പോസ്റ്റഡ് ഓണ്:
25 OCT 2026 6:31PM by PIB Thiruvananthpuram
ജയ് ജഗന്നാഥ്.
ഒഡീഷ ഗവർണർ ശ്രീ ബ്രജ്മോഹൻ റാം ജി, സംസ്ഥാനത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാഝി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ശ്രീമതി നിർമ്മല സീതാരാമൻ ജി, ശ്രീ ജുവൽ ഓറം ജി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശ്രീ സഞ്ജയ് മൽഹോത്ര ജി, ഒഡീഷ ഉപമുഖ്യമന്ത്രിമാരായ ശ്രീമതി പ്രവതി പരിഡ ജി, ശ്രീ കനക് വർദ്ധൻ സിംഗ് ദേവോ ജി, ബാങ്കിംഗ്-സാമ്പത്തിക മേഖലയിലെ വിശിഷ്ട വ്യക്തികളേ, സഹോദരീ സഹോദരന്മാരേ..
എന്തുകൊണ്ടാണ് സദസ്സ് ഇത്രയും ഗൗരവമുള്ളതായിരിക്കുന്നത്? ബാങ്കിംഗിന് ഇത്രയധികം സമ്മർദ്ദമുണ്ടോ, സാങ്കേതികവിദ്യയ്ക്ക് ഇത്രയധികം സമ്മർദ്ദമുണ്ടോ? ദയവായി എല്ലാവരും ലാഘവത്തോടെ ഇരിക്കൂ.
മഹാപ്രഭുവിന്റെ അനുഗ്രഹത്താൽ, ഇന്ന് ഭുവനേശ്വർ ഒരു പുതിയ ഭാരതത്തിന് പുതിയൊരു സ്ഥാപനം സമ്മാനിക്കുകയാണ്. ഭുവനേശ്വറിൽ ആർ.ബി.ഐയുടെ ഡാറ്റാ സെന്ററിന്റെയും സൈബർ സെക്യൂരിറ്റി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഉദ്ഘാടനം നടക്കുന്നത് സുപ്രധാനമായ ഒരു സന്ദർഭമാണ്. ഇത് ഒഡീഷയിലെ ജനങ്ങൾക്കും രാജ്യത്തിന് മുഴുവനും വലിയ പ്രയോജനം ചെയ്യും. ആർ.ബി.ഐക്കും ഈ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാവർക്കും ഞാൻ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.
സുഹൃത്തുക്കളെ,
ഇന്ന് ഭാരതത്തിലെ ഭരണരീതി എങ്ങനെ മാറിക്കൊണ്ടിരിക്കുന്നുവെന്നും അത് എത്ര വേഗത്തിലാണ് വികസിക്കുന്നതെന്നും തെളിയിക്കുന്നതാണ് ഈ പരിപാടി. ഇതിൽ നമ്മുടെ പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്: വികസനത്തിനുള്ള മുൻഗണന, വികസനത്തിന്റെ വിപുലീകരണം, വികസനം അവസാനത്തെ ആളിലേക്കും എത്തിക്കുക എന്നിവയിലാണ്.
സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്ത് വൻ നഗരങ്ങൾ വികസിക്കുകയും വലിയ സ്ഥാപനങ്ങളും വലിയ ആശുപത്രികളും കൂറ്റൻ വിമാനത്താവളങ്ങളും നിർമ്മിക്കപ്പെടുകയും ചെയ്തു. എങ്കിലും, രാജ്യത്തെ ഒരു വലിയ ജനവിഭാഗം അടിസ്ഥാന സൗകര്യങ്ങൾക്കായി കാത്തിരിക്കേണ്ടി വന്നു. ഡൽഹിയിൽ വൻകിട ആശുപത്രികളുണ്ടായിരുന്നു, എന്നാൽ ചെറിയ നഗരങ്ങളിലെയും വിദൂര പ്രദേശങ്ങളിലെയും ആളുകൾക്ക് മികച്ച ചികിത്സയ്ക്കായി ഏറെ ദൂരം സഞ്ചരിക്കേണ്ടി വന്നു. വലിയ നഗരങ്ങൾക്ക് വിമാനയാത്രാ സൗകര്യങ്ങൾ ലഭിച്ചപ്പോൾ, ചെറിയ പട്ടണങ്ങളെ വ്യോമപാത വഴി ബന്ധിപ്പിക്കുന്നതിന് അർഹമായ പരിഗണന നൽകിയില്ല. വൻ നഗരങ്ങളിൽ ചില സൗകര്യങ്ങളുണ്ടായിരുന്നപ്പോൾ, ആയിരക്കണക്കിന് ഗ്രാമങ്ങളിൽ റോഡ്, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നത് പോലും വലിയൊരു വെല്ലുവിളിയായി തുടർന്നു. സാധാരണക്കാരന്റെ യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയായിരുന്നു റെയിൽവേ സ്റ്റേഷനുകൾ, എങ്കിലും ഈ സ്റ്റേഷനുകളിൽ ആധുനിക സൗകര്യങ്ങൾ കുറവായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വികസനത്തിന്റെ ഫലങ്ങൾ എല്ലാ പ്രദേശങ്ങളിലും എല്ലാ പൗരന്മാരിലും ഒരുപോലെ എത്തുന്നുവെന്ന് ഉറപ്പാക്കുന്നത് വലിയൊരു തടസ്സമായി നിലനിന്നു. ഈ മനോഭാവത്തെ മാറ്റിയെടുക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ജനപക്ഷത്തു നിൽക്കുന്ന, സജീവവും കാര്യക്ഷമവുമായ സദ് ഭരണ മാതൃകയുമായി നാം മുന്നോട്ടുപോയി. ഞങ്ങളെ സംബന്ധിച്ചിടത്തോളം, വികസനം എന്നാൽ ഭാരതത്തിലുടനീളമുള്ള സമഗ്രമായ പുരോഗതിയാണ് - ഗ്രാമങ്ങൾക്കും ചെറിയ പട്ടണങ്ങൾക്കും ഒരുപോലെയുള്ള അവസരങ്ങൾ. വിദൂര പ്രദേശങ്ങളിലേക്ക് മികച്ച കണക്റ്റിവിറ്റി എത്തിക്കുക, പിന്നാക്ക കുടുംബങ്ങൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുക, വികസന യാത്രയിൽ തങ്ങൾ പിന്നിലായിപ്പോകില്ലെന്ന വിശ്വാസം ഓരോ പൗരനിലും തുടർച്ചയായി വളർത്തുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ന്, രാജ്യത്തിന്റെ എക്സ്പ്രസ് വേകൾ ചെറിയ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. എയിംസ് (AIIMS) പോലുള്ള ഉന്നത സ്ഥാപനങ്ങൾ നിരവധി സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. ചെറിയ പട്ടണങ്ങളിൽ മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നു. ഗ്രാമങ്ങളിൽ ഏതാണ്ട് 1.75 ലക്ഷം ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഡിജിറ്റൽ കണക്റ്റിവിറ്റി വിദൂര മേഖലകളിലേക്കും വ്യാപിക്കുകയാണ്. ഭരണത്തിന്റെ യഥാർത്ഥ ലക്ഷ്യം ഇപ്പോൾ ഇതാണ്: പൗരന്മാരുടെ ജീവിതം എളുപ്പമാക്കുക, അവരുടെ ആഗ്രഹങ്ങൾക്ക് പുതിയ വഴികൾ തുറന്നുകൊടുക്കുക.
സുഹൃത്തുക്കളെ,
സാധാരണ കുടുംബങ്ങളും ദരിദ്രരും ഇടത്തരക്കാരും പതിറ്റാണ്ടുകളോളം എങ്ങനെ
മാറ്റിനിർത്തപ്പെട്ടു എന്നതിന് ഏറ്റവും വലിയ ഉദാഹരണമായി നിലകൊണ്ടത് നമ്മുടെ ബാങ്കിംഗ് മേഖലയാണ്. 1960-കളിലും 70-കളിലും പാവപ്പെട്ടവരുടെ പേരിൽ ബാങ്കുകൾ ദേശസാൽക്കരിക്കപ്പെടുകയുണ്ടായി. എങ്കിലും, 2014 വരെ രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികവും ബാങ്കിംഗ് സംവിധാനത്തിന് പുറത്തായിരുന്നു. ബാങ്ക് വായ്പകൾ പോലുള്ള സാമ്പത്തിക സേവനങ്ങൾ ഇടത്തരക്കാർക്ക് പോലും വിദൂര സ്വപ്നമായിരുന്നു; പാവപ്പെട്ടവർക്കും ചെറുകിട കർഷകർക്കും ഭൂമിയില്ലാത്തവർക്കും നമ്മുടെ സഹോദരിമാർക്കും മക്കൾക്കും ഇവ പ്രാപ്യമാകുമെന്ന് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. എന്നാൽ ഇന്ന്, ഭാരതത്തിലെ ഡിജിറ്റൽ ബാങ്കിംഗ് ഏവരെയും 24 മണിക്കൂറും ലഭ്യമാകുന്ന സാമ്പത്തിക സേവനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. എന്നാൽ 2014-ന് മുമ്പ് 'ഫോൺ ബാങ്കിംഗിന്റെ' തികച്ചും വ്യത്യസ്തമായ ഒരു കാലഘട്ടമായിരുന്നു നിലനിന്നിരുന്നത്. ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട ചിലർക്കും സ്വാധീനമുള്ള വൃത്തങ്ങളുമായി ബന്ധമുള്ളവർക്കും ഫോൺ കോളുകളിലൂടെ ആയിരക്കണക്കിന് കോടി രൂപയുടെ വായ്പകൾ അനുവദിക്കപ്പെട്ടു. പാവപ്പെട്ടവർക്കും ഇടത്തരം കുടുംബങ്ങൾക്കും ഒരു ബാങ്ക് അക്കൗണ്ട് തുറക്കാൻ പോലും ഒരു ഗ്യാരന്ററെ ആവശ്യമായിരുന്നപ്പോൾ, കോൺഗ്രസിന്റെ ഫോൺ ബാങ്കിംഗ് സംവിധാനത്തിന് കീഴിൽ ധനികർക്ക് എപ്പോൾ വേണമെങ്കിലും ആയിരക്കണക്കിന് കോടി രൂപ ലഭ്യമായിരുന്നു. ഈ തെറ്റായ ഭരണനിർവ്വഹണത്തിന്റെ ഫലമാണ് ഭാരതത്തിന്റെ ബാങ്കിംഗ് സംവിധാനത്തെ കിട്ടാക്കടങ്ങളുടെ (NPA) പിടിയിലാഴ്ത്തുകയും അതിനെ തകർച്ചയുടെ വക്കിലേക്ക് തള്ളിവിടുകയും ചെയ്തത്.
സുഹൃത്തുക്കളെ,
ഏതൊരു വലിയ മാറ്റത്തിനും വിശാലമായ കാഴ്ചപ്പാട് അത്യാവശ്യമാണ്; ലക്ഷ്യങ്ങൾ ശുദ്ധവും ഉദ്ദേശ്യങ്ങൾ മഹത്തരവുമാകുമ്പോൾ, അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ പോലും യാഥാർത്ഥ്യമായി മാറും. കാഴ്ചപ്പാട് ഇടുങ്ങിയതാകുമ്പോൾ സാധ്യതകളും ചുരുങ്ങിപ്പോകും. സമീപകാലത്ത് രാജ്യം കെട്ടിപ്പടുത്ത ചട്ടക്കൂടുകളും ഡിജിറ്റൽ ഇന്ത്യക്ക് കീഴിൽ വികസിപ്പിച്ചെടുത്ത പുതിയ ആവാസവ്യവസ്ഥയും ബാങ്കിംഗ് സേവനങ്ങളെ ഓരോ സാധാരണ പൗരനിലേക്കും എത്തിച്ചു. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ബാങ്കിംഗ് മേഖലകളിലൊന്നായി ഭാരതം നിലകൊള്ളുന്നു. മുൻപ് ഫോൺ ബാങ്കിംഗിലൂടെ ഡൽഹിയിലെ സ്വാധീനമുള്ള ചില കുടുംബങ്ങളുമായി ബന്ധമുള്ളവർക്ക് മാത്രമാണ് പ്രയോജനം ലഭിച്ചിരുന്നതെങ്കിൽ, ഇന്ന് ഡിജിറ്റൽ ബാങ്കിംഗിലൂടെ രാജ്യത്തെ ഓരോ കുടുംബവും ഇതിന്റെ ഗുണഭോക്താക്കളായി മാറിയിരിക്കുകയാണ്.
സുഹൃത്തുക്കളെ,
ഡൽഹിയിൽ നിന്ന് ഒരു രൂപ അയക്കുമ്പോൾ 15 പൈസ മാത്രമാണ് ജനങ്ങളിലേക്ക് എത്തുന്നതെന്ന് രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രി ഒരിക്കൽ പ്രസ്താവിച്ചത് ഈ ഒഡീഷയുടെ മണ്ണിൽ വെച്ചായിരുന്നു. അതൊരു പ്രധാനമന്ത്രിയുടെ പ്രസ്താവനയായിരുന്നു. അതൊരു കാലഘട്ടമായിരുന്നു, എന്നാൽ ഇത് ഇന്നത്തെ കാലമാണ്. ഇന്ന് ഡൽഹിയിൽ നിന്ന് ഒരു രൂപ ഇറങ്ങിയാൽ, ആ മുഴുവൻ ഒരു രൂപയും ഓരോ ഗുണഭോക്താവിന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തുന്നു. നിർമ്മല ജി ഇപ്പോൾ സൂചിപ്പിച്ചതുപോലെ, രാജ്യത്ത് തുറന്ന ഏതാണ്ട് 59 മുതൽ 60 കോടി വരെയുള്ള ജൻ ധൻ അക്കൗണ്ടുകൾ കൊണ്ട് മാത്രമാണ് ഇത് സാധ്യമായത്.
സുഹൃത്തുക്കളെ,
ഇന്ന് ബാങ്കിന് ഈടായി നൽകാൻ ഒന്നുമില്ലാത്ത ഒരാൾക്കുപോലും സ്വന്തമായി ഒരു ജോലി തുടങ്ങാൻ കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ വായ്പ നേടാൻ സാധിക്കുന്നുണ്ട്. ചെറുപ്പക്കാരായ സംരംഭകർ മുതൽ പരമ്പരാഗത കരകൗശല വിദഗ്ദ്ധർ വരെയും, തെരുവ് വ്യാപാരികൾ മുതൽ അസംഘടിത മേഖലയിലെ തൊഴിലാളികൾ വരെയും ഉള്ളവർക്ക് ആദ്യമായി ഔദ്യോഗിക ബാങ്കിംഗ് സംവിധാനത്തിന്റെ പ്രയോജനം ലഭിച്ചിരിക്കുകയാണ്. മുദ്ര യോജനയിലൂടെ (Mudra Yojana) 13 കോടി ആളുകളാണ് കന്നി സംരംഭകരായി മാറിയത്. പി.എം. സ്വനിധി (PM SVANidhi) പദ്ധതിയിലൂടെ ലക്ഷക്കണക്കിന് തെരുവ് വ്യാപാരികൾക്ക് ആദ്യമായി വായ്പ ലഭിച്ചു.പി.എം. വിശ്വകർമ്മ (PM Vishwakarma) പദ്ധതി ലക്ഷക്കണക്കിന് വിദഗ്ദ്ധ കരകൗശലത്തൊഴിലാളികളെ ബാങ്കുകളുമായി ബന്ധിപ്പിച്ചു. ഗ്രാമീണ മേഖലയിലെ 10 കോടിയോളം വനിതകൾ അടങ്ങുന്ന സ്വയംസഹായ സംഘങ്ങൾക്കും ബാങ്കുകൾ ആയിരക്കണക്കിന് കോടി രൂപയുടെ സഹായം നൽകിയിട്ടുണ്ട്.
സുഹൃത്തുക്കളെ,
ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഒരുകാലത്ത് ധനികർക്ക് മാത്രം അവകാശപ്പെട്ട ചിഹ്നങ്ങളായിരുന്ന അതേ രാജ്യമാണിത്. എന്നാൽ ഇന്നിത് ഓരോ പൗരനും പ്രാപ്യമാണ്. രാജ്യത്ത് കോടിക്കണക്കിന് റൂപേ (RuPay) ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വിതരണം ചെയ്തുകഴിഞ്ഞു; അവ ആത്മാഭിമാനത്തിന്റെയും സ്വയംപര്യാപ്തതയുടെയും പ്രതീകങ്ങളായി മാറിയിരിക്കുകയാണ്. നിങ്ങളുടെയെല്ലാം കൂട്ടായ സഹകരണത്തിലൂടെയാണ് ഇതെല്ലാം സാധ്യമായത്. ആർ.ബി.ഐ ആവട്ടെ, രാജ്യത്തെ ഓരോ ബാങ്കുകളാവട്ടെ, അല്ലെങ്കിൽ അവയിൽ സേവനമനുഷ്ഠിക്കുന്ന ഓരോ ബാങ്ക് ജീവനക്കാരാവട്ടെ - നിങ്ങൾ പൂർത്തിയാക്കിയ ഈ മഹത്തായ പ്രവർത്തനം നിങ്ങളെ യഥാർത്ഥത്തിൽ ഈ വിജയത്തിന് അർഹരാക്കുന്നു.
സുഹൃത്തുക്കളെ,
കഴിഞ്ഞ പതിറ്റാണ്ടിൽ, സാമ്പത്തിക ശാക്തീകരണത്തിനൊപ്പം തന്നെ നമ്മുടെ സാമൂഹിക സുരക്ഷാ വലയവും അഭൂതപൂർവ്വമായ വിപുലീകരണത്തിന് സാക്ഷ്യം വഹിച്ചു. അടൽ പെൻഷൻ യോജനയിലൂടെ (Atal Pension Yojana) 9 കോടി ആളുകൾക്കാണ് സാമൂഹിക സുരക്ഷാ പരിരക്ഷ ലഭിച്ചത്; ഇതിൽ 38 ലക്ഷം പേർ ഒഡീഷയിൽ നിന്ന് മാത്രം ഉള്ളവരാണ്. 10-12 വർഷം മുമ്പ് വരെ ഇൻഷുറൻസ് എന്നത് ഒരു അനാവശ്യ ആഡംബരമായിട്ടാണ് കരുതപ്പെട്ടിരുന്നത്; പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ഇതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം 'നാഗരിക് ദേവോ ഭവ' (പൗരനാണ് ദൈവം) എന്നതാണ് സദ് ഭരണത്തിന്റെ വഴികാട്ടിയായ മന്ത്രം. അപകടങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ പി.എം. സുരക്ഷാ ഭീമാ യോജന (PM Suraksha Bima Yojana) നടപ്പിലാക്കി. പ്രതിവർഷം വെറും 20 രൂപ എന്ന ചെറിയ പ്രീമിയത്തിൽ 2 ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷയാണ് ഇതിലൂടെ നൽകിവരുന്നത്. ഇതുപോലെതന്നെ, ജീവൻ രക്ഷാ ഇൻഷുറൻസിനായി 450 രൂപയിൽ താഴെ മാത്രം വാർഷിക പ്രീമിയമുള്ള പി.എം. ജീവൻ ജ്യോതി ഭീമാ യോജനയ്ക്ക് (PM Jeevan Jyoti Bima Yojana) ഞങ്ങൾ തുടക്കം കുറിച്ചു. കോടിക്കണക്കിന് ഭാരതീയരാണ് ഈ രണ്ട് പദ്ധതികളിലും അംഗങ്ങളായിട്ടുള്ളത്. നാളിതുവരെയായി 25,000 കോടിയിലധികം രൂപയുടെ ക്ലെയിമുകളാണ് പൊതുജനങ്ങൾക്ക് വിതരണം ചെയ്തിട്ടുള്ളത്. ഏതെങ്കിലും ഒരു ഗവൺമെൻറ് 25,000 കോടി രൂപ വിതരണം ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നെങ്കിൽ, അത് മാസങ്ങളോളം വൻ വാർത്തയാകുകയും വലിയ ആഘോഷങ്ങളോടെ കൊണ്ടാടപ്പെടുകയും ചെയ്യുമായിരുന്നു. എന്നാൽ ഞങ്ങളുടെ ഭരണത്തിന് കീഴിൽ, പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും വിഷമഘട്ടങ്ങളിൽ ലഭിക്കുന്ന ഈ സഹായം യാതൊരുവിധ ആർഭാടങ്ങളോ ബഹളങ്ങളോ ഇല്ലാതെ ശാന്തമായി അവരിലേക്ക് എത്തുന്നു. ഇതാണ് സദ് ഭരണത്തിന്റെ യഥാർത്ഥ നിർവ്വചനം.
സുഹൃത്തുക്കളെ,
ബാങ്കിംഗ് സേവനങ്ങൾ നിഷേധിക്കപ്പെട്ടിരുന്നവരിലേക്ക് അവ എത്തിക്കുന്നതിനാണ് കഴിഞ്ഞ പതിറ്റാണ്ട് ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ വരാനിരിക്കുന്ന പതിറ്റാണ്ട് ബാങ്കിംഗിനെ കൂടുതൽ കാര്യക്ഷമവും കൂടുതൽ വിശ്വസനീയവുമാക്കുന്നതിനുള്ളതാണ്. ഈ പരിശ്രമത്തിൽ ഒഡീഷയിലെ ഈ പുതിയ ഡാറ്റാ സെന്റർ വലിയൊരു പങ്ക് വഹിക്കും. നമ്മുടെ ബാങ്കിംഗ് സംവിധാനത്തെ സുരക്ഷിതമായി നിലനിർത്തണമെങ്കിൽ, അതിന്റെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതിനായി, ശക്തമായ ഡാറ്റാ സെന്ററുകളും ശാക്തീകരിക്കപ്പെട്ട കമ്പ്യൂട്ടിംഗ് സംവിധാനങ്ങളും നമുക്ക് ആവശ്യമാണ്.
സുഹൃത്തുക്കളെ,
ആധുനിക യുദ്ധങ്ങൾ ആയുധങ്ങൾ കൊണ്ടുമാത്രമല്ല നടത്തുന്നതെന്ന് നാം ഏവരും മനസ്സിലാക്കുന്നുണ്ട്. ഒരു രാജ്യത്തെ ദുർബലപ്പെടുത്താൻ അതിൻ്റെ സാമ്പത്തിക വ്യവസ്ഥയെ പ്രഹരിച്ചുകൊണ്ടും ശ്രമം നടത്താം. ഭാരതം സാമ്പത്തിക കരുത്ത് കൈവരിക്കുമ്പോൾ, സൈബർ കുറ്റവാളികളിൽ നിന്നും സൈബർ ഭീകരരിൽ നിന്നും നമ്മുടെ ബാങ്കിംഗ് സംവിധാനത്തെ സംരക്ഷിക്കേണ്ടത് അത്രതന്നെ അത്യന്താപേക്ഷിതമാണ്. സൈബർ ഭീഷണികളുടെ സ്വഭാവം ഇന്ന് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പഴഞ്ചൻ സംവിധാനങ്ങളോ, കാലഹരണപ്പെട്ട പരിശീലന രീതികളോ, പഴയകാല ഉപകരണങ്ങളോ ഉപയോഗിച്ച് ഈ പുതിയ വെല്ലുവിളികളെ നേരിടാൻ സാധിക്കില്ല. ഇതിന് വിദഗ്ദ്ധരായ മനുഷ്യവിഭവശേഷിക്കൊപ്പം ആധുനിക അടിസ്ഥാന സൗകര്യങ്ങളും അനിവാര്യമാണ്. ഇവിടെയാണ് ഈ പുതിയ സൈബർ സെക്യൂരിറ്റി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പങ്ക് നിർണ്ണായകമായി മാറുന്നത്.
സുഹൃത്തുക്കളെ,
ആർ.ബി.ഐയുടെ ഈ പുതിയ സൗകര്യങ്ങൾ ഭാരതത്തിന്റെ പുതിയൊരു മുൻഗണനയെക്കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്. വികസിത ഭാരതത്തിന്റെ കരുത്തുറ്റ വളർച്ചാ യന്ത്രമായി കിഴക്കൻ ഭാരതം ഉയർന്നുവരുകയാണ്. ഒഡിഷയിൽ ഇരട്ട എഞ്ചിൻ സർക്കാർ രൂപീകരിച്ചതിന് ശേഷം വികസനത്തിന് പുതിയ വേഗത കൈവന്നിരിക്കുന്നു. പ്രകൃതിവിഭവങ്ങൾക്കൊപ്പം, സാങ്കേതികവിദ്യയുടെ കരുത്തിലും ഒഡിഷയുടെ സമ്പദ്വ്യവസ്ഥ ഇപ്പോൾ ശക്തിപ്പെടുകയാണ്. ഒരു വശത്ത് ഖനന അധിഷ്ഠിത വ്യവസായങ്ങൾ വികസിക്കുമ്പോൾ, മറു വശത്ത് സെമികണ്ടക്ടറുകൾക്കും ഇലക്ട്രോണിക്സിനുമായി പുതിയൊരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള കൂട്ടായ പരിശ്രമങ്ങൾ നടന്നുവരുന്നു. ഖനികൾ മുതൽ മൈക്രോചിപ്പുകൾ വരെ നീളുന്ന പുതിയൊരു ഭാവി ഒഡിഷ കുറിക്കുന്നത് വരും ദിവസങ്ങളിൽ നിങ്ങൾക്ക് കാണാൻ സാധിക്കും. ഡാറ്റാ സെന്ററുകളിലും അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗിലും
ഒഡിഷയിൽ പുതിയ നിക്ഷേപ സാധ്യതകൾ ഉയർന്നുവരികയാണ്, ഇത് ഇവിടുത്തെ യുവാക്കൾക്ക് നിരവധി അവസരങ്ങൾ തുറന്നുനൽകുന്നു. ഒഡിഷയിലെ ചെറുപ്പക്കാരോട് ഞാൻ ഉറപ്പുനൽകുന്നു: നിങ്ങൾ കണ്ട വലിയ സ്വപ്നങ്ങൾ തീർച്ചയായും സഫലമാകും. ഞങ്ങൾ അത് നിറവേറ്റും; ഇത് പൂർത്തീകരിക്കാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്തുകഴിഞ്ഞു. ഈ ആവേശത്തോടെ, ഞാൻ നിങ്ങളെ ഏവരെയും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു.
എല്ലാവർക്കും എൻ്റെ ആശംസകൾ.
ജയ് ജഗന്നാഥ്!
നിരാകരണവ്യവസ്ഥ: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു നടത്തിയത്.
***
SK