പോസ്റ്റഡ് ഓണ്:
31 OCT 2026 12:42PM by PIB Thiruvananthpuram
സർദാർ വല്ലഭ്ഭായ് പട്ടേലിൻ്റെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ആചരിക്കുന്ന 2026-ലെ ദേശീയ ഏകതാ ദിനത്തിൽ (രാഷ്ട്രീയ ഏകതാ ദിവസ്), 'ഐക്യത്തിനായുള്ള യോഗ' എന്ന സന്ദേശവുമായി കേന്ദ്ര ആയുഷ് മന്ത്രാലയം. ദേശീയോദ്ഗ്രഥനം, സാമൂഹിക ഐക്യം, കൂട്ടായ ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ യോഗ വഹിക്കുന്ന പങ്കിന് പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ പ്രചാരണം സംഘടിപ്പിക്കുന്നത്.
യോഗ 365 എന്ന പദ്ധതിയുമായി സംയോജിപ്പിച്ചിട്ടുള്ള ഈ സംരംഭം, യോഗയെ ദൈനംദിന ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആരോഗ്യത്തിൻ്റെയും ക്ഷേമത്തിൻ്റെയും കാര്യത്തിൽ കൂട്ടായ്മയുടെയും പങ്കിട്ട ഉത്തരവാദിത്തത്തിൻ്റെയും മനോഭാവം ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു. ‘ഐക്യത്തിനായുള്ള യോഗ’ എന്ന സന്ദേശം വിവിധ സമൂഹങ്ങളിലേക്ക് എത്തിക്കുന്നതിനും പൊതുജനങ്ങളുടെ വിപുലമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനും രാജ്യത്തുടനീളമുള്ള യോഗ, പ്രകൃതിചികിത്സാ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ മന്ത്രാലയം പ്രോത്സാഹനം നൽകിവരുന്നു.
കേന്ദ്ര ആയുഷ് സഹമന്ത്രിയും (സ്വതന്ത്ര ചുമതല) കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രിയുമായ ശ്രീ പ്രതാപ്റാവു ജാദവ് പറഞ്ഞു: “ദീർഘവീക്ഷണത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും രാജ്യത്തെ ഒന്നിപ്പിച്ച മഹത് വ്യക്തിത്വമാണ് സർദാർ വല്ലഭ്ഭായ് പട്ടേൽ. ഈ ദേശീയ ഏകതാ ദിനത്തിൽ, കൂട്ടായ പ്രവർത്തനങ്ങളിലൂടെ അദ്ദേഹത്തിൻ്റെ ഐക്യസന്ദേശം നാം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. പ്രായം, പ്രദേശം, പശ്ചാത്തലം എന്നിവയുടെ അതിർവരമ്പുകൾക്കപ്പുറം മനുഷ്യരെ പരസ്പരം ഒന്നിപ്പിക്കാനും, ശാരീരികവും മാനസികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കാനും യോഗയ്ക്ക് സാധിക്കും. ഐക്യത്തിനായുള്ള യോഗ, യോഗ 365 എന്നീ സംരംഭങ്ങളിലൂടെ ഓരോ പൗരനും യോഗയെ ദൈനംദിന ശീലമായി സ്വീകരിക്കാനും കൂടുതൽ ആരോഗ്യകരവും ഐക്യവുമുള്ള ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ പങ്കാളികളാകാനും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.”
“വ്യക്തികൾക്കും സമൂഹങ്ങൾക്കുമിടയിൽ പരസ്പരബന്ധവും അടുപ്പവും വളർത്തുന്നതിനൊപ്പം ശാരീരികവും മാനസികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിനുള്ള ലളിതവും എല്ലാവർക്കും പ്രാപ്യവുമായ മാർഗ്ഗമാണ് യോഗ. പ്രതിരോധ ആരോഗ്യപരിപാലനത്തെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാക്കിക്കൊണ്ട്, വർഷം മുഴുവനും യോഗ പരിശീലിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് യോഗ 365 സംരംഭം. ‘ഐക്യത്തിനായുള്ള യോഗ’യിലൂടെ ഈ സന്ദേശം കൂടുതൽ ശക്തിപ്പെടുത്താനും ആരോഗ്യം, ഐക്യം, കൂട്ടായ ക്ഷേമം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിൽ കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു,” ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കോടേച്ച വ്യക്തമാക്കി.
യോഗ ഒരു പ്രത്യേക ദിവസത്തിലോ അവസരത്തിലോ മാത്രം പരിമിതപ്പെടുത്തേണ്ട ഒന്നല്ലെന്നും, വ്യക്തിഗത ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്ന സുസ്ഥിരമായ ദൈനംദിന പരിശീലനമായി അത് സ്വീകരിക്കാമെന്നും ഈ പ്രചാരണ പരിപാടി ഊന്നിപ്പറയുന്നു. കൂട്ടായ യോഗാഭ്യാസ പരിപാടികളും പൊതുജനപങ്കാളിത്തവും ദേശീയ ഐക്യത്തിൻ്റെ ചൈതന്യത്തെ പ്രതിരോധ ആരോഗ്യപരിപാലനവുമായും ആരോഗ്യകരമായ ജീവിതശൈലിയുമായും ബന്ധിപ്പിക്കാൻ സഹായിക്കും.
ഈ സംരംഭത്തിൻ്റെ ഭാഗമായി, പതിവായ യോഗാഭ്യാസം, ജനപങ്കാളിത്തം, യോഗയുടെ പ്രയോജനങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ മന്ത്രാലയത്തിന് കീഴിലുള്ള യോഗ, പ്രകൃതിചികിത്സാ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അനുസ്മരണ ദിനങ്ങളിലെ പരിപാടികളിൽ മാത്രം ഒതുങ്ങാതെ, വർഷം മുഴുവൻ യോഗയിലുള്ള പൊതുജനപങ്കാളിത്തം നിലനിർത്തുന്നതിനുള്ള സംരംഭമെന്ന നിലയിൽ യോഗ 365-നെയും ഈ പ്രചാരണത്തിലൂടെ ഉയർത്തിക്കാട്ടും.
സർദാർ വല്ലഭ്ഭായ് പട്ടേൽ വിഭാവനം ചെയ്ത ദേശീയോദ്ഗ്രഥനത്തിൻ്റെയും ഐക്യത്തിൻ്റെയും സന്ദേശം മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം, ആരോഗ്യകരമായ ജീവിതത്തിനും കൂട്ടായ ക്ഷേമത്തിനും സഹായകമായ, എല്ലാവർക്കും പ്രാപ്യമായ പരിശീലനമെന്ന നിലയിൽ യോഗയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ‘ഐക്യത്തിനായുള്ള യോഗ’യിലൂടെ ആയുഷ് മന്ത്രാലയം ഒരിക്കൽക്കൂടി ഉറപ്പിക്കുന്നു.
***