയോട് രാജ്യം എന്നും അദ്ദേഹത്തോട്  കടപ്പെട്ടിരിക്കുമെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, സർദാർ പട്ടേൽ ഉയർത്തിപ്പിടിച്ച ഐക്യത്തിൻ്റെ   സന്ദേശം 'വികസിത  ഇന്ത്യ  @2047' എന്ന ദേശീയ ലക്ഷ്യത്തിലേക്ക് വിളക്കിച്ചേർക്കപ്പെടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 1947 മുതൽ ഇന്നുവരെയുള്ള ഇന്ത്യയുടെ പ്രയാണം ധൈര്യത്തിൻ്റെയും കൂട്ടായ നിശ്ചയദാർഢ്യത്തിൻ്റെയും കഥയാണെന്നും, എന്നാൽ 2047-ലേക്ക് നീങ്ങുന്ന രാജ്യത്തിൻ്റെ    യാത്ര അതിലും വലിയ ലക്ഷ്യങ്ങളും പ്രതിജ്ഞാബദ്ധതയും നിറഞ്ഞതായിരിക്കണമെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.

സർദാർ പട്ടേലിൻ്റെ   ആദർശങ്ങളുടെ തുടർച്ചയായ പ്രസക്തിയെ  ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, സത്യം, ലാളിത്യം, ധൈര്യം, അച്ചടക്കം, അവസാനത്തെ വ്യക്തിയിലേക്കും  സേവനം  എത്തിക്കൽ എന്നിവ രാഷ്ട്രം ഉയർത്തിപ്പിടിക്കേണ്ട മൂല്യങ്ങളാണെന്ന് പറഞ്ഞു. സർദാർ പട്ടേലിൻ്റെ   ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്  തങ്ങളുടെ ഊർജ്ജവും കഴിവുകളും രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാൻ അദ്ദേഹം, പ്രത്യേകിച്ച്  യുവാക്കളോട് ആഹ്വാനം ചെയ്തു.

 കാലാതീതമായ കഥനപാരമ്പര്യത്തിലൂടെ സർദാർ പട്ടേലിൻ്റെ   ജീവിതവും പൈതൃകവും ശ്രോതാക്കളുടെ ഹൃദയങ്ങളിൽ  പതിപ്പിച്ചതിന് ഡോ. ശോഭന രാധാകൃഷ്ണനെയും  സംഘത്തേയും  ശ്രീ സി.പി. രാധാകൃഷ്ണൻ അഭിനന്ദിച്ചു."സർദാർ പട്ടേൽ നമുക്ക്  അഖണ്ഡ ഭാരതം നൽകി. അതിനെ ഒത്തൊരുമയുള്ളതും ശക്തവും നീതിയുക്തവുമായി നിലനിർത്തേണ്ടത് നമ്മുടെ കടമയാണ്. ഇന്ത്യ ഒന്നാണ്, അത് എപ്പോഴും ഒന്നായിത്തന്നെ നിലകൊള്ളും!" എന്ന് പറഞ്ഞുകൊണ്ടാണ് ഉപരാഷ്ട്രപതി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

ഡൽഹി ലെഫ്റ്റനൻ്റ്  ഗവർണർ ശ്രീ തരൺജിത് സിംഗ് സന്ധുവും മറ്റ് വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിന് മുന്നോടിയായി  ന്യൂഡൽഹിയിലെ സർദാർ പട്ടേൽ ചൗക്കിലും ഉപരാഷ്ട്രപതി ഭവനിലും സർദാർ വല്ലഭായ് പട്ടേലിൻ്റെ   ഛായാചിത്രത്തിൽ  ഉപരാഷ്ട്രപതി  പുഷ്പാർച്ചനയും  നടത്തി.

****


( റിലീസ് ഐ.ഡി: 2331009) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: Urdu , English , हिन्दी , Gujarati , Tamil