പോസ്റ്റഡ് ഓണ്:
28 OCT 2026 7:15PM by PIB Thiruvananthpuram
രാജ്യസഭാ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് ന്യൂഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിൽ യൂറോപ്യൻ പാർലമെന്റിന്റെ വിദേശകാര്യ സമിതി (AFET) പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. ഡേവിഡ് മക്ക്അലിസ്റ്റർ ആയിരുന്നു പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയത്. സമീപ വർഷങ്ങളിൽ വിവിധ മേഖലകളിലായി ഇന്ത്യ–യൂറോപ്യൻ യൂണിയൻ ബന്ധങ്ങളിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ ബന്ധങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനായി പ്രവർത്തിച്ച ഇന്ത്യയിലെയും യൂറോപ്യൻ യൂണിയനിലെയും നേതൃത്വത്തിന് അദ്ദേഹം നന്ദി അറിയിച്ചു.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധത്തിന്റെ പൊതുവായ അടിത്തറയ്ക്ക് ഊന്നൽ നൽകിയ ശ്രീ രാധാകൃഷ്ണൻ, ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ സംവിധാനങ്ങൾ, തുറന്ന വിപണി സമ്പദ്വ്യവസ്ഥകൾ, വൈവിധ്യവും ബഹുസ്വരതയും നിറഞ്ഞ സമൂഹങ്ങൾ എന്നീ നിലകളിൽ , പ്രതിരോധശേഷിയുള്ള ബഹുധ്രുവ ആഗോളക്രമം രൂപപ്പെടുത്തുന്നതിൽ ഇന്ത്യയ്ക്കും യൂറോപ്യൻ യൂണിയനും പൊതുവായ താൽപ്പര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി. 2025-ൽ യൂറോപ്യൻ കമ്മീഷണർമാരുടെ കൗൺസിൽ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയന്റെ നേതൃത്വത്തിൽ സമഗ്ര ഗവൺമെന്റ് സമീപനത്തോടെ നടത്തിയ സന്ദർശനത്തിനുശേഷം സ്ഥാപനതല ബന്ധങ്ങൾ ഫലപ്രദമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ഉന്നതതല ഇടപെടലുകൾ അനുസ്മരിച്ചുകൊണ്ട്, റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റും വിശിഷ്ടാതിഥികളായി പങ്കെടുത്ത കാര്യം ഉപരാഷ്ട്രപതി പരാമർശിച്ചു. പതിനാറാമത് ഇന്ത്യ–യൂറോപ്യൻ യൂണിയൻ ഉച്ചകോടിയോടനുബന്ധിച്ച് അവർ നടത്തിയ ഔദ്യോഗിക സന്ദർശനം ഈ പങ്കാളിത്തത്തിന് വലിയ മുന്നേറ്റം നൽകി.
വ്യാപാര, നിക്ഷേപ പ്രവർത്തനങ്ങളെക്കുറിച്ച് എടുത്തുപറഞ്ഞ ശ്രീ രാധാകൃഷ്ണൻ, സംയുക്തമായി ഏകദേശം രണ്ട് ശതകോടി ജനങ്ങളുള്ള ഇന്ത്യയും യൂറോപ്യൻ യൂണിയനും ചേർന്ന് ഏകദേശം 25 ട്രില്യൺ യുഎസ് ഡോളർ മൂല്യമുള്ള വിപണി പ്രതിനിധീകരിക്കുന്നുവെന്ന് എടുത്തുപറഞ്ഞു. നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനെ (Free Trade Agreement) ‘മദർ ഓഫ് ഓൾ ഡീൽസ്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം , ഈ വർഷം തന്നെ കരാറിൽ ഒപ്പുവെക്കാനാകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും അത് യാഥാർഥ്യമാക്കുന്നതിന് ആവശ്യമായ പിന്തുണ നൽകണമെന്ന് യൂറോപ്യൻ പാർലമെന്റിനോട് അഭ്യർഥിക്കുകയും ചെയ്തു.
സാങ്കേതികവിദ്യ, ഗവേഷണം, നൂതനാശയങ്ങൾ എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ച് സംസാരിക്കവെ, ഉന്നതതല തന്ത്ര പ്രധാന ഏകോപനത്തിൽ ഇന്ത്യ–യൂറോപ്യൻ യൂണിയൻ വ്യാപാര സാങ്കേതികവിദ്യാ കൗൺസിൽ (TTC) നിർവഹിച്ച സുപ്രധാന പങ്കിനെ ശ്രീ സി. പി. രാധാകൃഷ്ണൻ അഭിനന്ദിച്ചു. പ്രശസ്തമായ ഹൊറൈസൺ യൂറോപ്പ് (Horizon Europe) പദ്ധതിയിൽ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച ചർച്ചകൾ പൂർത്തിയായതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.
സ്പെയിനിൽ നടന്ന ദാരുണമായ ട്രെയിൻ അപകടത്തിൽ രാജ്യസഭാ ചെയർമാൻ അഗാധ അനുശോചനം രേഖപ്പെടുത്തി.
രാജ്യസഭാംഗങ്ങളായ ശ്രീ സഞ്ജയ് കുമാർ ഝാ (ഇന്ത്യ–ജർമ്മനി പാർലമെന്ററി സൗഹൃദ ഗ്രൂപ്പിന്റെ പ്രസിഡന്റ്), ശ്രീ സുരേന്ദ്ര സിങ് നഗർ (ഇന്ത്യ–പോളണ്ട് പാർലമെന്ററി സൗഹൃദ ഗ്രൂപ്പിന്റെ പ്രസിഡന്റ്), ശ്രീ അമർ പാൽ മൗര്യ (ഇന്ത്യ–പോളണ്ട് പാർലമെന്ററി സൗഹൃദ ഗ്രൂപ്പിന്റെ പ്രസിഡന്റ്), ശ്രീമതി പി. ടി. ഉഷ (ഇന്ത്യ–ജർമ്മനി പാർലമെന്ററി സൗഹൃദ ഗ്രൂപ്പിന്റെ പ്രസിഡന്റ്) എന്നിവരും യോഗത്തിൽ പങ്കെടുത്തു.
****