പോസ്റ്റഡ് ഓണ്:
31 OCT 2026 5:57PM by PIB Thiruvananthpuram
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് പദ്ധതിക്ക് (NMMSS) കീഴിൽ 2026-27 അധ്യയന വർഷത്തേക്കുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 നവംബർ 15 വരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നീട്ടി. കാലാവധി നീട്ടിയതിലൂടെ അർഹരായ വിദ്യാർഥികൾക്ക് നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ (NSP) അപേക്ഷകൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ലഭിക്കുകയും, ബന്ധപ്പെട്ട അധികാരികൾക്ക് പരിശോധനാ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സൗകര്യമൊരുങ്ങുകയും ചെയ്യും.
പുതുക്കിയ സമയക്രമം ചുവടെ നൽകുന്നു:
|
നടപടിക്രമം
|
അവസാന തീയതി
|
|
അപേക്ഷ സമർപ്പണം
|
2026 നവംബർ 15
|
|
ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർ (L1) തലത്തിലുള്ള പരിശോധന
|
2026 നവംബർ 30
|
|
ജില്ലാ നോഡൽ ഓഫീസർ (L2) തലത്തിലുള്ള പരിശോധന
|
2026 ഡിസംബർ 15
|
2026 ജൂൺ 1 മുതൽ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP) വഴി വിദ്യാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് മുമ്പ് വിദ്യാർഥികൾ പോർട്ടലിൽ ഒറ്റത്തവണ രജിസ്ട്രേഷൻ (OTR) പൂർത്തിയാക്കേണ്ടതുണ്ട്. 2026 ഒക്ടോബർ 30 വരെയുള്ള കണക്കനുസരിച്ച്, പുതിയ വിഭാഗത്തിൽ 90,483 അപേക്ഷകളും പുതുക്കൽ വിഭാഗത്തിൽ 1,99,531 അപേക്ഷകളും സമർപ്പിച്ചിട്ടുണ്ട്.
ഇതിനകം അപേക്ഷകൾ സമർപ്പിച്ച വിദ്യാർഥികൾ, അപേക്ഷകളുടെ പരിശോധന ബന്ധപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർ (L1) തലത്തിൽ നവംബർ 30-നകവും ജില്ലാ നോഡൽ ഓഫീസർ (L2) തലത്തിൽ 2026 ഡിസംബർ 15-നകവും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ മികവുറ്റ വിദ്യാർഥികൾക്ക് പിന്തുണ നൽകുന്നതിനും, എട്ടാം ക്ലാസിനുശേഷം പന്ത്രണ്ടാം ക്ലാസ് വരെ പഠനം തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് പദ്ധതി (NMMSS) ലക്ഷ്യമിടുന്നത്.
വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഗവണ്മെൻ്റുകൾ നടത്തുന്ന തെരഞ്ഞെടുപ്പ് പരീക്ഷയിൽ യോഗ്യത നേടുന്ന ഒൻപതാം ക്ലാസിലെ അർഹരായ വിദ്യാർഥികൾക്ക് പ്രതിവർഷം ഒരു ലക്ഷം പുതിയ സ്കോളർഷിപ്പുകൾ ഈ പദ്ധതി പ്രകാരം നൽകുന്നു. നിശ്ചിത അക്കാദമിക് യോഗ്യതകൾക്ക് അനുസൃതമായി, പത്താം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ തുടർന്നും സ്കോളർഷിപ്പ് ലഭിക്കുന്നതിന് പുതുക്കൽ അനുവദിക്കും.
സംസ്ഥാന ഗവണ്മൻ്റ് സ്കൂളുകൾ, ഗവണ്മെൻ്റ് എയ്ഡഡ് സ്കൂളുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള സ്കൂളുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന അർഹരായ വിദ്യാർഥികൾക്ക് പ്രതിവർഷം 12,000 രൂപ സ്കോളർഷിപ്പായി ലഭിക്കും. ഈ തുക നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT) വഴി വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറും.
തെരഞ്ഞെടുപ്പ് പരീക്ഷ എഴുതുന്നതിന് വിദ്യാർഥികൾ ഏഴാം ക്ലാസിൽ കുറഞ്ഞത് 55 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡോ നേടിയിരിക്കണം. പട്ടികജാതി/പട്ടികവർഗ്ഗ (SC/ST) വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഇതിൽ 5 ശതമാനം പോയിൻ്റിൻ്റെ ഇളവ് ലഭിക്കും. അപേക്ഷകരുടെ രക്ഷിതാക്കളുടെ വാർഷിക വരുമാനം 3.50 ലക്ഷം രൂപയിൽ കവിയരുത്.
*****